Friday, July 25, 2014

മീന്‍ പിടുത്തം

ഭാരതപ്പുഴയും, തിരൂര്‍-പോന്നാനിപ്പുഴയും ഒന്നിച്ചു ചേര്‍ന്നു ഒരു സ്ഥലത്ത് വെച്ച് അറബിക്കടലില്‍ ചെന്ന് ചേരുന്ന സ്ഥലം ആണ് പുറത്തൂര്‍ പഞ്ചായത്തിലെ പടിഞ്ഞാറേക്കര. ഇവിടം ഇപ്പോള്‍ ഒരു ടൂറിസ്റ്റ് കേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്നു .


            തിരൂര്‍ പൊന്നാനിപ്പുഴ അഴിമുഖത്ത് എത്തുന്ന ഭാഗങ്ങളില്‍ മുന്‍കാലങ്ങളില്‍ നല്ല മത്സ്യ സമ്പത്ത്  ഉണ്ടായിരുന്നു  എന്റെ ഒക്കെ ചെറുപ്പകാലത്ത് .ഇപ്പോള്‍ മത്സ്യം കുറഞ്ഞു കൊണ്ടിരിക്കുന്നു . അമ്പത് വര്‍ഷങ്ങള്‍ക്കു ശേഷം നമ്മുടെ കടലില്‍ ഒരു നത്തോലി പോലും കാണില്ല എന്നാണു മത്സ്യ സമ്പത്തിനെ കുറിച്ചുള്ള പഠനം വ്യക്തമാക്കുന്നത് .

                                   പുറത്തൂരിലെയും പരിസര പ്രദേശങ്ങളിലെയും ചിലര്‍ ഈ പുഴയില്‍ നിന്നും ഒറ്റല്‍ (മുള ഉപയോഗിച്ച് ഉണ്ടാക്കുന്ന പെണ്‍കുട്ടികളുടെ പാവാടയുടെ ആക്ര്തിയില്‍    മീന്‍ പിടിക്കാന്‍ ഉപയോഗിക്കുന്ന ഒരു  ഉപകരണമാണ് ഒറ്റല്‍) ഉപയോഗിച്ച് മീന്‍ പിടിക്കുന്നത്‌ ഒരു നല്ല ഹോബിയായിരുന്നു.    .ചിലര്‍ക്ക് അതൊരു ഉപജീവന മാര്‍ഗവും ആയിരുന്നു .നല്ല അദ്ധ്വാനം ഉള്ള ജോലി ആണ് ഈ മീന്‍ പിടുത്തം .നല്ല ഒഴുക്കുള്ളതും ചതുപ്പ് നിറഞ്ഞതും ആയ പുഴയുടെ അടിഭാഗം അപകടം പതിയിരിക്കുന്ന സ്ഥലമാണ് .ഇങ്ങനെ പിടിക്കുന്ന മീനിനു എന്താണാവം നല്ല രുചി ആണ് .വേലിയേറ്റവും വേലിയിറക്കവും നോക്കി ആണ് മീന്‍ പിടിക്കാന്‍ ഇറങ്ങുക .അക്കാലത്തെ ചെറുപ്പക്കാര്‍ക്ക് ഒരു ത്രില്ലടിക്കുന്ന ഹോബി തന്നെയായിരുന്നു ഈ രീതിയില്‍ ഉള്ള മീന്‍പിടുത്തം .

                                      ഞാനും സുലൈമാനും, ഞങ്ങളുടെ പ്രായക്കാര്‍ ആയ രണ്ടു മൂന്നുപരും കൂടി ഒരു ദിവസം കുറച്ചു കാരണവന്മാരുടെ കൂടെ ഒറ്റാന്‍ പോയി (ഈ രീതിയില്‍ മീന്‍ പിടിക്കുന്നതിനു ഒറ്റുക എന്നാണു പറയുക ).പുഴയില്‍ ഇറങ്ങുമ്പോള്‍ തന്നെ മുതിര്‍ന്നവര്‍ ഞങ്ങള്‍ക്ക് പുഴയില്‍ സ്വീകരിക്കേണ്ട സുരക്ഷാ മാര്‍ഗങ്ങളും ഞങ്ങള്‍ക്ക് ഒറ്റാന്‍ ഉള്ള സ്ഥലവും കാണിച്ചു തന്നിരുന്നു .പുതുതായി ചെല്ലുന്നവര്‍ക്ക് സുരക്ഷിതമായ ഇടത്ത് മാത്രമേ മീന്‍ പിടിക്കാന്‍ അനുവദിക്കുകയുള്ളൂ .മീന്‍ ഒറ്റലില്‍ കുടുങ്ങിയാല്‍ ഒരു പ്രത്യേക വൈബ്രേഷന്‍ ഉണ്ടാവും ഒറ്റലിനു, അപ്പോള്‍ ഒറ്റലില്‍ കയ്യിട്ടാല്‍ മീന്‍ കിട്ടും .ചിലപ്പോള്‍ ഞെണ്ട് കുടുങ്ങിയാല്‍ നല്ല കടിയും കിട്ടും അപകടകാരികളായ മീനുകള്‍ ആക്രമിക്കുകയും ചെയ്യും .പക്ഷെ വിദഗ്ദരായ മുതിര്‍ന്നവര്‍ വന്നു മീന്‍ പിടിക്കാന്‍ സഹായിക്കും .  മുമ്പൊരിക്കല്‍ ചക്ക തിന്നു കൊണ്ട് ഒറ്റാന്‍ പോയ ഒരാളെ ഞെണ്ട് കടിക്കുകയും വേദന കൊണ്ട് രണ്ടാം കാര്യം സാദിച്ചപ്പോള്‍ ദഹിക്കാതെ കിടന്നിരുന്ന ചക്ക ചുള വെള്ളത്തില്‍ പൊങ്ങി വന്ന കഥ തമാശയായി  പഴമക്കാര്‍ പറയുന്നത് കേട്ടിട്ടുണ്ട് .

                                     കടലിനോടു ചേര്‍ന്നു കിടക്കുന്ന സ്ഥലമായത് കൊണ്ട് ഇവിടെ തിരണ്ടി മത്സ്യവും കിട്ടും .തിരണ്ടിയെ പിടിക്കാന്‍ കുറച്ചു വൈദഗ്ദ്യം തന്നെ വേണം .ഇതിന്റെ വാലില്‍ ഒരു മുള്ളുണ്ട് ആ മുള്ള് കൊണ്ടാല്‍ മാരക  വിഷമാണെന്നും മുറിവ് ഉണങ്ങില്ലെന്നും ആണ് കേള്‍വി .നമ്മുടെ ഒറ്റലില്‍ തിരണ്ടി കുടുങ്ങിയാല്‍ പിടിച്ചു കൊടുക്കുന്ന വിധഗ്ദന് പാതി കൊടുക്കണം എന്നാണു പുഴയിലെ നിയമം .അത് കൊണ്ടാണോ തിരണ്ടി മുള്ളിനെ ഭീകരനാക്കിയത് എന്ന് ഒരു സംശയം ഉണ്ട് .ഇങ്ങനെയുള്ള ഒരു തിരണ്ടി പിടിക്കല്‍  വിദഗ്ദനാണ് അലികുട്ടി .

                      ഞങ്ങള്‍ ഒറ്റാന്‍ ആരംഭിച്ചു ,ചെറിയ ചെറിയ മീനുകള്‍ ഒക്കെ കിട്ടുന്നുണ്ട്‌ .ഇതിനിടയില്‍ സുലൈമാന്റെ ഒറ്റലില്‍ തിരണ്ടി കുടുങ്ങിയോ എന്നൊരു സംശയം കയ്യിടാന്‍ പേടി !!വിവരം മുതിര്‍ന്നവരോട് വിളിച്ചു പറഞ്ഞു ,ഒറ്റല്‍ നല്ലവണ്ണം അമര്‍ത്താന്‍ അലികുട്ടിക്ക നിര്‍ദ്ദേശം നല്‍കി പുള്ളി കുറച്ചു അകലെയാണ് നില്‍ക്കുന്നത് .സുലൈമാന്‍ അമര്‍ത്തിയപ്പോള്‍ ഒറ്റല്‍ തിരിച്ചൊരു തള്ളല്‍ ,ഈ വിവരം അലികുട്ടിക്കായോടു പറഞ്ഞപ്പോള്‍ അലികുട്ടിക്ക ഞങ്ങളോട് മൂന്നുപെരോട് ഒറ്റല്‍ അമര്‍ത്തി പിടിക്കാന്‍ പറഞ്ഞു .ഞങ്ങള്‍ മൂന്നു പേരും അമര്‍ത്തുന്നുണ്ട് പക്ഷെ അടിയില്‍ കിടക്കുന്ന തിരണ്ടി ഞങ്ങളേക്കാള്‍ ശക്തിയുള്ളവനാനെന്നു തോന്നുന്നു ഇങ്ങോട്ട് തന്നെ തള്ളുന്നു .ഞങ്ങളില്‍ ഒരാള്‍ ഒറ്റലിനു മുകളില്‍ കയറി നിന്നു അപ്പോഴവന്‍ ഒന്നൊതുങ്ങിയത്

                                                   അലികുട്ടിക്ക ഞങ്ങളുടെ അടുത്തു എത്തി പാതി കിട്ടാന്‍ പോകുന്ന തിരണ്ടിയുടെ വലിപ്പം ഓര്‍ത്തിട്ടാവണം പുള്ളി നല്ല ഹാപ്പിയാണ് .തലയില്‍ ചുറ്റി കെട്ടിയിരിക്കുന്ന മുണ്ടിനിടയില്‍ നിന്നും ഒരു സാധു ബീഡി എടുത്തു പുകച്ചു കൊണ്ട് പറഞ്ഞു "നിങ്ങളുടെ മൂന്നാള്ടെയും ശക്തിയെ തോല്പിക്കാന്‍ കഴിവുള്ളവന്‍ ആണ് ഒറ്റാലില്‍ എങ്കില്‍  അവന്‍ ഭയങ്കരന്‍ ആണ്. ഒറ്റല്‍ അവന്‍റെ ശരീരത്തിന്റെ മുകളില്‍ ആണ് ഇരിക്കുന്നത് അതാണ്‌ ഇങ്ങോട്ട് തള്ളുന്നത് .ഇങ്ങനെ തിരണ്ടി പെട്ടാല്‍ പിടിക്കാന്‍ ബുദ്ധിമുട്ടാണ് ചിലപ്പോള്‍ ചാടി പോകാനും വഴിയുണ്ട്" . എന്തെങ്കിലും കയ്യബദ്ധം പറ്റിയാല്‍ മുന്‍‌കൂര്‍ ജാമ്യം എടുത്തതാണ് എന്ന് എനിക്കാ സംസാരത്തില്‍ നിന്നും മനസ്സിലായി .

                                     ബീഡി കുറ്റി വലിച്ചെറിഞ്ഞു പുള്ളി ഒറ്റലില്‍ കയ്യിട്ടു കൊണ്ട് പറഞ്ഞു  "ഇവന്‍ ചളിയില്‍ പൂണ്ടു കിടക്കുകയാണ് പിടിക്കാന്‍ കുറച്ചു ബുദ്ധിമുട്ടാണ് സുലൈമാനെ" . 

  
എങ്ങനെയെങ്കിലും പിടിച്ചു തരിന്‍ എന്നാ ഭാവത്തോടെ സുലൈമ്മന്‍ ഒന്ന് മൂളി . അലികുട്ടിക്ക ഒറ്റലില്‍ നിന്നും കയ്യെടുത്ത് ദേഷ്യത്തോടെ സുലൈമാന്റെ മുഖത്തു നോക്കി കൊണ്ട് 
"നടാടെ ഒറ്റാന്‍ വന്നിട്ട് മനുഷ്യനെ പറ്റിക്കുകയായിരുന്നെടാ ഹമുക്കെ " . 
കാര്യം അറിയാതെ പകച്ചു നില്‍ക്കുന്ന എന്നോട് ,
 "ഒറ്റലില്‍ കയ്യിട്ടു നോക്ക് അപ്പോഴറിയാം" .
          ഞാന്‍ ഒറ്റലില്‍ കയ്യിട്ടു നോക്കി എന്തോ ഒരു നല്ല പരുക്കന്‍ പ്രതലത്തില്‍ പിടികിട്ടി .ഞാന്‍ അതേല്‍ പിടിച്ചു എന്ന് മനസ്സിലാക്കിയത് കൊണ്ടാവണം അലികുട്ടിക്ക , 
"ഇങ്ങട്ട് പോന്തിക്കടാ ബലാലെ....".
 ഞാന്‍ സര്‍വ ശക്തിയും എടുത്തു പൊക്കി .നോക്കുമ്പോള്‍ ഒരു പഴയ ടയര്‍ !!! ബോട്ടുകളുടെ സൈഡില്‍ കെട്ടുന്ന ടയര്‍ അഴിഞ്ഞു വീണു ചളിയില്‍ പൂണ്ടു കിടക്കുകയായിരുന്നു .

"സുലൈമാന്‍ വിശേഷങ്ങള്‍ അവസാനിക്കുന്നില്ല"

1 comment:

  1. രസികന്‍ വിശേഷങ്ങള്‍ തുടരട്ടെ. ആശംസകള്‍.

    ReplyDelete