Friday, September 18, 2015

സുന്നത്ത് കല്ല്യാണം .

ചെറുപ്പത്തില്‍ അങ്ങാടിയില്‍ പോകുമ്പോള്‍ ഒസാന്‍ മുഹമ്മദുക്ക (ബാര്‍ബര്‍ മുഹമ്മദ്‌ )വഴിയില്‍ എവിടെയെങ്കിലും നില്ക്കുന്നുണ്ടോ എന്നാണു ആദ്യം നോക്കുക .
നാട്ടിലെ ആറോ ഏഴോ വയസ്സിനു താഴെ ഉള്ള എല്ലാ ആണ്‍ കുട്ടികളുടെയും പേടി സ്വപ്നമാണ് ഒസാന്‍ മുഹമ്മദുക്ക!!!, പുള്ളിക്കാരന്‍ ആണ് നാട്ടിലെ കുട്ടികളുടെയെല്ലാം സുന്നത്ത് (ചേലാ കർമം )  കഴിക്കാറ് .ഈ  ചടങ്ങിനു സുന്നത്ത് കല്യാണം എന്നാണു പറയാറ് .
എന്റേതു എനിക്ക് ആറോ ഏഴോ വയസ്സുള്ളപ്പോഴാണ് കഴിഞ്ഞത്,  അതിനു ശേഷം മുഹമ്മദുക്കയെ പേടി ഇല്ല ,എന്നാലും ഇടയ്ക്കു കാണുമ്പോള്‍ എടാ നോക്കെട്ടടാ നിന്റേതു അന്ന് മുറിച്ചത് ശരിയായിട്ടില്ല ഒന്ന് കൂടി മുറിക്കണം എന്ന് പറഞ്ഞു പേടിപ്പിക്കും .ചിലരോട് പറയും നിന്റേതു നീളം കൂടുതൽ ഉണ്ട് അതൊന്നു കുറയ്ക്കണം എന്ന് .
അങ്ങനേയിരിക്കെയാണ് എന്റെ കൂട്ടുകാരാൻ   സുലൈമാന്റെ സുന്നത്ത് കല്യാണം വരുന്നത്.  അന്ന് സംഗതി നല്ല ആഘോഷത്തോടെയാണ് നടത്താറ് .
നെയ്ച്ചോറും ബീഫും എല്ലാം ഉണ്ടാവും(ഇങ്ങനെയുള്ള പരിപാടികള്‍ വല്ലതും വന്നാലാണ് അക്കാലത്ത് ഒന്ന് വയറു നിറയുക). പോരാത്തതിന് പെട്ടിപ്പാട്ടും (ഗ്രാമഫോണ്‍)  ഉണ്ടാകും ..

എന്റേത് കഴിഞ്ഞു കുറച്ചുകാലം കഴിഞ്ഞാണ് സുലൈമാന്റെത് ചെയിതത് .അവന്‍റെ കൂടെ രണ്ടു അനിയന്മാരുടേയും ഉണ്ടായിരുന്നു .അവര് വളരെ ചെറുതായത് കൊണ്ട് സംഗതിയുടെ ഗൌരവം അറിയില്ലായിരുന്നു .സുലൈമാന് ആണെങ്കില്‍ ഞങ്ങളുടെ കൂട്ടുകാരുടെ കൂട്ടത്തില്‍ അവസാനമായി സുന്നത്ത് കാഴിക്കാന്‍ പോകുന്ന ആളും .ഞങ്ങളുടെ അടുത്തു നിന്നുള്ള വിവരങ്ങള്‍ അറിഞ്ഞത് കൊണ്ട് പുള്ളിക്കാരന് കുറച്ചു ഭയം ഉണ്ടായിരുന്നു .
രാത്രി സമയം , വേലിയേറ്റവും വേലിയിറക്കവും നോക്കിയാണ് മുറിക്കല്‍ നടത്തുക .വേലിയേറ്റ സമയത്ത് നടത്തില്ല .ആ സമയത്ത് രക്തം കൂടുതല്‍ പോകും .വേലിയിറക്കം ആകുമ്പോഴേക്കും പാതിര ആവും .
ചെറിയ കുട്ടികള്‍ എല്ലാം ഉറങ്ങി,  ഞങ്ങള്‍ ബീരാന്‍കുട്ടിക്ക പെട്ടിപ്പാട്ട് പാടിക്കുന്നത് നോക്കി ഇരിക്കുകയാണ് .ഇതിനിടയില്‍ സുലൈമാന്‍ എങ്ങോട്ടോ  മുങ്ങി .
അത് മുറിക്കാന്‍ ഉള്ള സമയം ആയി,  സുലൈമാനെ നോക്കുമ്പോള്‍ കാണുന്നില്ല!! ,
ആള്‍ക്കാര്‍ നാലുപാടും ചൂട്ടും പന്തവും എടുത്തു തിരഞ്ഞു നടന്നു,  എവിടെയും കാണുന്നില്ല .ഇതിനിടയില്‍ അവന്‍റെ അനിയന്‍മാരുടെ സുന്നത്ത് കഴിഞ്ഞു .
മുഹമ്മദുക്ക പുറത്തു മുറ്റത്തു ഒരു കസേരയില്‍ വന്നിരിക്കുന്നുണ്ട്.
ഇതിനിടയില്‍ ഞങ്ങള്‍ കുട്ടികളുടെ ഇടയില്‍ ഒരു കിംവദന്തി പരന്നു , സുലൈമാനെ കിട്ടിയില്ലേല്‍ പകരം മുഹമ്മദുക്ക വേറെ ആരുടെയെങ്കിലും പിടിച്ചു മുറിക്കും.
ഞങ്ങളുടെ കൂട്ടത്തില്‍ കുറച്ചു വികിര്‍തിയായ ഹംസയാണ് ഇത് പറഞ്ഞു പരത്തിയത് .
ഇത് കേട്ടപ്പോള്‍ ഞങ്ങളില്‍ ചിലരും സ്ഥലത്ത് നിന്ന് മുങ്ങി .
ഓരോ ഭാഗത്തേക്കും തിരഞ്ഞു പോയവരല്ലാം മടങ്ങി എത്തി .
കുറച്ചു സമയം കഴിഞ്ഞപ്പോള്‍ മുഹമ്മദുക്ക പറഞ്ഞു ഇനി കിട്ടിയാലും സുന്നത്ത് കഴിക്കാന്‍ പറ്റില്ല!! വേലിയേറ്റ സമയം ആയി .
എല്ലാവരും വലിയ ദുഖത്തോടെ ഇനി എന്ത് ചെയ്യും എന്നാലോജിക്കുകയായിരുന്നിരിക്കണം ആകെ ഒരു മൌനം. 
ഒരു ഗ്രാമം മുഴുവന്‍ ആ   വീട്ടു മുറ്റത്തുണ്ട്‌ . .എല്ലാവരുടെയും മൌനം ഭേദിച്ചു കൊണ്ട് സുലൈമാന്റെ ഉമ്മ ദുഖവും ദേഷ്യവും കലര്‍ന്ന സ്വരത്തില്‍ ...."ഇനി ഇപ്പൊ എന്താ ചെയ്യാ ....ഒന്ന് ബാപ്പാനെ പോലെയും കെടക്കട്ടെ !! ".
അത് വരെ സുലൈമാന്റെ ഉമ്മാക്ക് മാത്രം അറിയാവുന്ന ബാപ്പാന്റെ ആ "രഹസ്യം" അന്ന് വെളിപ്പെട്ടു .
പിന്നീട് എന്നാണു സുലൈമാന്റെ സുന്നത്ത് കഴിഞ്ഞത് എന്നറിയില്ല ഞങ്ങള്‍ അപ്പോഴേക്കും അവിടെ നിന്നും വേറെ ഒരിടത്തേക്ക് താമസം മാറ്റിയിരുന്നു .
.
.സുലൈമാന്‍ വിശേഷങ്ങള്‍ അവസാനിക്കുന്നില്ല !!


No comments:

Post a Comment