Tuesday, December 30, 2014

തിന്നാന്‍ വേണ്ടി ജീവിക്കുന്നവരും, ജീവിക്കാന്‍ വേണ്ടി തിന്നുന്നവരും .

എന്നെ കൊണ്ട് കല്യാണം കഴിപ്പിക്കാന്‍ ആയി എന്ന് വീട്ടുകാര്‍ക്ക് തോന്നിയ കാലം .............,

പഴയ ഉടായിപ്പുകള്‍ എല്ലാം നിര്‍ത്തി നന്നാവണം എന്ന്  എനിക്ക്    തോന്നി . 


പെണ്‍വീട്ടുകാര്‍ ചെറുക്കനെ കുറിച്ച് നാട്ടിലുള്ള കാരണവന്മാരോടൊക്കെ അന്വേഷണം നടത്തിയെ കല്യാണം നടത്തുകയുള്ളൂ .അത് വരെയുള്ള എന്റെ  ബയോഗ്രാഫി നോക്കിയാല്‍, മലപ്പുറം ജില്ലയും ഒരു മാരുതിക്കാറു കൊടുക്കാമെന്നു പറഞ്ഞാലും ഒരു പെണ്ണ് കിട്ടില്ല. 

അത്രയ്ക്ക്  നല്ല സ്വഭാവം ആയിരുന്നു എനിക്ക് .

.എന്നാ പിന്നെ നല്ലോം നന്നാവാം എന്ന് കരുതി പള്ളിയിലെ സ്ഥിരം മേമ്പെര്‍ ആയി ,മുടങ്ങാതെ പള്ളിയില്‍ നിസ്കാരത്തിനു വരുന്നത് കണ്ടപ്പോള്‍ പഠിപ്പിച്ച ഉസ്താദിന് വലിയ സന്തോഷം ,ഉസ്താദിന് വീടുകളില്‍ നിന്ന് കിട്ടുന്ന പലഹാരങ്ങള്‍ മുക്കാല്‍ ഭാഗവും എനിക്ക് തരും .ഇത് പള്ളിയില്‍ സ്ഥിരം പോകുന്നതിനു ഒരു പ്രോത്സാഹനവും ആയി .

     

                    ഉസ്താദിന് ഉണ്ടാവുന്ന മൌലീദ് പരിപാടിക്കും എന്നെ ക്ഷണിക്കും അപ്പോള്‍ തീറ്റ പരിപാടിയും കുശാല്‍ ആയി .  ഞാന്‍ ശരിക്കും പടചോനോട് നന്ദി  പറഞ്ഞു  .കുറച്ചു വൈകി ആണേലും ഈ ബുദ്ദി തോന്നിച്ചതിന് .ഓരോന്നിനും ഓരോ സമയം ഉണ്ട് ദാസാ എന്ന് പടചോനല്ലേ അറിയൂ .

സുന്നി, എ പി ,ഇ കെ ,മുജാഹിദ്, ജമാ അത്ത് എന്നീ കീടബാധകള്‍ ഏല്‍ക്കാത്ത മഹല്ല് ആയതു കൊണ്ട്  ഓരോ വീട്ടിലും ഇടയ്ക്കിടയ്ക്ക് മൌലൂദ് ഉണ്ടാവാറുണ്ട് ,

ആയിടെ   പള്ളിയിലെ മുക്രി എന്നോട് ഒരു ചോദ്യം 

''നിന്റെ വീട്ടിലും ഒരു മൌലൂദ് കഴിക്കേണ്ടെ ? ''

ഞാന്‍ പറഞ്ഞു, ''മൊയിലിയാരെ മിണ്ടാതിരുന്നോളിന്‍ ഞാന്‍ പള്ളിയില്‍ വരുന്നത് നിര്‍ത്തും'' .

പിന്നീട് മുക്രി ആ കാര്യം മിണ്ടിയിട്ടില്ല പുള്ളിക്ക് മനസ്സിലായിക്കാണും ഇത് ''തിന്നാവുല്‍ ഇസ്ലാം കമ്പനി''  ആണ് എന്ന് .


                             എന്റെ നല്ല നടപ്പ് കണ്ട പള്ളി  കമ്മറ്റി ഭാരവാഹികള്‍ പള്ളിയുടെ ഭരണ കാര്യങ്ങളില്‍ സഹായിക്കാന്‍ ആവശ്യപ്പെടുകയും ഞാന്‍ അതിനു തയ്യാറാവുകയും ചെയിതു. അപ്പോള്‍ മഹല്ല് കാരണവന്‍ മാരുടെ ഇടയില്‍ നല്ല കുട്ടിയായി , അങ്ങിനെയാണ്  പാവം എന്റെ അമ്മോശന്‍ എന്റെ വലയില്‍ വീണത്‌ .എന്തായാലും അക്കാലം മുതല്‍ നിസ്കാരവും നോമ്പും നിലനിര്‍ത്തിപ്പോരുന്നു  അല്‍ ഹമ്ദുലില്ലാഹ് .


               എന്റെ വീടിനടുത്തുള്ള അവറാനിക്ക (പേര് സാങ്കല്‍പ്പികം ,മഹല്ലില്‍ ഇല്ലാത്ത ഒരു പേര് ആലോചിച്ചു അവസാനം കിട്ടിയ പേരാണ് .)ഇടയ്ക്കിടയ്ക്ക് മൌലൂദ് കഴിക്കും , പല തരാം മൌലൂദ്കള്‍ ഉണ്ട് പുള്ളിയുടെ സ്പെഷല്‍ മൌലൂദു ആണ് യാഹൂം തങ്ങള്‍ മൌലൂദ് (ബി പി അങ്ങാടി ജാറത്തില്‍ അന്ത്യ വിശ്രമം കൊള്ളുന്ന മഹാനവര്കള്‍ ആണ് യാഹൂം തങ്ങള്‍ )   നമ്മുടെ മുസ്ലിയാക്കള്‍ ആ മൌലൂദ് എഡിറ്റു ചെയിതു അവതരിപ്പിക്കുന്നത്‌ ഞാന്‍ കൌതുകത്തോടെ കെട്ടിരിക്കാറുണ്ട് .  

അവറാന്‍ക്ക  വെള്ളിയാഴ്ചയും വല്ല്യ പെരുന്നാളിനും മാത്രമേ പള്ളിയില്‍ വരാറുള്ളൂ ,എനിക്കെന്തോ പുള്ളിയുടെ  ഈ പരിപാടി തീരെ പിടിച്ചില്ല .

ഒരു ദിവസം ഞാന്‍ മുഖത്തു നോക്കി കാര്യം പറഞ്ഞു .

''നിങ്ങള്‍ ഈ മൌലീദു കൊണ്ട് രക്ഷപ്പെടില്ല, നിസ്ക്കരിക്കണം! നിസ്ക്കാരം നിര്‍ബന്ധമാണ്‌'' .

എന്തായാലും  എന്റെ  ഉപദേശത്തിനു ഫലം ഉണ്ടായി പിന്നീട് പുള്ളിക്കാരന്‍ മൌലൂദിനു എന്നെ വിളിച്ചിട്ടില്ല .അങ്ങിനെ ആ നൈചോറും ബീഫ് മസാലയും കിട്ടാഖനി ആയി  !!


                   ഒരു ദിവസം ഞാനും എന്റെ  ഏറ്റവും അടുത്ത ഒരു സുഹ്ര്‍ത്ത് സുലൈമാനും  കൂടി അവറാന്‍ക്കയുടെ വീടിനടുത്ത് കൂടി പോകുമ്പോള്‍ നല്ല  ബീഫ് മസാലയുടെ മണം മൂക്കില്‍ തുളച്ചു കയറുന്നു .

അപ്പോള്‍ എന്റെ കൂട്ടുകാരന്‍ , ''എടാ --------------(വിട്ട ഭാഗം അവന്‍ എന്നെ വിളിക്കാറുള്ള പേരാണ് ,അവന്‍ മാത്രമേ വിളിക്കൂ,   അതും മറ്റാരും കേള്‍ക്കാതെ വിളിക്കുകയുള്ളൂ ആ അവകാശം ഞാന്‍ അവനു ദാനം തീരു കൊടുത്തതാണ് ). എനിക്ക് നല്ലം വിശക്കുന്നുണ്ട് അയാള്‍ എന്നെയും മൌലൂദ് നു വിളിക്കാറുള്ളതാണ് നിന്റെ കൂടെയുള്ള നടത്തം കാരണം അത് മുടങ്ങി'' . 

ഞാന്‍ പറഞ്ഞു ,''നിനക്ക് ഇപ്പോള്‍ എന്താ വേണ്ടത് ആ ബീഫു കറി കൂട്ടി നൈചോര്‍ കഴിക്കണം അത്രയല്ലെ ഉള്ളൂ'' .

അവന്‍ ചൂടായി തുടങ്ങി ,''നിന്റെ ബാപ്പ വെളമ്പി തരുമോടാ ...''

ഞാന്‍ പറഞ്ഞു ''മിണ്ടാതെ എന്റെ കൂടെ നടക്കഡാ ബലാലെ  നിന്റെ പൂതി ഞാന്‍ തീര്‍ത്ത്‌ തരാം''. 


                  ഞങ്ങള്‍  ഇടവഴിയില്‍ നിന്നും അവറാന്‍ക്കയുടെ അടുക്കള മുറ്റത്തേക്ക്‌ കയറി ,അവിടെ പണ്ടാരി മോയിതീന്‍ പഞ്ചാര വര്‍ത്താനത്തില്‍ ആണ് ചുറ്റിലും കുറച്ചു പെണ്ണുങ്ങളും ഉണ്ട് .

ഞാന്‍ മോയിദീനോട് ചോദിച്ചു ''എന്താ മോയിദീന്‍ക്കാ പരിപാടി ?''. 

മോയിദീന്‍ : ''ചെറിയ ഒരു മൌലൂദ് ആണ്. കുറച്ചു ഇറച്ചീം ചോറും ഉണ്ടാക്കിയിട്ടുണ്ട് ,അവറാന്റെ മരുമോന്‍ വരൂന്നു പറഞ്ഞത് കൊണ്ട് അഞ്ചാറു ആള്‍ക്കാര്‍ക്കുള്ള  നെയിച്ചോറും ഉണ്ടാക്കിയിട്ടുണ്ട്'' . 

ഞാന്‍ ചോദിച്ചു  ''എവിടെ നെയിചോര്‍ കാണട്ടെ''.  മോയിദീന്‍ പാത്രത്തിന്റെ മൂടി തുറന്നു.  

''ഇതാണോ ആറാള്‍ക്കുള്ള നെയിചോര്‍ ഇത് എനിക്കും സുലൈമാനക്കും  കൂടി തികയില്ല'',ഞാന്‍ പറഞ്ഞു .

ഇത് കേട്ടുകൊണ്ടാണ് അവറാന്‍ക്ക അങ്ങോട്ട്‌ വന്നത്, ഞാന്‍ പറഞ്ഞ കാര്യം മോയിദീന്‍ അവറാന്‍ ക്കാക്ക് വിശദീകരിച്ചു കൊടുത്ത് .എന്തിനു ഏതിനും പന്തയം വെക്കുന്ന അവറാന്‍ക്കയുടെ  പന്തയ വികാരം ഉണര്‍ന്നു .

ദേഷ്യത്തില്‍ അവറാന്‍ക്ക  "എന്നാല്‍ നിങ്ങള്  രണ്ടാളും കൂടി അത് തിന്നാണ് , അതൊന്നു കാണാമല്ലോ !'' 

മോയിദീനും കൂടി നിന്നിരുന്ന പെണ്ണുങ്ങളും അവറാന്‍ക്കയെ പ്രോത്സാഹിപ്പിച്ചു .വെല്ലു വിളി സ്വീകരിച്ച എന്റെ മുഖത്തേക്ക് അന്തം വിട്ടു നോക്കി നിന്നിരുന്ന കൂട്ടുകാരനോട് ഞാന്‍ പറഞ്ഞു ,''ഇരിക്കാടാ സുലൈമാനെ  ഞമ്മള്‍ ആരാണെന്ന് ഇവര്‍ക്ക് കാണിച്ചു കൊടുക്കാം'' .

കൂട്ടുകാരന്‍ മനമില്ലാ മനസ്സോടെ ഇരുന്നു .ഞങ്ങള്‍ ആവശ്യത്തിനു തിന്നു. വയറു നിറഞ്ഞ സുലൈമാന്‍ എന്റെ മുഖത്തേക്ക് നോക്കിയപ്പോള്‍ ഞാന്‍ എഴുന്നേല്‍ക്കാന്‍ കണ്ണ് കൊണ്ട് സിഗ്നല്‍ കൊടുത്ത് .

പ്ലൈറ്റില്‍  ഇട്ടിരുന്ന അവസാനത്തെ ബീഫു കഷ്ണവും വായിലിട്ടു ചവച്ചു കൊണ്ട് ഞാന്‍ പറഞ്ഞു "അവറാന്‍ക്ക നിങ്ങള് തന്നെ ജയിച്ചിരിക്കുന്നു ഇത് ഞങ്ങള്‍ രണ്ടാളെകൊണ്ട് തിന്നാന്‍ പറ്റില്ല ". 

ഒരു യുദ്ധം ജയിച്ച യോദ്ധാവിന്റെ ഭാവവുമായി നില്‍ക്കുന്ന അവരാന്ക്കയുടെ മുന്നില്‍ നിന്നും ഞാന്‍  മുങ്ങുമ്പോള്‍ ,കാര്യം പിടികിട്ടിയ പണ്ടാരി മോയിദീന്‍ അന്തം വിട്ടു നില്‍ക്കുന്നുണ്ടായിരുന്നു .


               കൂട്ട് കാരെ,  പ്രവാചകന്റെ ജനനം കൊണ്ട് അനുഗ്രഹീതമായ ഈ മാസത്തില്‍  നിങ്ങളുടെ ഭക്ഷണ കാര്യങ്ങളില്‍ മിതത്ത്വം പാലിച്ചു കുറച്ചു സംഖ്യ മിച്ചം വെച്ച് ആശുപത്രിയില്‍ കിടക്കുന്ന, രോഗം മൂലം കഷ്ടപ്പെടുന്ന  രോഗികളെ  സഹായിക്കണമെന്ന് അപേക്ഷിക്കുന്നു .അതായിരിക്കട്ടെ  നിങ്ങളുടെ പ്രവാചക സ്നേഹം .

Thursday, December 18, 2014

കലിപ്പ് തീരുന്നില്ലാ ........

തിരൂർ സെൻട്രൽ തിയറ്ററിൽ 1921 എന്നാ സിനിമ കളിക്കുന്ന സമയത്താണ് വീടിന്റെ തൊട്ടടുത്തു ആലിങ്ങൽ എന്നാ സ്ഥലത്ത് വയള് (മത പ്രസംഗം ) നടക്കുന്നത് .നല്ല സമയം!!!!!!!!!!! ഞാനും സുലൈമാനും വയളിനു എന്ന് വീട്ടിൽ പറഞ്ഞു സിനിമക്ക് പോകാൻ തീരുമാനിച്ചു .ടൌണിലേക്ക് അല്ലെ പോകുന്നത് അപ്പോൾ തിരിച്ചു പോരുമ്പോൾ നാട്ടപ്പാതിരയാവും അത് കൊണ്ട് കൂട്ടിനു ഞങ്ങളുടെ സ്നേഹിതൻ ദാസനെയും കൂട്ടി .
           
                          ഞങ്ങൾ തിയറ്ററിൽ എത്തിയപ്പോൾ തിയറ്ററിൽ വൻ തിരക്ക് . ടിക്കറ്റ് കൊടുത്ത് തുടങ്ങി അൽപ്പ സമയത്തിനകം തന്നെ ഹൌസ് ഫുൾ ആയി .ബ്ളാക്ക് ടിക്കറ്റ് വിൽക്കുന്നവരും സിനിമാശാലയിലെ ജോലിക്കാരും തമ്മിലുള്ള ഒത്തുകളി ആയിരുന്നു .അങ്ങിനെ ബുദ്ധിമുട്ടി ഇപ്പൊ കാണേണ്ട എന്ന് കരുതി ഞങ്ങൾ തിരിച്ചു പോന്നു .
                                ഞങ്ങൾ നേരെ വയള് സ്ഥലത്തേക്കാണ് പോയത് .സിനിമക്ക് കരുതിയ കാശ് കൊണ്ട് ഓംലറ്റും ബ്രഡും കഴിച്ചു .ദാസനുണ്ടല്ലോ കൂടെ,  വയള് തുടങ്ങിയിരിക്കുന്നു,  ഇനി എന്ത് ചെയ്യും?! എന്നാലോചിച്ചു നിൽക്കുമ്പോൾ ദാസാൻ പറഞ്ഞു , കുഴപ്പമില്ല നമുക്ക് കുറച്ചു വയള് കേട്ടിട്ടു പോകാം ഇപ്പൊ  വീട്ടില്‍ ചെന്നു  അമ്മയെ വിളിച്ചാൽ ചേട്ടൻ അറിയും ചേട്ടന്റെ കല്യാണം ഇപ്പൊ അടുത്തല്ലേ കഴിഞ്ഞത്,  ചേട്ടൻ ഉറങ്ങാൻ വൈകും ..കുറച്ചു കൂടി കഴിഞ്ഞു പോയാൽ ചേട്ടൻ ഉറങ്ങും .അപ്പൊ അമ്മയെ വിളിച്ചാൽ അമ്മ വാതിൽ തുറന്നു തരും ..നല്ല ഐടിയ!!!
    
           ഞങ്ങൾ കുറച്ചു വയള് കേട്ടു വീട്ടിലെത്തി ,പിറ്റേന്നു രാവിലെ മൂന്നു പേരും പതിവ് പോലെ ദാമോദരേട്ടന്റെ ചായപ്പീടികയിൽ എത്തി ..ചായ കുടിക്കുന്നതിനിടയിൽ ദാസൻ പറയുകയാണ് , ഇന്നലെ മുസ്ലിയാർ സ്വർഗ്ഗ ,നരകത്തെ കുറിച്ച് പ്രസംഗിച്ചത് കേട്ടു കൊണ്ട് കിടന്നത് കൊണ്ടാണെന്ന് തോന്നുന്നു ഞാൻ ഇന്നലെ മരിച്ചു പോയത് സ്വപ്നം കണ്ടു .
ഞാൻ ചോദിച്ചു, എന്താണ് കണ്ടത് ?.
 ദാസൻ തുടരുകയാണ് , ഞാൻ മരിച്ചു ചെന്നപ്പോൾ ദൈവം പറഞ്ഞു ദാസാ നിന്നെ സ്വർഗത്തിൽ വിടാനാണ് ഉദ്ധേശിക്കുന്നത് .അത് കൊണ്ട് നീ സ്വർഗത്തിലേക്ക് പൊയിക്കൊ!!!!!!.ഞാൻ നോക്കുമ്പോൾ സ്വർഗം 3 കി. മി . എന്നാ ബോർഡു കണ്ടു ..ഹാവൂ എന്റെ ഓട്ടോ റിക്ഷ അപകടത്തിൽ പെട്ട് ആയിരുന്നു ഞാൻ മരിച്ചത് അതുകൊണ്ട് ഓട്ടോയും കൂടെ ഉണ്ടായത് നന്നായി .സ്വർഗത്തിൽ പെട്ടന്ന് എത്താമല്ലോ !! ഞാൻ ഓടോ തിരിക്കാൻ റിവേഴ്സ് ഗിയറിട്ട് പിറകിലേക്ക് നോക്കിയപ്പോൾ മിലിട്ടറിയിൽ നിന്നും റിട്ടയർ ആയ നമ്മുടെ കുഞ്ഞപ്പേട്ടൻ നില്ക്കുന്നു . എന്താ കുഞ്ഞാപ്പേട്ടാ ഇവിടെ നില്ക്കുന്നത് എന്ന് ചോദിച്ചപ്പോൾ കുഞ്ഞപ്പേട്ടൻ പറഞ്ഞു ,എടാ ദാസാ എനിക്കിപ്പോൾ ഇവിടെയാണ്‌ ജോലി .ഇവടെ എന്ത് ജോലി ആണെന്ന് ചോദിച്ചപ്പോൾ നരകത്തിലെ സെക്യൂരിറ്റി ആണെന്ന് പറഞ്ഞു . അപ്പോൾ ഞാൻ കരുതി ഏതായാലും വന്നതല്ലേ നരകം ഒന്ന് കാണാം .കുഞ്ഞപ്പെട്ടനോട് ആവശ്യം അറിയിച്ചപ്പോൾ എന്നാൽ വണ്ടി എടുക്കു നീ സ്വർഗത്തിൽ പോകുന്ന വഴിയിൽ തന്നെയാണ് നരകവും ,ഞാൻ ഡ്യൂട്ടിക്ക് പോകുവാൻ ബസ് കാത്തു നില്ക്കുകയാണ് ..അങ്ങിനെ ഞാൻ കുഞ്ഞപ്പെട്ടനെയും കൂട്ടി നരകത്തിനു മുന്നിലെത്തി .ഒരു വലിയ ഗൈറ്റു കണ്ടു ,അവിടെ ഒരു സെക്യൂരിറ്റിക്കാരൻ നില്ക്കുന്നുണ്ട് ,കുഞ്ഞെപ്പെട്ടാൻ ധരിച്ചിരിക്കുന്ന  അതെ യൂണിഫോം തന്നെയാണ് അയാളുടെതും . ഞാൻ ഗൈറ്റിനു മുന്നിലെത്തി ,കുഞ്ഞപ്പേട്ടൻ ഗൈറ്റിന്റെ ഒരു അരികിലായുള്ള സിനിമാ ഹാളിലെ ടിക്കറ്റ് കൊടുക്കുന്ന ദ്വാരം പോലുള്ള ഒരു ദ്വാരം കാണിച്ചു തന്നു അതിലൂടെ നരകം  നോക്കി കണ്ടോ എന്ന് പറഞ്ഞു .
ഞാൻ നരകത്തിലേക്ക് നോക്കുമ്പോൾ അവിടെ ,ഇലക്ട്രിക്‌സിറ്റി ഓഫീസിലെ രാധാകൃഷ്ണൻ ,വേണു,  മുകുന്ദൻ ,ഹുസൈൻ ,അയ്യപ്പൻ. താലൂക് ഓഫീസിലെ ബാലൻ സാർ . ഭാസ്കരൻ, മുനിസിപ്പാലിറ്റിയിലെ സൈദലവി ,എൻജിനീയർ മാധവൻ, കുറച്ചു കൂടി അകലേക്ക് നോക്കിയപ്പോൾ അവിടെ ആർ ടി ഓ ഓഫീസിലെ ജീവനക്കാരുടെ ഒരു വലിയ കൂട്ടം .എം വി ഐ മോഹന ദാസ് ,എ എം വി ഐ ജേക്കബ് .പ്യൂണ്‍ ഇബ്രാഹീം കൂടാതെ ആർ ടി ഓ ഓഫീസിലെ ഏജന്റുമാരായ അബൂബക്കർ ,അസീസ്‌ എന്നിവരെയും കണ്ടു .. എല്ലാവരുടെയും പാതി തീ പിടിച്ചു വെന്ത രൂപത്തിൽ ആണ് .ഇത് കണ്ടപ്പോൾ ഞാൻ അവിടെ ഉണ്ടായിരുന്ന സെക്യൂരിറ്റിയോട് ചോദിച്ചു ,ഇതെന്താ ഇവിടെ സർക്കാർ ഉദ്യോഗസ്ഥർ മാത്രം ?. അപ്പോൾ അയാൾ പറഞ്ഞു . ഇവിടെ മരിച്ചു വരുന്നവരെയൊക്കെ ഒരുമിച്ചു കൂട്ടുന്ന ആ സ്ഥലത്ത് കുറച്ചു മേശയും കസേരയും കണ്ടില്ലേ ,അവിടെ മലക്കുകൾ നിങ്ങളുടെയൊക്കെ നന്മയും തിന്മയും എഴുതി വെച്ച ഫയലുകള്‍ അടുക്കി വെച്ചത് കണ്ടില്ലേ?..ഈ സർക്കാർ ഉദ്യോഗസ്ഥരൊക്കെ മരിച്ചു ഇവിടെ എത്തിയാൽ കസേരയും മേശയും ഫയലും കണ്ടാൽ കയറി ഇരുന്നങ്ങു ഉറങ്ങും . ദൈവം വന്നു സ്വർഗത്തിലേക്ക് പോകാനുള്ളവരുടെ പേര് വിളിച്ചു അവരോടു സ്വർഗത്തിൽ പോകാൻ പറയും .ഈ പേര് വിളിക്കുന്നത്‌ സർക്കാർ ഉദ്യോഗസ്ഥർ കേൾക്കില്ല അവര് കൂർക്കം വലിച്ചു ഉറങ്ങുകയായിരിക്കും .പിന്നീട് ഇവിടുത്തെ മുനിസിപ്പാലിറ്റിക്കാർ എല്ലാറ്റിനെയും തൂക്കി എടുത്തു നരകത്തിൽ ഇടും ..


                      ഈ സംഭവം ഇപ്പോൾ ഓർമ വരാൻ കാരണം ,തിരൂർ ആർ ടി ഓ ഓഫീസ് കൈക്കൂക്കാരുടെ  കൂത്തരങ്ങായിരുന്നു .കുറെ ജീവനക്കാരും അവരുടെ ശിങ്കിടികൾ ആയ കുറെ എജന്റ്റ് മാരും  കൂടെ ആയിരുന്നു അവിടുത്തെ കാര്യങ്ങൾ നടത്തിയിരുന്നത് .കാര്യങ്ങൾ നടക്കാൻ അവിടുത്തെ കസെരക്കാല് പിടിക്കുക മാത്രമല്ല കസെരക്കാലിനു കാശും കൊടുക്കണമായിരുന്നു .അങ്ങിനെയിരിക്കുഇമ്പൊഴാനു അടുത്തകാലത്ത് ഒരു വിജിലൻസ് റെയിഡ് നടന്നത് .അതിനു ശേഷം കാര്യങ്ങൾ ഒന്നും നടക്കുന്നില്ല. .എന്റെ മകൻ ഒരു വണ്ടി എടുത്തു അവന്റെ ജോലി സ്ഥലമായ മൈസൂരിലേക്ക് കൊണ്ട് പോകാൻ അതിന്റെ ബുക്കും പേപ്പറും ശരിയായി കിട്ടാൻ ഒന്നര മാസം എടുത്തു .

                                               നാമെല്ലാം സ്നേഹത്തോടെയും ബഹുമാനത്തോടെയും സർവ്വോപരി ഇച്ചിരി അഭിമാനത്തോടെയും നോക്കി കാണുന്ന ബഹുമാന്യനായ ഋശി രാജ് സിംഗ് വിചാരിച്ചാലൊന്നും ആ ഡിപ്പാർട്ട്മെന്റ് നന്നാവുമെന്നു തോന്നുന്നില്ല . ഊളന്മാരായ കുറച്ചു തെണ്ടികൾ ആണ് തിരൂർ ആർ ടി ഓ ഓഫീസിൽ ഉള്ളത് .ഇത് തിരൂരിലെ മാത്രം കാര്യമല്ല .തീട്ടം തീനികളായ തെണ്ടികളായ കുറച്ചു സർക്കാർ ഉദ്യോഗസ്ഥർ നമ്മുടെ നാട്ടിലുണ്ട് .നമ്മുടെ നികുതി പണം വാങ്ങി പച്ച തീട്ടം പോലെ നക്കിയിട്ടു ഓഫീസിലിരുന്നു ഉറങ്ങുന്ന തെണ്ടികൾ ഉണ്ടായാൽ ,ഏതു സർക്കാർ വന്നു ഭരിച്ചാലും എത്ര നല്ല ഭരണമായാലും അതിന്റെ ഗുണങ്ങൾ താഴെ തട്ടിലുള്ള സാദാരനക്കാരിലെത്തനമെങ്കിൽ ഈ തെണ്ടികൾ കനിയണം .
                             സർക്കാർ ജീവനക്കാരുടെ അവകാശങ്ങളെ പാറ്റി തീപ്പൊരി പ്രസംഗം നടത്താൻ യൂനിയാൻ നെതാക്കലുണ്ടാവും .എന്നാൽ ആ ജീവനക്കാർ ചെയ്യേണ്ട കടമകളെ പാറ്റി പറയാൻ ഒരു നേതാവും കാണില്ല .
       ഈ സംഭവത്തിനു ശേഷം സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ നാല് തെറി പറയുമ്പോള്‍ നല്ലൊരു ആശ്വാസം ആണ് .കേരളം ദൈവത്തിന്റെ സ്വന്തം കോപ്പാണ് .

Thursday, November 6, 2014

കോയ യുടെ ഊർജ സംരക്ഷണം

ലീവിന് നാട്ടിലെത്തിയാൽ പഴയ ചെങ്ങാതിമാരെ എല്ലാം കാണണമെങ്കിൽ രാവിലെ ചായക്കടയിൽ പോകണം ,കാലത്തെഴുന്നേറ്റു ദൂര ദിക്കുകളിൽ കൂലി പണിക്കു പോകുന്നവരായ പഴയ കളിക്കൂട്ടുകാരെയൊക്കെ വെള്ളിയാഴ്ച ദിവസം രാവിലെ ചായക്കടയിൽ കാണും .എങ്കിൽ പിന്നെ പഴയ സൌഹ്ര്തങ്ങൾ പുതുക്കുവാനും വിശേഷങ്ങൾ പങ്കു വെക്കുവാനും അവിടെത്തെ പോലെ മറ്റൊരിടം ഇല്ലാത്തത് കൊണ്ട് ഞാനും അവിടെ എത്തും . .ഒരു വേള ഞങ്ങളെല്ലാം പഴയ നിക്കർ കാലത്തേക്ക് ഇറങ്ങി ചെല്ലും .മൊഇദീൻ, ബാലാൻ, മണി, കോയ, മാധവൻ, ചാത്തപ്പൻ, ഹബീബ് ,ദാസൻ ,അബൂബക്കർ, ചന്ദ്രൻ ,യാഹൂ ,അങ്ങിനെ പഴയ കൂട്ടുകാരെ കിട്ടുമ്പോഴെല്ലാം പ്രവാസത്തില്മ് സംഭവിച്ച വലിയൊരു നഷ്ട്ടത്തിന്റെ ആഴം മനസ്സിനെ വല്ലാതെ നൊവിക്കുമെങ്കിലും അവരുടെ തമാശകളിൽ കഥയറിയാതെ ആട്ടം കാണുന്നവനായി വെറുതെ പല്ലിളിക്കാനെ കഴിയൂ ,മനസ്സിലൊരു കനൽ നീറിപ്പുകയുന്നുണ്ടാവും ,നഷ്ടപ്പെട്ട കുടുമ്പ ജീവിതം,ബാല്യം യുവത്വം ആരോഗ്യം !!!!, .

ഒരു ദിവസം രാവിലെ പള്ളിയിൽ നിന്നും ഇറങ്ങി നേരെ ചായക്കടയിലേക്ക് ആണ് പോയത് ,നേരം വെളുത്തു വരുന്നതേയുള്ളൂ എങ്കിലും ചായക്കട സജീവമാണ് .രാത്രിയിൽ ഉണ്ടായ മഴയാണ് ടോപ്പിക് .ചർച്ചയിൽ സജീവമായി ഞാനും കൂടി ,മഴക്കാലവും മീൻ പിടിത്തവും നീന്തലും എല്ലാം എല്ലാവരുടെയും സംഭാഷണത്തിനിടയിൽ കയറിവന്നു .ഇനി ആ വിഷയത്തിന് വേറെ ഒരു ലിങ്കും ബാക്കി ഇല്ലാതെ ഇരിക്കുമ്പോഴാണ് ,ഞാൻ രാവിലെ പള്ളിയിലേക്ക് നടക്കുമ്പോൾ റോഡിലൂടെ നടക്കുന്ന കുറെ സ്ത്രീകളെ കണ്ട വിഷയം അവിടെ അവതരിപ്പിച്ചത് , പണ്ട് കാലങ്ങളിൽ കാണാതിരുന്ന ഒരു കാഴ്ച എന്റെ പട്ടിക്കാട്ടിൽ കാണുമ്പോൾ ഉണ്ടായ ഒരാശ്ചാര്യം കൊണ്ട് പറഞ്ഞതാണ് ..കൂട്ടത്തിൽ എല്ലാവരും മൗനത്തിൽ ആയപ്പോൾ ഞാൻ വിചാരിച്ചു അത് പറയേണ്ടിയിരുന്നില്ല എന്ന് .ചിലപ്പോൾ ആ ഇരിക്കുന്നവരുടെ കൂട്ടത്തിൽ ഉള്ള വല്ലവരുടെയും ബന്ധുക്കൾ ആയിരിക്കുമോ ആ നടന്നു പോയ സ്ത്രീകൾ എന്ന സംശയം മനസ്സിലേക്ക് കയറി വന്നു .

അത് വരെ കുറച്ചകലെ ഒരു ബഞ്ചിൽ മുളം തൂണിൽ ചാരി ഇരിക്കുകയായിരുന്ന കോയ തന്റെ തലയിൽ വട്ടത്തിൽ കെട്ടിയിരിക്കുന്ന തോർത്തു മുണ്ടിനിടയിൽ നിന്നും ഒരു ബാപ്പു ബീടിയെടുത്തു ,പോക്കറ്റിൽ നിന്നും തീപ്പെട്ടിയെടുത്തു കത്തിച്ചു കൊണ്ട് ഞാനിരിക്കുന്ന ബെഞ്ചിനടുത്തായി വന്നിരുന്നുകൊണ്ട് പറയുകയാണ്‌ ,.

"അതെ..... നിങ്ങൾ കുറച്ചു ഗൾഫുകാരുണ്ട് അവരിവിടെത്തെ പെണ്ണുങ്ങളുടെ ആരോഗ്യം നശിപ്പിച്ചു . ഉരി അരിയും അരമുറി തേങ്ങയും ഉള്ളത് എടുത്തു മിക്സിയിലിടും എന്നിട്ട് കൊളസ്ട്രോള് കൂടിയിരിക്കുന്നു ഡോക്ടര് രാവിലെ ഇറങ്ങി നടക്കാൻ പറഞ്ഞിരിക്കുന്നു എന്ന് പറഞ്ഞുള്ള നടപ്പാണ് നീ ആ കണ്ടത് .ആ അരിയും തേങ്ങയും അമ്മിയിലിട്ടു അരച്ചാൽ പോകാനുള്ള നെയ്യെ (കൊളസ്ട്രോൾ ആണ് അവൻ ഉദ്ദേശിച്ചത് ) അവരുടെ ശരീരത്തില്‍ ഉള്ളൂ ,വീട്ടിലുള്ളവർക്കാനെങ്കിൽ രുചിയുള്ള ഭക്ഷണവും നാട്ടിനാണെങ്കിൽ ഊർജ സംരക്ഷണവും ".

വളരെ ഉയർന്ന തലത്തിൽ ചിന്തിക്കുന്ന കോയ യുടെ വാക്കുകൾ കേട്ട് മൌനമായി ഇരിക്കാനേ എനിക്ക് കഴിഞ്ഞതോള്ളൂ .സാധാരണ എന്റെ ഗൾഫു പുളുവടി കേട്ട് കോരിത്തരിച്ചു ഇരിക്കുന്ന അവർ അന്ന് എന്നെ മലർത്തി അടിച്ചു കളഞ്ഞു . ഞാൻ ഇന്നത്തേക്ക് ഇത് മതി എന്ന് മനസ്സില് കരുതി മെല്ലെ അവിടെന്നു വലിഞ്ഞു .ഡൽഹിയിൽ പുലിയുടെ വായിൽ തല വെച്ച് കൊടുത്ത പയ്യന്റെ അവസ്ഥയായിപ്പോയി.


Friday, September 12, 2014

ഗോപാലേട്ടന്റെ ഡമ്മി



                              ഗോപാലേട്ടനെ ഞാൻ ആദ്യമായി  കാണുന്നത്  ബോംബെ ബസ് യാത്രക്കിടെ കോട്ടക്കൽ വെച്ചാണ് . രണ്ടു പെണ്‍കുട്ടികളും ഭാര്യയും കൂടെ ഒരു യുവാവും(ബന്ധുവായിരിക്കും ). 

            ചെറുതായി മഴ ചാറിക്കൊണ്ടിരുന്ന ആ പ്രഭാതം ഇന്നും ഓർമയിൽ ഉണ്ട് .ഗോപാലേട്ടൻ ബസ്സിൽ കയറുമ്പോൾ എന്റെ കണ്ണുകൾ ഞാനറിയാതെ ആ ചേച്ചിയുടെ മുഖത്തേക്ക് ഒന്ന് നോക്കിപ്പോയി ,നിറഞ്ഞു കവിയാറായ ഒരു പളുങ്ക് പാത്രം പോലെ കണ്ണ് നീർ നിറഞ്ഞു പുറത്തേക്ക് ഒഴുകാനായി കണ്‍ തടത്തിന്റെ വക്കോളം എത്തി നില്ക്കുന്ന കാഴ്ച പിന്നീട് പലപ്പോഴും ഗോപാലേട്ടനെ കാണുമ്പോൾ മനസ്സിൽ തെളിഞ്ഞു വരുമായിരുന്നു .മറ്റുള്ളവരുടെ വേദന ആസ്വദിക്കുന്ന  സാടിസ്ടുകളുടെ സ്വഭാവം  എന്നിലെത്തിയ ആ ചുരുങ്ങിയ നിമിഷത്തെ ഞാൻ മനസ്സിൽ ശപിച്ചു പോയി .   

         പണ്ടൊരു നാൾ ഞാൻ വീട്ടിൽ നിന്നും യാത്ര തുടങ്ങുമ്പോൾ എന്റെ പ്രിയതമയുടെ കണ്ണുകളിലും ഈ കാഴ്ച കണ്ടിട്ടുണ്ട് .പിന്നീടൊരിക്കലും ഞാൻ വീട്ടിൽ നിന്നും യാത്ര പുറപ്പെടുമ്പോൾ പ്രിയപ്പെട്ടവരുടെ കണ്ണുകളിലേക്കു നോക്കാറില്ല ..ഒരു പക്ഷെ നോക്കിപ്പോയാൽ സൌദിയിൽ ഉണ്ടെന്നു പറയപ്പെടുന്ന സ്വർണ മല അല്ലെങ്കിൽ അബ് ശാനിലെ എണ്ണപ്പാടം മുഴുവൻ എന്റെ പേരിൽ എഴുതി തരാം എന്ന് പറഞ്ഞാലും ഞാൻ നാട്ടിൽ നിന്നും ഇങ്ങോട്ട് വരുമായിരുന്നില്ല ..
        
                        ഗോപാലേട്ടൻ എന്റെ സീറ്റിൽ തന്നെയാണ് വന്നിരുന്നത് ,പരിചയപ്പെടൽ തുടങ്ങുപോഴും അദ്ധഹെത്തിന്റെ ഭാര്യയുടെ കണ്ണുകളിലേക്കു നോക്കിയ കുറ്റബോധം മനസ്സിനെ വെട്ടയാടുന്നുണ്ടായിരുന്നു .പിന്നീട് കൂടുതൽ അടുത്തപ്പോൾ ഗോപാലേട്ടനും കുടുമ്പവും എന്റെ ആരൊക്കെയോ ആയപോലെ ,ഗോപാലേട്ടന് എഴുതുന്ന കത്തുകളിൽ എന്നെക്കുറിച്ചുള്ള അന്വേഷണങ്ങൾ ചേച്ചി നടത്തുന്നുണ്ട് എന്നറിഞ്ഞപ്പോൾ എന്റെ മനസ്സ് ചേച്ചിയ ഒരു കൂടപ്പിറപ്പിനോളം അടുപ്പിച്ചിരുന്നു ,ഇനിയാ കണ്ണ് നിറയുന്നത്  കാണരുതെന്ന് പിന്നീട് പലപ്പോഴും പ്രാർഥനയിൽ ഞാൻ ഓർക്കാറുണ്ടായിരുന്നു.
         

               ഷാര്ജയിലെ ഒരു റോഡു നിർമാണ കമ്പനിയിൽ ജോലി നോക്കിയിരുന്ന ഗോപാലേട്ടനെ അവധി ദിവസങ്ങളിൽ സന്ദർശിക്കുന്നത് ഒരു പതിവായപ്പോൾ ഗോപാലേട്ടനും എന്റെ ആരൊക്കെയോ ആണെന്ന തോന്നൽ മനസ്സിന് എന്തെന്നില്ലാത്ത ഒരു സന്തോഷം നല്കുന്നുണ്ടായിരുന്നു .
       

                 റാസൽഖൈമയിൽ  ബിൽഡിംഗ്‌ മെയിന്റനൻസ് കമ്പനി നടത്തുന്ന കാലം ,ഒരു ദിവസം ളുഹർ നമസ്കാരം കഴിഞ്ഞു ഓഫീസിൽ എത്തിയപ്പോൾ പെജറിൽ അറബാബിന്റെ വീട്ടിലെ  കിച്ചണിലെ നമ്പർ രണ്ടു മൂന്നു തവണ വന്നു കിടക്കുന്നു .ഓ ,,,സന്തോഷമായി വ്യാഴാഴ്ച ദിവസം !!അറബാബിന്റെ പിള്ളാർ എല്ലാം വീട്ടിൽ ഉള്ള ദിവസം, ഉച്ചക്ക് കിടിലൻ ശാപാട് ആയിരിക്കും ,മട്ടൻ ബിരിയാണി ഉണ്ടാക്കുകയാണെങ്കിൽ പേജർ ചെയ്യണമെന്നു ഹൈദരാബാദി കുക്കിനോട് മുമ്പ് പറഞ്ഞത് ഓർത്ത്‌ ആക്രാന്തത്തോടെ ഫോണെടുത്തു വിളിച്ചു .,അങ്ങേതലക്കൽ കുക്ക് മൊഇനുദ്ധീന്റെ  ശബ്ദത്തിന് പകരം അവിടെത്തെ തള്ളയുടെ ശബ്ദം .ബഷീർ പണിയൊന്നും ഇല്ലേൽ ഇവടേം വരെ ഒന്ന് വാ ,ഇന്നിവിടെ അടുത്തൊരു കല്യാണം ഉണ്ട് കുട്ടികളെ ഒന്ന് ഷാർജയിൽ കൊണ്ട് പോകണം അവിടെ ഏതോ ഒരു മൈലാഞ്ചി ഇടുന്ന സ്ഥലം നിനക്ക് പരിചയം ഉണ്ടെന്നു പറയുന്നത് കേട്ടു .കുട്ടികൾ വാശി പിടിക്കുന്നു .വേഗം വാ .ഒരു മലയാളി അടക്കം മൂന്നു ഡ്രൈവർമാർ ഉള്ള അവിടെ കുട്ടികള്ക്ക് ഷാർജയിലെക്കൊ ദുബായിലെക്കോ പോകണമെങ്കിൽ ഞാൻ വേണം . രണ്ടുമൂന്നു പെണ്മക്കൾ ഉള്ള എനിക്ക് അവരോടൊപ്പം ഉള്ള സമയം വളരെ സന്തോഷം തരുന്നതാണ് . അത് കൊണ്ട് അവർ എന്ത് പറഞ്ഞാലും ഞാൻ ചെയിതു കൊടുക്കുകയും ചെയ്യും .ഒരു ദിനം ജബൽ ഹഫീള് മല കാണാൻ കുട്ടികളുമായി പോയതിനു അറബാബിന്റെ വഴക്കും കേട്ടിട്ടുണ്ട് ,അപ്പോൾ പിള്ളാര് പറയും ഉപ്പാക് ബ്രാന്താനെന്നു .അറബി പിള്ളാരുടെ ഒരു കാര്യം !!

         കുട്ടികളേം കൂട്ടി ഷാർജയിലേക്ക് പോകുമ്പോൾ അജ്മാനിൽ റോഡു പണി നടക്കുന്ന ഒരു വഴിയിലൂടെയാണ് പോകുന്നത് .
  ഒരു തിരിവിനടുത്തു എത്തിയപ്പോൾ അവിടെ ചുവന്ന കൊടിയും പിടിച്ചു നില്ക്കുന്നു ഗോപാലേട്ടൻ ,പാവം നല്ല ചൂടത്തു റോഡു പണി നടക്കുന്നിടത്ത് കൂടി പോകുന്ന വാഹനങ്ങളെ നിയന്ത്രിക്കുകയാണ്  ,കറുത്ത കൂളിംഗ് ഫിലിം ഒട്ടിച്ച വണ്ടി ആയതു കൊണ്ട് ഗോപാലേട്ടൻ എന്നെ കണ്ടില്ല .  പിന്നീടുള്ള ചിന്ത ഗോപാലേട്ടന്റെ ജോലിയെ കുറിച്ചായിരുന്നു ,ആ പെണ്മക്കളുടെ കാര്യം ഓർത്ത്‌ തന്നയാണ് ഗോപാലേട്ടൻ ഈ ചൂടെല്ലാം സഹിക്കുന്നതു .
                     

                 പിറ്റെ ദിവസം വൈകീട്ട് ഞാൻ ഗോപാലേട്ടൻ താമസിക്കുന്ന അജ്മാൻ - ഷാർജ  ബോടറിലെ പഴയ വില്ലയിൽ പോയി ,പതിവ് പോലെ ഗോപാലേട്ടന്റെ റൂമിലെ ചീട്ടുകളി ആരംഭിച്ചിരുന്നു .രണ്ട കയ്യി കളിക്കാമെന്ന് പറഞ്ഞു ഞാനും ഇരുന്നു കളിക്കാൻ , ഒന്ന് രണ്ടു പേർ കുടിച്ചു പൂസായി കട്ടിലിൽ കിടക്കുന്നുണ്ട് . 

              അജ്മാനിൽ പച്ച വെള്ളത്തേക്കാൾ വില കുറഞ്ഞ സാധനം മദ്യം ആണ് .  പിന്നെ മലയാളികളുടെ സ്വഭാവം !!! അത് ,  കുടി തുടങ്ങിയാൽ ചുണ്ട് പിളര്ക്കാൻ കഴിയാതാവുന്നത് വരെ കുടിക്കുക എന്നതാണല്ലോ !!!.കളിക്കിടയിൽ ഞാൻ ഇന്നലെ ഗോപാലേട്ടനെ  കണ്ടു എന്ന് പറഞ്ഞപ്പോൾ ഗോപാലേട്ടൻ കയ്യിൽ പിടിച്ചിരിക്കുന്ന ചീട്ടുകളിൽ നിന്നും കണ്ണെടുക്കാതെ തന്നെ പറയുകയാണ്‌ .അതേതായാലും നന്നായി ,ഇനി ഞാൻ ഇവിടെ ജോലി ചെയ്യുന്നത് നിനക്ക് കാണാൻ കഴിയില്ല .ഇന്നലെ എന്റെ ഈ കമ്പനിയിലെ അവസാന ജോലി ദിനം  ആയിരുന്നു ,എനിക്ക് ടെർമിനേഷൻ പേപ്പർ കിട്ടിയിരിക്കുന്നു ,ഞാൻ ചെയ്യുന്ന ആ ജോലി ഇനി ഡമ്മികൾ ചെയ്യും ,സാദാരണ കൂടുതൽ അദ്ധ്വാനിക്കാൻ കഴിയാത്തവരെ ആണ് റോഡ്ൽ കൊടി  പിടിച്ചു നില്ക്കുന്ന പണിക്കു ഇടാറു,ഇനി അത്തരം ജോലിക്ക് ഡമ്മി ഉണ്ടാക്കി വെക്കുകയാണ് ചെയ്യുന്നത് കമ്പനിയുടെ പല പ്രോജെക്ട്ടുകളിലും അത് നടപ്പാക്കി തുടങ്ങി ..
          എന്ത് കൊണ്ടോ എനിക്ക് പിന്നീട് അവിടെ നില്‍ക്കാന്‍ കഴിഞ്ഞില്ല അവിടെ നിന്നും ദുബായിലേക്ക് പോകുന്ന പട്ടാണിയുടെ കൂടെ ഹോർലെന്സിൽ താമസിക്കുന്ന എന്റെ സുഹ്രത്ത് സുലൈമാന്റെ  അടുത്തെത്തി .ഗോപാലേട്ടന്റെ ജോലി നഷ്ട്ടപ്പെട്ട കാര്യം പറഞ്ഞു ,ഞാനും ഗോപാലേട്ടനും ഒന്ന് രണ്ടു തവണ സുലൈമാന്റെ റൂമിൽ പോയിട്ടുണ്ട് ,അത് കൊണ്ട് സുലൈമാന് ഗോപാലേട്ടനെ നന്നായി അറിയാം .
              ഞാൻ രാസൽഖൈമയിൽ  എത്തി രണ്ടു ദിവസം കഴിഞ്ഞപ്പോൾ ഗോപാലേട്ടൻ വിളിച്ചു കൊണ്ട് പറഞ്ഞു എവിടെ എങ്കിലും ജോലി ശേരിയാവുകയാനെങ്കിൽ നോ ഒബ്ജക്ഷൻ ലെറ്റർ തരാം എന്ന് കമ്പനി പറഞ്ഞിട്ടുണ്ട് .
        അന്ന് വൈകീട്ട് സുലൈമാൻ വിളിച്ചപ്പോൾ ഗോപാലേട്ടൻ പറഞ്ഞ കാര്യം പറഞ്ഞു .അപ്പോൾ സുലൈമാൻ പറയുകയാണ്‌ ,.ജോലി ഒക്കെ കിട്ടും പക്ഷെ നോ ഒബ്ജക്ഷൻ പേപ്പർ ഉണ്ടെങ്കിലും വിസ മാറാൻ വലിയ ചിലവാണ്‌ .അത്തരം ചെലവ് സഹിച്ചു ഏതെങ്കിലും കമ്പനി ഒരാളെ എടുക്കണം എങ്കിൽ അയാള് എന്തെങ്കിലും പ്രവർത്തിയിൽ വൈദഗ്ദ്യം ഉള്ളയാലാണെന്ന് കമ്പനിക്കു ബോധ്യപ്പെടണം ,ഇവിടെ ഗോപാലേട്ടനെ സമ്പന്ധിച്ചിടത്തോളം അറിയാവുന്ന പണി തെങ്ങ് കയറ്റമാണ് ,അതിവിടെ ഇല്ലതാനും .,സുലൈമാന് എന്തെങ്കിലും സഹായം ചെയ്യാൻ കഴിയും എന്നാ എന്റെ പ്രതീക്ഷയും  പോയി .പിന്നീടവാൻ പറയുകയാണ്‌ വല്ല സർക്കാർ അർദ്ധസർക്കാർ സ്ഥാപനങ്ങളിലും ജോലി കിട്ടുകയാണെങ്കിൽ പ്രശ്നമില്ലായിരുന്നു .

അപ്പോൾ എനിക്ക് ചെറിയ പ്രതീക്ഷയായി , .ഞാൻ പറഞ്ഞു ,അങ്ങിനെയെങ്കിൽ നിന്റെ കമ്പനിയിൽ ഒന്ന് ശ്രമിക്കുമോ ? .

നോക്കട്ടെ എന്ന് പറഞ്ഞവൻ ഫോണ്‍ വെച്ചു. അവന്റെ കമ്പനി ഒരു അര്ദ്ധ സർക്കാർ സ്ഥാപനം ആണ് , ,എന്നാലും ഞാൻ ഗോപാലെട്ടനോട് വിവരം പറഞ്ഞില്ല ,വെറുതെ ഒരു ആശ കൊടുക്കേണ്ട എന്ന് കരുതി .ഇനി അതൊന്നും നടന്നില്ലേൽ പിന്നീടതൊരു നിരാശ ആയി  മാറും .
            അടുത്ത ആഴ്ച ഞാൻ ചില്ലറ എലെക്ട്രിക്കൽ സാദനങ്ങൾ  എടുക്കാനായി ഷാർജയിൽ എത്തിയപ്പോൾ ഗോപാലേട്ടനെ കണ്ടു .

കാര്യങ്ങൾ തിരക്കിയപ്പോൾ പേപ്പേഴ്സ് എല്ലാം ഒപ്പിട്ടു വാങ്ങിയിരിക്കുന്നു അടുത്തു തന്നെ കയറി പോകേണ്ടി വരും എന്ന് പറഞ്ഞു .

പുള്ളിയാണെങ്കിൽ ലീവ് കഴിഞ്ഞു വന്നിട്ട് മൂന്നു മാസമേ ആയുള്ളൂ .

ഞാൻ മെല്ലെ ഗോപാലേട്ടന്റെ റൂമിൽ നിന്നും പുറത്തിറങ്ങി അടുത്ത ടെലിഫോണ്‍ ബൂത്തിൽ നിന്നും സുലൈമാനെ വിളിച്ചു  

എടാ എന്തായടാ കാര്യങ്ങൾ ,ഗോപാലേട്ടൻ ഒരാഴ്ചക്കുള്ളിൽ കയറി പോകേണ്ടി വരും .

    സുലൈമാൻ പറഞ്ഞു ,നിനക്ക് അയാളുമായി ഒന്നിവിടം വരെ വരാനൊക്കുമോ ? .

അതിനെന്താ സമയം കുറവാണ് എങ്കിലും ഞാൻ വരാം .,ഞാൻ ഗോപാലെട്ടനെയും കൂട്ടി സുലൈമാന്റെ കമ്പനി ഓഫീസിൽ എത്തി .സുലൈമാൻ പറഞ്ഞു കുറച്ചു വെയിറ്റു ചെയ്യ് ,മുദീർ(മാനേജർ ) ഒരു മീറ്റിങ്ങിൽ ആണ് .അത് കഴിഞ്ഞു  ഞാനൊന്ന് സംസാരിക്കട്ടെ  എന്നിട്ട് നമുക്ക് ആളെ കാണിച്ചു കൊടുക്കാം .ഞങ്ങൾ അവിടെ ചായയും കാപ്പിയും ഉണ്ടാക്കുന്ന ചെറിയ  കിച്ചണിൽ അവിടെയുള്ള ഒരു മലയാളി ജൊലിക്കാരനുമായി സംസാരിച്ചു കൊണ്ട് ഇരിക്കുമ്പോൾ സുലൈമാൻ തിരക്കിട്ട് അങ്ങോട്ട്‌ കയറി വന്നു .വേഗം വാ മുദീർ ആളെ കാണണം എന്ന് പറയുന്നു .അങ്ങിനെ സുലൈമാൻ ഗോപാലെട്ടനെയും കൂട്ടി ഓഫീസിന്റെ ഒന്നാം നിലയിലെ മുദീറിന്റെ കാബിനിലിലേക്ക്  കയറി .
   

                       ഞാൻ ആ കിച്ചണിൽ തന്നെ  അവരെയും കാത്തിരുന്നു ..കുറെ സമയം കഴിഞ്ഞിട്ടും അവരെ കാണാതെ ആയപ്പോൾ എനിക്ക് അവിടെ ഇരിക്കാൻ കഴിഞ്ഞില്ല ഞാൻ അവർ പോയ വഴിയിലൂടെ മുകളിലേക്ക് കയറി നോക്കാം എന്ന് കരുതി ലിഫ്ട്ടിനരികിൽ എത്തിയപ്പോൾ അവരതാ ലിഫ്റ്റിനുള്ളിൽ.  ഗോപാലേട്ടന്റെ കയ്യിൽ ഒരു പേപ്പറും ,പേപ്പർ പിടിച്ച ഗോപാലേട്ടന്റെ കൈ ചെറുതായി വിറക്കുന്നുണ്ടായിരുന്നു ,ഒരു യുദ്ധം ജയിച്ചു വന്ന യോദ്ധാവ് കണക്കെ സുലൈമാൻ നെഞ്ചും വിരിച്ചു നില്ക്കുന്നു .

എന്നോട് സുലൈമാൻ ,ഡാ നോക്ക് ഒഫെർ ലെറ്റർ ആണ് കയ്യിൽ ,നാളെ വീണ്ടും വരണം പി ആർ ഓ കുറച്ചു കൂടി പേപ്പർ തയ്യാറാക്കുന്നുണ്ട് അത് കൂടി കഴിഞ്ഞാൽ അവിടെത്തെ കമ്പനിയിൽ നിന്നും പാസ്പോര്ട്ട് വാങ്ങി വരണം ഇപ്പോൾ പോയിക്കോളൂ എന്ന് പറഞ്ഞു .. ഞങ്ങൾ അവിടെ നിന്നും പോന്നു 

                                ഞാൻ ഗോപാലേട്ടനെ അദ്ധെഹത്തിന്ടെ റൂമിൽ ഇറക്കി പോരുമ്പോൾ ഒരു നൂറു ദിര്ഹം കയ്യിൽ വച്ച് കൊടുത്തു വലിയ അഭിമാനിയായ ഗോപാലെട്ടാൻ അത് വാങ്ങിക്കാൻ തയ്യാറായില്ല ,ഞാൻ പറഞ്ഞു ,നാളെ പോകാൻ ടാക്സിക്കു കാശ് വേണ്ടേ ? .അത് ഞാൻ ആരുടെയെങ്കിലും അടുത്തു നിന്ന് വാങ്ങിക്കോളാം ,അത് കേട്ടപ്പോൾ എനിക്ക് ഉറപ്പായി കയ്യിൽ ഒന്നും ഇല്ല എന്ന് .പിന്നീട് കുറച്ചു കടുത്ത സ്വരത്തിൽ പറയേണ്ടി വന്നു അയാള് കാശ് വാങ്ങിക്കാൻ ..അങ്ങിനെയുള്ള ആരെങ്കിലും ആണെന്ന് കരുതി മര്യാദക്കു ഈ കാശ് വാങ്ങിക്കോ എന്ന് പറഞ്ഞപ്പോൾ ഗോപാലേട്ടൻ കാശ് വാങ്ങി പോക്കറ്റിൽ ഇട്ടു .ഒരാഴ്ചക്കകം സുലൈമാന്റെ കമ്പനിയുടെ ഗാരേജിൽ ഗൈറ്റ് കീപ്പർ ആയി ഗോപാലേട്ടൻ ജോലിയിൽ പ്രവേശിച്ചു .ആ റോഡു കമ്പനിയിൽ നിന്നും കിട്ടിയതിനേക്കാൾ മൂന്നിരട്ടി ശമ്പളം .പാവം.എണ്ണൂർ ദിര്ഹത്തിനു (ബേസിക് സാലറി )എത്രകാലം വെയില് കൊണ്ടു, ഇപ്പോൾ എ സി ക്യാബിനിൽ ഇരുന്നു ഗൈറ്റ് പോക്കുകക്യും താഴ്ത്തുകയും ചെയിതാൽ മതി .
       

             പിന്നീട് ഞങ്ങൾ തമ്മില്  കാണാറില്ലായിരുന്നു എങ്കിലും ഞങ്ങളുടെ കയ്യിൽ മൊബൈൽ ആയപ്പോൾ ഇടക്കൊക്കെ വിളിക്കാറുണ്ടായിരുന്നു .പിന്നീട് എന്റെ കമ്പനി പൂട്ടുകയും വിസ മാറുകയും അബുധാബിയിൽ എത്തുകയും സുലൈമാൻ കൂടുതൽ ശമ്പളവും സൌകര്യവും ഉള്ള കമ്പനിയിലേക്ക് ജോലി മാറുകയും ചെയിതപ്പോൾ ഞങ്ങൾ പരസ്പരം അകലുക തന്നെയായിരുന്നു .ഇടക്കൊക്കെ ഗോപാലേട്ടൻ വിളിക്കുകയും ഒരു ദുബായ് ഷോപ്പിംഗ്‌ ഫെസ്റ്റിൽ ഞങ്ങൾ ഒരുമിച്ചു കൂടുകയും ഉണ്ടായി .
      

                     വർഷങ്ങൾക്കു ശേഷമാണ് ഞങ്ങൾ ഒരുമിച്ചു നാട്ടിൽ വെക്കേഷന് പോകുന്നത് .ഒരു ദിവസം വീട്ടിനു മുന്നില് ഒരു ഓടോ വന്നു നില്ക്കുന്നു നോക്കുമ്പോൾ ഓട്ടോയിൽ നിന്നും ഗോപാലേട്ടൻ ഇറങ്ങുന്നു ..നിങ്ങൾ വീടും അഡ്രസ്സും ഒന്നും തന്നിട്ടില്ലെങ്കിലും  നിന്റെയും സുലൈമാന്ടെയും സംസാരത്തിൽ നിന്നും ഈ സ്ഥലത്തെ പറ്റി ചെറിയ ഒരു ഐടിയ ഉണ്ടായിരുന്നു അങ്ങിനെ ചോദിച്ചും പറഞ്ഞും അവസാനം ഇവിടെ എത്തി .ഈ ഓട്ടോക്കാരൻ കുറെ സഹായിച്ചു എന്നും പറഞ്ഞു ഓട്ടോക്കാരന് പൈസ കൊടുത്തു ഗോപാലേട്ടൻ കോലായിലേക്ക് കയറി .
     

                     ഇരിക്കാൻ സമയം ഇല്ല ,രണ്ടാമത്തെ മകളുടെ കല്യ്യാണം ഉണ്ട് ,അതിന്റെ തിരക്കിലാണ് ,നീയും സുലൈമാനും നിങ്ങളുടെ കുടുമ്പവും വന്നു അത് നടത്തി തരണം എന്നാ ഒരൊറ്റ ആഗ്രഹത്തിന്റെ പുറത്താണ് എന്റെ ഈ വരവ് .മൂത്ത മകളുടെ കല്യാണത്തിനു നിങ്ങൾ രണ്ടു പേരും ഇവിടെ ഇല്ലായിരുന്നു .മാത്രമല്ല എന്റെ മക്കളൊന്നും നിന്നെ കണ്ടിട്ടില്ല ,സുലൈമാൻ ഒരിക്കൽ എന്റെ വീട്ടിൽ വന്നിട്ടുണ്ട് .അവനും കുടുമ്പവും പാലക്കാട് പോകുന്ന വഴിയെ എന്റെ വീട്ടിൽ കയറി ഉച്ചയൂണും കഴിഞ്ഞാണ് പോയത് .ഞാനാണെങ്കിൽ ഒരു മാസത്ത ലീവിനാണ് വരാറ് പാതി ദിവസവും ആശുപത്രിയും മറ്റുമായി പോകും .എന്തായാലും ഇനി ഇങ്ങനെ ഒരവസരം നമുക്ക് കിട്ടിയെന്നു വരില്ല .ഗോപാലേട്ടന്റെ സംസാരത്തിനു വിരാമം ഇട്ടുകൊണ്ട്‌ ഞാൻ പറഞ്ഞു നിങ്ങള് വാ നമുക്ക് ചായ കുടിച്ചിട്ട് സംസാരിക്കാം എന്ന് പറഞ്ഞു  വീടിനു അകത്തേക്ക് കൈ പിടിച്ചു കൊണ്ടു പോയി ,നടക്കുന്നതിനിടയിലും ഗോപാലേട്ടൻ ഓരോന്ന് സംസാരിച്ചു കൊണ്ടിരുന്നു .ചായ കുടി കഴിഞ്ഞു ഞങ്ങൾ സുലൈമാന്റെ വീട്ടിലും പോയി ഞാൻ തന്നെ ബൈക്കിൽ വെച്ചു ഗോപാലേട്ടനെ ബസ് സ്റ്റോപ്പിൽ കൊണ്ടു പോയി ബസ്  കയറ്റി  വിട്ടു .
                     അങ്ങിനെ ഗോപാലേട്ടന്റെ മകൾ ലക്ഷ്മി കുട്ടിയുടെ കല്യാണ ദിവസം വന്നത്തി ,ഞാനും സുലൈമാനും കല്യാണത്തിന്റെ തലേ ദിവസം തന്നെ ഗോപാലേട്ടന്റെ വീട്ടിൽ എത്തി .ക്ഷേത്രത്തിൽ വെച്ചാണ് താലി കേട്ട് അതിരാവിലെ വീട്ടിൽ നിന്നും ഇറങ്ങും ,ഞങ്ങൾ കല്യാണ ദിവസം വരികയാണെങ്കിൽ പെണ്നിറങ്ങും പോഴേക്കും എത്താൻ കഴിയില്ല എന്ന് കരുതിയത്‌ കൊണ്ടാണ് തലേ ദിവസം തന്നെ പുറപ്പെട്ടത്‌ .മലപ്പുറം പാലകാട് ജില്ലയുടെ ഈ അതിർത്തി ഗ്രാമത്തിൽ എത്തിപ്പെടാൻ കുറച്ചു ബുദ്ധിമുട്ട് തന്നെയാണ് .
     

            ഞങ്ങൾ കുടുമ്പങ്ങൾ ഇല്ലാതെ തനിച്ചു ചെന്നതിനു ഗോപാലേട്ടൻ പരിഭവം പറഞ്ഞെങ്കിലും കാരണം വ്യക്തമാക്കിയപ്പോൾ  ഇനി ഞാനും കുടുമ്പവും കൂടി ഒരു ദിവസം അങ്ങോട്ട്‌ വരുന്നുണ്ട് എന്ന് പറഞ്ഞു ആ വിടവുള്ള പല്ലുകൾ കാട്ടി കുലുങ്ങി കുലുങ്ങി ചിരിച്ചു .സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ ചേച്ചി ചായയും കൊണ്ടു വന്നു .അന്ന് ഗോപാലേട്ടനെ ബസ് കയറ്റാൻ വന്ന ചേച്ചി അല്ല ഇതെന്ന് തോന്നും ,നല്ല വണ്ണം തടിച്ചിരിക്കുന്നു . ചേച്ചിയോട് അന്ന് ആ കണ്ണിലേക്കു നോക്കിയതും ഞാൻ ചിന്തിച്ചര്തും പ്രാർതിചതുമായ എല്ലാ കാര്യങ്ങളും പറഞ്ഞപ്പോൾ ചേച്ചിയുടെ കണ്ണ് നിറഞ്ഞു .ഒരു കൈ കൊണ്ടു കണ്ണ് തുടച്ചു കൊണ്ടു ചേച്ചി മറ്റേ കൈ എന്റെ കയ്യിൽ മുറുകെ പിടിച്ചു .വികാര നിര്ബരമായ ആ നിമിഷം പിന്നീട് ഓർക്കുംപോഴെല്ലാം എന്റെ കണ്ണും നിറയാരുണ്ടായിരുന്നു.
      

           കല്യാണ പെണ്ണ് എവിടെ എന്ന  സുലൈമാന്റെ ചോദ്യത്തിന്  ഇതാ ഇവിടെ ഉണ്ട് എന്ന്   ഉത്തരം പറഞ്ഞത് ഗോപാലേട്ടന്റെ മൂത്ത മകൾ അശ്വതി ആയിരുന്നു .സ്കൂൾ ടീച്ചറായ അവൾ അനിയത്തിയുടെ കൈ പിടിച്ചു ഞങ്ങളുടെ അടുത്തു എത്തി ,കൂടെ അവളുടെ ഭര്ത്താവും ഉണ്ടായിരുന്നു .പഞ്ചായത്താഫീസിൽ ജോലിക്കാരനായ ഗോപാലേട്ടന്റെ മൂത്ത മരുമകൻ .  രാത്രി സംസാരിച്ചു സംസാരിച്ചു എന്നെ ഒരു സഖാവ് ആക്കുമോ എന്ന് പേടിച്ചു പോയി .ചില്ലറ രാഷ്ട്രീയ പ്രവര്ത്തനം ഉള്ള പുള്ളി അച്ഛനെ പേടിച്ചു ആണ് ജോലിക്ക് പോകുന്നതെത്രേ ,അച്ചനില്ലേൽ ഫുൾ ടൈം രാഷ്ട്രീയമായിരിക്കും എന്ന് ഗോപാലേട്ടൻ തമാശയായി പറഞ്ഞപ്പോൾ ഞങ്ങളുടെ കൂടെ അവനും ചിരിച്ചു .
                  

           കല്യാണ ദിവസം ,ക്ഷേത്രത്തിലേക്ക് പുറപ്പെടാൻ എല്ലാവരും റെഡി ആയി നില്ക്കുന്നു ,ഞങ്ങളെ കൊണ്ടു പോകാനുള്ള വലിയ ഒരു ബസ് അവിടെ നില്പ്പുണ്ട് .അപ്പോഴവിടെ ഒരു ചടങ്ങ് ഉണ്ട് ! .പെണ്ണ് ഇറങ്ങുന്നതിനു മുമ്പ് കാരനവന്മാര്ക്ക് ദക്ഷിണ കൊടുക്കുന്ന ചടങ്ങ് . അങ്ങിനെ കല്യാണ പെണ്ണ് ഉടുത്തൊരുങ്ങി വന്നു അടുത്ത ബന്ധുക്കളായ കാരണവന്മാർക്ക് ദക്ഷിണ കൊടുത്തു അനുഗ്രഹം വാങ്ങുകയാണ് ,പടച്ചോനെ ഈ കുട്ടിയെ ബുദ്ധി മുട്ടിക്കാൻ കുറെ കാരണവന്മാർ ഉണ്ടെല്ലോ എന്ന് സുലൈമാൻ എന്റെ ചെവിയിൽ പറഞ്ഞപ്പോൾ എനിക്ക് ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല .ഗോപാലേട്ടന്റെ ഊഴം കഴിഞ്ഞപ്പോൾ ഗോപാലേട്ടൻ എന്റെ അടുത്തു വന്നു എന്റെ ചുമലിൽ കൈ വെച്ചു ഒരു കാഴ്ചക്കാരനെ പോലെ നിന്നു. പെട്ടെന്നാണ് ആ പെണ്‍കുട്ടി ദക്ഷിനയെടുത്തു സുലൈമാന്റെ കയ്യിൽ കൊടുത്തു കുനിയാനായി ഒരുങ്ങുന്നത് ,അപ്പോഴേക്കും സുലൈമാൻ അവളുടെ കൈ പിടിച്ചു ഉയർത്തിയിരുന്നു, ഇത് കണ്ടു നിന്നിരുന്ന ഗോപാലേട്ടന്റെ കൈ എന്റെ ചുമലിനെ ഞെരുക്കുന്നുണ്ടായിരുന്നു ,വികാരതീതനായ ഗോപാലേട്ടന്റെ കണ്ണുകൾ,  അദ്ധേഹം മുഖം എന്റെ മാരത്തടക്കി തേങ്ങി ,ബഷീർ ഞാനല്ലേടാ അവളെ വളര്ത്തിയത് ,സുലൈമാനാടാ അവളെ വളര്ത്തിയത് ,അന്ന് എനിക്ക് ആ ജോലി സുലൗമാൻ വാങ്ങി തന്നില്ലേൽ കടം കയറിയ ഞാനും കുടുമ്പവും ഇന്നുണ്ടാകുമായിരുന്നില്ല എന്ന് തേങ്ങലിനിടയിൽ ഗോപാലേട്ടൻ പിറുപിരുക്കുന്നുണ്ടായിരുന്നു . അപ്പോൾ സന്തോഷം കൊണ്ടു നിറഞ്ഞ ചേച്ചിയുടെ കണ്ണുകൾ എന്റെ നേരെ നോക്കുന്നുണ്ടായിരുന്നു . കഴിഞ്ഞില്ലെ ഇനി പോകാം എന്ന് ഗോപാലേട്ടന്റെ ബന്ധുക്കളിൽ പെട്ട ഒരു കാരണവർ പറഞ്ഞപ്പോൾ പുതു പെണ്ണിന്റെ കൈ പിടിച്ചു അശ്വതി കല്യാണ പന്തലിനു പുറത്തേക്ക് ഇറങ്ങുമ്പോൾ  എന്റെ ഒരു കൈ ലക്ഷ്മി കുട്ടി മുറുകെ പിടിച്ചിരുന്നു  ,എന്റെ ചുമലിൽ മുഖം താഴ്ത്തിവെച്ച ഗോപാലെട്ടനെയും കൊണ്ടു ഞാനും പുറത്തേക്ക് ഇറങ്ങി .ബസ്സിന്റെ അടുത്തുവരെ ഗോപാലേട്ടൻ അങ്ങിനെ തന്നെ വന്നു .ബസ്സിനടുത്തു എത്തിയപ്പോൾ ചുമലിലെ മുണ്ട് എടുത്തു മുഖം തുടച്ചു കൊണ്ടു ഗോപാലേട്ടൻ ബസ്സിൽ കയറി . ബസ്സിലേക്ക് കയറുമ്പോഴാണ് ലക്ഷ്മി കുട്ടിയുടെ കരങ്ങളിൽ നിന്നും എന്റെ കൈ മൊചിതമായതു .ഒരു പക്ഷെ എന്റെ മക്കളിൽ നിന്നു പോലും എനിക്ക് ലഭിക്കാത്ത അനുഭവം ,വികാര നിര്ബരമായ ആ ഓരോ നിമിഷവും ഒര്ത്തെടുക്കുകയാണ് ഇപ്പോൾ ..സ്നേഹത്തിന്റെയും കടപ്പാടിന്റെയും ആഴം അപോഴാണ് അനുഭവിച്ചറിഞ്ഞത് .

               റോഡു നിര്‍മാണം നടക്കുന്ന സ്ഥലങ്ങളില്‍ വെച്ചിരിക്കുന്ന ഡമ്മികൾ കാണുമ്പോൾ ഇപ്പോൾ നാട്ടിൽ വിശ്രമ ജീവിതം നയിക്കുന്ന ഗോപാലേട്ടനെ ഓര്മ വരും .


Friday, July 25, 2014

മീന്‍ പിടുത്തം

ഭാരതപ്പുഴയും, തിരൂര്‍-പോന്നാനിപ്പുഴയും ഒന്നിച്ചു ചേര്‍ന്നു ഒരു സ്ഥലത്ത് വെച്ച് അറബിക്കടലില്‍ ചെന്ന് ചേരുന്ന സ്ഥലം ആണ് പുറത്തൂര്‍ പഞ്ചായത്തിലെ പടിഞ്ഞാറേക്കര. ഇവിടം ഇപ്പോള്‍ ഒരു ടൂറിസ്റ്റ് കേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്നു .


            തിരൂര്‍ പൊന്നാനിപ്പുഴ അഴിമുഖത്ത് എത്തുന്ന ഭാഗങ്ങളില്‍ മുന്‍കാലങ്ങളില്‍ നല്ല മത്സ്യ സമ്പത്ത്  ഉണ്ടായിരുന്നു  എന്റെ ഒക്കെ ചെറുപ്പകാലത്ത് .ഇപ്പോള്‍ മത്സ്യം കുറഞ്ഞു കൊണ്ടിരിക്കുന്നു . അമ്പത് വര്‍ഷങ്ങള്‍ക്കു ശേഷം നമ്മുടെ കടലില്‍ ഒരു നത്തോലി പോലും കാണില്ല എന്നാണു മത്സ്യ സമ്പത്തിനെ കുറിച്ചുള്ള പഠനം വ്യക്തമാക്കുന്നത് .

                                   പുറത്തൂരിലെയും പരിസര പ്രദേശങ്ങളിലെയും ചിലര്‍ ഈ പുഴയില്‍ നിന്നും ഒറ്റല്‍ (മുള ഉപയോഗിച്ച് ഉണ്ടാക്കുന്ന പെണ്‍കുട്ടികളുടെ പാവാടയുടെ ആക്ര്തിയില്‍    മീന്‍ പിടിക്കാന്‍ ഉപയോഗിക്കുന്ന ഒരു  ഉപകരണമാണ് ഒറ്റല്‍) ഉപയോഗിച്ച് മീന്‍ പിടിക്കുന്നത്‌ ഒരു നല്ല ഹോബിയായിരുന്നു.    .ചിലര്‍ക്ക് അതൊരു ഉപജീവന മാര്‍ഗവും ആയിരുന്നു .നല്ല അദ്ധ്വാനം ഉള്ള ജോലി ആണ് ഈ മീന്‍ പിടുത്തം .നല്ല ഒഴുക്കുള്ളതും ചതുപ്പ് നിറഞ്ഞതും ആയ പുഴയുടെ അടിഭാഗം അപകടം പതിയിരിക്കുന്ന സ്ഥലമാണ് .ഇങ്ങനെ പിടിക്കുന്ന മീനിനു എന്താണാവം നല്ല രുചി ആണ് .വേലിയേറ്റവും വേലിയിറക്കവും നോക്കി ആണ് മീന്‍ പിടിക്കാന്‍ ഇറങ്ങുക .അക്കാലത്തെ ചെറുപ്പക്കാര്‍ക്ക് ഒരു ത്രില്ലടിക്കുന്ന ഹോബി തന്നെയായിരുന്നു ഈ രീതിയില്‍ ഉള്ള മീന്‍പിടുത്തം .

                                      ഞാനും സുലൈമാനും, ഞങ്ങളുടെ പ്രായക്കാര്‍ ആയ രണ്ടു മൂന്നുപരും കൂടി ഒരു ദിവസം കുറച്ചു കാരണവന്മാരുടെ കൂടെ ഒറ്റാന്‍ പോയി (ഈ രീതിയില്‍ മീന്‍ പിടിക്കുന്നതിനു ഒറ്റുക എന്നാണു പറയുക ).പുഴയില്‍ ഇറങ്ങുമ്പോള്‍ തന്നെ മുതിര്‍ന്നവര്‍ ഞങ്ങള്‍ക്ക് പുഴയില്‍ സ്വീകരിക്കേണ്ട സുരക്ഷാ മാര്‍ഗങ്ങളും ഞങ്ങള്‍ക്ക് ഒറ്റാന്‍ ഉള്ള സ്ഥലവും കാണിച്ചു തന്നിരുന്നു .പുതുതായി ചെല്ലുന്നവര്‍ക്ക് സുരക്ഷിതമായ ഇടത്ത് മാത്രമേ മീന്‍ പിടിക്കാന്‍ അനുവദിക്കുകയുള്ളൂ .മീന്‍ ഒറ്റലില്‍ കുടുങ്ങിയാല്‍ ഒരു പ്രത്യേക വൈബ്രേഷന്‍ ഉണ്ടാവും ഒറ്റലിനു, അപ്പോള്‍ ഒറ്റലില്‍ കയ്യിട്ടാല്‍ മീന്‍ കിട്ടും .ചിലപ്പോള്‍ ഞെണ്ട് കുടുങ്ങിയാല്‍ നല്ല കടിയും കിട്ടും അപകടകാരികളായ മീനുകള്‍ ആക്രമിക്കുകയും ചെയ്യും .പക്ഷെ വിദഗ്ദരായ മുതിര്‍ന്നവര്‍ വന്നു മീന്‍ പിടിക്കാന്‍ സഹായിക്കും .  മുമ്പൊരിക്കല്‍ ചക്ക തിന്നു കൊണ്ട് ഒറ്റാന്‍ പോയ ഒരാളെ ഞെണ്ട് കടിക്കുകയും വേദന കൊണ്ട് രണ്ടാം കാര്യം സാദിച്ചപ്പോള്‍ ദഹിക്കാതെ കിടന്നിരുന്ന ചക്ക ചുള വെള്ളത്തില്‍ പൊങ്ങി വന്ന കഥ തമാശയായി  പഴമക്കാര്‍ പറയുന്നത് കേട്ടിട്ടുണ്ട് .

                                     കടലിനോടു ചേര്‍ന്നു കിടക്കുന്ന സ്ഥലമായത് കൊണ്ട് ഇവിടെ തിരണ്ടി മത്സ്യവും കിട്ടും .തിരണ്ടിയെ പിടിക്കാന്‍ കുറച്ചു വൈദഗ്ദ്യം തന്നെ വേണം .ഇതിന്റെ വാലില്‍ ഒരു മുള്ളുണ്ട് ആ മുള്ള് കൊണ്ടാല്‍ മാരക  വിഷമാണെന്നും മുറിവ് ഉണങ്ങില്ലെന്നും ആണ് കേള്‍വി .നമ്മുടെ ഒറ്റലില്‍ തിരണ്ടി കുടുങ്ങിയാല്‍ പിടിച്ചു കൊടുക്കുന്ന വിധഗ്ദന് പാതി കൊടുക്കണം എന്നാണു പുഴയിലെ നിയമം .അത് കൊണ്ടാണോ തിരണ്ടി മുള്ളിനെ ഭീകരനാക്കിയത് എന്ന് ഒരു സംശയം ഉണ്ട് .ഇങ്ങനെയുള്ള ഒരു തിരണ്ടി പിടിക്കല്‍  വിദഗ്ദനാണ് അലികുട്ടി .

                      ഞങ്ങള്‍ ഒറ്റാന്‍ ആരംഭിച്ചു ,ചെറിയ ചെറിയ മീനുകള്‍ ഒക്കെ കിട്ടുന്നുണ്ട്‌ .ഇതിനിടയില്‍ സുലൈമാന്റെ ഒറ്റലില്‍ തിരണ്ടി കുടുങ്ങിയോ എന്നൊരു സംശയം കയ്യിടാന്‍ പേടി !!വിവരം മുതിര്‍ന്നവരോട് വിളിച്ചു പറഞ്ഞു ,ഒറ്റല്‍ നല്ലവണ്ണം അമര്‍ത്താന്‍ അലികുട്ടിക്ക നിര്‍ദ്ദേശം നല്‍കി പുള്ളി കുറച്ചു അകലെയാണ് നില്‍ക്കുന്നത് .സുലൈമാന്‍ അമര്‍ത്തിയപ്പോള്‍ ഒറ്റല്‍ തിരിച്ചൊരു തള്ളല്‍ ,ഈ വിവരം അലികുട്ടിക്കായോടു പറഞ്ഞപ്പോള്‍ അലികുട്ടിക്ക ഞങ്ങളോട് മൂന്നുപെരോട് ഒറ്റല്‍ അമര്‍ത്തി പിടിക്കാന്‍ പറഞ്ഞു .ഞങ്ങള്‍ മൂന്നു പേരും അമര്‍ത്തുന്നുണ്ട് പക്ഷെ അടിയില്‍ കിടക്കുന്ന തിരണ്ടി ഞങ്ങളേക്കാള്‍ ശക്തിയുള്ളവനാനെന്നു തോന്നുന്നു ഇങ്ങോട്ട് തന്നെ തള്ളുന്നു .ഞങ്ങളില്‍ ഒരാള്‍ ഒറ്റലിനു മുകളില്‍ കയറി നിന്നു അപ്പോഴവന്‍ ഒന്നൊതുങ്ങിയത്

                                                   അലികുട്ടിക്ക ഞങ്ങളുടെ അടുത്തു എത്തി പാതി കിട്ടാന്‍ പോകുന്ന തിരണ്ടിയുടെ വലിപ്പം ഓര്‍ത്തിട്ടാവണം പുള്ളി നല്ല ഹാപ്പിയാണ് .തലയില്‍ ചുറ്റി കെട്ടിയിരിക്കുന്ന മുണ്ടിനിടയില്‍ നിന്നും ഒരു സാധു ബീഡി എടുത്തു പുകച്ചു കൊണ്ട് പറഞ്ഞു "നിങ്ങളുടെ മൂന്നാള്ടെയും ശക്തിയെ തോല്പിക്കാന്‍ കഴിവുള്ളവന്‍ ആണ് ഒറ്റാലില്‍ എങ്കില്‍  അവന്‍ ഭയങ്കരന്‍ ആണ്. ഒറ്റല്‍ അവന്‍റെ ശരീരത്തിന്റെ മുകളില്‍ ആണ് ഇരിക്കുന്നത് അതാണ്‌ ഇങ്ങോട്ട് തള്ളുന്നത് .ഇങ്ങനെ തിരണ്ടി പെട്ടാല്‍ പിടിക്കാന്‍ ബുദ്ധിമുട്ടാണ് ചിലപ്പോള്‍ ചാടി പോകാനും വഴിയുണ്ട്" . എന്തെങ്കിലും കയ്യബദ്ധം പറ്റിയാല്‍ മുന്‍‌കൂര്‍ ജാമ്യം എടുത്തതാണ് എന്ന് എനിക്കാ സംസാരത്തില്‍ നിന്നും മനസ്സിലായി .

                                     ബീഡി കുറ്റി വലിച്ചെറിഞ്ഞു പുള്ളി ഒറ്റലില്‍ കയ്യിട്ടു കൊണ്ട് പറഞ്ഞു  "ഇവന്‍ ചളിയില്‍ പൂണ്ടു കിടക്കുകയാണ് പിടിക്കാന്‍ കുറച്ചു ബുദ്ധിമുട്ടാണ് സുലൈമാനെ" . 

  
എങ്ങനെയെങ്കിലും പിടിച്ചു തരിന്‍ എന്നാ ഭാവത്തോടെ സുലൈമ്മന്‍ ഒന്ന് മൂളി . അലികുട്ടിക്ക ഒറ്റലില്‍ നിന്നും കയ്യെടുത്ത് ദേഷ്യത്തോടെ സുലൈമാന്റെ മുഖത്തു നോക്കി കൊണ്ട് 
"നടാടെ ഒറ്റാന്‍ വന്നിട്ട് മനുഷ്യനെ പറ്റിക്കുകയായിരുന്നെടാ ഹമുക്കെ " . 
കാര്യം അറിയാതെ പകച്ചു നില്‍ക്കുന്ന എന്നോട് ,
 "ഒറ്റലില്‍ കയ്യിട്ടു നോക്ക് അപ്പോഴറിയാം" .
          ഞാന്‍ ഒറ്റലില്‍ കയ്യിട്ടു നോക്കി എന്തോ ഒരു നല്ല പരുക്കന്‍ പ്രതലത്തില്‍ പിടികിട്ടി .ഞാന്‍ അതേല്‍ പിടിച്ചു എന്ന് മനസ്സിലാക്കിയത് കൊണ്ടാവണം അലികുട്ടിക്ക , 
"ഇങ്ങട്ട് പോന്തിക്കടാ ബലാലെ....".
 ഞാന്‍ സര്‍വ ശക്തിയും എടുത്തു പൊക്കി .നോക്കുമ്പോള്‍ ഒരു പഴയ ടയര്‍ !!! ബോട്ടുകളുടെ സൈഡില്‍ കെട്ടുന്ന ടയര്‍ അഴിഞ്ഞു വീണു ചളിയില്‍ പൂണ്ടു കിടക്കുകയായിരുന്നു .

"സുലൈമാന്‍ വിശേഷങ്ങള്‍ അവസാനിക്കുന്നില്ല"

Friday, July 11, 2014

ചുംബനം

                                   ഗള്‍ഫില്‍ ഫ്രീ വിസ കച്ചവടം പൊടി പൊടിക്കുന്ന കാലം ,നാട്ടീന്നു എങ്ങിനെയെങ്കിലും ഒന്ന് കയറി പറ്റി കിട്ടിയാല്‍ രക്ഷപ്പെട്ടു എന്ന ഒരു കാലഘട്ടം ഇവിടെ ഉണ്ടായിരുന്നു .നടന്നു നടന്നു (മിന്നി മിന്നി )പണി എടുത്തു നല്ലവണ്ണം കാശും ഉണ്ടാക്കിയിരിക്കുന്നു പലരും . ഒരിക്കല്‍ കോട്ടക്കല്‍ കാരന്‍ അബ്ദു (പേരിന്റെ ബാക്കി ഇനിയും ഉണ്ട് ) എന്നോട്  പറഞ്ഞു. "മോനെ എനിക്ക് ദിവസം ഒരു ഇരുന്നൂറ്റമ്പത് റിയാല്‍ കിട്ടാതെ ഉറക്കം വരില്ല "എന്ന് . അതായിരുന്നു പലരുടെയും അവസ്ത്ത .കമ്പനി വിസക്ക് വന്നവര്‍ക്ക് കിട്ടുന്ന ശമ്പളം അല്ലാതെ ഒന്നും കൂടുതല്‍ കിട്ടുകയും ഇല്ല .ഫ്രീ വിസക്കാര്‍ പണിയെടുത്തു ഇഷ്ടം പോലെ കാശുണ്ടാക്കുന്നു .

                   ഈ അവസരം മുതലെടുക്കുവാന്‍  മലയാളികള്‍ എല്ലാവരും ഫ്രീ വിസക്ക് ഇങ്ങോട്ട് കയറി  വരവ് തുടങ്ങി തല്ഫലം എന്തായി,ഇവടെ ഉള്ള ജോലി എല്ലാവരും കൂടി വീതിച്ചു വീതിച്ചു  പണി ഇല്ലാതെയായി, പിന്നെ കിട്ടുന്ന പണിക്കു കയറി നില്‍ക്കലായി ശമ്പളം കിട്ടിയാ കിട്ടി അര്‍ബാബു പോയാ പോയി. പലരും ജോലി ഇല്ലാതെ റൂമില്‍ ഇരിക്കല്‍ തുടങ്ങി അങ്ങിനെ ഫ്രീ വിസക്ക് ഉറക്ക് വിസ എന്നപേര് കിട്ടി .
                       ഈ അവസരത്തില്‍ ആണ് നമ്മുടെ കഥാ നായകന്‍ അയമു വിന്റെ ലാന്റിംഗ് (പേര് സാങ്കല്‍പ്പികം ഇനി ആര്‍ക്കെങ്കിലും ഈ കഥാപാത്രവുമായി വല്ല സാമ്യവും കണ്ടെങ്കില്‍ അത് എന്റെ കുഴപ്പം അല്ല നിങ്ങളുടെ കാഴ്ചപ്പാടിന്റെ വൈകല്യമാണ് ).അയമുവിനു നാട്ടില്‍ ചുമട് എടുക്കുന്ന ജോലിയായിരുന്നു .വല്ലപ്പോഴും പണിക്കു പോകും നല്ല കാശ് കിട്ടും പക്ഷെ എന്താ കാര്യം,  കിട്ടിയ കാശ് ചീട്ടു കളിച്ചു തീര്‍ക്കും .ഭാര്യയും രണ്ടു കുട്ടികളുമായി അച്ചി വീട്ടില്‍ തന്നെയാണ് താമസം   

 

                        ഇങ്ങനെയിരിക്കെ ഗള്‍ഫില്‍ പോയാലെങ്കിലും നന്നാവും എന്ന് കരുതി കാരണവന്മാര്‍ എല്ലാവരും കൂടി ഒരു ഏജന്റിന്റെ കയ്യില്‍ നിന്നും ഫ്രീ  വിസ വാങ്ങി ഇങ്ങോട്ട് കയറ്റി വിട്ടു ,വിസക്കായി ഭാര്യയുടെ കയ്യിലുള്ള സ്വര്‍ണ്ണം എല്ലാം പണയത്തിലായിരുന്നു .
                        അയമു ഇവിടെ എത്തി അല്ലറ ചില്ലറ പണികള്‍ എല്ലാം ചെയിതു നടക്കുന്ന കാലം ആണ് ജവാസാത്ത്  (ലേബര്‍ )ചെക്കിന്‍ കര്‍ശനമാക്കുന്നത് ,പിടിക്കപ്പെട്ടാല്‍ നാട് കടത്തും   അപ്പോള്‍ ജോലിക്ക് പോകാന്‍ പ്രയാസം ആയി തുടങ്ങി. പലരും ജോലിക്ക് പോകാതെ റൂമില്‍ ഇരിക്കലായി  . പണ്ടേ മടിയനായ അയമു മാസങ്ങളോളം റൂമില്‍ കിടത്തം തന്നെ. വല്ലപ്പോഴും വല്ല ജോലിക്കും പോകും .കിട്ടുന്ന കാശ് ചിലവിനു തന്നെ തികയൂ .നാട്ടിലേക്ക് കാശ് അയക്കാന്‍ ഒന്നും ബാക്കി ആവുന്നില്ല . ഭാര്യയുടെ കത്തുകള്‍ തുടരെ തുടരെ വരുന്നു ,മീന്‍ കാരന് കാശ് കൊടുക്കണം പലചരക്ക് കടക്കാരന് കാശ് കൊടുക്കണം പാല്‍ക്കാരന് കാശ് കൊടുക്കണം ,കുട്ടികളെ സ്കൂളില്‍ വിടുന്ന വണ്ടിക്കാരന് കാശ് കൊടുക്കണം ,കരണ്ട് ബില്ല് അടക്കണം ,എന്നല്ലാം പറഞ്ഞു അനവതി കത്തുകള്‍ വന്നു.  അയമു ഉണ്ടോ കുലുങ്ങുന്നു കത്തിലെ വേവലാതികള്‍ കാണാത്ത പോലെ മറ്റു പല കാര്യങ്ങളും എഴുതിക്കൊണ്ട് മറുപടി അയക്കും ,കുട്ടത്തില്‍ കുറച്ചു മധുരം (പഞ്ചാര )ചേര്‍ത്തു കൊണ്ട് എന്റെ പൊന്നെ നിനക്ക് ഇക്കാന്റെ ആയിരം മുത്തം(ചുംബനം ) എന്ന് പറഞ്ഞു കത്ത് അവസാനിപ്പിക്കുകയും ചെയ്യും .
തന്റെ വേവലാതികള്‍ അയമു ചെവിക്കൊള്ളുന്നില്ല എന്ന് മനസ്സിലാക്കിയ അവള്‍ പിന്നീട് കാശ് ആവശ്യപ്പെട്ടുകൊണ്ട് അയമുവിനു കത്ത്  എഴുതാറില്ല അവള്‍ നാട്ടില്‍ കൂലിപ്പണിക്ക് പോയി കുട്ടികളെ പോറ്റുവാന്‍  തുടങ്ങി .

                          കുറച്ചു കാലമായി ഭാര്യയുടെ കത്തൊന്നും കാണാതെ ആയപ്പോള്‍  അയമുവിനു വിഷമം ആയി അവന്‍ അവള്‍ക്കു കത്തെഴുതി . മറുപടി വന്നപ്പോള്‍ അയമുവിനു സമാധാനം ആയി .പതിവിനു വിപരീതമായി ഭാര്യയുടെ  കത്തില്‍  കാശിന്റെ കാര്യം എഴുതാത്തത് കണ്ടപ്പോള്‍  ഒരു കത്തില്‍ അവളോട്‌ നീ എന്താ ഇപ്പോള്‍ കത്തില്‍ പൈസയുടെ ആവശ്യം എഴുതാത്തത് എന്ന് ചോദിച്ചുകൊണ്ട് കത്തെഴുതി . ഉടന്‍ ഭാര്യയുടെ മറുപടി വന്നു .
                 നിങ്ങള്‍ കഴിഞ്ഞ പ്രാവശ്യം അയച്ച കത്തിലെ പതിനായിരം മുത്തത്തില്‍ നിന്നും മൂവായിരം മുത്തം മീന്‍കാരന് കൊടുത്തു ,അയ്യായിരം മുത്തം പലചരക്ക് കടക്കാരന് കൊടുത്തു ബാക്കി അടുത്ത മാസം തരാം എന്ന് പറഞ്ഞു ,ആയിരം മുത്തം പാല്‍ക്കാരനും ആയിരം മുത്തം കുട്ടികളെ സ്കൂളില്‍ കൊണ്ട് പോകുന്ന ഓട്ടോക്കാരനും കൊടുത്തു ,പിന്നെ അടുത്തമാസം നിങ്ങള്‍ ഒരു അയ്യായിരം മുത്തം കൂടുതല്‍ അയക്കണം ഒരു ഗ്യാസ് കണക് ഷന്‍ എടുക്കണം കറന്റു ബില്‍ അടക്കണം .തല്‍ക്കാലം നിരത്തട്ടെ .
എന്നു

        സ്വന്തം .................................

Friday, May 16, 2014

പണി കൊടുക്കുമ്പോള്‍ ഇങ്ങനെ കൊടുക്കണം

ജനിക്കുന്നവർ എല്ലാം എൻജിനീയർമാരും ഡോക്ടർ മാരും ആവുന്ന രാജ്യമാണ് ഈജിപ്ത് എന്നൊരു സംസാരം ഗൾഫിൽ ഉണ്ട് .കാരണം ഇവിടെ കൂടുതലും അവരാണ് എൻജിനിയർ മാരും ഡോക്ടർ മാരും, തലക്കുള്ളിൽ ആൾ പാർപ്പ് ഇല്ലാത്ത വർഗ്ഗം. മിസിരികൾ എന്നാണു ഇവരെ വിളിക്കുക .എവിടെ ക്യൂ കണ്ടാലും ഇവർക്ക് രഞ്ജിനി യുടെ സ്വഭാവം ആണ് തിക്കി തിരക്കി മുന്നിൽ കയറും പക്ഷെ ഇപ്പോൾ ഒട്ടുമിക്കയിടത്തും ക്യൂ ടോക്കെണ്‍ ആയതു കൊണ്ട് ഇവന്മാര് ആകെ കുടുങ്ങിയ മട്ടാണ് .കാത്തു നിന്നേ പറ്റൂ .

Friday, April 18, 2014

ഒരു പേന വരുത്തിയ വിന :



സ്ഥലം കോഴിക്കോട് അന്താരാഷ്‌ട്ര വിമാനത്താവളം , മകളുടെ കല്യാണവും കഴിഞ്ഞു തിരിച്ചു വരികയാണ്.

                    ബോഡിംഗ് പാസെടുത്ത് കയ്യിലുള്ള ചെറിയ കവറുമായി നടക്കുകയാണ് .കല്യാണത്തിന്റെ തിരക്കും വിശ്രമ കുറവും കാരണം കാലിനു ചെറുതായി വേദന എടുക്കുന്നുണ്ട് .എമിഗ്രേഷന്‍ കഴിഞ്ഞാല്‍ കുറച്ചു വിശ്രമിക്കാം എന്ന ചിന്തയോടെ നടക്കുകയാണ് .

          കുറച്ചു മുന്നോട്ട് എത്തിയപ്പോള്‍ ഒരാള്‍ അവിടെ എമിഗ്രേഷന്‍ ഫോം പിടിച്ചു കൊണ്ട് നില്‍ക്കുന്നു ,എന്റെ പോക്കറ്റിലേക്ക് ചൂണ്ടി കൊണ്ട് "ആ പേന ഒന്ന് തരുമോ ". നഷ്ടം ഇല്ലാത്ത ഒരു ഉപകാരം ഞാന്‍ പേന കൊടുത്തു .അയാള്‍ എഴുതി തീരുന്നതിനു മുമ്പ് അതാ വരുന്നു മറ്റൊരുത്തന്‍ ഫോമും പിടിച്ചു കൊണ്ട് .അവന്‍ തുടങ്ങിയ ഉടന്‍ തന്നെ വേറെ ഒരുത്തന്‍ ഇനി എന്റെ ഊഴം ആണ് എന്ന് ഉറപ്പിച്ച പോലെ അവന്റെ പിറകില്‍ നില്‍ക്കുന്നു .പടച്ചോനെ ഇപ്പോക് പോയാല്‍ ഇത് ബീവറേജിന്റെ മുന്‍വശം പോലെ ആകുമോ എന്നൊരു പേടി .എന്റെ ചിന്ത സത്യമാകും എന്ന് പ്രഖ്യാപിച്ചു കൊണ്ട് രണ്ടു പേര്‍ അപ്പോഴേക്കും അവന്റെ പിറകില്‍ .രക്ഷയില്ല എനിക്ക് എന്റെ പേന തിരികെ കിട്ടാനും എന്റെ ഫോം പൂരിപ്പിക്കാനും ഞാനും ക്യൂ നില്‍ക്കേണ്ടി വന്നു .അവസാനം എന്റെ ഊഴം വന്നു ഞാന്‍ പേന കയ്യില്‍ കിട്ടിയപ്പോള്‍ ഫോമില്‍ എന്റെ പേര് എഴുതുന്നതിനിടയില്‍ വെറുതെ ഒന്ന് പിറകിലേക്ക് നോക്കുമ്പോള്‍ ഒരുത്തന്‍ ഞാന്‍ നില്‍ക്കുന്നിടം ലക്ഷ്യമാക്കി വരുന്നു .ഞാന്‍ പിന്നെ അവിടെ നിന്നില്ല ഫോം പൂരിപ്പിക്കാതെ അവിടെ നിന്നും പോന്നു. അയാള്‍ പേന വേണം എന്ന് ആന്ഗ്യത്തില്‍ പറയുന്നുണ്ട് ഞാന്‍ അപ്പോള്‍ എനിക്ക് പോകാനുള്ള സമയമായി എന്നും പറഞ്ഞു അവിടെ നിന്നും പോന്നു .

                                         എമിഗ്രേഷന്‍ കൌണ്ടര്‍ന്റെ അടുത്തെത്തിയപ്പോള്‍ നല്ല തിരക്ക് എന്റെ അടുത്തു നിന്നും ആദ്യം പേന വാങ്ങിയ തെണ്ടി (പേനക്ക് തെണ്ടുന്നവന്‍ എന്നര്‍ത്ഥത്തില്‍ ആണേ....) മുന്നില്‍ തന്നെ നില്‍ക്കുന്നുണ്ട് .അതിനു പിറകിലായി മറ്റു പേന തെണ്ടികളും .ഞാന്‍ കാല്‍ വേദന സഹിച്ചു കൊണ്ട് ഏറ്റവും പിറകിലും .
                             ഇനി മേലാല്‍ പേന പോക്കറ്റില്‍ വെച്ച് വിമാന യാത്ര നടത്തില്ല .

                       കായ വറുത്തതും തോര്‍ത്തു മുണ്ടും വാങ്ങുന്ന കൂട്ടത്തില്‍ ഒരു പേന കൂടി വാങ്ങിക്കൂടെ പ്രവാസികളെ .

Friday, March 14, 2014

കോമന്‍ ആണ് കേമന്‍

  ഇത്തവണത്തെ വെക്കേഷന്‍ സമയത്ത് വൈരം കൊട് ഉത്സവം കാണാന്‍ പറ്റിയത് വളരെ സന്തോഷമായി .ചെറുപ്പ കാലങ്ങളില്‍ ഉത്സവ ദിവസം അടുക്കുന്തോറും നാളുകള്‍ എണ്ണി ഉറക്കമുനര്‍ന്നിരുന്നത് കൌതുകത്തോടെ ഓര്‍ത്തു .
             

Monday, January 20, 2014

ബ്രായുടെ അളവ് !!!

കുറെ അധികം പെണ്ണിനെ കണ്ടതിനു ശേഷമാണ് സുലൈമാന്‍ ഒരു പെണ്ണിനെ ഇഷ്ടപ്പെടുന്നത് .കുഞ്ഞിക്കൂനന്‍ പറഞ്ഞപോലെ മുടി പോരാ നിറം പോരാ എന്നൊക്കെയുള്ള നിരവധി പോരായ്മകള്‍ നിരത്തി അനവധി വീടുകളില്‍ നിന്നും ചായയും ബെക്കറിയും കഴിച്ചു .ഒന്ന് രണ്ടെണ്ണത്തിനു ഞാനും പോയിരുന്നു .രണ്ടാമത് ഞാന്‍ പോയത് എന്റെ കൂടെ പഠിച്ച ഒരു കൂട്ടുകാരന്റെ പെങ്ങളെ കാണാന്‍ ആണ് ,ആ പെണ്ണിന് തടി കുറവാണെന്ന് പറഞ്ഞു അതിനെ ഒഴിവാക്കി അന്ന് ഞാനും അവനുംദുബായില്‍ ഒരു റിയാല്‍ എസ്റ്റേറ്റ് കമ്പനിയില്‍ ആയിരുന്നു സോനാപ്പൂരിലെ ക്യാമ്പ് മെസ്സ് അവനെ ഒരു തടിയനാക്കിയിരുന്നു ..ഇനി ഇവന്റെ കൂടെ പെണ്ണുകാണാന്‍ നടന്നാല്‍ കൂട്ടുകാരെ കാണുമ്പോള്‍ മാറി നടക്കേണ്ടി വരും എന്ന് കരുതി അതോടു കൂടി നിര്‍ത്തി .

Friday, January 10, 2014

കൊടുത്താല്‍ കൊല്ലത്തും കിട്ടും .


നാട്ടില്‍ പോക്ക് അടുത്തത്‌ കൊണ്ട് ചെറിയ തോതില്‍ ഉള്ള പര്‍ച്ചേസിംഗ് ഒക്കെ ഉണ്ട് .എന്തെങ്കിലും അത്യാവശ്യ സാദനങ്ങള്‍ വാങ്ങാന്‍ ഉണ്ടോ എന്ന് വീട്ടുകാരിയോട് ചോദിച്ചപ്പോള്‍ ഓള് പറയാ , ഇസ്തിരി പെട്ടി ചൂടാവുന്നില്ല ഒരു ഇസ്തിരി പെട്ടി വേണം ,കുട്ടികള്‍ ഇപ്പോള്‍ തറവാട്ടില്‍ പോയി ആണ് ഇസ്തിരി ഇടാറു .
ഞാന്‍ പറഞ്ഞു ,ഞാന്‍ വന്നാല്‍ ഇസ്തിരിപ്പെട്ടി ആവശ്യം ഉണ്ടാവില്ല എന്റെ നെഞ്ചില്‍ വെച്ച് ഇസ്തിരി ഇട്ടാല്‍ മതി നല്ല ചൂടുണ്ടാവും!!! ഇവിടെ കിടന്നു നെഞ്ചം ഉരുകുകയാണ് . ആശ്ചര്യം അതല്ല . സോഷ്യല്‍ മീഡിയകളില്‍ പലകൂട്ടുകാരും പോസ്റ്റുന്ന ഒരു വിഷയമാണ് ,അത് എത്ര സത്യം ആണ് എന്ന് നേരിട്ടു മനസ്സിലായപ്പോള്‍ എന്റെ കണ്ഠം ഇടറി വാക്കുകള്‍ വരാതായി .കണ്ണുകള്‍ ധാരയായി നിറഞ്ഞു ഒഴുകി .

ഉമ്മയോട് ചോദിച്ചു ,ഉമ്മ നിങ്ങള്ക്ക് എന്താണ് കൊണ്ട് വരേണ്ടത് ,തണുപ്പിനു ഇടുന്ന കുപ്പായം വല്ലതും വേണോ മുമ്പ് കൊടുന്നത് കേടായി കാണില്ലേ ?
ഉമ്മ :എനിക്കോ .....ന്നും വേണ്ട നീ ഇങ്ങു വന്നാല്‍ മതി ,മുമ്പ് കൊടുന്ന രണ്ടു കുപ്പായം ഇവിടെ ഇരികുകയാണ് .

അതാണ്‌ ഉമ്മ ഈ സ്നേഹം ലഭിച്ചാല്‍ വിര്‍ദ്ധസദനങ്ങള്‍ പൂട്ടേണ്ടിവരും .

എന്റെ അടുത്ത സ്നെഹിതന്റെ രണ്ടു മക്കളെയാണ് അവരുടെ ഉമ്മ കിണറ്റില്‍ തള്ളിയിട്ടു കൊന്നത് .ആ കിണറില്‍ കുട്ടികള്‍ പരസ്പരം കെട്ടിപ്പിടിച്ചു കിടക്കുകയായിരുന്നു എന്ന് കിണറ്റില്‍ നിന്നും മ്രതശരീരം കരക്കെത്തിച്ച ആള്‍ പറഞ്ഞത് എന്ന് എന്റെ പെങ്ങള്‍ എന്നോട് പറയുമ്പോള്‍ അവളുടെ സ്വരം ഇടറിയിരുന്നു .കുട്ടികളെ ഞങ്ങള്‍ ആരും അറിയില്ലെങ്കിലും അവരുടെ ഉപ്പ ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും സുപരിചിതന്‍ ആയിരുന്നു .ആ മരണ സമയത്ത് ആ കുട്ടികള്‍ എന്തായിരിക്കും അവരുടെ ഉമ്മയെ കുറിച്ച് ചിന്തിട്ടുണ്ടാവുക .രാവിലെ ച്ചായ തന്നു മദ്രസ്സയിലേക്ക് പോകുമ്പോള്‍ ഉമ്മ ഞങ്ങളെ അനുഗമിച്ചത് ഞങ്ങളുടെ ജീവിതം അവസാനിപ്പിക്കാന്‍ ആയിരുന്നോ !!എന്തിനാണ് ഉമ്മ ഞങ്ങളെ കിണറില്‍ തള്ളിയത് ,എന്ത് തെറ്റാണ് ഉമ്മ ഞങ്ങള്‍ ചെയിതത് !!
ഇ സംഭവം നടക്കുന്നതിനു രണ്ടുമൂന്നു ആഴ്ചകള്‍ക് മുമ്പ് ആണ് വടക്കന്‍ കേരളത്തില്‍ തന്നെ ,ഭര്‍ത്താവുമായി ബന്ധം വേര്‍പെടുത്തി കാമുകനുമൊത്ത് ജീവിക്കുന്ന ഒരു സ്ത്രീ കാമുകന്‍ തന്നെ താഴയുന്നുണ്ടോ എന്ന സംശയം തോന്നിയപ്പോള്‍ മുന്‍ ഭര്‍ത്താവില്‍ തനിക്കുണ്ടായ രണ്ടു മക്കളെ വിഷം കൊടുത്തു കഴുത്തു ഞെരിച്ചു കൊന്നത് .

( വാല്‍ക്കഷ്ണം :സ്നേഹം കൊടുത്താല്‍ കൊല്ലത്തും കിട്ടും )

Tuesday, January 7, 2014

നിക്ക കള്ളി ഇല്ലാതെ നില്‍ക്കുമ്പോഴാ അവന്റെ ഒരു ചെക്ക് കള്ളി


പണ്ട് കാലത്ത് ഗള്‍ഫില്‍ നിന്ന് കൊണ്ടുവരുന്ന തുണിത്തരങ്ങള്‍ക്ക് നാട്ടില്‍ നല്ല പ്രിയമായിരുന്നു എല്ലാവര്‍ക്കും .
  ഓരോ കാലത്തും ഓരോ തരാം മോഡല്‍ തുണികള്‍ ഇവിടെ നിന്നും നാട്ടിലെത്തി എല്ലാവരുടെയും മനസ്സ് പിടിച്ചുപറ്റിയിട്ടുണ്ട്.   എ സി ,ചെക്ക്കള്ളി .ഈഗിള്‍ ,ചൈനസില്‍ക്ക് എന്നിങ്ങനെ പലപ്പോഴായി പല പേരിലും ഓരോ മോഡല്‍ തുണികള്‍ ഗള്‍ഫില്‍ നിന്നും നാട്ടിലെത്തി .

Friday, January 3, 2014

സൗജന്യ മെഡിക്കല്‍ ക്യാമ്പും തട്ടിപ്പും .

------------------------------------------

ഞാന്‍ മുമ്പ് ജോലി ചെയിതിരുന്ന സ്ഥാപനത്തിലെ ഒരു കൂട്ടുകാരനുമായി ഒരു ദിവസം കറങ്ങാനിറങ്ങി .ഒരു വലിയ ഷോപ്പിംഗ്‌ മാളില്‍ എത്തിയപ്പോള്‍ അവിടെ സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് നടക്കുന്നു .
എന്റെ കൂട്ടുകാരന് കണ്ണിനു കുറച്ചു ദിവസമായി വേദന ഉണ്ടെന്നു പറയാറുണ്ട്‌ ,ഞങ്ങള്‍ അവിടെത്തെ ഡോക്ടറെ കാണിച്ചു ,അയാള്‍ പറഞ്ഞു വിശദമായി പരിശോധിക്കണം ക്ലീനിക്കില്‍ വരൂ എന്ന് . ഞങ്ങള്‍ അവിടെയുള്ള ക്യാമ്പിന്റെ സംഘാടകരോട് വിവരം പറഞ്ഞപ്പോള്‍ അവര് പറഞ്ഞു നാളെ ക്ലീനിക്കില്‍ പൊയ്ക്കോളൂ ചികിത്സ സൌജന്യമാണ് .

തൊട്ടടുത്ത ദിവസം ഞങ്ങള്‍ ക്ലീനിക്കില്‍ പോയി അവിടെ വെച്ച് ഡോക്ടര്‍ അവനെ പരിശോദിച്ചു പറഞ്ഞു കണ്ണട ധരിക്കണം ,എന്നാല്‍ പ്രശ്നം തീരും .ഇത് ഞാനും അവനോടു പറയാറുള്ളതാണ് ,അവന്‍ വര്‍ക്ക് ചെയ്യുന്ന എച് പി എല്‍ കട്ടിംഗ് മെഷ്യനില്‍ നിന്നും ധാരാളം പൊടി അവന്റെ കണ്ണില്‍ വീഴുന്നുണ്ട്‌ .അത് കൊണ്ട് കണ്ണ് പരിശോദിച്ചു നീ കണ്ണട വെക്കണം എന്ന് .അങ്ങിനെ കണ്ണ് പരിശോദിച്ചു ഡോക്ടറുടെ ക്യാബിനില്‍ നിന്നും തന്ന പേപ്പറുമായി റിസപ്ഷനില്‍ എത്തി .അത് റിസപ്ഷനില്‍ കൊടുത്തപ്പോള്‍ അവിടെത്തെ സിസ്റ്റര്‍ ഒരു സ്ലിപ് എഴുതി ബില്ല് പേ ചെയ്യാന്‍ പറഞ്ഞു .സ്ലിപ്പ് വാങ്ങി അവന്‍ എന്റെ മുഖത്തേക്ക് നോക്കുകയാണ് ഞാനും അവന്റെ മുഖത്തേക്ക് നോക്കി .അവന്‍ കയ്യിലുണ്ടായിരുന്ന സൌജന്യ മെഡിക്കല്‍ ക്യാമ്പിലെ കാര്‍ഡ് സിസ്റ്റര്‍ക്ക് കാണിച്ചു കൊടുത്തപ്പോള്‍ സിസ്റ്റര്‍ പറയുകയാണ്‌ നിങ്ങള്‍ ഡോക്ടറുമായി സംസാരിച്ചോളൂ എന്ന് .അങ്ങിനെ സിസ്റ്റര്‍ ഞങ്ങളെ ഡോക്ടറുടെ റൂമില്‍ കൊടുന്നു ഇരുത്തി ഡോക്ടര്‍ക്ക് തിരക്കാണ് . ഞാന്‍ അവനോടു പറഞ്ഞു ഇറങ്ങി പോരാന്‍ ,അപ്പോള്‍ അവന്‍ പറഞ്ഞു റിസള്‍ട്ട് വാങ്ങണ്ടേ .ഞാന്‍ പറഞ്ഞു ആ റിസള്‍ട്ടും കൊണ്ട് അവരുടെ തന്നെ കണ്ണട കടയില്‍ പോകാന്‍ പറയും അങ്ങിനെ നിന്റെ ഒരുമാസത്തെ ശമ്പളം(വളരെ കുറഞ്ഞ ശമ്പളക്കാരന്‍ ആണ് ) അവരവിടെ വാങ്ങി വെക്കും .ഇനി എന്ത് ചെയ്യും എന്ന് അവന്‍ എന്നോട് ചോദിച്ചപ്പോള്‍ ഞാനവനോട് പറഞ്ഞു നീ വാ പണിയുണ്ട് .
കഴിഞ്ഞ മുപ്പതു വര്‍ഷമായി കണ്ണട വെക്കുന്ന എനിക്ക് ആ പേപ്പറില്‍ എഴുതിയ കണ്ണടയുടെ അളവ് കൃത്യമായി മനസ്സിലായി,ഇവനും സിസ്റ്റര്‍ മാരും സംസാരിക്കുന്നിതിനിടയില്‍ ഞാന്‍ അത് മെല്ലെ കുറിച്ചെടുത്തു .എന്നിട്ട് അവനോടു പറഞ്ഞു നീ പോരെ കാശ് എടുത്തു വന്നിട്ട് റിസള്‍ട്ട് വാങ്ങാം .അവന്‍ ഒന്നും മനസ്സിലാവാത്ത പോലെ എന്റെ മുഖത്തേക്ക് നോക്കിയപ്പോള്‍ ഞാന്‍ കണ്ണിറുക്കി കാണിച്ചു കൊടുത്ത് .അപ്പോള്‍ അവനു ഞാന്‍ എന്തോ വേല ഒപ്പിച്ചു എന്ന് മനസ്സിലായി അവന്‍ എന്റെ കൂടെ ഇറങ്ങി പോന്നു .ഞാന്‍ പറഞ്ഞു ഏതായാലും നാട്ടില്‍ പോകുകയല്ലേ എന്റെ സുഹ്രത്ത് ഒരു ഒപ്ടീഷ്യന്‍ ഉണ്ട് അവന്റെ അടുത്തു പോയി കണ്ണട വാങ്ങിക്കാം അതിന്റെ അളവുകള്‍ ഞാന്‍ കുറിചെടുത്തിട്ടുണ്ട് .അങ്ങിനെ ഞങ്ങളെ ട്രാപ്പിലാക്കാന്‍ നോക്കിയവരെ ഞങ്ങള്‍ ആപ്പിലാക്കി .

സംഗതി ചതി ആണെങ്കിലും ഒരു വരുമാനം കുറഞ്ഞ പ്രവാസിയെ സഹായിക്കാന്‍ കഴിഞ്ഞതില്‍ സംത്രിപ്തിയുണ്ട് .