Wednesday, April 1, 2015

അതിബുദ്ധി

ഒരു ദിവസം വൈകീട്ട് നടക്കാനിറങ്ങി,


സുലൈമാന്റെ വീടിനു അടുത്തു എത്തിയപ്പോള്‍ അവന്റെ വീടിനടുത്തുള്ള കിണറിനു ചുറ്റും ഒരാള്‍ക്കൂട്ടം, എന്താകാര്യം എന്ന് അന്വേഷിക്കാം എന്ന് കരുതി അവന്റെ വീട്ടുവളപ്പിലേക്ക് കയറി . 

കാര്യം എന്താന്നല്ലെ ?  സുലൈമാന്റെ വീട്ടിലെ കോഴി കിണറ്റില്‍ വീണിരിക്കുന്നു!! .

കിണറില്‍ ഇറങ്ങാന്‍ ആരെയെങ്കിലും കിട്ടുമോ എന്ന് നോക്കാം എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ സുലൈമാന്റെ ഉപ്പ ; "മാണ്ട!!.''.

 പാവം പശു മൂക്കിനു ചവിട്ടിയ മുറിവ് ശരിക്കും മാറിയിട്ടില്ല ഇപ്പോഴും മുഖത്തു വീക്കം ഉണ്ട് .  


അവരുടെ പശു സുലൈമാന്റെ ഉമ്മയെ മാത്രം പാൽ കറക്കാൻ അനുവദിക്കുകയുള്ളൂ  .ഒരു ദിവസം സുലൈമാന്റെ ഉമ്മ അവന്റെ പെങ്ങളുടെ പ്രസവവുമായി ബന്ധപ്പെട്ടു ആശുപത്രിയിൽ ആയിരുന്നത് കൊണ്ട്  രാവിലെ പശുവിനെ കറക്കാൻ അവന്റെ ഉമ്മയുടെ മാക്സി ഇട്ടുകൊണ്ട്‌   ഉപ്പ തൊഴുത്തിൽ കയറി പശുവിനെ കറക്കാൻ ശ്രമിച്ചു , അകിടിൽ കൈ വെച്ചതും പശു തൊഴിച്ചു .  .


ഉപ്പാക്ക് കൂടുതല്‍ സംസാരിക്കാന്‍ കഴിയാത്തത് കൊണ്ട് ബാക്കി പറഞ്ഞത് അവന്റെ ഉമ്മയാണ് ; "സുലൈമാനെ വിളിക്കാന്‍ ആള് പോയിട്ടുണ്ട് അവന്‍ വരട്ടെ ,അവന്റെടുത്തു വല്ല ഐഡിയായും കാണും ". 

ഞാന്‍ സുലൈമാന്റെ ഉപ്പാന്റെ അടുത്തേക്ക് വിരല്‍ ചൂണ്ടി കൊണ്ട് പറഞ്ഞു "ദേ ..ഇത്താത്താ ഒരാള്‍ വലിയ ഐഡിയ പ്രയോഗിച്ചത്  മുഖവും വീര്‍പ്പിച്ചു ആ ഇരിക്കുന്നത് ഞാന്‍ ആ ലത്തീഫിനെ വിളിക്കാം അവനു കിണറില്‍ ഇറങ്ങി പരിചയം ഉള്ള ആളാണ്‌ ".

ലത്തീഫ് വന്നാല്‍ സംതിംഗ് കൊടുക്കേണ്ടി വരും എന്ന് കരുതിയായിരിക്കും സുലൈമാന്റെ ഉപ്പ ഇടപെട്ടു , "ബഷീര്‍ ,സുലൈമാന്‍ വന്നാല്‍ കോഴിയെ പുഷ്പം പോലെ കിണറ്റില്‍ നിന്നും കയറ്റും ". 

ഇത് കേട്ടു കൂടി നില്‍ക്കുന്നവരില്‍ ഒരുത്തന്റെ കമന്റ ;"സുലൈമാന്‍ ആരാ മോന്‍ ചുട്ട കോഴിയെ പറപ്പിച്ചവന്‍അല്ലെ ". കൂടി നിന്നവരെല്ലാം ചിരിച്ചു .

പാവം കോഴി ആരോ കിണറിലേക്ക് ഇട്ടു കൊടുത്ത വാഴത്തടിയിൽ കയറി നില്ക്കുകയാണ് 

അങ്ങിനെ സുലൈമാന്‍ എത്തി , ചുമലില്‍ കിടന്നിരുന്ന തോര്‍ത്ത് മുണ്ടെടുത്ത് തലയില്‍ വട്ടത്തില്‍ മുറുക്കി കെട്ടി ഗോദ്ധയിലെക്കിറങ്ങുന്ന യോദ്ധാവ് കണക്കെ ചുറ്റും ഒന്ന്  കണ്ണോടിച്ചു  .എന്നിട്ട് കിണറ്റിലേക്ക് നോക്കി കൊണ്ട്, "ഉമ്മാ ഇത് ഇപ്പൊ അടുത്തു നമ്മള്‍ അടവെച് ഇറക്കിയ നമ്മുടെ പുള്ളി കോഴി അല്ലെ ? ഇതിന്‍റെ കുട്ടികള്‍ എവിടെ ?.

അടുത്ത വാഴക്കൂട്ടതിനിടയില്‍ പേടിച്ചരണ്ടു നിലവിളിച്ചു നടക്കുന്ന കോഴിക്കുഞ്ഞുങ്ങളുടെ അടുത്തേക്ക് വിരല്‍ ചൂണ്ടി കൊണ്ട് ഉമ്മ "അതാ അവിടെ "

സുലൈമാന്‍ :" എല്ലാറ്റിനെയും പിടിക്ക് എന്നിട്ട് ആ വലിയ കൊട്ടയില്‍ ആക്കു ."

ഞാന്‍ ചോദിച്ചു,: "എന്ത് ചെയ്യാന്‍ പോകുന്നു സുലൈമാന്‍ " .

സുലൈമാന്‍ : "കോഴികുഞ്ഞുങ്ങളെ കൊട്ടയില്‍ ആക്കി കയറില്‍ കെട്ടി കിണറില്‍ ഇറക്കും,  കുഞ്ഞുങ്ങളെ കണ്ടാല്‍ കോഴി കൊട്ടയിലേക്ക് കയറും" .

ഇത് പറഞ്ഞു കൊണ്ട് എങ്ങനെയുണ്ട് എന്റെ ഐഡിയ എന്ന് ചോദിക്കുന്ന ഭാവത്തില്‍ എന്റെ മുഖത്തേക്ക് നോക്കി .

"ആട്ടെ!! നടക്കട്ടെ !!" ഞാന്‍ പറഞ്ഞു .

സുലൈമാന്‍ കോഴി കുഞ്ഞുങ്ങളെ കൊട്ടയില്‍  ഇട്ടു കിണറ്റില്‍ ഇറക്കി .

തള്ളക്കൊഴിയെ കണ്ട സന്തോഷത്താല്‍ പാവം കോഴിക്കുഞ്ഞുങ്ങള്‍ എല്ലാം കുട്ടയില്‍ നിന്നും കിണറ്റിലേക്ക് ചാടി !!!!!!!!

കൂടി നിന്നവര്‍ക്ക് ചിരി അടക്കാന്‍ കഴിഞ്ഞില്ല .

ഞാന്‍ തിരിഞ്ഞു നോക്കുമ്പോള്‍ വിവരം അറിഞ്ഞു കിണറു പണിക്കാരന്‍ ലത്തീഫു വരുന്നുണ്ടായിരുന്നു . ഹാവൂ ഭാഗ്യം ആ പാവങ്ങള്‍ രക്ഷപ്പെടും .

കൂട്ടത്തില്‍ ഉണ്ടായിരുന്ന പഴയ ചങ്ങാതിയുടെ കമന്റു വീണ്ടും "ബാപ്പാന്റേം മോന്റേം ഒരു ഫുദ്ദിയെ ....!!" .

പക്ഷെ അത് കേള്‍ക്കാന്‍ അവരവിടെ ഉണ്ടായിരുന്നില്ല ,പണി പാളിയ വിഷമത്തില്‍ രണ്ടാളും അടുക്കള കൊലായിയില്‍ ഇരുന്നു ലത്തീഫ് കിണറ്റില്‍ നിന്നും കോഴിക്കുഞ്ഞുങ്ങളെയും കൊണ്ട് കയറി വരുന്നതും നോക്കി ഇരിക്കുകയായിരുന്നു.


സുലൈമാന്‍ വിശേഷങ്ങള്‍ തീരുന്നില്ല !!!!

1 comment:

  1. ഹ ഹ ഹ ഹ സുലൈമാൻ ഇക്കൊല്ലം SSLC എഴുതിയോ ആവോ ....ഹി ഹി .

    ReplyDelete