Saturday, November 14, 2015

റേഡിയോ ചരിതം ആട്ടക്കഥ രണ്ടാം ദിവസം .

ഇടയ്ക്കിടയ്ക്ക് എനിക്ക് പറ്റിയ അബദ്ധങ്ങൾ ബ്ലോഗിലും ഫൈസ് ബുക്കിലും പോസ്റ്റ് ചെയ്യുന്നത് കൊണ്ട് ,

 

''എന്താ ബഷീർക്കാ എപ്പോൾ അബദ്ധങ്ങൾ ഒന്നും പറ്റാറില്ലേ ?'' , എന്ന് ചിലർ മെസ്സേജിൽ ചോദിക്കുന്നു .

എന്നാ പിന്നെ കുറച്ചു വർഷങ്ങൾക്കു മുമ്പ് പറ്റിയ ഒരബദ്ധം നിങ്ങളുമായി പങ്കു വെക്കാം


ഗള്‍ഫിലെ റേഡിയോയില്‍ പരസ്യം ചെയ്യുന്നവര്‍ക്കു അവരുടെ അത്ര വിവരമേ കേള്‍ക്കുന്നവര്‍ക്ക് ഒള്ളൂ എന്ന് തോന്നും ചില പരസ്യങ്ങള്‍ കേട്ടാല്‍ .ചിലപ്പോഴൊക്കെ എത്ര വല്യ ബുദ്ധിമാന്മാരും ഇവരുടെ  ചതിക്കുഴിയിൽ വീഴുകയും ചെയ്യും .

 

                 ഇവര്‍ വളരെ മോശം ചൈന നിര്‍മിത സാധനങ്ങള്‍ ഇല്ലാത്ത മേന്മകള്‍ പറഞ്ഞു മലയാളികളെ കൊണ്ട് വാങ്ങിപ്പിക്കുന്നു . അധിക കാലം ഈട് നില്‍ക്കാത്ത ഈ വസ്ത്തുക്കള്‍ നമ്മള്‍ നാട്ടില്‍ കൊണ്ട് പോയി ഒന്നോ രണ്ടോ മാസത്തെ ഉപയോഗത്തിന് ശേഷം ഈ സാധനം അലക്ഷ്യമായി വലിച്ചെറിയുന്നു .ഇത് ഗുരുതരമായ പാരിസ്ഥിക പ്രശ്നങ്ങള്‍ക്ക് കാരണമാകും ,

 

                       ഈ പോക്ക് പോയാല്‍ കേരളം ചൈനീസ് ഇലക്ട്രോണിക് സാധനങ്ങളുടെ ശവപ്പറമ്പ് ആയി മാറും .

 

                കഴിഞ്ഞ തവണ നാട്ടില്‍ പോകുമ്പോള്‍ എന്റെ സുഹ്രത്ത് സലിംക്കയോട് യാത്ര പറഞ്ഞപ്പോള്‍ അദ്ധേഹം പറഞ്ഞു. 

                   ''നിങ്ങള്‍ പോകുമ്പോള്‍ എനിക്കൊരു സാധനം കൊണ്ട് പോകാന്‍ ഉണ്ട്''. 

എന്താണ് എന്ന് ചോദിച്ചപ്പോള്‍ അദ്ധേഹം പറഞ്ഞു,  ''ഒരു എമര്‍ജെന്‍സി ലൈറ്റ് ആണ്''. 

 ഞാന്‍ പറഞ്ഞു, '' വാങ്ങിച്ചോളൂ ,എനിക്കും വേണം ഒരെണ്ണം ഏതായാലും പുതിയ വീട്ടില്‍ താമസമാക്കുകയല്ലെ,  വാങ്ങിക്കുമ്പോള്‍ പറയണം''.

 

               രണ്ടു ദിവസത്തിനു ശേഷം സലിംക്ക വിളിക്കുന്നു .''ഞാന്‍ ഐക്കാട് സിറ്റിയില്‍ ഉണ്ട് ഇവിടെ ഒരു സൂപ്പര്‍ മാര്‍ക്കെറ്റില്‍ എമര്‍ജെന്‍സിക്ക് ഓഫെര്‍ ഉണ്ട് ഒരു ടോര്‍ച്ചു ഫ്രീ കിട്ടും''

 ഞാന്‍ ചോദിച്ചു,  ''സാധനം നന്നാവുമോ ?''

 

സലിംക്ക ;  ''നല്ല സാധനം ആണ് മിസ്റ്റെർ ലൈറ്റ് ആണ് കമ്പനി'' .

എനിക്കാണെങ്കില്‍ ഇത്തരം വസ്തുക്കളെ  പറ്റി ഒരു ഐഡിയ യും ഇല്ലാത്തത് കൊണ്ട് ഞാന്‍ പറഞ്ഞു , '';നിങ്ങള്‍ വാങ്ങിക്കുന്നുണ്ടെങ്കില്‍ എനിക്കും വാങ്ങിച്ചോളൂ ''.

 

നാട്ടിലെത്തി രണ്ടാഴ്ച ആയിക്കാണും ഒരു ദിവസം രാത്രി ഇഷാ നമസ്ക്കാരത്തിനു പള്ളിയില്‍ പോയപ്പോള്‍ ഈ ടോര്‍ച്ചും കൊണ്ടാണ് പോയത്. 

ടോര്‍ച് കയ്യില്‍ ഉണ്ടല്ലോ എന്നദൈര്യത്തില്‍ നമസ്ക്കാരത്തിനു ശേഷം പള്ളിയുടെ വരാന്തയില്‍ ഇരുന്നു ,

പള്ളിയിലെ മൌലവിയും കൂട്ടുകാരും ആയി കുറച്ചു നേരം സംസാരിക്കാം എന്ന് കരുതി ഇരുന്നതാണ് .നാട്ടിലായിരുന്ന  കാലത്തുള്ള ഒരു ശീലം ആണ് അത് .

 

 എന്റെ വീടിനടുത്ത് കൂടെ പോകുന്നവര്‍ വരുന്നില്ലെ എന്ന് ചോദിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു ''ഇല്ല ഞാന്‍ കുറച്ചു കഴിയും എന്റെ അടുത്തു ടോര്‍ച്ചു ഉണ്ട്, നിങ്ങൾ പോയിക്കോളൂ '' എന്ന് കുറച്ചു അഭിമാനത്തോടെ പറഞ്ഞു .

കുറച്ചു കഴിഞ്ഞു എല്ലാവരും പള്ളിയില്‍ നിന്നിറങ്ങിയപ്പോള്‍ ഞാനും ഇറങ്ങി.  



 പള്ളിയുടെ ഇടവഴിയില്‍ ഇരുട്ട് ഉള്ളിടത്ത് എത്തിയപ്പോള്‍ ടോര്‍ച്ചു എടുത്തു.ആഹാ നല്ല ലൈറ്റ് കാശ് മുതലായി എന്ന് മനസ്സിൽ ഓർത്തു .

 .രണ്ടു മൂന്നു പ്രാവശ്യം മിന്നിച്ചു നടന്നു. 

കുറച്ചു  കഴിഞ്ഞപ്പോള്‍ ടോര്‍ച്ചിനു ഒരു മങ്ങല്‍ ,

അൽപ സമയം കഴിഞ്ഞപ്പോള്‍ തീരെ വെളിച്ചം ഇല്ല !!,

പിന്നെ കത്താതെയായി .  എന്ത് പറ്റി ?!!


ചാര്‍ജു ചെയിതിരുന്നതാണ്, വീട്ടില്‍ നിന്നും ഞാനിറങ്ങുംപോള്‍ ആണ് പ്ലുഗ്ഗില്‍ നിന്നുമെടുത്തത്.!!.



 നല്ല ഇരുട്ടും,  പോരാത്തതിന് പള്ളിയില്‍ ഇരുന്നു കഥ പറയുന്ന കൂട്ടത്തില്‍ ഞാന്‍ പോകുന്ന വഴിയില്‍ വെച്ച് എന്റെ നാട്ടിലെ പാമ്പ് പിടുത്തക്കാരന്‍ ബാക്കുട്ടി ഒരു മൂര്‍ക്കനെ പിടിച്ച കഥ ഒരു സ്നേഹിതന്‍ പറഞ്ഞിരുന്നു.

പടച്ചോനെ..........!!!!!!!! ആ മൂര്‍ക്കന്റെ തുണ ഇവിടെയൊക്കെ കാണും.

 എന്റെ മുട്ട് വിറക്കാന്‍ തുടങ്ങി, ഒറ്റയ്ക്ക് അവിടെന്നു നടക്കാൻ പേടി , ഞാന്‍ അവിടെയുള്ള മതിലില്‍ കയറി ഇരുന്നു ആരെങ്കിലും വരുന്നത് വരെ ഇരിക്കാം എന്ന് കരുതി . 



കുറച്ചു കഴിഞ്ഞപ്പോള്‍ അങ്ങാടിയിൽ ചായക്കട നടത്തുന്ന ഹംസാക്കയുടെ മക്കള്‍ കട പൂട്ടി വരുന്നത് കണ്ടു ,

ഹാവൂ സമാധാനമായി അവര്‍ എന്റെടുത്ത്‌ എത്തിയപ്പോള്‍  ഹംസാക്കയുടെ മൂത്ത മകൻ അലി ചോദിച്ചു ''എന്താണ് ഇരുട്ടത്ത് ഇവിടെ നില്‍ക്കുന്നത് ?''. 



ഞാന്‍ പറഞ്ഞു,  ''എന്റെ കൂടെ ഹുസൈന്‍ ഉണ്ടായിരുന്നു,   അവന്‍ ഇതാ... ഇപ്പൊ ..അങ്ങ് പോയുള്ളൂ ഞാന്‍ നിങ്ങളുടെ വെളിച്ചം കണ്ടപ്പോള്‍ നിന്നതാണ് ''.



അപ്പോള്‍ ഹംസാക്കാന്റെ മൂത്ത മകന്‍ അലി ഒരു ശാസന സ്വരത്തില്‍,  ''രാത്രി ഇതിലൂടോന്നും വെളിച്ചം ഇല്ലാതെ വരരുത് നല്ല മൂത്ത ഇനം ഇഴ ജന്തുക്കൾ ഉള്ള സ്ഥലമാണ് ''!!


 പടച്ചോനെ ..........!!  തടി ഒന്ന് വിറച്ചു , പേടിച്ചു അടി വസ്ത്രം നനഞ്ഞോ എന്നൊരു തോന്നല്‍, ''ങും'' എന്ന്  ഒന്ന് മൂളി കൊണ്ട് അലിയുടെ പിറകെ നടന്നു .

ഒരു മിസ്റ്റെര്‍ ലൈറ്റ് എന്നെ നാണം കെടുത്തി .!!!!!!!!

Friday, September 18, 2015

സുന്നത്ത് കല്ല്യാണം .

ചെറുപ്പത്തില്‍ അങ്ങാടിയില്‍ പോകുമ്പോള്‍ ഒസാന്‍ മുഹമ്മദുക്ക (ബാര്‍ബര്‍ മുഹമ്മദ്‌ )വഴിയില്‍ എവിടെയെങ്കിലും നില്ക്കുന്നുണ്ടോ എന്നാണു ആദ്യം നോക്കുക .
നാട്ടിലെ ആറോ ഏഴോ വയസ്സിനു താഴെ ഉള്ള എല്ലാ ആണ്‍ കുട്ടികളുടെയും പേടി സ്വപ്നമാണ് ഒസാന്‍ മുഹമ്മദുക്ക!!!, പുള്ളിക്കാരന്‍ ആണ് നാട്ടിലെ കുട്ടികളുടെയെല്ലാം സുന്നത്ത് (ചേലാ കർമം )  കഴിക്കാറ് .ഈ  ചടങ്ങിനു സുന്നത്ത് കല്യാണം എന്നാണു പറയാറ് .
എന്റേതു എനിക്ക് ആറോ ഏഴോ വയസ്സുള്ളപ്പോഴാണ് കഴിഞ്ഞത്,  അതിനു ശേഷം മുഹമ്മദുക്കയെ പേടി ഇല്ല ,എന്നാലും ഇടയ്ക്കു കാണുമ്പോള്‍ എടാ നോക്കെട്ടടാ നിന്റേതു അന്ന് മുറിച്ചത് ശരിയായിട്ടില്ല ഒന്ന് കൂടി മുറിക്കണം എന്ന് പറഞ്ഞു പേടിപ്പിക്കും .ചിലരോട് പറയും നിന്റേതു നീളം കൂടുതൽ ഉണ്ട് അതൊന്നു കുറയ്ക്കണം എന്ന് .
അങ്ങനേയിരിക്കെയാണ് എന്റെ കൂട്ടുകാരാൻ   സുലൈമാന്റെ സുന്നത്ത് കല്യാണം വരുന്നത്.  അന്ന് സംഗതി നല്ല ആഘോഷത്തോടെയാണ് നടത്താറ് .
നെയ്ച്ചോറും ബീഫും എല്ലാം ഉണ്ടാവും(ഇങ്ങനെയുള്ള പരിപാടികള്‍ വല്ലതും വന്നാലാണ് അക്കാലത്ത് ഒന്ന് വയറു നിറയുക). പോരാത്തതിന് പെട്ടിപ്പാട്ടും (ഗ്രാമഫോണ്‍)  ഉണ്ടാകും ..

എന്റേത് കഴിഞ്ഞു കുറച്ചുകാലം കഴിഞ്ഞാണ് സുലൈമാന്റെത് ചെയിതത് .അവന്‍റെ കൂടെ രണ്ടു അനിയന്മാരുടേയും ഉണ്ടായിരുന്നു .അവര് വളരെ ചെറുതായത് കൊണ്ട് സംഗതിയുടെ ഗൌരവം അറിയില്ലായിരുന്നു .സുലൈമാന് ആണെങ്കില്‍ ഞങ്ങളുടെ കൂട്ടുകാരുടെ കൂട്ടത്തില്‍ അവസാനമായി സുന്നത്ത് കാഴിക്കാന്‍ പോകുന്ന ആളും .ഞങ്ങളുടെ അടുത്തു നിന്നുള്ള വിവരങ്ങള്‍ അറിഞ്ഞത് കൊണ്ട് പുള്ളിക്കാരന് കുറച്ചു ഭയം ഉണ്ടായിരുന്നു .
രാത്രി സമയം , വേലിയേറ്റവും വേലിയിറക്കവും നോക്കിയാണ് മുറിക്കല്‍ നടത്തുക .വേലിയേറ്റ സമയത്ത് നടത്തില്ല .ആ സമയത്ത് രക്തം കൂടുതല്‍ പോകും .വേലിയിറക്കം ആകുമ്പോഴേക്കും പാതിര ആവും .
ചെറിയ കുട്ടികള്‍ എല്ലാം ഉറങ്ങി,  ഞങ്ങള്‍ ബീരാന്‍കുട്ടിക്ക പെട്ടിപ്പാട്ട് പാടിക്കുന്നത് നോക്കി ഇരിക്കുകയാണ് .ഇതിനിടയില്‍ സുലൈമാന്‍ എങ്ങോട്ടോ  മുങ്ങി .
അത് മുറിക്കാന്‍ ഉള്ള സമയം ആയി,  സുലൈമാനെ നോക്കുമ്പോള്‍ കാണുന്നില്ല!! ,
ആള്‍ക്കാര്‍ നാലുപാടും ചൂട്ടും പന്തവും എടുത്തു തിരഞ്ഞു നടന്നു,  എവിടെയും കാണുന്നില്ല .ഇതിനിടയില്‍ അവന്‍റെ അനിയന്‍മാരുടെ സുന്നത്ത് കഴിഞ്ഞു .
മുഹമ്മദുക്ക പുറത്തു മുറ്റത്തു ഒരു കസേരയില്‍ വന്നിരിക്കുന്നുണ്ട്.
ഇതിനിടയില്‍ ഞങ്ങള്‍ കുട്ടികളുടെ ഇടയില്‍ ഒരു കിംവദന്തി പരന്നു , സുലൈമാനെ കിട്ടിയില്ലേല്‍ പകരം മുഹമ്മദുക്ക വേറെ ആരുടെയെങ്കിലും പിടിച്ചു മുറിക്കും.
ഞങ്ങളുടെ കൂട്ടത്തില്‍ കുറച്ചു വികിര്‍തിയായ ഹംസയാണ് ഇത് പറഞ്ഞു പരത്തിയത് .
ഇത് കേട്ടപ്പോള്‍ ഞങ്ങളില്‍ ചിലരും സ്ഥലത്ത് നിന്ന് മുങ്ങി .
ഓരോ ഭാഗത്തേക്കും തിരഞ്ഞു പോയവരല്ലാം മടങ്ങി എത്തി .
കുറച്ചു സമയം കഴിഞ്ഞപ്പോള്‍ മുഹമ്മദുക്ക പറഞ്ഞു ഇനി കിട്ടിയാലും സുന്നത്ത് കഴിക്കാന്‍ പറ്റില്ല!! വേലിയേറ്റ സമയം ആയി .
എല്ലാവരും വലിയ ദുഖത്തോടെ ഇനി എന്ത് ചെയ്യും എന്നാലോജിക്കുകയായിരുന്നിരിക്കണം ആകെ ഒരു മൌനം. 
ഒരു ഗ്രാമം മുഴുവന്‍ ആ   വീട്ടു മുറ്റത്തുണ്ട്‌ . .എല്ലാവരുടെയും മൌനം ഭേദിച്ചു കൊണ്ട് സുലൈമാന്റെ ഉമ്മ ദുഖവും ദേഷ്യവും കലര്‍ന്ന സ്വരത്തില്‍ ...."ഇനി ഇപ്പൊ എന്താ ചെയ്യാ ....ഒന്ന് ബാപ്പാനെ പോലെയും കെടക്കട്ടെ !! ".
അത് വരെ സുലൈമാന്റെ ഉമ്മാക്ക് മാത്രം അറിയാവുന്ന ബാപ്പാന്റെ ആ "രഹസ്യം" അന്ന് വെളിപ്പെട്ടു .
പിന്നീട് എന്നാണു സുലൈമാന്റെ സുന്നത്ത് കഴിഞ്ഞത് എന്നറിയില്ല ഞങ്ങള്‍ അപ്പോഴേക്കും അവിടെ നിന്നും വേറെ ഒരിടത്തേക്ക് താമസം മാറ്റിയിരുന്നു .
.
.സുലൈമാന്‍ വിശേഷങ്ങള്‍ അവസാനിക്കുന്നില്ല !!


Friday, September 4, 2015

പോളേട്ടൻ അഥവാ പ്രവാസി


പോളേട്ടനെ ഞാൻ ആദ്യമായി കാണുന്നത് അറാർലെ അവരുടെ കമ്പനി സൈറ്റ് വർക്ക് ഷോപ്പിൽ വെച്ചാണ്. 

ഞാൻ ജോലി അന്ന്വേഷിച്ചു ചെന്നതായിരുന്നു .ദേഹമാസകലം ഇരുമ്പിന്റെ തുരുമ്പിൽ പുരണ്ട ഒരു കരിഞ്ഞ രൂപം. അവിടെ ഒരു തമിഴൻ വെൽഡറുടെ ഹെല്പെർ ആയി ജോലി ചെയ്യുകയായിരുന്നു പാവം .നല്ല ചൂടുകാലം കയ്യിലുണ്ടായിരുന്ന ഗ്രൈന്ടെർ താഴെ വെച്ചുകൊണ്ട് മലയാളി ആണോ എന്ന് എന്നോട് ചോദിച്ചപ്പോൾ അത് വരെ മാനസിക സമ്മർദ്ധത്തിൽ ആയിരുന്ന എനിക്ക് ചെറിയൊരു ആശ്വാസം തോന്നി. പേരും നാടും ചോദിച്ചു പരിചയപ്പെട്ടപ്പോഴേക്കും പോളേട്ടൻ എന്റെ മനസ്സില് കുടിയേറിയിരുന്നു .
 

ആന്ധ്രക്കാരും തമിഴരും കൂടുതൽ ഉള്ള ആ കമ്പനിയിൽ എങ്ങിനെ എത്തിപ്പെട്ടു എന്ന് ചോദിച്ചപ്പോൾ ,പുള്ളി വിജയവാഡയിൽ ആയിരുന്നെന്നും അവിടെന്നൊരു ഏജന്റിന്റെ ചതിയിൽ പെട്ട് ഈ തെലുങ്കരുടെ കൂടെ ഇവിടെ എത്തിപ്പെട്ടെന്നും പറഞ്ഞു .

 

കുറഞ്ഞ ശമ്പളവും ബുദ്ധിമുട്ടുള്ള ജോലിയും പുള്ളിയെ മാനസികമായും ശാരീരികമായും വല്ലാതെ തളർത്തിയിരുന്നു. മൂന്നു  കുട്ടികൾ ഉള്ള ഒരു കുടുമ്പം നേരാം വണ്ണം നടത്തിക്കൊണ്ടു പോകാനുള്ള ബുദ്ധിമുട്ട് പറഞ്ഞു തുടങ്ങിയപ്പോഴേ ഞാൻ പറഞ്ഞു , പോളേട്ടാ ഞാനും നിങ്ങളെപ്പോലെ തന്നെയാ .എല്ലാം ശരിയാവും സമാദാനിക്കു. കർത്താവ് ഒരു വഴികാണിച്ചു തരും .
അന്ന് ജോലി അവിടെ ശരിയായില്ലെങ്കിലും പോളേട്ടൻ എന്ന നല്ലൊരു സുഹ്രത്തിനെ അവിടെനിന്നും കിട്ടി .

 

        പിന്നീട് എനിക്ക് കിട്ടുന്ന ചെറിയ ചെറിയ ജോലികളിലോക്കെ പോളേട്ടൻ ഒരു പാർട്ട് ടൈം സഹായി ആയി. കാശ് വളരെ സൂക്ഷിച്ചേ ചിലവാക്കുകയുള്ളൂ , ഉച്ചക്ക് കുബ്ബൂസും തൈരും രാത്രിയിൽ പരിപ്പും പട്ടാണി റൊട്ടിയും കഴിക്കും . ഞാനൊരിക്കൽ പറഞ്ഞു , ''പോളേട്ടാ നിങ്ങളിങ്ങനെ തിന്നാതെയും കുടിക്കാതെയും കാശുണ്ടാക്കിയാൽ പിന്നീട് അദ്വാനിക്കാൻ ശരീരം ഉണ്ടാവില്ല'' .
''ഞാൻ തിന്നില്ലേലും വേണ്ടിയില്ല എന്റെ കുട്ടികളുടെ വയറു നിറഞ്ഞിട്ടുണ്ടാവുമോ എന്നാണു എന്റെ ശങ്ക'' , എന്നാണു പോളേട്ടൻ  അന്ന്  പറഞ്ഞത് .മക്കളുടെ കാര്യത്തിൽ ഇത്രയും ഉൽകണ്‍ഠയുള്ള ഒരു പിതാവിനെ ഞാൻ കണ്ടിട്ടില്ല .
       ഒരിക്കൽ ഷർകിയയിൽ ഒരു ജോലിയും കഴിഞ്ഞു ഷെമരി ഗല്ലിയിലൂടെ നടന്നു വരുമ്പോൾ ഒരു സൗദി കിളവൻ അവന്റെ വണ്ടിയിൽ കൊണ്ട് വന്ന സാദനങ്ങൾ ഒന്നിറക്കാൻ സഹായിക്കുമോ എന്ന് ചോദിച്ചു . കിളവന്റെ രൂപം കണ്ടപ്പോൾ മരിച്ചു പോയ എന്റെ ഉപ്പാപ്പയുടെ അതേ ഛായ പോലെ തോന്നിച്ചു .ഞാൻ പോളേട്ടന്റെ മുഖത്തേക്ക് നോക്കിയപ്പോൾ ,ശരി സഹായിക്കാം എന്ന രീതിയിൽ അദ്ദേഹം കണ്ണുകൊണ്ട് ആംഗ്യം കാണിച്ചു . 
ഇറക്കി കഴിഞ്ഞപ്പോൾ കിളവൻ പോളേട്ടന്റെ കയ്യിൽ ഇരുപതു റിയാൽ കൊടുത്തു. പോളേട്ടൻ ഉടൻ തന്നെ അതിൽ നിന്നും പത്തു റിയാൽ എടുത്തു എനിക്ക് നീട്ടി .ഞാൻ വേണ്ട എന്ന് പറഞ്ഞിട്ടും പുള്ളി സമ്മതിക്കുന്നില്ല . പോളേട്ടാ ഞാൻ ആ കിളവനെ കണ്ടപ്പോൾ എന്റെ ഉപ്പാപ്പയെ പോലെ തോന്നിയത് കൊണ്ടാണ് കിളവനെ സഹായിച്ചത് എനിക്കിതു വേണ്ട എന്ന് പറഞ്ഞിട്ടും പുള്ളി സമ്മതിച്ചില്ല .
അവസാനം ആ കാശും വാങ്ങി ഞാൻ നേരെ തലവെട്ടു പള്ളിയുടെ അടുത്തുള്ള ബ്രൊസ്റ്റട് ചിക്കൻ കടയിലേക്ക് നടന്നു .പോളേട്ടൻ എന്റെ പിറകിലായും .ചിക്കൻ വാങ്ങി വരുമ്പോൾ , ''ബഷീർ നമ്മളിതൊക്കെ ഇവിടെ തിന്നുന്നു ,നമ്മുടെ മക്കള് ഇപ്പോൾ എന്തെങ്കിലും കഴിച്ചിട്ടുണ്ടാവുമോ?'' എന്ന പോളേട്ടന്റെ ചോദ്യത്തിന് കുറച്ചു കടുത്ത സ്വരത്തിൽ തന്നെയാണ് ഞാൻ മറുപടി പറഞ്ഞത് ,'' നിങ്ങള് മുണ്ടാതെ ഇങ്ങട്ട് നടന്നോളീം മനുഷ്യന് വിശന്നിട്ടു വയ്യ ''. പിന്നീട് പോളേട്ടൻ ഒന്നും സംസാരിക്കാതെ പിറകെ നടന്നു .
പക്ഷെ ഞങ്ങളുടെ കൂട്ടുകെട്ടിന് വിരാമമിട്ടുകൊണ്ട് അവിടെത്തെ കോണ്ട്രാക്റ്റ് തീർന്ന കമ്പനി പോളേട്ടനെ നാട്ടിലേക്ക് കയറ്റി അയച്ചു .


        ഞാൻ സൗദിയിൽ നിന്നും നാട്ടിലെത്തി ചെറുകിട തരികിട പരിപാടികളുമായി നടക്കുന്ന കാലം . ഒരിക്കൽ ഒരു സുഹ്ർത്തുമായി റോഡരുകിൽ നിന്ന് സംസാരിച്ചു കൊണ്ട് നിൽക്കുമ്പോൾ ഒരു ലോറി എന്റെ അരികിലായി വന്നു ബ്രൈക് ചെയിതു നിർത്തി. നോക്കുമ്പോൾ പെരുമ്പാവൂർ കാരൻ യൂസഫ്‌ ക്ക തന്റെ മുറുക്കാൻ കറപിടിച്ച വലിയ പല്ലും കാട്ടി ചിരിച്ചു കൊണ്ട് ഡ്രൈവിംഗ് സീറ്റിൽ നിന്നും ഇറങ്ങി വരുന്നു .സൌദിയിൽ പോകുന്നതിനു മുമ്പ് മരത്തിന്റെ ബിസിനെസ്സുമായി നടക്കുന്ന കാലത്തുള്ള പരിചയം ആണ് യൂസഫുകയുമായി. ഞാൻ നിന്റെ ഒരു സുഹ്ർത്തുമായി നിന്നെ കാണാൻ വന്നതാണ് എന്ന് പറഞ്ഞു യൂസഫുക്ക, ലോറിയുടെ അകത്തേക്ക് നോക്കി കൊണ്ട്, 



 ''ഇങ്ങോട്ട് ഇറങ്ങിവാ ഇതാണ് നീ പറഞ്ഞ കൂട്ടുകാരാൻ'' .



ഞാൻ നോക്കുമ്പോൾ പോളേട്ടൻ !! 



ഇനിയൊരിക്കലും കാണാൻ കഴിയില്ല എന്ന് കരുതിയിരുന്ന പോളേട്ടൻ!! വല്ലാതെ ക്ഷീണിതനായിരുന്നു . ഞങ്ങൾ പരസ്പരം കെട്ടിപ്പിടിച്ചു നിൽക്കുമ്പോൾ യൂസഫ്ക്ക എന്റെ ചുമലിൽ തട്ടി കൊണ്ട് പറഞ്ഞു ,



''പുനലൂരിൽ തടി കയറ്റാൻ പോയപ്പോൾ കിട്ടിയ കൂട്ടാണ് ,കുറച്ചു കാലമായി ഒരു സഹായി ആയി കൂടെ കൊണ്ട് നടക്കുന്നു.  മലപ്പുറത്തേക്ക് ട്രിപ്പ്‌  കിട്ടിയ അന്ന് തൊട്ടു പറയുന്നതാ നിന്റെ കാര്യങ്ങൾ ഞാൻ അറിയും കാണിച്ചു തരാം എന്നൊക്കെ പറഞ്ഞു ,ഇപ്പൊ തിരുന്നാവായയിൽ തടി ഇറക്കാൻ വന്നതാ ''.
 



പിന്നീട് ഒരിക്കൽ യൂസഫ്‌ക്ക കണ്ടപ്പോൾ   പോളിന് ഷാർജയിലേക്ക് വിസ കിട്ടിയിരിക്കുന്നു എന്ന് നിന്നോട് പറയാൻ പറഞ്ഞു എന്ന് പറഞ്ഞു .



 



താമസിയാതെ ഞാനും ദുബായിയിൽ എത്തി .കത്തുകളിലൂടെയും ഫോണിലൂടെയും ഞങ്ങളുടെ ബന്ധം തുടർന്ന് കൊണ്ടിരുന്നു .



കുറച്ചു കാലങ്ങൾക്ക് ശേഷം ഞാൻ പോളേട്ടനെ കാണാൻ അജ്മാനിലെ  താമസ സ്ഥലത്ത് എത്തി. 
 പോളേട്ടൻ വല്ലാതെ അവശനായിരുന്നു , ഈ ആരോഗ്യവും വെച്ച് കൊണ്ട് എന്തിനു ഇയാളിവിടെ ജൊഇലി ചെയ്യുന്നു എന്ന് ചിന്തിച്ച ഞാൻ പറഞ്ഞു ,

'' പോളേട്ടാ രണ്ടു   പെണ്മക്കളെയും കെട്ടിച്ചു എന്ജിനീയറിംഗ് കഴിഞ്ഞ മകനെയും ഇങ്ങോട്ട് കൊടുന്നു ഇനി മതിയാക്കി പോയ്ക്കൂടെ?''.

പോളേട്ടൻ ഒന്ന് ചിരിച്ചു കൊണ്ട് ബാത്ത് റൂമിലേക്ക്‌ കയറി . നീ ഇരിക്ക് ഞാൻ തുണി നനച്ചു വെച്ചിട്ടുണ്ട് അതൊന്നു അലക്കി കുളിയൊക്കെ കഴിഞ്ഞു വരാം,  കുറച്ചു സംസാരിക്കാൻ ഉണ്ട് . പോളേട്ടൻ വാതിൽ അടച്ചപ്പോൾ ഞാൻ പോളേട്ടന്റെ കട്ടിലിൽ പോയി ഇരുന്നു .
പോളേട്ടന്റെ ഡബിൾ ഡക്കർ കട്ടിലിനു മുകളിൽ കിടന്നിരുന്ന ജമാലിക്ക എന്നെ കണ്ടപ്പോൾ താഴെ ഇറങ്ങി ഇരുന്നു .
''നീ ഇപ്പോൾ പോളിനോട്  ആ ചോദ്യം ചോദിക്കെണ്ടിയിരുന്നില്ല'' ജമാലിക്ക തെല്ലു ദേഷ്യത്തോടെയാണ്‌  അത് പറഞ്ഞത് .
''എന്ത് പറ്റി?''  തെല്ലു ആശ്ചര്യത്തോടെ ഉള്ള എന്റെ ചോദ്യത്തിന് രാഘവൻ ആണ് മറുപടി പറഞ്ഞത് .
''പോളേട്ടന്റെ ആ പയ്യൻ ക്യാൻസേൽ ആക്കി നാട്ടീ പോയി ,
അവനു നല്ല ജോലിയും ശമ്പളവും ഒക്കെ ഉണ്ടായിരുന്നു , അവനു ഇവിടെ നില്ക്കാൻ വയ്യ എന്ന് പറഞ്ഞു,  ഒരു ദിവസം ഇവിടെ വന്നിരുന്നു.
അപ്പന് കുറച്ചു കാശ് ചിലവായതല്ലേ എങ്ങിനെയെങ്കിലും കുറച്ചു നിൽക്കു എന്ന് ജമാലിക്ക പറഞ്ഞപ്പോൾ ഈ മാസത്തെ  ശമ്പളം അപ്പന് കൊടുത്താൽ വിസിറ്റിനു ചിലവായ കാശിന്റെ കടം  വീടും എന്ന് പയ്യൻ പറഞ്ഞു ,
ജമാലിക്ക അപ്പൊ നിന്നെ പഠിപ്പിക്കാൻ അപ്പന് ചിലവായ കാശോ എന്ന് ചോദിച്ചു .
മക്കളെ പഠിപ്പിക്കുന്നത്‌ അപ്പന്മാരുടെ കടമയാണെന്നും പറഞ്ഞു  പയ്യൻ ഇവിടെന്നു ഇറങ്ങി പോയി ''.
 രാഘവൻ പറഞ്ഞു തീർന്നപ്പോഴേക്കും പോളേട്ടൻ ബാത്രൂമിൽ നിന്നും വന്നു .ജമാലിക്ക രാഘവനോടു സംസാരം നിർത്താൻ ആംഗ്യം കാണിച്ചു .രാഘവൻ വിഷയം മാറ്റി സംസാരം തുടർന്നെങ്കിലും പോളേട്ടന്  ഞങ്ങൾ സംസാരിക്കുന്നത് മകന്റെ കാര്യം ആണെന്ന് മനസ്സിലായി .
പോളേട്ടൻ , '' വിഷയം മാറ്റുകയോന്നും വേണ്ട ഞാൻ തന്നെ ഇത് പറയാൻ ഇരിക്കുകയായിരുന്നു ,എല്ലാ തന്തമാർക്കും മക്കളിൽ നിന്നും ഇത്തരം ഒരു അനുഭവം ഉണ്ടാവും എന്ന് ഒരു മുന്കരുതൽ എടുക്കാൻ എന്റെ ജീവിതം ഒരു പാഠമാണ് ."
പോളേട്ടൻ ഇത് പറയുമ്പോൾ ശബ്ദം കുറച്ചു കടുത്തു പോയിരുന്നു .
 
                      ജമാലിക്ക കുബ്ബൂസും കറിയും എടുത്തു കൊടുന്നു, ഞങ്ങൾ കഴിക്കാൻ ഇരുന്നു .ഭക്ഷണം കഴിച്ചു തീരുന്നത് വരെ ആരും ഒന്നും സംസാരിച്ചില്ല .കഴിക്കുന്നുന്ടെങ്കിലും എന്റെ ചിന്ത പോളേട്ടനെ എന്ത് പറഞ്ഞു സമദാനിപ്പിക്കും എന്നായിരുന്നു .ഞാൻ കൈ കഴുകി കട്ടിലിൽ വന്നിരിക്കുമ്പോൾ പോളേട്ടൻ പറയുകയാണ്‌ ,''നീ വിഷമിക്കുകയൊന്നും വേണ്ട ഇതൊക്കെ ഓരോരുത്തരുടെ തല വിധിയാണ് ,കർത്താവ് ഓരോന്ന് തീരുമാനിച്ചു വെച്ചിട്ടുണ്ടാവും അതനുഭവിക്കുക തന്നെ വേണം ''.
                  പോളേട്ടൻ  മേശപ്പുറത്തുണ്ടായിരുന്ന ഉണ്ണിയേശുവിന്റെയും മാതാവിന്റെയും ഫോട്ടോയിൽ നോക്കി കുരിശു വരച്ചു കൊണ്ട്  കട്ടിലിലേക്ക് ചാഞ്ഞു . നീ നൗഷാദിന്റെ കട്ടിലിൽ കിടന്നോ അവൻ ഇന്ന് വരില്ല   എന്ന് കിടന്നു കൊണ്ട് എന്നോട് പറഞ്ഞു .
എന്റെ മനസ്സ് നിറയെ അന്ന് തുരുമ്പു കറ പിടിച്ച വർക്കിൻ ഡ്രെസ്സിൽ കണ്ട പഴയ പോളെട്ടനായിരുന്നു. ഇന്ന് ഇനി അവിടെ കിടന്നാൽ  ഉറക്കം കിട്ടില്ല . 
       ഞാൻ അവിടെന്നു എഴുന്നേറ്റ് കൊണ്ട്  പുറത്തേക്ക് ഇറങ്ങി .ഇനി എന്ത് ചെയ്യും പോളേട്ടനെ എങ്ങിനെ സഹായിക്കും എന്നൊക്കെ ചിന്തിച്ചു കൊണ്ടിരിക്കുമ്പോൾ ഒരു  കൈസ്പർശം ചുമലിൽ അനുഭവപ്പെട്ടു . ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ പോളേട്ടൻ ,''നീ വിഷമിക്കെണ്ടടോ എനിക്കിപ്പോഴും ജോലി ചെയിതു ജീവിക്കാനുള്ള ആരോഗ്യമൊക്കെ ഉണ്ട്  നീ വന്നു കിടക്കു.
ഇതൊക്കെ മിക്ക പ്രവാസികൾക്കും ഉള്ള അനുഭവം ആണെന്ന് അന്ന് ജമാലിക്ക പറഞ്ഞത് ഇന്നും പേടിയോടെയാണ് ഞാൻ ഒര്ത്തെടുക്കാര്.

Friday, August 14, 2015

കിത്താബ് പഠിക്കാത്ത കാള

  എന്റെ ഗ്രാമത്തിന്റെ തൊട്ടടുത്ത ഗ്രാമത്തില്‍ (എനിക്കിനിയും എന്റെ ഗ്രാമത്തില്‍ പോണം !!!!!!!!)കാളയെ ഉപയോഗിച്ച് കൊപ്ര ആട്ടുന്ന ഒരു സ്ഥലം ഉണ്ടായിരുന്നു. 

ഒരു ചായക്കടയുടെ പിറകില്‍ ആയിരുന്നു പ്രസ്ത്തുത സ്ഥാപനം . ഒരു ദിവസം ഞാനും എന്റെ നാട്ടിലെ ഒരു മൌലവിയും ആ കടയില്‍ ചായ കുടിച്ചു കൊണ്ടിരിക്കുകയായിരുന്നു .ഈ മൌലവി എന്ത്പ്രശ്നം കണ്ടാലും അതില്‍ കയറി തലയിടുന്ന ഒരു സ്വഭാവക്കാരന്‍ ആണ് . 

ഫൈസ് ബുക്കിൽ കണ്ടിട്ടില്ലെ റസൂല്‍ അതിനെ പറ്റി അങ്ങിനെ പറഞ്ഞു,  ഇങ്ങനെ പറഞ്ഞു എന്നൊക്കെ പറഞ്ഞു ഇല്ലാത്ത ഹദീസ് ഉണ്ട് എന്നും പറഞ്ഞു വരുന്ന വ്യക്തികള്‍.

 ഇത്തരം മുറി പണ്ഡിതന്മാര്‍ പണ്ട് ചായക്കടയില്‍ ആയിരുന്നെങ്കില്‍ ഇപ്പോഴതിനു പുതിയ സൈബര്‍ രൂപം കൈവന്നിരിക്കുന്നു .പ്രവാചകന്റെ മുടി,  ചെരുപ്പ് ,നിന്നിരുന്ന സ്ഥലത്തെ കാല്‍പ്പാടുകള്‍ ഇനിയും കാണും, ഞാനിത്രയെ കണ്ടോള്ളൂ .
ഞങ്ങള്‍ ചായ കുടിച്ചു കൊണ്ടിരിക്കുമ്പോള്‍ നമ്മുടെ കൊപ്ര ആട്ടുന്ന ആലയില്‍ ജോലി ചെയ്യുന്ന മോയിതീന്ക്ക ചായ കുടിക്കാന്‍ കടയിലേക്ക് കയറി വന്നു .പുള്ളി ചായ കുടിച്ചു കൊണ്ടിരിക്കുമ്പോള്‍ 
മൌലവി ചോദിച്ചു ;" നിങ്ങള്‍ ചായ കുടിക്കാന്‍ വരുമ്പോള്‍ കൊപ്ര ആട്ടുന്ന കാള നടത്തം നിര്‍ത്തിയാല്‍ എന്താ ചെയ്യുക,എണ്ണ കിട്ടില്ലല്ലോ ?'"
അപ്പോള്‍ മോയിദീന്ക്ക പറഞ്ഞു "കാള നടത്തം നിര്‍ത്തിയാല്‍ എനിക്ക് മനസ്സിലാവും"
.മൌലവി ; അതെങ്ങിനെ ?
. മോയിദീന്ക്ക ; അതിന്റെ കഴുത്തില്‍ കെട്ടിയ മണി കിലുങ്ങുന്ന ശബ്ദം കേള്‍ക്കില്ല .

മൌലവി ;കാള തല ആട്ടിക്കൊണ്ട് നില്ക്കുകയാണെങ്കിലോ ?.

മോയിതീന്‍ക്ക ; അതിനു മോയിലിയാരെ കാള കിത്താബു പഠിച്ചിട്ടില്ലല്ലോ !!!!!
മൌലവി തലയിലെ കെട്ടുന്ന മുണ്ട് അഴിച്ചു വീശിക്കൊണ്ട് പുറത്തെക്കിരങ്ങുംപോള്‍ പറയുകയാണ്‌, "പീടികയുടെ ഉള്ളില്‍ ഭയങ്കര ചൂടാണ് എന്റെ ചായയുടെ പൈസ കൊടുത്താളെ ബഷീര്‍ ഞാന്‍ പോകുകയാണ് മദ്രസ്സയില്‍ ബെല്ലടിക്കാന്‍ ഉള്ള സമയം ആയി" .

Monday, May 18, 2015

"ലാസ്റ്റ് പഫ് ഓഫ് എ സിഗരറ്റ് ഈക്വേല്‍റ്റു ഫസ്റ്റ് കിസ്സ്‌ ഓഫ് എ ലേഡി !!"



                           പഠിത്തം തികഞ്ഞു എന്ന് തോന്നിയ കാലത്ത് ആ നേരംപോക്ക് നിര്‍ത്തി നാട്ടില് ചില്ലറ പൊതു പ്രവര്‍ത്തനങ്ങള്‍ ഒക്കെ നടത്തി ഉടായിപ്പായി നടക്കുന്ന കാലത്ത് ആണ് അടുത്തുള്ള സഹകരണ സംഘത്തിന്റെ തിരഞ്ഞെടുപ്പ് വന്നത് .കാലാവധി തീരുന്ന ഭരണസമിതി അടുത്ത തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാൻ  മെമ്പര്‍മാര്‍ക്ക് എല്ലാവര്ക്കും ഫോടോ പതിച്ച കാര്‍ഡു വേണം എന്ന തീരുമാനം എടുത്തിരുന്നു .
     

                   എന്റെ സ്നേഹിതന്‍ സുലൈമാന്  ഭരണ സമിതിയിലേക്ക് മത്സരിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ എന്നോട് വന്നു പറഞ്ഞു "നമ്മുടെ ഏറ്റവും അടുത്ത മെമ്പര്‍മാര്‍ക്ക് എല്ലാം ഫോടോ പതിച്ച കാര്‍ഡുണ്ടാക്കണം അതിനു നീ മുന്‍കയ്യെടുത്തു ഇറങ്ങണം" .
ആത്മാര്‍ത്ഥ സുഹ്ര്ത്തല്ലെ സമ്മതിച്ചു .അങ്ങിനെ കാര്‍ഡില്ലാത്ത, വോട്ട് കിട്ടും എന്നുറപ്പുള്ള മെമ്പര്‍മാരെ സമീപിച്ചു ഫോടോ എടുക്കലും കാര്‍ഡുന്ടാക്കലും എല്ലാം തക്രതിയായി നടക്കുകയാണ് .
                            ഒരു ദിവസം എന്‍റെ വീടിനടുത്തു മരക്കാര്‍ക്ക എന്ന കുറച്ചു പ്രായമുള്ള ഒരു ഇക്കായുണ്ട് . എപ്പോഴും ചുരുട്ട് വലിച്ചു കൊണ്ടിരിക്കുന്ന ഒരു വിപ്ളവ നെതാവില്ലെ അതുപോലെയാണ് മരക്കാര്‍ക്ക എപ്പോഴും ചുണ്ടില്‍ ഭാസ്കര്‍ ചുരുട്ട് ഉണ്ടാവും .മീന്‍ കച്ചവടമായിരുന്നു തൊഴില്‍ . കച്ചവടത്തിനിടയില്‍ ചുരുട്ട് വലിക്കുന്നത് കാണാന്‍ നല്ല രസമായിരുന്നു .രണ്ടു കയ്യിലും മീന്‍വെള്ളം ആയതു കൊണ്ട് ചുണ്ടില്‍ കത്തിച്ചു വെച്ച ചുരുട്ട് കൈകൊണ്ടു തൊടാതെ വലിച്ചു പുക പുറത്തേക്ക് വിടുന്നതും നാവു കൊണ്ട് ചുരുട്ട് ചുണ്ടിന്റെ രണ്ടറ്റത്തേക്കും നീക്കുന്നതും ഇത്തിരി ശ്രമകരമായ പ്രവര്‍ത്തിയാണെങ്കിലും മരക്കാര്‍ക്ക വളരെ അനായാസം ചെയ്യുന്നത് രസകരമായ കാഴ്ച തന്നെയായിരുന്നു . അങ്ങിനെ ചുരുട്ട് കടിച്ചു പിടിച്ചിരിക്കുന്ന മരക്കാര്‍ക്ക നാട്ടുകാരുടെ മനസ്സില്‍ ഇന്നും മായാതെ നില്‍ക്കുന്ന ചിത്രമാണ് .ആ വിപ്ലവ നേതാവിനെ പോലെ .
   

             മരക്കാര്‍ക്കയെ ഫോടോ എടുപ്പിക്കാന്‍ ഞാന്‍ സൈക്കിളില്‍ വെച്ച് സ്റ്റുഡിയോയില്‍ കൊണ്ടുപോയി . എന്റെ തന്നെ ഒരു സുഹ്ര്‍ത്തിന്റെ സ്റ്റുഡിയോയിൽ  ആണ് കൊണ്ടുപോയത്  .മരക്കാര്‍ക്ക സ്റ്റുഡിയോയില്‍ കയറിയപ്പോള്‍ ഫോടോഗ്രാഫര്‍ പറഞ്ഞു തലയില്‍ കെട്ടിയിരിക്കുന്ന തോര്‍ത്തു മുണ്ട് അഴിച്ചു വെക്കുന്നതാണ് നല്ലത് . 

വിയര്‍പ്പിന്റെയും മത്സ്യത്തിന്റെയും രൂക്ഷ ഗന്ധം ഉള്ള തോര്‍ത്തു മുണ്ട് അഴിച്ചു എന്റെ കയ്യില്‍ തന്നു മരക്കാര്‍ക്ക കസേരയില്‍ കയറി ഇരുന്നു .ഫോടോഗ്രാഫര്‍ തല പിടിച്ചും ചുമല് പിടിച്ചും അങ്ങോട്ടും ഇങ്ങോട്ടും കുറെ തിരിച്ചു ക്യാമറയുടെ അകത്തു കൂടി നോക്കി എന്തോ കണ്ടു ഞെട്ടിയപോലെ തല ക്യാമറയില്‍ നിന്ന് പൊക്കിയിട്ട് പറയുന്നു,

 " ഇക്ക ആ ചെവിക്കിടയില്‍ ഇരിക്കുന്ന ചുരുട്ടിന്റെ കഷ്ണം എടുത്തു കയ്യില്‍ പിടിക്കൂ ." 

അപ്പോഴാണ്‌ ഞാനും അത് ശ്രദ്ധിക്കുന്നത് ചെവിക്കിടയില്‍ പാതി കത്തിയ ഒരു ചുരുട്ട് കഷ്ണം ഇരിക്കുന്നു .എന്റെ സൈക്കിളില്‍ കയറുന്ന നേരത്തു കെടുത്തി വെച്ചതാണ് ."ലാസ്റ്റ് പഫ് ഓഫ് എ സിഗരറ്റ് ഈക്വേല്‍റ്റു ഫസ്റ്റ് കിസ്സ്‌ ഓഫ് എ ലേഡി" എന്ന ആപ്തവാക്യം മരക്കാര്‍ക്കാക്ക് അറിയുന്നത് കൊണ്ടാവും ചുരുട്ട് കുറ്റി കളയാതെ ചെവിക്കിടയില്‍ തിരുകിയത് . ഒരു പഫ്ഫ്‌ കൂടി എടുത്തു കളയാമല്ലോ .

            ഫോടോ ഗ്രാഫര്‍ വീണ്ടും ക്യാമറയില്‍ കൂടി നോക്കുകയാണ് ,അപ്പോള്‍ ആദ്യം ഫോക്കസ് ചെയിത പൊസിഷന്‍ എല്ലാം ചുരുട്ട് കുറ്റി എടുക്കുന്നതിനിടയില്‍ മാറിയിരുന്നു .ഫോടോ ഗ്രാഫര്‍ വീണ്ടും തല പിടിച്ചും ചുമല് പിടിച്ചും ചെരിക്കുകയും തിരിക്കുകയും ചെയിതു .വീണ്ടും ക്യാമറയില്‍ കൂടി നോക്കി ക്ലിക്ക് ചെയ്യാനായി റെഡി എന്ന് പറഞ്ഞപ്പോള്‍ മരക്കാര്‍ക്കാക്ക് ചുമ വന്നു .അദ്ധേഹം ഒരു നീണ്ട ചുമ തന്നെ നടത്തി .അവിടെന്നു എഴുന്നെറ്റ് പുറത്തു പോയി തുപ്പിയതിനു ശേഷം വീണ്ടും കസേരയില്‍ വന്നിരുന്നു .ഫോട്ടോഗ്രാഫര്‍ വീണ്ടും തലയും ചുമലും ശരിയാക്കി ഓക്കേ റെഡി എന്ന് പറഞ്ഞു ക്ലിക്ക് ചെയിതു .
രണ്ടു ദിവസത്തിനു ശേഷം ഞാന്‍ ഫോടോ വാങ്ങാന്‍ സ്റ്റുഡിയോയില്‍ എത്തി .എന്നെ കണ്ടപ്പോള്‍ ഫോടോ ഗ്രാഫര്‍ക്ക് ഒരു പുളിങ്ങാ (വാളന്‍ പുളി ) തിന്ന ചിരി!!! .

ഞാന്‍ ഫോടോ റെഡി ആയില്ലെ എന്ന് ചോദിച്ചപ്പോള്‍ ഒന്നും മിണ്ടാതെ മേശ വലിപ്പില്‍ നിന്നും ഒരു കവര്‍ എടുത്തു കയ്യില്‍ തന്നു .ഞാന്‍ നോക്കുമ്പോള്‍ മരക്കാര്‍ക്ക അതാ ഫോട്ടോയില്‍ ചുരുട്ട് കടിച്ചു പിടിച്ചു ഇരിക്കുന്നു . ഇന്നിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചുരുട്ട് കടിച്ചുപിടിച്ചിരിക്കുന്ന ആ വിപ്ളവ കാരിയെ കാണുമ്പോള്‍ എനിക്ക് മരക്കാര്‍ക്കയെ ഓര്മ വരും .

Saturday, May 2, 2015

ഉണക്കപ്പുട്ട്!!

കുറച്ചു നീളമുള്ള ചളി ,ഇഷ്ടമുള്ളവര്‍ക്ക് വായിക്കാം !!നടന്ന സംഭവം !!
          കുംഭം മീനം മാസങ്ങളിലെ നല്ല നിലാവ് ഉള്ള രാത്രിയില്‍ നോക്കത്താ ദൂരത്തോളം പരന്നു കിടക്കുന്ന കൊയ്ത്തു കഴിഞ്ഞു ഉഴുതിട്ടിരിക്കുന്ന നെല്‍പാടങ്ങളിലേക്ക് നോക്കുകയാണെങ്കില്‍ പകലാണെന്ന് തോന്നിക്കുമാറ്‌ വെളിച്ചം ഉണ്ടാവും .ഈ വെളിച്ചം കണ്ടിട്ടാവണം കാക്കകളും കിളികളും എല്ലാം കരയും ,അവറ്റകള്‍ ഇപ്പോള്‍ നേരം വെളുക്കും എന്ന് കരുതിയാണ് കരയാര് .

                       ഒരു പാടവക്കില്‍ ആയിരുന്ന എന്റെ വീട്ടില്‍ നിന്നും നോക്കിയാല്‍ അതൊരു രസമുള്ള അനുഭവം തന്നെയാണ് .വീട് ഇപ്പോഴും അവിടെ തന്നെയാണെങ്കിലും പാടം ഇന്നില്ല . അത്തരം ഒരു രാത്രിയില്‍ ആണ് ഈ സംഭവം നടക്കുന്നത് .
ഒരു ദിവസം ഞാനും സുലൈമാനും സെക്കന്റ് ഷോ സിനിമ കഴിഞ്ഞു വീട്ടിലേക്ക് വരുമ്പോള്‍ പരമു നായരുടെ ചായക്കടയിലെ ജോലിക്കാരന്‍ അദൃമാനിക്ക ചായക്കടയുടെ മുള കൊണ്ടുള്ള തൂണില്‍ ചാരി ബെഞ്ചില്‍ ഇരുന്നു ഉറങ്ങുന്നത് റാന്തല്‍വിളക്കിന്റെ വെളിച്ചത്തില്‍ ഞാന്‍ കണ്ടു .

                      ഇയാളെന്താ ഈ പാതിരാത്രിയില്‍ ഇവിടെ ചാരി ഇരുന്നു ഉറങ്ങുന്നു എന്ന എന്റെ സംശയത്തിന് സുലൈമാന്‍ മറുപടി തന്നു .ഇയാള്‍ മോഇദീന്‍ക്കയുടെ കൂടെ ഉത്സവങ്ങള്‍ക്കും നേര്‍ച്ചകള്‍ക്കും ജിലേബി ഉണ്ടാക്കുന്ന ജോലിക്ക് പോക്കുണ്ട് .അങ്ങിനെയുള്ള വല്ല പരിപാടിക്കും പോയി വന്നിരിക്കുകയായിരിക്കും . .
എന്നാലീ മനുഷ്യന് വീട്ടീ പോയി കിടന്നു ഉറങ്ങിക്കൂടെ !!!.
ഞാന്‍ മനസ്സില്‍ പറഞ്ഞു .
കൂടുതല്‍ അവിടെ കിടന്നു പരുങ്ങുന്നത് പന്തിയല്ല ഇടക്കൊക്കെ ചുറ്റുപാടുള്ള വീടുകളില്‍ കള്ളന്‍ വന്നു ,വാതിലിനു മുട്ടി ,ജനലിനു കല്ലെടുത്തെറിഞ്ഞു എന്നൊക്കെ കേള്‍ക്കാറുള്ളതാണ് .
ഞങ്ങള്‍ നാട്ടിലില്ലാത്ത നേരം നോക്കി വേറെ വല്ല കള്ളന്മാരും വന്നാല്‍ അവരാണെന്ന് കരുതി നാട്ടുകാര് പെരുമാറും ,പെരുമാറി കഴിഞ്ഞാലെ മുഖം നോക്കൂ .
വെറുതെ തടി കെടാക്കേണ്ട എന്ന് കരുതി ഞങ്ങള്‍ അവിടെ നിന്നും വീട്ടില്‍ വന്നു കിടന്നു ഉറങ്ങി .

                      നല്ല മയക്കത്തില്‍ ആയിരുന്ന ഞാന്‍ പുറത്തെ ബഹളം കേട്ടു ഉണര്‍ന്നു .വീടിനു പുറത്തു വന്നു നോക്കുമ്പോള്‍ ശബ്ദം അധൃമാനിക്ക യുടെ വീട്ടില്‍ നിന്നും ആണ് .
ഞാന്‍ പുറത്തിറങ്ങി അവരുടെ വീട്ടിനടുത്തെക്ക് നീങ്ങി ,അവിടെ അയല്‍വാസികലെല്ലാം കൂടിയിട്ടുണ്ട് .ചില ചെറുപ്പക്കാര്‍ വെള്ളത്തില്‍ മുങ്ങി എണീറ്റ്‌ വന്നപോലെ നില്‍ക്കുന്നു .ഞാന്‍ എന്താണ് കാര്യം എന്നന്ന്വെഷിച്ചു .
അധൃമാനിക്കയുടെ ഭാര്യയില്‍ നിന്നാണ് മറുപടി വന്നത് .തള്ള കരഞ്ഞു കൊണ്ട് പറയുകയാണ്‌ .
"മോനെ ഓര് ഇപ്പൊ കോലായില്‍ ആണ് കിടക്കാരു രണ്ടു മൂന്നു ദിവസം മുമ്പ് ഞങ്ങള് രണ്ടാളും ഒന്നും രണ്ടൂം പറഞ്ഞു തെറ്റീരുന്നു ,അതിന്‍റെ ദെശ്യത്തിനാണ് ഓര് ഇ പണി കാണിച്ചത് " എന്ന് പറഞ്ഞു കൊണ്ട് തള്ള വാവിട്ടു കരഞ്ഞു .
ഞാന്‍ എന്ത് പറഞ്ഞിട്ടും തള്ള കേള്‍ക്കുന്നില്ല ഉച്ചത്തില്‍ തന്നെയാണ് കരയുന്നത് .
മദ്രാസില്‍ ഹോട്ടലില്‍ ജോലി ചെയിതിരുന്ന അധൃമാനിക്ക പ്രായത്തിന്റെ അസുഖങ്ങള്‍ അലട്ടുന്നത് തുടങ്ങിയപ്പോള്‍ ആണ് നാട്ടില്‍ മടങ്ങി എത്തിയത് .അദ്ധെഹത്തിന്റെ തിരിച്ചുവരവ്‌ തള്ളക്കു അത്ര ത്രിപ്തിയായിരുന്നില്ല .
മക്കളും അദ്ധെഹത്തിന്റെ കാര്യത്തില്‍ വലിയ ശ്രദ്ധ ഇല്ലാതെ ആയപ്പോഴാണ് പുള്ളിക്കാരന്‍ പരമു നായരുടെ കടയിലെ ജോലിക്ക് പോക്ക് തുടങ്ങിയത് .പരമു നായരും മോയിദീനും ഉറ്റ സുഹ്ര്‍ത്തുക്കള്‍ ആയതു കൊണ്ട് ചിലപ്പോള്‍ ഉത്സവ കച്ചവടങ്ങള്‍ക്ക് എല്ലാവരും കൂടെ ആണ് പോകാറു .
ഇതിപ്പോള്‍ പരമു നായരും മോയിതീനും അവിടെ ഉണ്ട് പിന്നെ അദ്രുമാനിക്ക എവിടെ? എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താനാണ്‌ ചുറ്റുവട്ടത്തുള്ള ചെറുപ്പക്കാര്‍ കുളത്തിലും കിണറ്റിലും തോട്ടിലും മുങ്ങി തപ്പി വന്നു നില്‍ക്കുന്നത് .

                  രണ്ടു പേരും വഴക്കടിക്കുംപോള്‍ , എനിക്കീ വീട്ടില്‍ കിടക്കാന്‍ ഒരു സോയിര്യം തന്നില്ലെങ്കില്‍ ഞാന്‍ കിണറ്റില്‍ ചാടും എന്ന് അദൃമാനിക്ക പറഞ്ഞത് അയല്‍വാസിയായ ലക്ഷ്മി ചേച്ചിയും കേട്ടത് ആണ് .അതുകൊണ്ടാണ് ചെറുപ്പക്കാര്‍ കുളത്തിലും കിണറ്റിലും ചാടി തപ്പി നോക്കി നിരാശരായി വെള്ളത്തില്‍ കുളിച്ചു വന്നു നില്‍ക്കുന്നത് .

കാര്യങ്ങള്‍ പന്തിയല്ല എന്ന് മനസ്സിലായത്‌ കൊണ്ട് ഞാന്‍ പറഞ്ഞു " നിങ്ങള്‍ ബഹളം വെക്കരുത് അദൃമാനിക്കയെ ഞാന്‍ കണ്ടു ".
എവിടെ? എന്ന എല്ലാവരുടെയും ചോദ്യത്തിന് ബഹളം കേട്ടു അവിടെ ഓടി കിതച്ചു എത്തിയ സുലൈമാന്‍ ആണ് എന്റെ നേരെ വിരല്‍ ചൂണ്ടി ക്കൊണ്ട് മറുപടി പറഞ്ഞത്, " ഞാനും ഇവനും കൂടി വയളിനു (മത പ്രസംഗം ) പോയി വരുമ്പോള്‍ അദൃമാനിക്ക പരമു നായരുടെ ചായക്കടയിലിരുന്നു ഉറങ്ങുന്നത് ഞങ്ങള്‍ കണ്ടു .
ഇത് കേട്ടു എന്റെ അടുത്തു നിന്നിരുന്ന സിനിമ ശാലയില്‍ ടിക്കറ്റ് കൊടുക്കുന്ന ബാലേട്ടന്‍ എന്റെ ചെവിയില്‍ പറയുകയാണ്‌, "പഹയന്മാരെ നിങ്ങള് വയളിനു എന്ന് പറഞ്ഞു വീട്ടീന്ന് വരുന്നത് സിനിമക്ക് ആണ് അല്ലെ ?".
ബാലേട്ടന്റെ കൈ പിടിച്ചു പിറകോട്ടു മാറിക്കൊണ്ട് പതിയെ പറഞ്ഞു ."ബാലേട്ടാ നാറ്റിക്കരുത് ഞങ്ങളുടെ ഒക്കെ കാശ് കൊണ്ടാണ് നിങ്ങള്ക്ക് ശമ്പളം കിട്ടുന്നത് " .പിന്നെ ബാലേട്ടന്‍ മിണ്ടിയില്ല .സുലൈമാന്റെ സംസാരം കെട്ട അവിടെ കൂടിയവരെല്ലാം പരമു നായരുടെ ചായപ്പീടിക ലക്‌ഷ്യം വെച്ച് നടന്നു .
പീടികയില്‍ എത്തിയപ്പോള്‍ മുളന്തൂണില്‍ ചാരി ഇരുന്നിരുന്ന അദൃമാനിക്ക ബെഞ്ചില്‍ കിടന്നു ഉറങ്ങുന്നു . ഞങ്ങള്‍ അദൃമാനിക്കയെ വിളിച്ചുണര്‍ത്തി .ഒന്നും മനസ്സിലാവാത്ത പോലെ അദൃമാനിക്ക എല്ലാവരുടെയും മുഖത്തേക്ക് നോക്കുകയാണ് . എന്നിട്ട് ചോദിക്കുകയാണ് നേരം വെളുത്തില്ലേ ?എന്താ എല്ലാവരും കൂടി ?.
അദൃമാനിക്കയുടെ ഭാര്യ ആണ് അദ്ധെഹത്തിന്റെ ചോദ്യത്തിന് മറുപടി പറഞ്ഞത് "ന്നാലും ന്റെ മനുഷ്യാ ഇങ്ങള് ആളെ ബേജാര്‍ ആക്കാനാണ് പീട്യേല്‍ വന്നു കെടന്നു ഉറങ്ങുന്നത് വീട്ടീ കിടന്നു ഉറങ്ങിക്കൂടെ ?".
എല്ലാവരും പിരിഞ്ഞു പോയി ഞാനും സുലൈമാനും പരമു നായരും മോഇദീന്‍ക്കയും കടയില്‍ തന്നെ ഇരുന്നു .പരമു നായര്‍ റാന്തല്‍ വിളക്ക് അണയ്ക്കാന്‍ അടുക്കളയില്‍ പോയപ്പോള്‍ അതാ അവിടെ ഒരു തളിക നിറയെ പുട്ട് ചുട്ടു വെച്ചിരിക്കുന്നു .ഒരു കുട്ട നിറയെ പപ്പടവും ഉണ്ട് .
ഞങ്ങള്‍ അത്ഭുതത്തോടെ നോക്കി നില്‍ക്കുമ്പോള്‍ മോഇദീന്‍ക്ക പറയുകയാണ്‌ "ഞാന്‍ ഉറങ്ങാന്‍ പോകുന്നതിനു മുമ്പ് ഒരു ബീഡി വലിക്കാം എന്ന് കരുതി വീടിനു പുറത്തു ഇറങ്ങിയപ്പോള്‍ നല്ല പകല് പോലെ വെളിച്ചം ഉണ്ടായിരുന്നു നിലാവിന് . അപ്പോള്‍ കാക്കകളും കിളികളും ചിലക്കുന്നുണ്ടായിരുന്നു .അത് കേട്ടാല്‍ നേരം വെളുത്തു എന്ന് തോന്നും .
ഇന്നലത്തെ ഉത്സവത്തിന്റെ ഉറക്ക ക്ഷീണത്തില്‍ അദൃമാനിക്ക നേരത്തെ കിടന്നു ഉറങ്ങിയിരുന്നു .പുള്ളി കാക്കകളുടെയും കിളികളുടെയും ശബ്ദം കേട്ടപ്പോള്‍ നേരം വെളുത്തു എന്ന് കരുതി എണീറ്റ് വന്നതായിരിക്കും ". ഞങ്ങള്‍ക്കും ആ സംശയം ശെരിയാണെന്ന് തോന്നി . ഞാന്‍ പുട്ട് ചുട്ടു വെച്ചിരിക്കുന്ന തളികയിലേക്ക് നോക്കുമ്പോള്‍ പുട്ട് ആകെ ഉണങ്ങി തരിച്ചിരിക്കുന്നു .
അന്നാണ് ആദ്യമായി ഞാന്‍ ''ഉണക്കപ്പുട്ട്'' കണ്ടത് .

Wednesday, April 1, 2015

അതിബുദ്ധി

ഒരു ദിവസം വൈകീട്ട് നടക്കാനിറങ്ങി,


സുലൈമാന്റെ വീടിനു അടുത്തു എത്തിയപ്പോള്‍ അവന്റെ വീടിനടുത്തുള്ള കിണറിനു ചുറ്റും ഒരാള്‍ക്കൂട്ടം, എന്താകാര്യം എന്ന് അന്വേഷിക്കാം എന്ന് കരുതി അവന്റെ വീട്ടുവളപ്പിലേക്ക് കയറി . 

കാര്യം എന്താന്നല്ലെ ?  സുലൈമാന്റെ വീട്ടിലെ കോഴി കിണറ്റില്‍ വീണിരിക്കുന്നു!! .

കിണറില്‍ ഇറങ്ങാന്‍ ആരെയെങ്കിലും കിട്ടുമോ എന്ന് നോക്കാം എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ സുലൈമാന്റെ ഉപ്പ ; "മാണ്ട!!.''.

 പാവം പശു മൂക്കിനു ചവിട്ടിയ മുറിവ് ശരിക്കും മാറിയിട്ടില്ല ഇപ്പോഴും മുഖത്തു വീക്കം ഉണ്ട് .  


അവരുടെ പശു സുലൈമാന്റെ ഉമ്മയെ മാത്രം പാൽ കറക്കാൻ അനുവദിക്കുകയുള്ളൂ  .ഒരു ദിവസം സുലൈമാന്റെ ഉമ്മ അവന്റെ പെങ്ങളുടെ പ്രസവവുമായി ബന്ധപ്പെട്ടു ആശുപത്രിയിൽ ആയിരുന്നത് കൊണ്ട്  രാവിലെ പശുവിനെ കറക്കാൻ അവന്റെ ഉമ്മയുടെ മാക്സി ഇട്ടുകൊണ്ട്‌   ഉപ്പ തൊഴുത്തിൽ കയറി പശുവിനെ കറക്കാൻ ശ്രമിച്ചു , അകിടിൽ കൈ വെച്ചതും പശു തൊഴിച്ചു .  .


ഉപ്പാക്ക് കൂടുതല്‍ സംസാരിക്കാന്‍ കഴിയാത്തത് കൊണ്ട് ബാക്കി പറഞ്ഞത് അവന്റെ ഉമ്മയാണ് ; "സുലൈമാനെ വിളിക്കാന്‍ ആള് പോയിട്ടുണ്ട് അവന്‍ വരട്ടെ ,അവന്റെടുത്തു വല്ല ഐഡിയായും കാണും ". 

ഞാന്‍ സുലൈമാന്റെ ഉപ്പാന്റെ അടുത്തേക്ക് വിരല്‍ ചൂണ്ടി കൊണ്ട് പറഞ്ഞു "ദേ ..ഇത്താത്താ ഒരാള്‍ വലിയ ഐഡിയ പ്രയോഗിച്ചത്  മുഖവും വീര്‍പ്പിച്ചു ആ ഇരിക്കുന്നത് ഞാന്‍ ആ ലത്തീഫിനെ വിളിക്കാം അവനു കിണറില്‍ ഇറങ്ങി പരിചയം ഉള്ള ആളാണ്‌ ".

ലത്തീഫ് വന്നാല്‍ സംതിംഗ് കൊടുക്കേണ്ടി വരും എന്ന് കരുതിയായിരിക്കും സുലൈമാന്റെ ഉപ്പ ഇടപെട്ടു , "ബഷീര്‍ ,സുലൈമാന്‍ വന്നാല്‍ കോഴിയെ പുഷ്പം പോലെ കിണറ്റില്‍ നിന്നും കയറ്റും ". 

ഇത് കേട്ടു കൂടി നില്‍ക്കുന്നവരില്‍ ഒരുത്തന്റെ കമന്റ ;"സുലൈമാന്‍ ആരാ മോന്‍ ചുട്ട കോഴിയെ പറപ്പിച്ചവന്‍അല്ലെ ". കൂടി നിന്നവരെല്ലാം ചിരിച്ചു .

പാവം കോഴി ആരോ കിണറിലേക്ക് ഇട്ടു കൊടുത്ത വാഴത്തടിയിൽ കയറി നില്ക്കുകയാണ് 

അങ്ങിനെ സുലൈമാന്‍ എത്തി , ചുമലില്‍ കിടന്നിരുന്ന തോര്‍ത്ത് മുണ്ടെടുത്ത് തലയില്‍ വട്ടത്തില്‍ മുറുക്കി കെട്ടി ഗോദ്ധയിലെക്കിറങ്ങുന്ന യോദ്ധാവ് കണക്കെ ചുറ്റും ഒന്ന്  കണ്ണോടിച്ചു  .എന്നിട്ട് കിണറ്റിലേക്ക് നോക്കി കൊണ്ട്, "ഉമ്മാ ഇത് ഇപ്പൊ അടുത്തു നമ്മള്‍ അടവെച് ഇറക്കിയ നമ്മുടെ പുള്ളി കോഴി അല്ലെ ? ഇതിന്‍റെ കുട്ടികള്‍ എവിടെ ?.

അടുത്ത വാഴക്കൂട്ടതിനിടയില്‍ പേടിച്ചരണ്ടു നിലവിളിച്ചു നടക്കുന്ന കോഴിക്കുഞ്ഞുങ്ങളുടെ അടുത്തേക്ക് വിരല്‍ ചൂണ്ടി കൊണ്ട് ഉമ്മ "അതാ അവിടെ "

സുലൈമാന്‍ :" എല്ലാറ്റിനെയും പിടിക്ക് എന്നിട്ട് ആ വലിയ കൊട്ടയില്‍ ആക്കു ."

ഞാന്‍ ചോദിച്ചു,: "എന്ത് ചെയ്യാന്‍ പോകുന്നു സുലൈമാന്‍ " .

സുലൈമാന്‍ : "കോഴികുഞ്ഞുങ്ങളെ കൊട്ടയില്‍ ആക്കി കയറില്‍ കെട്ടി കിണറില്‍ ഇറക്കും,  കുഞ്ഞുങ്ങളെ കണ്ടാല്‍ കോഴി കൊട്ടയിലേക്ക് കയറും" .

ഇത് പറഞ്ഞു കൊണ്ട് എങ്ങനെയുണ്ട് എന്റെ ഐഡിയ എന്ന് ചോദിക്കുന്ന ഭാവത്തില്‍ എന്റെ മുഖത്തേക്ക് നോക്കി .

"ആട്ടെ!! നടക്കട്ടെ !!" ഞാന്‍ പറഞ്ഞു .

സുലൈമാന്‍ കോഴി കുഞ്ഞുങ്ങളെ കൊട്ടയില്‍  ഇട്ടു കിണറ്റില്‍ ഇറക്കി .

തള്ളക്കൊഴിയെ കണ്ട സന്തോഷത്താല്‍ പാവം കോഴിക്കുഞ്ഞുങ്ങള്‍ എല്ലാം കുട്ടയില്‍ നിന്നും കിണറ്റിലേക്ക് ചാടി !!!!!!!!

കൂടി നിന്നവര്‍ക്ക് ചിരി അടക്കാന്‍ കഴിഞ്ഞില്ല .

ഞാന്‍ തിരിഞ്ഞു നോക്കുമ്പോള്‍ വിവരം അറിഞ്ഞു കിണറു പണിക്കാരന്‍ ലത്തീഫു വരുന്നുണ്ടായിരുന്നു . ഹാവൂ ഭാഗ്യം ആ പാവങ്ങള്‍ രക്ഷപ്പെടും .

കൂട്ടത്തില്‍ ഉണ്ടായിരുന്ന പഴയ ചങ്ങാതിയുടെ കമന്റു വീണ്ടും "ബാപ്പാന്റേം മോന്റേം ഒരു ഫുദ്ദിയെ ....!!" .

പക്ഷെ അത് കേള്‍ക്കാന്‍ അവരവിടെ ഉണ്ടായിരുന്നില്ല ,പണി പാളിയ വിഷമത്തില്‍ രണ്ടാളും അടുക്കള കൊലായിയില്‍ ഇരുന്നു ലത്തീഫ് കിണറ്റില്‍ നിന്നും കോഴിക്കുഞ്ഞുങ്ങളെയും കൊണ്ട് കയറി വരുന്നതും നോക്കി ഇരിക്കുകയായിരുന്നു.


സുലൈമാന്‍ വിശേഷങ്ങള്‍ തീരുന്നില്ല !!!!

Thursday, January 1, 2015

പശു പാല് തരും (തൊഴിയും )

എന്റെ ഒരു കൂട്ടുകാരന്‍ ഉണ്ട് സുലൈമാന്‍ അവനു തമാശ പറയാന്‍  നേരോം സന്നര്‍ഭോം ഒന്നും ഇല്ല , എന്തും എവിടെ വച്ചും പറയും .

       ഞാന്‍ നാട്ടിലെത്തിയാല്‍ രാവിലെ പരമുനായരുടെ ചായപ്പീടികയില്‍ പോയി ഒരു ചായ കുടിയും കുറച്ചു  ഗള്‍ഫ്  പുളു  അടിക്കലും എനിക്ക്   ഒരു രസമുള്ള കാര്യമാണ് .

അങ്ങിനെയിരിക്കെ ഒരുനാള്‍ രാവിലെ ഞാന്‍ ചായ കുടിച്ചു കൊണ്ടിരിക്കുമ്പോള്‍ എന്റെ സന്തത സഹചാരിയായ സുലൈമാന്‍ ഒരു ഫ്ലാസ്ക്കും ചോറ്റു പാത്രവുമായി പഞ്ചായത്ത് റോഡിലൂടെ വരുന്നു . മെയിന്‍ റോഡില്‍ ബസ്സിറങ്ങി വരികയാണ് .രാവിലെ ആശുപത്രിയില്‍ നിന്നുള്ള വരവാണ് എന്ന് മനസ്സിലായി ,സുലൈമാന്‍ നേരെ ചായക്കടയിലേക്ക് കയറി .

എന്തെങ്കിലും ചോദിക്കുന്നതിനു മുമ്പായി തന്നെ സുലൈമാന്‍ കാര്യങ്ങള്‍ പറഞ്ഞു തുടങ്ങി ,

"പെങ്ങള് പ്രസവിച്ചു ,ഇന്നലെ രാത്രിയാണ് കൊണ്ടുപോയത് ''.

ബെഞ്ചില്‍  ഇരിക്കുന്നതിനിടയില്‍  ചായപ്പീടികയുടെ അടുക്കളയിലേക്കു നോക്കി കൊണ്ട് ,"നായരെ ...ഒരു  ചായ  എടുത്തോളൂ " . 

എന്റെ മുഖത്തേക്ക് നോക്കി കൊണ്ട്  "നിനക്ക് വേണടാ ചായാ ?''

ഞാന്‍ വേണ്ട എന്ന്  പറഞ്ഞു .

ചായയും കൊണ്ട് വരുന്നതിനിടയില്‍ പരമു നായര്‍ ,"സുലൈമാനെ ആകെ രാവിലത്തെ രണ്ടു ലിറ്റര്‍ പാലിന്റെ കചോടാണ് ഉള്ളത് ,ഇന്ന് നിന്റൊടുത്ത പാല് എത്തിയിട്ടില്ല അത് കൊണ്ട് എന്റെ കച്ചോടം ......" .

നായര് പറഞ്ഞു തീരുന്നതിനു മുമ്പ് സുലൈമാന്‍ 

"ഉമ്മ വീട്ടില്‍ ഇല്ല ആശുപത്രിയില്‍ പെങ്ങളുടെ അടുത്താണ് ,ഉമ്മാനെയല്ലാതെ പശു ആരെയും കറക്കാന്‍ അനുവദിക്കില്ല .നിങ്ങള് വിഷമിക്കേണ്ട  ഞാന്‍ വീട്ടില്‍ ചെല്ലട്ടെ , ചിലപ്പോഴൊക്കെ എന്റെ ഭാര്യ കറക്കാറുണ്ട് ,ഒരാള്‍ കൂടെ നില്‍ക്കണം എന്ന് മാത്രം എന്നാലും പാല് മുഴുവന്‍ കിട്ടില്ല ."

ചായയുടെ കാശും കൊടുത്ത് ഞാനും സുലൈമാനും കൂടി ചായക്കടയില്‍ നിന്നും അവന്റെ വീട് ലക്ഷ്യമാക്കി നടന്നു .വീടിനു അടുത്തെത്താറാപ്പോള്‍ ആരെയോ താങ്ങി എടുത്തു ജീപ്പില്‍ കയറ്റുന്നു. ഇത് കണ്ട  സുലൈമാന്‍ .

"ഇതെന്താ ഉമ്മ ഡബിള്‍  റോളില്‍  അഭിനയിക്കുന്നോ !!??? , 

ഉമ്മാക്ക് ആശുപത്രിയില്‍ ചായേം പലഹാരോം വാങ്ങി കൊടുത്ത് ഞാനിപ്പോ ഇങ്ങു എത്തുന്നതിനു മുമ്പ് ഉമ്മ ചായ കുടിച്ചു ഇവിടെ എത്തിയോ ? ,

എന്തേ പറ്റി എന്തിനാണ്  ഉമ്മാനെ താങ്ങി എടുത്തു വണ്ടിയില്‍ കയറ്റിയത് ?"

ഇതും ചോദിച്ചു കൊണ്ട്  സുലൈമാന്‍ വണ്ടിയുടെ അടുത്തേക്ക് നടന്നു .

അപ്പോള്‍ അവന്റെ ഭാര്യ .,

"അത് ഉമ്മ അല്ല !!ഉപ്പയാണ്!! ,പശൂനെ കറക്കാന്‍ ഉമ്മാന്റെ മാക്സിയും തട്ടവും ഇട്ടു കൊണ്ട് തൊഴുത്തില്‍ കയറി ,അകിട് തൊട്ട ഉടനെ പശു തൊഴിച്ചു വായീന്നും മൂക്കീന്നും എല്ലാം ചോര വരുന്നുണ്ട് ".

അവന്റെ ഉമ്മയെ മാത്രമേ പശു കറക്കാന്‍ അനുവദിക്കൂ .ഉപ്പ ഉമ്മയുടെ വേഷം ധരിച്ചു പശുവിനെ പറ്റിക്കാന്‍ നോക്കിയതാണ് .പക്ഷെ പശു പണി കൊടുത്തു .

സുലൈമാന്‍; 

''ഇപ്പൊ മനസ്സിലായില്ലെ പശൂന് ഉമ്മാനെയും ഉപ്പാനെയും തിരിച്ചറിയാം എന്ന്, വേഗം വിട്ടോളൂ ആശുപത്രിയിലേക്ക് ,എന്തായാലും ഉമ്മാന്റെ ആ മാക്സി ഇങ്ങോട്ട് അഴിച്ചോളൂ,  അല്ലേല്‍ ഡോക്കടര്മാര്‍ വനിതാ വാര്‍ഡില്‍ അഡ്മിറ്റ്‌ ചെയ്യും. മാത്രമല്ല ഇപ്പൊ പീടനത്തിന്റെ കാലം ആണ് !!".

ആ വിഷമ ഘട്ടത്തിലും സുലൈമാന്‍ ഹ്യൂമര്‍വിട്ടില്ല .

.