Tuesday, January 7, 2014

നിക്ക കള്ളി ഇല്ലാതെ നില്‍ക്കുമ്പോഴാ അവന്റെ ഒരു ചെക്ക് കള്ളി


പണ്ട് കാലത്ത് ഗള്‍ഫില്‍ നിന്ന് കൊണ്ടുവരുന്ന തുണിത്തരങ്ങള്‍ക്ക് നാട്ടില്‍ നല്ല പ്രിയമായിരുന്നു എല്ലാവര്‍ക്കും .
  ഓരോ കാലത്തും ഓരോ തരാം മോഡല്‍ തുണികള്‍ ഇവിടെ നിന്നും നാട്ടിലെത്തി എല്ലാവരുടെയും മനസ്സ് പിടിച്ചുപറ്റിയിട്ടുണ്ട്.   എ സി ,ചെക്ക്കള്ളി .ഈഗിള്‍ ,ചൈനസില്‍ക്ക് എന്നിങ്ങനെ പലപ്പോഴായി പല പേരിലും ഓരോ മോഡല്‍ തുണികള്‍ ഗള്‍ഫില്‍ നിന്നും നാട്ടിലെത്തി .
ഗള്‍ഫ് തുണികളില്‍ ചെക്ക്കള്ളി എന്ന മോഡല്‍ തുണി ജ്വരം പടര്‍ന്നു പിടിച്ച സമയത്താണ് നമ്മുടെ സുലൈമാന്റെ ഉപ്പയെ  ജിദ്ദയില്‍ നിന്നും ജവാസാത്ത് പിടിച്ചു നാട്ടിലേക്ക് കയറ്റി വിടുന്നത് . പുള്ളിക്കാരന്‍ നാട്ടിലെത്തി പെട്ടി തുറന്നു ഓരോ സാധനങ്ങളും ഓരോരുത്തര്‍ക്കും വീതിച്ചു കൊടുത്തുകൊണ്ടിരിക്കുമ്പോള്‍ സുലൈമാന്‍ വളരെ ആകാംക്ഷയോടെ പെട്ടിയിലേക്ക് നോക്കി ഇരിക്കുകയാണ് .അവനു ഉപ്പ  കൊണ്ട് വരുന്ന  ചെക്ക് കള്ളി ഷര്‍ട്ട്‌ ഇടുവാന്‍ അതിയായ മോഹം ഉണ്ടായിരുന്നു .പെട്ടിയില്‍ പരതിയിട്ടോന്നും ചെക്ക് കള്ളി ഷര്‍ട്ടിന്റെ തുണി കാണാനില്ല .ക്ഷമ നശിച്ച അവന്‍ ഉപ്പാനോട് ചോദിച്ചു ഉപ്പ എനിക്ക് ചെക്ക് കള്ളി ഷര്‍ട്ട്‌ തുണി കൊടുന്നിട്ടില്ലെ ?
സുലൈമാന്റെ ഉപ്പ :മുണ്ടാണ്ട് പോയിക്കവിടുന്നു ഹമുക്കെ !!മന്‍സന്‍ അവട്ന്നു നിക്കക്കള്ളി ഇല്ലാതെ ആണ് വന്നിരിക്കുന്നത്, അപ്പോഴാ അവന്റൊരു ചെക്ക് കള്ളി .
   ഇത് കേട്ട സുലൈമാന്റെ പ്രജ്ഞയറ്റുപോയി .പിന്നെ അവനു ചെക്ക് കള്ളി ഷര്‍ട്ടിടാന്‍ വീണ്ടും കുറെ കാലം കാത്തിരിക്കേണ്ടി വന്നു .

            ആയിടെ എന്റെ ഒരു അകന്ന ബന്ധു, അകന്നേന്നു വച്ച,   എളെമ്മെടെ നാത്തൂന്റെ അമ്മായിഅമ്മയുടെ ആങ്ങളയുടെ ഭാര്യയുടെ ജേഷ്ടന്റെ ആളിയന്‍ ഗള്‍ഫീന്ന് വന്നത് .പുള്ളിക്കാരന്‍ വീട്ടില്‍ വന്നപ്പോള്‍ എനിക്കും ഉപ്പാക്കും ഓരോ ചെക്ക് കള്ളി ഷര്‍ട്ടിന്റെ ഒരേ കളര്‍ തുണി തന്നു .അത് രണ്ടു പേര്‍ക്കും ടൈലര്‍ നാരായണന്‍ കുട്ടി നായര്‍ നന്നായി തയിച്ചു തന്നു .അങ്ങിനെ ചെക്ക് കള്ളി ഷര്‍ട്ടിടാനുള്ള എന്റെ മോഹം പൂവണിഞ്ഞു .
        ആയിടെയാണ് തൊട്ടടുത്ത  നാട്ടില്‍ ഒരു ക്ലബ്ബിന്റെ വാര്‍ഷികാഘോഷം വരുന്നത് .വാര്‍ഷികത്തിന് കേരളത്തിലെ വലിയ ഗായകരോക്കെ വരുന്നുണ്ടെന്നു നോട്ടീസും അനൌണ്സ്മെന്റും എല്ലാം ഉണ്ടായിരുന്നു .ഞാനും സുലൈമാനും ഗാനമേള കേള്‍ക്കാന്‍ വീട്ടുകാരെ പറ്റിച്ചു എങ്ങിനെ പോകും എന്ന് തല പുകഞ്ഞു ആലോചിച്ചു ,നേരാവണ്ണം ചോദിച്ചാല്‍ രണ്ടുപേരുടെ വീട്ടില്‍ നിന്നും പറഞ്ഞയക്കില്ല .അവസാനം രണ്ടു പേരും ഒരു ഐടിയ കണ്ടെത്തി . "ഓപെറേഷന്‍ ഗാനമേള" എന്ന പേരില്‍ ഒരു പദ്ധതി ആസൂത്രണം ചെയിതു നടപ്പാക്കാന്‍ തീരുമാനിച്ചു .
       ക്ലബ്ബ് വാര്‍ഷികത്തിന്റെ ദിവസം വന്നെത്തി ഞങ്ങളുടെ തീരുമാനം അനുസരിച്ച് ഞാന്‍ സുലൈമാന്റെ വീടിന്റെ പടിക്കല്‍ പോയി നിന്നു സുലൈമാനെ വിളിച്ചു :സുലൈമാനേ .................
അപ്പോള്‍ സുലൈമാന്റെ വീട്ടു മുറ്റത്തു ഉണക്കാനിട്ടിരുന്ന നെല്ല് വാരി വെക്കുകയായിരുന്ന അവന്റെ ഉമ്മ അകത്തോട്ടു നോക്കിക്കൊണ്ട്‌ :ഇതെടാ സുലൈമാനെ നിന്നെ ബഷീര്‍ വിളിക്കുന്നു .
  ഇത് കേട്ടു കൊണ്ട് സുലൈമാന്‍ വീട്ടിനകത്ത് നിന്നും പുറത്തു വന്നു കയ്യില്‍ ഒരു ചെറിയ നോട്ടു ബൂക്കുണ്ട് ,  അവന്റെ ഉപ്പ ഗള്‍ഫീന്ന് കൊടുന്നനല്ല കളര്‍ ഫുള്ളായ  ഒരു കര്‍ചീഫ്‌ കഴുത്തിലൂടെ ചുറ്റിയിട്ടുണ്ട്, ഷര്‍ട്ട്‌ ഇട്ടിട്ടില്ല ഷര്‍ട്ട് മുന്‍ തീരുമാനം അനുസരിച്ച് അരയില്‍ കെട്ടി വെച്ച് അതിനു മുകളില്‍ മുണ്ട് ഉടുത്താണ് അവന്റെ വരവ് . അവന്‍ നടന്നു ഉമ്മാന്റെ അടുത്തെത്തിയപ്പോള്‍ കുനിഞ്ഞു നിന്ന് നെല്ല് വാരുകയായിരുന്ന ഉമ്മ നിവര്‍ന്നു നോക്കി  ഉം എവിടെക്കാ എന്നുള്ള ഭാവത്തില്‍ . അവന്‍ പറഞ്ഞു: ഞാന്‍ ബഷീറിന്റെ വീട്ടില്‍ പോയിരുന്നു പഠിക്കാം ഉമ്മ .അവിടെ ആവുമ്പോള്‍ എന്തെങ്കിലും സംശയം ഉണ്ടെങ്കില്‍ പരസ്പരം തീര്‍ക്കാമല്ലോ!!! .ഇത് കേട്ട അവന്റെ ഉമ്മയുടെ മുഖം സന്തോഷം കൊണ്ട് തെളിഞ്ഞു .ന്റെ കുട്ടി പഠിക്കാന്‍ എന്തോരാഗ്രഹമുള്ള കുട്ടിയാണെന്ന് ഓര്‍ത്തു ആ ഉമ്മയുടെ മനസ്സ് ആനന്ദപുളകിതമായതു അകലെ നിന്ന് അവരുടെ മുഖത്തേക്ക് നോക്കി നിന്നിരുന്ന എനിക്ക് വായിച്ചെടുക്കാന്‍ കഴിയുമായിരുന്നു .
       ഞങ്ങളുടെ ഓപെറേഷന്‍ ഗാനമേളയുടെ ആദ്യ ഘട്ടം അവിടെ കഴിഞ്ഞു .രണ്ടാം ഘട്ടം എന്റെ വീട്ടില്‍ ആണ് .സുലൈമാന്‍ വീട്ടു പടിക്കല്‍ വന്നു നിന്ന് എന്നെ വിളിച്ചു . ആടുകള്‍ക്ക് വെള്ളം കൊടുക്കുകയായിരുന്ന ഉമ്മ ഇത് കേട്ടു ,എടാ നിന്നെ ഇതേടാ സുലൈമാന്‍ വിളിക്കുന്നു .ഞാന്‍ ഒരു ചെറിയ നോട്ടു ബുക് എടുത്തു കൊണ്ട് പുറത്തിറങ്ങി ചുരുട്ടി അരയില്‍ തിരുകി വെക്കാന്‍ കഴിയുന്ന രൂപത്തില്‍ ഉള്ള ബുക്ക്‌ ആണ് രണ്ടു പേരും എടുത്തിരിക്കുന്നത് .ഷര്‍ട്ട്‌ അരയില്‍ ചുറ്റി അതിനു മുകളില്‍ മുണ്ടുടുത്താണ്‌ ഞാന്‍ മുറ്റത്തേക്ക്‌ ഇറങ്ങിയത്‌ .ഇറങ്ങുന്നതിനിടയില്‍ ഞാന്‍ ഉമ്മാനോട് പറഞ്ഞു :ഉമ്മ ഞാന്‍ സുലൈമാന്റെ വീട്ടില്‍ പോയിരുന്നാണ്  പഠിക്കുന്നത് എന്തെങ്കിലും സംശയം ഉണ്ടെങ്കില്‍ അവന്റെ ജ്യേഷ്ടന്‍ പറഞ്ഞു തരുമല്ലോ !! .     പോകുമ്പോള്‍ ആ ടോര്‍ച്ചും എടുത്തോ തിരിച്ചു വരുമ്പോള്‍ ഇരുട്ടാവും ആട്ടിന്‍ കുട്ടികളെ കൂട്ടില്‍ കയറ്റുന്നതിനിടയില്‍ ഉമ്മ പറഞ്ഞു .ടോര്‍ചെടുക്കാന്‍ അകത്തേക്ക് പോകുന്നതിനിടയില്‍ പെങ്ങള്‍ കോലായില്‍ നില്‍ക്കുന്നു എന്റെ മുഖത്തേക്ക് നോക്കി ഒരു കള്ളച്ചിരി ,പടച്ചോനേ ...പഹചിക്ക് പുടി കിട്ടിയോ ഞാന്‍  തെല്ലൊന്നു ഭയന്നു ,ഞാന്‍ കണ്ണുരുട്ടിക്കൊണ്ട് അവളുടെ മുഖത്തേക്ക് നോക്കി കൊണ്ട് ചോദിച്ചു ; ന്താടീ നീ നോക്കുന്നത് .അവള്‍ ചിരിച്ചു കൊണ്ട് പറയുകയാണ്‌ എനിക്കറിയാം,  ഇക്കാക സുലൈമാന്റെ വീട്ടീ പോണത് ടൈപ് റിക്കാര്‍ഡില്‍ പാട്ട് കേക്കാനല്ലെ .....?.ഹാവൂ സമാധാനം ആയി അവള്‍ക്കു  സംഗതി മനസ്സിലായിട്ടില്ല .        ഞങ്ങള്‍ രണ്ടുപേരുടെയും സുഹ്ര്‍ത്തുക്കള്‍ ആയ ബാലനും ഉണ്ണിയും ദാസനുംഞങ്ങളുടെ കൂടെഗാനമേളക്ക്  ഉണ്ടായിരുന്നു .ഞങ്ങളെല്ലാവരും കൂടെ പുറപ്പെട്ടു .വിളഞ്ഞു നില്‍ക്കുന്ന നെല്‍പ്പാടത്തിന്റെ വരമ്പിലൂടെ ഞങ്ങള്‍ ഗാനമേള സ്ഥലം ലക്‌ഷ്യം വെച്ചുകൊണ്ട് നടന്നു .ടാറിട്ട റോഡില്‍ കയറാനായപ്പോള്‍ ഉണ്ണി പറഞ്ഞു :ഡാ റോഡില്‍ കയറാനായി ഇനി ആ ഷര്‍ട്ട്‌ എടുത്തു ഇടിനെടാ ...
ഞങ്ങള്‍ അരയില്‍ നിന്നും ഷര്‍ട്ട്‌ എടുത്തിട്ടു . ഞാന്‍ ഷര്‍ട്ടിന്റെ ബട്ടന്‍ ഇട്ടുകൊണ്ടിരിക്കുംപോള്‍  എന്തോ ഒരു കുഴപ്പം പോലെ നോക്കുമ്പോള്‍ ഷര്‍ട്ട്‌ മാറിയിരിക്കുന്നു .ആരും കാണാതെ അയയില്‍ നിന്നും  എടുത്തു അരയില്‍ കെട്ടിയത് ഉപ്പാന്റെ ശര്ട്ടായിരുന്നു .രണ്ടാളുടെയും ഒരേ കളര്‍ ചെക്ക് കള്ളി ഷര്‍ട്ട്‌ ആയതുകൊണ്ട് പറ്റിയ അമളി  .
    ഇത് കണ്ടു കൊണ്ട് എല്ലാവരും ഭയങ്കര ചിരി !!വലിയ നാണക്കേടായിപോയി ,ഇനിയെന്താ ചെയ്യുക ഈ കോലത്തില്‍ അങ്ങാടിയില്‍ കൂടി ഇപ്പോള്‍ പോകാന്‍ പറ്റില്ല .തല്‍ക്കാലം ഒരാള്‍ പോയി കപ്പലണ്ടി വാങ്ങി വരിക ഇരുട്ടുവോളം ഈ റോഡരികിലെ കരിങ്കല്‍ ഭിത്തിയില്‍ ഇരിക്കാം ഇരുട്ടിയാല്‍ ഗാനമേള നടക്കുന്ന ഗ്രൌണ്ടിലേക്ക് പോകാം എന്ന് പറഞ്ഞു സുലൈമാന്റെ കയ്യിലുണ്ടായിരുന്ന  ടവ്വല്‍ ഷര്‍ട്ടിനു മുകളില്‍ കൂടി പുതച്ചുകൊണ്ട് ഞാന്‍ അവരുടെ നടുവില്‍ ആയി റോഡു സൈഡിലെ കരിങ്കല്‍ ഭിത്തിയില്‍ ഇരുട്ടാവുവോളം ബാലന്‍ കൊടുന്ന കപ്പലണ്ടിയും കൊറിച്ചു കൊണ്ട് ഇരുന്നു .

                സുലൈമാന്‍ വിശേഷം തീരുന്നില്ല !!

2 comments:

  1. എളെമ്മെടെ നാത്തൂന്റെ അമ്മായിഅമ്മയുടെ ആങ്ങളയുടെ ഭാര്യയുടെ ജേഷ്ടന്റെ ആളിയന്‍ ഗള്‍ഫീന്ന് വന്നത്

    ithara enikku manasilayilla

    ReplyDelete
  2. എനിക്കും മനസ്സിലായിട്ടില്ല .

    ReplyDelete