Monday, May 7, 2018

ബ്ലോഗില്‍ ഒരു പുതിയ പരീക്ഷണം .

  ബ്ലോഗില്‍ ഒരു പുതിയ പരീക്ഷണം .

ഫൈസ് ബുക്കില്‍ നാംപോസ്റ്റു ചെയ്യുന്ന കാര്യങ്ങള്‍ ഓരോ ദിവസവും നമ്മെ ഓര്‍മ്മിപ്പിക്കുമല്ലോ ,അങ്ങിനെയുള്ള കാര്യങ്ങള്‍ ക്രോഡീകരിച്ചു ഓരോ പോസ്റ്റ്‌ ആയി ബ്ലോഗില്‍ ചേര്‍ക്കാം എന്ന് കരുതി .

 

02-05-2014 

post 1

 

ഉണക്കപ്പുട്ട്!!!!!

കുറച്ചു നീളമുള്ള ചളി ,ഇഷ്ടമുള്ളവര്‍ക്ക് വായിക്കാം !!നടന്ന സംഭവം !!

കുംഭം മീനം മാസങ്ങളിലെ നല്ല നിലാവ് ഉള്ള രാത്രിയില്‍ നോക്കത്താ ദൂരത്തോളം പരന്നു കിടക്കുന്ന കൊയ്ത്തു കഴിഞ്ഞു ഉഴുതിട്ടിരിക്കുന്ന നെല്‍പാടങ്ങളിലേക്ക് നോക്കുകയാണെങ്കില്‍ പകലാണെന്ന് തോന്നിക്കുമാറ്‌ വെളിച്ചം ഉണ്ടാവും .ഈ വെളിച്ചം കണ്ടിട്ടാവണം കാക്കകളും കിളികളും എല്ലാം കരയും ,അവറ്റകള്‍ ഇപ്പോള്‍ നേരം വെളുക്കും എന്ന് കരുതിയാണ് കരയാര് .
ഒരു പാടവക്കില്‍ ആയിരുന്ന എന്റെ വീട്ടില്‍ നിന്നും നോക്കിയാല്‍ അതൊരു രസമുള്ള അനുഭവം തന്നെയാണ് .വീട് ഇപ്പോഴും അവിടെ തന്നെയാണെങ്കിലും പാടം ഇന്നില്ല . അത്തരം ഒരു രാത്രിയില്‍ ആണ് ഈ സംഭവം നടക്കുന്നത് .

ഒരു ദിവസം ഞാനും സുലൈമാനും സെക്കന്റ് ഷോ സിനിമ കഴിഞ്ഞു വീട്ടിലേക്ക് വരുമ്പോള്‍ പരമു നായരുടെ ചായക്കടയിലെ ജോലിക്കാരന്‍ അദൃമാനിക്ക ചായക്കടയുടെ മുള കൊണ്ടുള്ള തൂണില്‍ ചാരി ബെഞ്ചില്‍ ഇരുന്നു ഉറങ്ങുന്നത് റാന്തല്‍വിളക്കിന്റെ വെളിച്ചത്തില്‍ ഞാന്‍ കണ്ടു .
ഇയാളെന്താ ഈ പാതിരാത്രിയില്‍ ഇവിടെ ചാരി ഇരുന്നു ഉറങ്ങുന്നു എന്ന എന്റെ സംശയത്തിന് സുലൈമാന്‍ മറുപടി തന്നു .ഇയാള്‍ മോഇദീന്‍ക്കയുടെ കൂടെ ഉത്സവങ്ങള്‍ക്കും നേര്‍ച്ചകള്‍ക്കും ജിലേബി ഉണ്ടാക്കുന്ന ജോലിക്ക് പോക്കുണ്ട് .അങ്ങിനെയുള്ള വല്ല പരിപാടിക്കും പോയി വന്നിരിക്കുകയായിരിക്കും . .
എന്നാലീ മനുഷ്യന് വീട്ടീ പോയി കിടന്നു ഉറങ്ങിക്കൂടെ !!!.
ഞാന്‍ മനസ്സില്‍ പറഞ്ഞു .

കൂടുതല്‍ അവിടെ കിടന്നു പരുങ്ങുന്നത് പന്തിയല്ല ഇടക്കൊക്കെ ചുറ്റുപാടുള്ള വീടുകളില്‍ കള്ളന്‍ വന്നു ,വാതിലിനു മുട്ടി ,ജനലിനു കല്ലെടുത്തെറിഞ്ഞു എന്നൊക്കെ കേള്‍ക്കാറുള്ളതാണ് .
ഞങ്ങള്‍ നാട്ടിലില്ലാത്ത നേരം നോക്കി വേറെ വല്ല കള്ളന്മാരും വന്നാല്‍ അവരാണെന്ന് കരുതി നാട്ടുകാര് പെരുമാറും ,പെരുമാറി കഴിഞ്ഞാലെ മുഖം നോക്കൂ .
വെറുതെ തടി കെടാക്കേണ്ട എന്ന് കരുതി ഞങ്ങള്‍ അവിടെ നിന്നും വീട്ടില്‍ വന്നു കിടന്നു ഉറങ്ങി .

നല്ല മയക്കത്തില്‍ ആയിരുന്ന ഞാന്‍ പുറത്തെ ബഹളം കേട്ടു ഉണര്‍ന്നു .വീടിനു പുറത്തു വന്നു നോക്കുമ്പോള്‍ ശബ്ദം അധൃമാനിക്ക യുടെ വീട്ടില്‍ നിന്നും ആണ് .
ഞാന്‍ പുറത്തിറങ്ങി അവരുടെ വീട്ടിനടുത്തെക്ക് നീങ്ങി ,അവിടെ അയല്‍വാസികലെല്ലാം കൂടിയിട്ടുണ്ട് .ചില ചെറുപ്പക്കാര്‍ വെള്ളത്തില്‍ മുങ്ങി എണീറ്റ്‌ വന്നപോലെ നില്‍ക്കുന്നു .ഞാന്‍ എന്താണ് കാര്യം എന്നന്ന്വെഷിച്ചു .
അധൃമാനിക്കയുടെ ഭാര്യയില്‍ നിന്നാണ് മറുപടി വന്നത് .തള്ള കരഞ്ഞു കൊണ്ട് പറയുകയാണ്‌ .
"മോനെ ഓര് ഇപ്പൊ കോലായില്‍ ആണ് കിടക്കാരു രണ്ടു മൂന്നു ദിവസം മുമ്പ് ഞങ്ങള് രണ്ടാളും ഒന്നും രണ്ടൂം പറഞ്ഞു തെറ്റീരുന്നു ,അതിന്‍റെ ദെശ്യത്തിനാണ് ഓര് ഇ പണി കാണിച്ചത് " എന്ന് പറഞ്ഞു കൊണ്ട് തള്ള വാവിട്ടു കരഞ്ഞു .
ഞാന്‍ എന്ത് പറഞ്ഞിട്ടും തള്ള കേള്‍ക്കുന്നില്ല ഉച്ചത്തില്‍ തന്നെയാണ് കരയുന്നത് .

മദ്രാസില്‍ ഹോട്ടലില്‍ ജോലി ചെയിതിരുന്ന അധൃമാനിക്ക പ്രായത്തിന്റെ അസുഖങ്ങള്‍ അലട്ടുന്നത് തുടങ്ങിയപ്പോള്‍ ആണ് നാട്ടില്‍ മടങ്ങി എത്തിയത് .അദ്ധെഹത്തിന്റെ തിരിച്ചുവരവ്‌ തള്ളക്കു അത്ര ത്രിപ്തിയായിരുന്നില്ല .
മക്കളും അദ്ധെഹത്തിന്റെ കാര്യത്തില്‍ വലിയ ശ്രദ്ധ ഇല്ലാതെ ആയപ്പോഴാണ് പുള്ളിക്കാരന്‍ പരമു നായരുടെ കടയിലെ ജോലിക്ക് പോക്ക് തുടങ്ങിയത് .പരമു നായരും മോയിദീനും ഉറ്റ സുഹ്ര്‍ത്തുക്കള്‍ ആയതു കൊണ്ട് ചിലപ്പോള്‍ ഉത്സവ കച്ചവടങ്ങള്‍ക്ക് എല്ലാവരും കൂടെ ആണ് പോകാറു .

ഇതിപ്പോള്‍ പരമു നായരും മോയിതീനും അവിടെ ഉണ്ട് പിന്നെ അദ്രുമാനിക്ക എവിടെ? എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താനാണ്‌ ചുറ്റുവട്ടത്തുള്ള ചെറുപ്പക്കാര്‍ കുളത്തിലും കിണറ്റിലും തോട്ടിലും മുങ്ങി തപ്പി വന്നു നില്‍ക്കുന്നത് .
രണ്ടു പേരും വഴക്കടിക്കുംപോള്‍ , എനിക്കീ വീട്ടില്‍ കിടക്കാന്‍ ഒരു സോയിര്യം തന്നില്ലെങ്കില്‍ ഞാന്‍ കിണറ്റില്‍ ചാടും എന്ന് അദൃമാനിക്ക പറഞ്ഞത് അയല്‍വാസിയായ ലക്ഷ്മി ചേച്ചിയും കേട്ടത് ആണ് .അതുകൊണ്ടാണ് ചെറുപ്പക്കാര്‍ കുളത്തിലും കിണറ്റിലും ചാടി തപ്പി നോക്കി നിരാശരായി വെള്ളത്തില്‍ കുളിച്ചു വന്നു നില്‍ക്കുന്നത് .

കാര്യങ്ങള്‍ പന്തിയല്ല എന്ന് മനസ്സിലായത്‌ കൊണ്ട് ഞാന്‍ പറഞ്ഞു " നിങ്ങള്‍ ബഹളം വെക്കരുത് അദൃമാനിക്കയെ ഞാന്‍ കണ്ടു ".
എവിടെ? എന്ന എല്ലാവരുടെയും ചോദ്യത്തിന് ബഹളം കേട്ടു അവിടെ ഓടി കിതച്ചു എത്തിയ സുലൈമാന്‍ ആണ് എന്റെ നേരെ വിരല്‍ ചൂണ്ടി ക്കൊണ്ട് മറുപടി പറഞ്ഞത്, " ഞാനും ഇവനും കൂടി വയളിനു (മത പ്രസംഗം ) പോയി വരുമ്പോള്‍ അദൃമാനിക്ക പരമു നായരുടെ ചായക്കടയിലിരുന്നു ഉറങ്ങുന്നത് ഞങ്ങള്‍ കണ്ടു .
ഇത് കേട്ടു എന്റെ അടുത്തു നിന്നിരുന്ന സിനിമ ശാലയില്‍ ടിക്കറ്റ് കൊടുക്കുന്ന ബാലേട്ടന്‍ എന്റെ ചെവിയില്‍ പറയുകയാണ്‌, "പഹയന്മാരെ നിങ്ങള് വയളിനു എന്ന് പറഞ്ഞു വീട്ടീന്ന് വരുന്നത് സിനിമക്ക് ആണ് അല്ലെ ?".
ബാലേട്ടന്റെ കൈ പിടിച്ചു പിറകോട്ടു മാറിക്കൊണ്ട് പതിയെ പറഞ്ഞു ."ബാലേട്ടാ നാറ്റിക്കരുത് ഞങ്ങളുടെ ഒക്കെ കാശ് കൊണ്ടാണ് നിങ്ങള്ക്ക് ശമ്പളം കിട്ടുന്നത് " .പിന്നെ ബാലേട്ടന്‍ മിണ്ടിയില്ല .സുലൈമാന്റെ സംസാരം കെട്ട അവിടെ കൂടിയവരെല്ലാം പരമു നായരുടെ ചായപ്പീടിക ലക്‌ഷ്യം വെച്ച് നടന്നു .
പീടികയില്‍ എത്തിയപ്പോള്‍ മുളന്തൂണില്‍ ചാരി ഇരുന്നിരുന്ന അദൃമാനിക്ക ബെഞ്ചില്‍ കിടന്നു ഉറങ്ങുന്നു . ഞങ്ങള്‍ അദൃമാനിക്കയെ വിളിച്ചുണര്‍ത്തി .ഒന്നും മനസ്സിലാവാത്ത പോലെ അദൃമാനിക്ക എല്ലാവരുടെയും മുഖത്തേക്ക് നോക്കുകയാണ് . എന്നിട്ട് ചോദിക്കുകയാണ് നേരം വെളുത്തില്ലേ ?എന്താ എല്ലാവരും കൂടി ?.
അദൃമാനിക്കയുടെ ഭാര്യ ആണ് അദ്ധെഹത്തിന്റെ ചോദ്യത്തിന് മറുപടി പറഞ്ഞത് "ന്നാലും ന്റെ മനുഷ്യാ ഇങ്ങള് ആളെ ബേജാര്‍ ആക്കാനാണ് പീട്യേല്‍ വന്നു കെടന്നു ഉറങ്ങുന്നത് വീട്ടീ കിടന്നു ഉറങ്ങിക്കൂടെ ?".

എല്ലാവരും പിരിഞ്ഞു പോയി ഞാനും സുലൈമാനും പരമു നായരും മോഇദീന്‍ക്കയും കടയില്‍ തന്നെ ഇരുന്നു .പരമു നായര്‍ റാന്തല്‍ വിളക്ക് അണയ്ക്കാന്‍ അടുക്കളയില്‍ പോയപ്പോള്‍ അതാ അവിടെ ഒരു തളിക നിറയെ പുട്ട് ചുട്ടു വെച്ചിരിക്കുന്നു .ഒരു കുട്ട നിറയെ പപ്പടവും ഉണ്ട് .

ഞങ്ങള്‍ അത്ഭുതത്തോടെ നോക്കി നില്‍ക്കുമ്പോള്‍ മോഇദീന്‍ക്ക പറയുകയാണ്‌ "ഞാന്‍ ഉറങ്ങാന്‍ പോകുന്നതിനു മുമ്പ് ഒരു ബീഡി വലിക്കാം എന്ന് കരുതി വീടിനു പുറത്തു ഇറങ്ങിയപ്പോള്‍ നല്ല പകല് പോലെ വെളിച്ചം ഉണ്ടായിരുന്നു നിലാവിന് . അപ്പോള്‍ കാക്കകളും കിളികളും ചിലക്കുന്നുണ്ടായിരുന്നു .അത് കേട്ടാല്‍ നേരം വെളുത്തു എന്ന് തോന്നും .
ഇന്നലത്തെ ഉത്സവത്തിന്റെ ഉറക്ക ക്ഷീണത്തില്‍ അദൃമാനിക്ക നേരത്തെ കിടന്നു ഉറങ്ങിയിരുന്നു .പുള്ളി കാക്കകളുടെയും കിളികളുടെയും ശബ്ദം കേട്ടപ്പോള്‍ നേരം വെളുത്തു എന്ന് കരുതി എണീറ്റ് വന്നതായിരിക്കും ". ഞങ്ങള്‍ക്കും ആ സംശയം ശെരിയാണെന്ന് തോന്നി . ഞാന്‍ പുട്ട് ചുട്ടു വെച്ചിരിക്കുന്ന തളികയിലേക്ക് നോക്കുമ്പോള്‍ പുട്ട് ആകെ ഉണങ്ങി തരിച്ചിരിക്കുന്നു .


അന്നാണ് ആദ്യമായി ഞാന്‍ ''ഉണക്കപ്പുട്ട്'' കണ്ടത് .

 

 

 



 



 



 ----------------------------------------------------------------------------------------------------------------------------------------



 



 



 



02-05-2014.

post 2

 


ഇന്നിപ്പോ പിള്ളാര് വീട്ടിലിരുന്നു തന്തയുടെയും തള്ളയുടെയും മുന്നിലിരുന്നു ഏതു ഫിലീമും ടാബിലും മൊബൈലിലും ഡൌന്‍ലോഡ് ചെയിതു കാണുന്നു .

എന്റെയൊക്കെ ചെറുപ്പത്തില്‍ ഓണത്തിനും പെരുന്നാളിനും ആണ് ഒരു സിനിമ കാണുക .അല്ലെങ്കില്‍ അടുത്തു വല്ല കല്യാണം, ഉത്സവം ,മത പ്രസംഗം ഒക്കെ വേണം ,എന്നാല്‍ അങ്ങോട്ടെന്നും പറഞ്ഞു സെക്കന്റ് ഷോക്ക് പോകും .രാത്രി വൈകി വീട്ടില്‍ ചെന്നാല്‍ പറഞ്ഞു നില്‍ക്കാന്‍ എന്തെങ്കിലും കാരണം വേണമല്ലോ .

കല്യാണം കഴിഞ്ഞതിനു ശേഷമാണ് കൂടുതല്‍ സെക്കന്റ് ഷോ കണ്ടിട്ടുള്ളത് .വീട്ടീ കിടക്കാന്‍ പറ്റാത്തത് കൊണ്ടാണെന്നു ഒന്നും ആരും തെറ്റിദ്ധരിക്കേണ്ട രാത്രി ഏതു പാതിരാക്ക് ചെന്നാലും വാതില് തുറന്നു തരാന്‍ ആളുണ്ടല്ലോ എന്ന് കരുതിയാണ് .
ഞാന്‍ പറഞ്ഞെന്നു കരുതി ആരും ഇതൊരു ശീലമാകേണ്ട .
ഒരു ദിവസം സെക്കന്റ് ഷോ കഴിഞ്ഞു വന്ന അന്ന് അവള്‍ എന്നോട് ചോദിച്ചു എന്താ നേരം വൈകിയത് എന്ന് .
ഇന്നിച്ചിരി നേരത്തെയാണ് സാദാരണ ഇതിലും വൈകിയാണ് വരാറ് എന്ന എന്റെ മറുപടി കെട്ട പാവം പിന്നീട് ഒരിക്കലും എന്നോട് താമസിച്ചു ചെന്നാല്‍ കാരണം ചോദിക്കാറില്ല .
എന്റെ ഏതു സ്വഭാവത്തോടും കോമ്പ്രമൈസ് ചെയ്യുകാ എന്നത് തന്നെയായരിന്നു ആ മനസ്സിന്റെ നന്മ ആ നന്മക്ക് മുന്നില്‍ എന്റെ സ്നേഹം കുറഞ്ഞു പോകുന്നുണ്ടോ എന്നൊരു തോന്നല്‍ പലപ്പോഴും മനസ്സിനെ വല്ലാതെ വേദനിപ്പിക്കുന്നു .

 

----------------------------------------------------------------------------------------------------------------------------------------------

 

03-05-2015

 

 

പതിരുപത്തിരണ്ടു കൊല്ലം ഹോട്ടലിലും അറബി വീട്ടിലും കുക്ക് ആയി ജോലി ചെയ്ത കുഞ്ഞിക്ക (പേര് ഒറിജിനൽ അല്ല ) രണ്ടു വർഷം മുമ്പാണ് പ്രവാസം മതിയാക്കി നാട്ടിലേക്ക് പോയത് .
കുറച്ചു ദിവസം മുമ്പ് പഴയ ഒരു സുഹ്രത്തിനെ കണ്ടപ്പോൾ സംസാരത്തിനിടയിൽ കുഞ്ഞിക്ക വീണ്ടും പ്രവാസം തുടങ്ങി എന്നറിഞ്ഞു .
അവന്റെയടുത്ത് നിന്നും നമ്പർ വാങ്ങി വിളിച്ചു ,വെള്ളിയാഴ്ച കാണാം എന്നുറപ്പിച്ചു ഞാൻ ഫോണ്‍ വെച്ചെങ്കിലും ചിന്ത മുഴുവൻ കുഞ്ഞിക്കയിൽ തന്നെ ചുറ്റിപ്പറ്റി നില്ക്കുകയാണ് .
മൂന്നു പെണ്‍ പിള്ളാരെ കെട്ടിക്കലും വീട് വെക്കലും എല്ലാം കഴിഞ്ഞു നാട്ടിലേക്ക് പോകുമ്പോൾ രണ്ടാന്മാക്കളും പഠിത്തം കഴിയാറായി എന്നാണു കേട്ടിരുന്നത് .പിന്നീട് വീണ്ടും കുഞ്ഞിക്ക എന്തിനു തിരികെ പോന്നു എന്ന് എത്ര ചിന്തിച്ചിട്ടും ടാലിയാകുന്നില്ല!!!

വെള്ളിയാഴ്ച രാവിലെ തന്നെ കുഞ്ഞിക്ക ജോലി ചെയ്യുന്ന അറബി വീട്ടിൽ എത്തി .പുള്ളിയുടെ പഴയ അറബാബിന്റെ മകളുടെ വീടാണ് .അവിടെ എത്തിയപ്പോൾ കുഞ്ഞിക്കയുടെ റൂമിൽ ഒരു ചെറുപ്പക്കാരൻ ലാപ്ടോപ്പും തുറന്നു വെച്ചിരിക്കുന്നുണ്ട് . അവിടെത്തെ ഡ്രൈവർ ആണ് . എഫ് ബി യിൽ തന്നെയാണ് പരതുന്നത് ഇടയ്ക്കിടയ്ക്ക് വീഡിയോ കാണുന്ന ശബ്ദം കേൾക്കുന്നുണ്ട് .
പരിചയപ്പെടുമ്പോൾ തന്നെ അവൻ പറഞ്ഞിരുന്നു ഞാൻ അംഗമായ ഒരു ഗ്രൂപ്പിൽ അവനും ഉണ്ട് എന്ന് !!ഹോ ...ഭാഗ്യം അവൻ എന്റെ ഫ്രെണ്ട്സ് ലിസ്റ്റിൽ ഇല്ല !!

കുഞ്ഞിക്കയുടെ വിശേഷങ്ങൾ ചോദിക്കുന്ന കൂട്ടത്തിൽ, കുഞ്ഞിക്ക നിങ്ങളുടെ ആണ്മക്കൾ എന്ത് ചെയ്യുന്നു എന്ന് ചോദിച്ചു .കുഞ്ഞിക്ക മറുപടി പറയുന്നതിന് മുമ്പ് പയ്യന്റെ ലാപ്ടോപിൽ നിന്നും ഒരു പുത്തൻ പാട്ട് .
''കൈക്കോട്ടും കണ്ടിട്ടില്ല !!! കയ്യിൽ തഴമ്പും ഇല്ല !! കൈപ്പത്തി കൊണ്ടൊരു കിത്താബും തൊട്ടിട്ടില്ല ............................!!
ഇത് കേട്ടപ്പോൾ ഞാൻ കുഞ്ഞിക്കയുടെ മുഖത്തേക്ക് നോക്കി , ഹും എന്ന് മൂളിക്കൊണ്ട് കണ്ണ് ചിമ്മി തല താഴ്ത്തി കട്ടിലിനു ചുവട്ടിൽ എന്തോ പരതുന്ന പോലെ നിന്നു കുഞ്ഞിക്ക .

നിങ്ങളെ ഒരു പയ്യൻ ദുബായിൽ വന്നു എന്ന് കേട്ടിരുന്നല്ലോ എന്ന് ചോദിച്ചപ്പോഴും പ്രതികരണം വന്നത് ആ ഹൌസ് ഡ്രൈവറിൽ നിന്നാണ് .'' ആണ്മക്കൾ ഒന്നല്ല രണ്ടും വന്നിരുന്നു ,രണ്ടും പന്തടിച്ചപോലെ തിരിച്ചു പോയി !!ഇളയവൻ നിങ്ങലുള്ള ഒരു ഗ്രൂപ്പിൽ ഉണ്ട് ഈ അടുത്തിടെ അവൻ ഒരു പോസ്റ്റ്‌ ഇട്ടിരുന്നു ," മാതാവിന്റെ കാലിനടിയിലാണ് സ്വർഗം എന്ന് പറഞ്ഞുകൊണ്ട് !!!,''
''ബാപ്പ ഇവിടെ നരകത്തിലും !!''
ഇതെല്ലാം കേട്ടുകൊണ്ട് കുഞ്ഞിക്ക ഒന്നും മിണ്ടാതെ നില്ക്കുകയാണ് .
കുഞ്ഞിക്ക തിരിച്ചു വരാനുള്ള കാരണം ഏറെ കുറെയൊക്കെ എനിക്ക് മനസ്സിലായി .
കണ്ണറിയാതെ ഉതിർന്നു വീണു രണ്ടു തുള്ളി കണ്ണ് നീർ .
നാട്ടിൽ പോയാലും ജീവിക്കണമല്ലോ എന്നോർക്കുമ്പോൾ മനസ്സിലൊരു ഭയം ഇടയ്ക്കിടയ്ക്ക് കയറി വരാറുണ്ട് .

 

----------------------------------------------------------------------------------------------------------

 

 03-05-2017

നാട്ടിലെത്തിയിട്ട് വിളിച്ചില്ല കോണ്ടാക്റ്റ് ചെയിതില്ല ,വന്നു കണ്ടില്ല എന്നൊക്കെ പരിഭവം പറയുന്ന ചങ്കുകളുടെ അറിവിലേക്ക് .
ആകെ ഒരു മാസമേ ഞാന്‍ നാട്ടിലുണ്ടായിരുന്നുള്ളൂ .
നാട്ടിലെത്തിയ പിറ്റേ ദിവസം അബുദാബിയിലെ പൊള്ളുന്ന ചൂടില്‍ ഉണ്ടാക്കി, ചെലവ് കഴിച്ചു മിച്ചം വെച്ച കാശ് വാങ്ങാന്‍ സ്റ്റേറ്റ്‌ ബാങ്കില്‍ രണ്ടു മണിക്കൂര്‍ കാത്തു നില്‍ക്കേണ്ടി വന്നു .

ഒരാള്‍ ഒരു ചെക്ക് കൊടുത്താല്‍ ബാങ്കിലെ കൌണ്ടറില്‍ ഇരിക്കുന്ന പുങ്കവന്മാര്‍ വയറ്റാട്ടികളും നേഴ്സുമാരും ഗര്‍ഭിണികളുടെ വയറ്റില്‍ നിന്നും കുട്ടികള്‍ പുറത്തേക്ക് വരുന്നത് നോക്കിയിരിക്കുന്നത് പോലെ പതിനഞ്ചു മിനിറ്റ് കമ്പ്യൂട്ടറില്‍ നോക്കിയതിനു ശേഷം ജയന്റെയും സീമയുടെയും അങ്ങാടിയിലെ പാട്ടുപോലെ സ്ലോമോഷനില്‍ കാശെടുത്ത് തരും .

അങ്ങിനെ കൊടുന്നു വെച്ച രണ്ടായിരത്തിന്റെ കെട്ടില്‍ നിന്നും ഒരെണ്ണം എടുത്തു അഞ്ഞൂറ് രൂപയ്ക്കു പെട്രോള്‍ അടിച്ചു അടുത്തുള്ള ബന്ധു വീടുകളിലൊക്കെ ഒന്ന് പോയി വരും .
അപ്പോഴേക്കും മീന്‍ വാങ്ങലും അല്ലറ ചില്ലറ വീട്ടു സാദനങ്ങള്‍ വാങ്ങലുമായി ബാക്കി കാശ് തീരും .
നോട്ടു കെട്ടിന്റെ കനം കുറഞ്ഞു വന്നപ്പോള്‍ എന്‍റെ ഉള്ളില്‍ ഉറങ്ങി കിടന്നിരുന്ന പിശുക്കന്‍ സടകുടഞ്ഞെഴുന്നേറ്റു പുറത്തേക്ക് വരും .
അപ്പോഴാണ്‌ അണ്ണാച്ചി ലോറികളുടെ കുറുകെ പൂച്ച ചാടിയാല്‍ പിന്നെ അണ്ണാച്ചി വണ്ടി ഓടിക്കില്ല എന്ന് പറഞ്ഞത് പോലെ,
ഞാന്‍ വീട്ടിനകത്ത് നിന്ന് പുറത്തേക്ക് നടക്കുന്ന വഴിക്ക് കുറുകെ പേരക്കുട്ടികള്‍ കുറുകെ ചാടുക .
പിന്നീട് ഞാന്‍ പേരക്കുട്ടികളെ എടുത്തു കളിപ്പിച്ചു കൊണ്ട് അവിടെയിരിക്കും .പത്തു കാശിനു ചിലവില്ലാതെ നന്നായി വെക്കേഷന്‍ എന്ജോയ്‌ ചെയ്യാം .
വല്ലപ്പോഴും ഇച്ചിരി ഐസ്ക്രീം എടുത്തു കൊടുത്താല്‍ അവരും ഹാപി .ഞാനും ഹാപി

 

---------------------------------------------------------------------------------------------------

 

04.05.2018.

 

 

വീട്ടിനടുത്തുള്ള ഒരു ചെറിയ വിനോദ സഞ്ചാര കേന്ദ്രമാണ് പടിഞ്ഞാറേക്കര ബീച്ച് .
ഭാരതപ്പുഴ അറബിക്കടലില്‍ മുത്തമിടുന്ന സ്ഥലം .
കുട്ടികളുമായി ഇടക്കിടക്ക് പോകും കടല്‍ കാണാനും കാറ്റ് കൊള്ളാനും .

അന്നൊരു ദിവസം ബീച്ചിലേക്ക് ഇറങ്ങിയപ്പോള്‍ ബീവിക്കും കടല് കാണാന്‍ മോഹം .

അവളെയും കൂട്ടി ബീച്ചിലേക്ക് പോകും വഴി തൊട്ടടുത്ത അങ്ങാടിയില്‍ എത്തിയപ്പോള്‍ അവിടെയുള്ള ഹോട്ടലിലേക്ക് ചൂണ്ടി കാട്ടിക്കൊണ്ട് രണ്ടാമത്തെ മോള്‍ ,''അവിടെ അതാ ശോവര്‍മ്മ ഉണ്ടാക്കുന്നു''.
ഇത് കണ്ട ഭാര്യ , ''നിങ്ങള്‍ക്കൊരോ ശോവര്‍മ്മ കുട്ടികള്‍ക്ക് വാങ്ങി ക്കൊടുത്തു കൂടെ ?''.
ഞാന്‍ സ്വല്‍പ്പം കനപ്പിച്ചു അവളെ ഒന്ന് നോക്കി .
എന്റെ നോട്ടം പന്തിയല്ലെന്ന് മനസ്സിലായത് കൊണ്ട് പിന്നീട് അവളൊന്നും പറഞ്ഞില്ല .
രാവിലെ എടുത്ത രണ്ടായിരത്തിന്റെ വര്‍ണ്ണക്കടലാസ് ഒരെണ്ണം തീര്‍ന്നതാണ് ,ബാങ്കില്‍ നിന്നും കൊടുന്നു വെച്ച കെട്ടില്‍ നിന്നും വൈകീട്ട് ഒരെണ്ണം എടുക്കുമ്പോള്‍ ,പടച്ചോനെ....... ഒരു കേടുപാടും കൂടാതെ മോടിജിയുടെ മൈക്രോ ചിപ്പ് വെച്ച ഇവനെ വീട്ടിലെത്തിക്കണമേ .....എന്ന് പ്രാര്‍ഥിച്ചു തല ഒരു വട്ടം ഉഴിഞ്ഞാണ് പോക്കറ്റില്‍ വെച്ചത് .
തിരുവനന്തപുരത്തും കോഴിക്കോടും എത്ര എണ്ണം ''ശവ''ര്‍മ്മ തിന്നു ചത്തു ,ഓരെണ്ണം എങ്കിലും എന്റെ നാട്ടില്‍.....!!!
എവടെ !! വെറുതെ ആശിച്ചു പോയി !!!
അതിലും വലിയ വിഷം അല്ലേ ഇവന്മാരൊക്കെ കുടിച്ചു കയറ്റുന്നത് .
ഇങ്ങിനോയെക്കെ ചത്താലും ജനങ്ങള്‍ക്കത് തിന്നാന്‍ ഒരു മടിയും ഇല്ല എന്നാണു പിന്നീടുണ്ടായ അനുഭവങ്ങളില്‍ നിന്നും മനസ്സിലായത്‌ .

ഞങ്ങള്‍ കടപ്പുറത്തെത്തി ,കടലയും കൊറിച്ചു കാറ്റ് കൊണ്ട് നടക്കുമ്പോള്‍ എതിരെ വരുന്നു ,അന്നോ ,ദിവസങ്ങള്‍ക്കു മുമ്പോ കല്യാണം കഴിഞ്ഞതാവാം ഒരു പുതിയാപ്ലയും മണവാട്ടിയും .
ആലൂക്കാസിന്റെ ഒരു അലമാര മൊത്തം അവളുടെ കാതിലും കഴുത്തിലും തലയിലും ഒക്കെയായി തൂക്കിയിട്ടുണ്ട്‌ .
അന്നത്തെ പത്രത്തില്‍ കേരളത്തിലെവിടെയോ ഒരു ബാങ്കിന്‍റെ ചുമര് തുര ന്നു സ്വര്‍ണ്ണാഭരണം കവര്‍ന്ന വാര്‍ത്ത വായിച്ചത് ഓര്‍ത്തുപോയി .
അത്തരം കള്ളന്മാരുടെ കണ്ണിലോക്കെ ഇത്തരം പെണ്‍കുട്ടികള്‍ പെട്ടാല്‍...... ,
ആ കാറ്റാടി മരങ്ങള്‍ക്കിടയിലെക്കോ ,പുലിമുട്ടിനിടയിലെക്കോ തള്ളിയിട്ടു കാര്യം അവസാനിപ്പിക്കാന്‍ വളരെ ഈസിയാണ് .

പടിഞ്ഞാറേക്കര ബീച്ചില്‍ ഇതൊരു സ്ഥിരം കാഴ്ചയാണ് .കല്ല്യാണം കഴിഞ്ഞ ഉടനെ ഫോടോ ഗ്രാഫിക്കും വീഡിയോ പിടിക്കാനും വരുന്നയിടമാണ് ,സൂക്ഷിച്ചാല്‍ കൊള്ളാം .
അതവിടെ നില്‍ക്കട്ടെ , ആ പുതിയാപ്പിളപ്പയ്യന്‍ എനിക്കിട്ടൊരു പാരയും വെച്ചാണ് പോയത് .

അവര്‍ നടന്നു നടന്നു എന്റെയും ഭാര്യയുടേയും അടുത്തെത്തിയപ്പോള്‍ പണ്ട്ടാരക്കാലന്‍ അവളോട്‌ ചോദിക്കുന്നു , ''നിനക്ക് ശവര്‍മ്മ വേണോ ?''.

ഇത് കേട്ട എന്റെ ഭാര്യ എന്റെ മുഖത്തെക്കൊരു നോട്ടം .
പടച്ചോനെ ....എന്റെ നല്ലാ ജീവന്‍ അപ്പോള്‍ തന്നെ പോയി .
ഞാന്‍ നോക്കുമ്പോള്‍ അവിടെ നാല് കിലോമീറ്റര്‍ ചുറ്റളവില്‍ ശവര്‍മ്മ ഇല്ല .

ഞാനാലോചിക്കുന്നത് മനസ്സിലാക്കിയിട്ടാവണം

എന്റെ ഭാര്യ , ''പാവം കുട്ടി, അവനീ പറഞ്ഞത് കേട്ടിട്ട് അവളിപ്പോള്‍ രോമാഞ്ചം കൊണ്ടിട്ടുണ്ടാവും ,എന്റെ ഏതാഗ്രഹവും സാദിച്ചു തരാനുള്ള ഒരുത്തനെ കിട്ടിയല്ലോ എന്ന് തെല്ലഹങ്കാരംകൊണ്ടിട്ടും ഉണ്ടാവും .
കല്ല്യാണം കഴിഞ്ഞ കാലത്ത് അതിലും വലിയ വാഗ്ദാനങ്ങള്‍ നല്‍കിയ ഒരാളാണ് എന്റൊപ്പം ഇപ്പോഴീനടക്കുന്നത്''".


എന്ത് ചെയ്യാം.......,
കടലും കണ്ടു തിരിച്ചു വരുമ്പോള്‍ ശവര്‍മ്മയും ഐസ്ക്രീമും ഒക്കെ വാങ്ങി ക്കൊടുത്തു .

ജീവിതത്തിന്റെ സായാഹ്നത്തോടടുത്തു ,ഇനിയെവിടുക്കിത് ഉണ്ടാക്കുന്നു, എന്ന് മനസ്സില്‍ പറഞ്ഞു ,
രണ്ടായിരത്തിന്റെ ബാക്കി ചില്ലറ വാങ്ങി പോക്കറ്റില്‍ ഇട്ടു കൊണ്ട് വണ്ടിയില്‍ കയറി .


No comments:

Post a Comment