എന്നെ കൊണ്ട് കല്യാണം കഴിപ്പിക്കാന്‍ ആയി എന്ന് വീട്ടുകാര്‍ക്ക് തോന്നിയ കാലം .............,
പഴയ ഉടായിപ്പുകള്‍ എല്ലാം നിര്‍ത്തി നന്നാവണം എന്ന് എനിക്ക് തോന്നി .
പെണ്‍വീട്ടുകാര്‍ ചെറുക്കനെ കുറിച്ച് നാട്ടിലുള്ള കാരണവന്മാരോടൊക്കെ അന്വേഷണം നടത്തിയെ കല്യാണം നടത്തുകയുള്ളൂ .അത് വരെയുള്ള എന്റെ ബയോഗ്രാഫി നോക്കിയാല്‍, മലപ്പുറം ജില്ലയും ഒരു മാരുതിക്കാറു കൊടുക്കാമെന്നു പറഞ്ഞാലും ഒരു പെണ്ണ് കിട്ടില്ല.
അത്രയ്ക്ക് നല്ല സ്വഭാവം ആയിരുന്നു എനിക്ക് .
.എന്നാ പിന്നെ നല്ലോം നന്നാവാം എന്ന് കരുതി പള്ളിയിലെ സ്ഥിരം മേമ്പെര്‍ ആയി ,മുടങ്ങാതെ പള്ളിയില്‍ നിസ്കാരത്തിനു വരുന്നത് കണ്ടപ്പോള്‍ പഠിപ്പിച്ച ഉസ്താദിന് വലിയ സന്തോഷം ,ഉസ്താദിന് വീടുകളില്‍ നിന്ന് കിട്ടുന്ന പലഹാരങ്ങള്‍ മുക്കാല്‍ ഭാഗവും എനിക്ക് തരും .ഇത് പള്ളിയില്‍ സ്ഥിരം പോകുന്നതിനു ഒരു പ്രോത്സാഹനവും ആയി .
ഉസ്താദിന് ഉണ്ടാവുന്ന മൌലീദ് പരിപാടിക്കും എന്നെ ക്ഷണിക്കും അപ്പോള്‍ തീറ്റ പരിപാടിയും കുശാല്‍ ആയി . ഞാന്‍ ശരിക്കും പടചോനോട് നന്ദി പറഞ്ഞു .കുറച്ചു വൈകി ആണേലും ഈ ബുദ്ദി തോന്നിച്ചതിന് .ഓരോന്നിനും ഓരോ സമയം ഉണ്ട് ദാസാ എന്ന് പടചോനല്ലേ അറിയൂ .
സുന്നി, എ പി ,ഇ കെ ,മുജാഹിദ്, ജമാ അത്ത് എന്നീ കീടബാധകള്‍ ഏല്‍ക്കാത്ത മഹല്ല് ആയതു കൊണ്ട് ഓരോ വീട്ടിലും ഇടയ്ക്കിടയ്ക്ക് മൌലൂദ് ഉണ്ടാവാറുണ്ട് ,
ആയിടെ പള്ളിയിലെ മുക്രി എന്നോട് ഒരു ചോദ്യം
''നിന്റെ വീട്ടിലും ഒരു മൌലൂദ് കഴിക്കേണ്ടെ ? ''
ഞാന്‍ പറഞ്ഞു, ''മൊയിലിയാരെ മിണ്ടാതിരുന്നോളിന്‍ ഞാന്‍ പള്ളിയില്‍ വരുന്നത് നിര്‍ത്തും'' .
പിന്നീട് മുക്രി ആ കാര്യം മിണ്ടിയിട്ടില്ല പുള്ളിക്ക് മനസ്സിലായിക്കാണും ഇത് ''തിന്നാവുല്‍ ഇസ്ലാം കമ്പനി'' ആണ് എന്ന് .
എന്റെ നല്ല നടപ്പ് കണ്ട പള്ളി കമ്മറ്റി ഭാരവാഹികള്‍ പള്ളിയുടെ ഭരണ കാര്യങ്ങളില്‍ സഹായിക്കാന്‍ ആവശ്യപ്പെടുകയും ഞാന്‍ അതിനു തയ്യാറാവുകയും ചെയിതു. അപ്പോള്‍ മഹല്ല് കാരണവന്‍ മാരുടെ ഇടയില്‍ നല്ല കുട്ടിയായി , അങ്ങിനെയാണ് പാവം എന്റെ അമ്മോശന്‍ എന്റെ വലയില്‍ വീണത് .എന്തായാലും അക്കാലം മുതല്‍ നിസ്കാരവും നോമ്പും നിലനിര്‍ത്തിപ്പോരുന്നു അല്‍ ഹമ്ദുലില്ലാഹ് .
എന്റെ വീടിനടുത്തുള്ള അവറാനിക്ക (പേര് സാങ്കല്‍പ്പികം ,മഹല്ലില്‍ ഇല്ലാത്ത ഒരു പേര് ആലോചിച്ചു അവസാനം കിട്ടിയ പേരാണ് .)ഇടയ്ക്കിടയ്ക്ക് മൌലൂദ് കഴിക്കും , പല തരാം മൌലൂദ്കള്‍ ഉണ്ട് പുള്ളിയുടെ സ്പെഷല്‍ മൌലൂദു ആണ് യാഹൂം തങ്ങള്‍ മൌലൂദ് (ബി പി അങ്ങാടി ജാറത്തില്‍ അന്ത്യ വിശ്രമം കൊള്ളുന്ന മഹാനവര്കള്‍ ആണ് യാഹൂം തങ്ങള്‍ ) നമ്മുടെ മുസ്ലിയാക്കള്‍ ആ മൌലൂദ് എഡിറ്റു ചെയിതു അവതരിപ്പിക്കുന്നത് ഞാന്‍ കൌതുകത്തോടെ കെട്ടിരിക്കാറുണ്ട് .
അവറാന്‍ക്ക വെള്ളിയാഴ്ചയും വല്ല്യ പെരുന്നാളിനും മാത്രമേ പള്ളിയില്‍ വരാറുള്ളൂ ,എനിക്കെന്തോ പുള്ളിയുടെ ഈ പരിപാടി തീരെ പിടിച്ചില്ല .
ഒരു ദിവസം ഞാന്‍ മുഖത്തു നോക്കി കാര്യം പറഞ്ഞു .
''നിങ്ങള്‍ ഈ മൌലീദു കൊണ്ട് രക്ഷപ്പെടില്ല, നിസ്ക്കരിക്കണം! നിസ്ക്കാരം നിര്‍ബന്ധമാണ്'' .
എന്തായാലും എന്റെ ഉപദേശത്തിനു ഫലം ഉണ്ടായി പിന്നീട് പുള്ളിക്കാരന്‍ മൌലൂദിനു എന്നെ വിളിച്ചിട്ടില്ല .അങ്ങിനെ ആ നൈചോറും ബീഫ് മസാലയും കിട്ടാഖനി ആയി !!
ഒരു ദിവസം ഞാനും എന്റെ ഏറ്റവും അടുത്ത ഒരു സുഹ്ര്‍ത്ത് സുലൈമാനും കൂടി അവറാന്‍ക്കയുടെ വീടിനടുത്ത് കൂടി പോകുമ്പോള്‍ നല്ല ബീഫ് മസാലയുടെ മണം മൂക്കില്‍ തുളച്ചു കയറുന്നു .
അപ്പോള്‍ എന്റെ കൂട്ടുകാരന്‍ , ''എടാ --------------(വിട്ട ഭാഗം അവന്‍ എന്നെ വിളിക്കാറുള്ള പേരാണ് ,അവന്‍ മാത്രമേ വിളിക്കൂ, അതും മറ്റാരും കേള്‍ക്കാതെ വിളിക്കുകയുള്ളൂ ആ അവകാശം ഞാന്‍ അവനു ദാനം തീരു കൊടുത്തതാണ് ). എനിക്ക് നല്ലം വിശക്കുന്നുണ്ട് അയാള്‍ എന്നെയും മൌലൂദ് നു വിളിക്കാറുള്ളതാണ് നിന്റെ കൂടെയുള്ള നടത്തം കാരണം അത് മുടങ്ങി'' .
ഞാന്‍ പറഞ്ഞു ,''നിനക്ക് ഇപ്പോള്‍ എന്താ വേണ്ടത് ആ ബീഫു കറി കൂട്ടി നൈചോര്‍ കഴിക്കണം അത്രയല്ലെ ഉള്ളൂ'' .
അവന്‍ ചൂടായി തുടങ്ങി ,''നിന്റെ ബാപ്പ വെളമ്പി തരുമോടാ ...''
ഞാന്‍ പറഞ്ഞു ''മിണ്ടാതെ എന്റെ കൂടെ നടക്കഡാ ബലാലെ നിന്റെ പൂതി ഞാന്‍ തീര്‍ത്ത് തരാം''.
ഞങ്ങള്‍ ഇടവഴിയില്‍ നിന്നും അവറാന്‍ക്കയുടെ അടുക്കള മുറ്റത്തേക്ക് കയറി ,അവിടെ പണ്ടാരി മോയിതീന്‍ പഞ്ചാര വര്‍ത്താനത്തില്‍ ആണ് ചുറ്റിലും കുറച്ചു പെണ്ണുങ്ങളും ഉണ്ട് .
ഞാന്‍ മോയിദീനോട് ചോദിച്ചു ''എന്താ മോയിദീന്‍ക്കാ പരിപാടി ?''.
മോയിദീന്‍ : ''ചെറിയ ഒരു മൌലൂദ് ആണ്. കുറച്ചു ഇറച്ചീം ചോറും ഉണ്ടാക്കിയിട്ടുണ്ട് ,അവറാന്റെ മരുമോന്‍ വരൂന്നു പറഞ്ഞത് കൊണ്ട് അഞ്ചാറു ആള്‍ക്കാര്‍ക്കുള്ള നെയിച്ചോറും ഉണ്ടാക്കിയിട്ടുണ്ട്'' .
ഞാന്‍ ചോദിച്ചു ''എവിടെ നെയിചോര്‍ കാണട്ടെ''. മോയിദീന്‍ പാത്രത്തിന്റെ മൂടി തുറന്നു.
''ഇതാണോ ആറാള്‍ക്കുള്ള നെയിചോര്‍ ഇത് എനിക്കും സുലൈമാനക്കും കൂടി തികയില്ല'',ഞാന്‍ പറഞ്ഞു .
ഇത് കേട്ടുകൊണ്ടാണ് അവറാന്‍ക്ക അങ്ങോട്ട് വന്നത്, ഞാന്‍ പറഞ്ഞ കാര്യം മോയിദീന്‍ അവറാന്‍ ക്കാക്ക് വിശദീകരിച്ചു കൊടുത്ത് .എന്തിനു ഏതിനും പന്തയം വെക്കുന്ന അവറാന്‍ക്കയുടെ പന്തയ വികാരം ഉണര്‍ന്നു .
ദേഷ്യത്തില്‍ അവറാന്‍ക്ക "എന്നാല്‍ നിങ്ങള് രണ്ടാളും കൂടി അത് തിന്നാണ് , അതൊന്നു കാണാമല്ലോ !''
മോയിദീനും കൂടി നിന്നിരുന്ന പെണ്ണുങ്ങളും അവറാന്‍ക്കയെ പ്രോത്സാഹിപ്പിച്ചു .വെല്ലു വിളി സ്വീകരിച്ച എന്റെ മുഖത്തേക്ക് അന്തം വിട്ടു നോക്കി നിന്നിരുന്ന കൂട്ടുകാരനോട് ഞാന്‍ പറഞ്ഞു ,''ഇരിക്കാടാ സുലൈമാനെ ഞമ്മള്‍ ആരാണെന്ന് ഇവര്‍ക്ക് കാണിച്ചു കൊടുക്കാം'' .
കൂട്ടുകാരന്‍ മനമില്ലാ മനസ്സോടെ ഇരുന്നു .ഞങ്ങള്‍ ആവശ്യത്തിനു തിന്നു. വയറു നിറഞ്ഞ സുലൈമാന്‍ എന്റെ മുഖത്തേക്ക് നോക്കിയപ്പോള്‍ ഞാന്‍ എഴുന്നേല്‍ക്കാന്‍ കണ്ണ് കൊണ്ട് സിഗ്നല്‍ കൊടുത്ത് .
പ്ലൈറ്റില്‍ ഇട്ടിരുന്ന അവസാനത്തെ ബീഫു കഷ്ണവും വായിലിട്ടു ചവച്ചു കൊണ്ട് ഞാന്‍ പറഞ്ഞു "അവറാന്‍ക്ക നിങ്ങള് തന്നെ ജയിച്ചിരിക്കുന്നു ഇത് ഞങ്ങള്‍ രണ്ടാളെകൊണ്ട് തിന്നാന്‍ പറ്റില്ല ".
ഒരു യുദ്ധം ജയിച്ച യോദ്ധാവിന്റെ ഭാവവുമായി നില്‍ക്കുന്ന അവരാന്ക്കയുടെ മുന്നില്‍ നിന്നും ഞാന്‍ മുങ്ങുമ്പോള്‍ ,കാര്യം പിടികിട്ടിയ പണ്ടാരി മോയിദീന്‍ അന്തം വിട്ടു നില്‍ക്കുന്നുണ്ടായിരുന്നു .
കൂട്ട് കാരെ, പ്രവാചകന്റെ ജനനം കൊണ്ട് അനുഗ്രഹീതമായ ഈ മാസത്തില്‍ നിങ്ങളുടെ ഭക്ഷണ കാര്യങ്ങളില്‍ മിതത്ത്വം പാലിച്ചു കുറച്ചു സംഖ്യ മിച്ചം വെച്ച് ആശുപത്രിയില്‍ കിടക്കുന്ന, രോഗം മൂലം കഷ്ടപ്പെടുന്ന രോഗികളെ സഹായിക്കണമെന്ന് അപേക്ഷിക്കുന്നു .അതായിരിക്കട്ടെ നിങ്ങളുടെ പ്രവാചക സ്നേഹം .
No comments:
Post a Comment