കല്യാണ കുട്ടന്‍ !
പത്താം ക്ലാസ് വരെ എളുപ്പമായിരുന്ന മാത്തമാറ്റിക്സ് പ്രീ ഡിഗ്രി എത്തിയപ്പോള്‍ ഒരു ബാലികേറാ മലയായി .കാലിക്കറ്റ് യൂണിവേഴ്സിറ്റിയുമായി രണ്ടു തവണ അങ്കം കുറിച്ചു , അങ്കം കൊണ്ടും ആള്‍ബലം കൊണ്ടും എന്നെ തോല്പിക്കാന്‍ കഴിയില്ല മക്കളെ എന്ന് പറഞ്ഞു കൊണ്ട് നോട്ടീസ് ബോഡ് ഞെളിഞ്ഞു നിന്നു .പഠന ആവശ്യത്തിനു ഇനിയും വീട്ടുകാരെ ബുദ്ധിമുട്ടിക്കല്‍ ശരിയല്ലാ എന്ന ഒരു തോന്നല്‍ . ഞാനും സുലൈമാനും എന്തെങ്കിലും ചെറിയ ജോലി ചെയിതു പഠനം തുടരാം എന്നതിനെ കുറിച്ച് ആഴത്തില്‍ ചിന്തിച്ചു .
ആയിടെ ഒരു സുഹ്രത്തിന്റെ ജ്യേഷ്ടന്റെ കല്യാണം വന്നു .സുഹ്ര്‍ത്തിന്റെ ക്ഷണം അനുസരിച്ച് ഞാനും സുലൈമാനും തലേ ദിവസം തന്നെ കല്യാണ വീട്ടില്‍ സജീവമായി (വേറെ പണി ഒന്നും ഇല്ലല്ലോ ) .പന്തല്‍ കെട്ടലും എല്ലാമായി നല്ല തിരക്കിലായിരുന്നു .രാത്രി ആയപ്പോള്‍ രണ്ടാള്‍ക്കാര്‍ വന്നു കല്യാണ മണ്ഡപം ഒരുക്കാന്‍ .അവര്‍ "അലങ്കോല" പണികള്‍ ആരംഭിച്ചു ,പല തരാം വര്‍ണങ്ങള്‍ ഉള്ള കടലാസ് പൂക്കളും മാലകളും കൊണ്ട് പന്തല്‍ മുഴുവന്‍ അലങ്കരിച്ചു ,അവരെ സഹായിക്കാന്‍ ഞങ്ങള്‍ രണ്ടു പേരും ചേര്‍ന്നു ,കാരണം ആ പണി ചെയ്യുന്നവരെ വനിതാ രത്നങ്ങള്‍ ശ്രദ്ധിക്കുന്നുണ്ട് എന്നത് ഞങ്ങളില്‍ താല്പര്യം ഉളവാക്കി അപ്പോള്‍ ഞങ്ങളും ഒരു വിലസങ്ങു വിലസി .
"അലങ്കോല"പ്പണികള്‍ എല്ലാം കഴിഞ്ഞു ഓരോ സിഗരറ്റും (പുക വലി ആരോഗ്യത്തിനു ഹാനീകരം) വലിച്ചു കൊണ്ട് ഇരിക്കുമ്പോള്‍ സുലൈമാന്‍ , ഡാ ഒരു ഐഡിയ !! എന്താണ് എന്ന ചോദ്യ ഭാവത്തില്‍ ഞാന്‍ അവന്റെ മുഖത്തക്ക് നോക്കി .ആഞ്ഞു ഒരു പഫ് എടുത്തു പുക പുറത്തേക്ക് വിട്ടു തൊണ്ട ശരിയാക്കി കൊണ്ട് അവന്‍ പറയാന്‍ ആരംഭിച്ചു ."നമ്മുടെ നാട്ടിലെ മിക്ക കല്യാണങ്ങള്‍ക്കും നാം രാത്രിയില്‍ ഉറക്കമൊഴിച്ചു പന്തല്‍ ഇടാനും ചമയങ്ങള്‍ ഒരുക്കാനും എല്ലാം മിനക്കെടാറില്ലേ , എന്നിട്ടോ ചമയങ്ങള്‍ക്കുള്ള കാശ് വീട്ടുടമസ്ഥന്‍ ചമയക്കാരന് കൊടുക്കും പണികള്‍ മറ്റാരെങ്കിലും ചെയ്യും കൂട്ടത്തില്‍ അയാള്‍ ഒന്ന് സഹായിക്കും .മിക്കപ്പോഴും നമ്മള്‍ അല്ലെ ഈ ചമയക്കാരനെ സഹായിക്കല്‍ ". ഞാന്‍ അതെ എന്ന ഭാവത്തില്‍ തല ആട്ടിക്കൊണ്ട് അവന്റെ വിവരണത്തിനായി കാത്തിരിക്കുകയാണ് . സുലൈമാന്‍ സിഗരറ്റ് ഒന്ന് കൂടി ആഞ്ഞു വലിച്ചു . പുക പുറത്തേക്ക് വിടുന്നതിനിടയില്‍ തന്നെ സംസാരം തുടങ്ങി , "അത് കൊണ്ട് നമുക്കും ഇത് പോലെ ഒരു അലങ്കാര പണികള്‍ ചെയിതു കൊടുക്കുന്ന ഒരു പ്രസ്ഥാനം തുടങ്ങിയാലോ ? .
അവന്റെ തീരുമാനത്തെ ഞാന്‍ അംഗീകരിച്ചു .ഒരു നേരമ്പോക്കും ചെറിയ വരുമാനവും,കൂട്ടത്തില്‍ പഠനവും . നല്ല ആശയമായി തോന്നി . പ്രോജെക്റ്റ് റിപ്പോര്‍ട്ട് തയ്യാറാക്കി . ആട് ,കോഴി , പ്രാവ് തുടങ്ങിയ ഞങ്ങളുടേതായ സ്ഥാപര ജംഗമ വസ്ത്തുക്കള്‍ പെറുക്കി വില്‍ക്കുകയും ഒരു ഗള്‍ഫുക്കാരന്റെ മകനായ ഞങ്ങളുടെ ഒരു കൂട്ടുകാരനെ പ്രസ്തുത സംരംഭത്തിന് ഫിനാന്‍ഷ്യല്‍ പാര്‍ട്ണര്‍ ആയി ചേര്‍ത്തു കൊണ്ട് ആവശ്യമായ മൂലധനം സമാഹരിച്ചു . കോഴിക്കോട്, കുന്നം കുളം ,കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ നിന്നും അതിനു വേണ്ട സാധന സാമഗ്രികകളും അസംസ്കര്ത വസ്ത്തുക്കളും സംഘടിപ്പിച്ചു .
ഞങ്ങള്‍ പ്രസ്ഥാനം തുടങ്ങിയ സന്ദര്‍ഭം മോശമല്ലായിരുന്നു .തരക്കേടില്ലാത്ത രീതിയില്‍ പരിപാടികള്‍ കിട്ടിക്കൊണ്ടിരുന്നു.ആയിടെ ഞങ്ങളുടെ നാട്ടിന് തൊട്ടടുത്തുള്ള ഗ്രാമത്തില്‍ ഉള്ള ഒരു ചെറുപ്പക്കാരന്‍ ഞങ്ങളെ അവന്റെ കല്യാണത്തിനു മണ്ഡപം ഒരുക്കാന്‍ ആവശ്യപ്പെട്ടു .പ്രസ്തുത ദിവസം ഞങ്ങള്‍ക്ക് വേറെ ഒരു കല്യാണവും കൂടി ഉണ്ടായിരുന്നു .അത് കൊണ്ട് സാധ്യമാവില്ല എന്ന ഞങ്ങളുടെ മറുപടി കെട്ട അയാള്‍ കുറച്ചു കാശ് അഡ്വാന്‍സ് ഇരിക്കട്ടെ നിങ്ങള്‍ തന്നെ ചെയ്യണം നിങ്ങളുടെ കല്യാണ മണ്ഡപ ചമയങ്ങള്‍ ഞാന്‍ കണ്ടിട്ടുണ്ട് .എനികിഷ്ടമായി ,നിങ്ങളുടെ വര്‍ക്ക് വളരെ കലാപരമായിട്ടുണ്ട് എന്നൊക്കെ പറഞ്ഞു കാശും അഡ്രസ്സും തന്നു.അയാള്‍ നടന്നു പോകുമ്പോള്‍ സുലൈമാന്‍ പറയുകയാണ് ,"എന്ത് നല്ല മനുഷ്യന്‍ !! പടച്ചോനെ അയാള്‍ നടന്നു പോകുന്ന വഴിയില്‍ നിന്ന് ഒരു മുള്ള് പോലും കുത്തി വേദനിപ്പിക്കാതെ നീ അയാളെ കാത്തോളണെ........". ഉള്ളില്‍ ചിരിയുന്ടെങ്കിലും ആമീന്‍ എന്ന് പറയാതിരിക്കാന്‍ കഴിഞ്ഞില്ല .
ഞങ്ങളുടെ കയ്യിലുള്ള സാധനങ്ങള്‍ തികയില്ല ,കുറച്ചു കൂടി സംഘടിപ്പിക്കണം .ഫൈനാന്‍സ് കമ്മറ്റി ചേര്‍ന്നു .ധന സമാഹരണത്തെ കുറിച്ച് ചര്‍ച്ച നടന്നു ,ബാപ്പ ലീവ് കഴിഞ്ഞു പോയ സമയമായതു കൊണ്ട് ഞങ്ങളുടെ മെയിന്‍ ഫൈനാന്‍സറുടെ പോക്കറ്റ് ശൂന്യമായിരുന്നു .അവസാനം അയല്‍ സംസ്ഥാനമായ തമിഴ്നാടിനോട് സഹായം തേടി !!
വട്ടി പലിശക്കാരന്‍ അണ്ണാച്ചിയുടെ സഹായം തേടി എന്ന്, മനസ്സിലായില്ലെ ?
പ്രസ്തുത ദിവസം വന്നെത്തി , അകലെയുള്ള വര്‍ക്ക് ആദ്യം തീര്‍ക്കുക അവസാനം നാട്ടില്‍ ഉള്ള വര്‍ക്ക് ചെയ്യുക എന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ഞങ്ങള്‍ ആ ഗ്രാമത്തില്‍ എത്തി .കുറച്ചു അകലെയായത് കൊണ്ട് വാടകയ്ക്ക് ജീപ്പ് വിളിച്ചാണ് പോയത് . ഞങ്ങള്‍ അയാള്‍ പറഞ്ഞ വഴിയിലൂടെ ആ ഗ്രാമത്തില്‍ എത്തി .അവിടെ കണ്ട ഒരു ചായപ്പീടികയില്‍ ആ ചെറുപ്പക്കാരന്‍ തന്ന അഡ്രെസ്സ് കാണിച്ചു വീട്ടിലേക്കുള്ള വഴി അന്ന്വേഷിച്ചു .അയാള്‍ അട്രെസ്സിലേക്ക് നോക്കി വായിച്ചതിനു ശേഷം അയാളുടെ കണ്ണടയുടെ മുകളിലൂടെ എന്റെ മുഖത്തേക്ക് പുച്ഛം കലര്‍ന്ന ഭാവത്തില്‍ ഒരു നോട്ടം .അയാളുടെ നോട്ടം കണ്ടപ്പോള്‍ എനിക്ക് എന്തേ എന്ന് ചോദിക്കാന്‍ തോന്നി ,ഞാന്‍ ചോദിക്കുകയും ചെയിതു .
ഹും ....ചെല്ല് ....ചെല്ല് ..ഇതാ.... ആ കാണുന്ന വളവു കഴിഞ്ഞു വലതു ഭാഗത്ത് മൂന്നാമത്തെ വീട് ആണ് .നാദസ്വരക്കാര്‍ ഇപ്പൊ അങ്ങോട്ട് പോയിട്ടോള്ളൂ .എന്ന് പറഞ്ഞു കൊണ്ട് അയാള്‍ ഒരു വളിച്ച ചിരി ചിരിച്ചു .ഞങ്ങള്‍ ആ വീടിനടുത്ത് ജീപ് നിര്‍ത്തി .പടച്ചോനെ പന്തല്‍ പണി ഒന്നും നടന്നു കാണുന്നില്ല ,വീട് മാറിയോ ? ഞങ്ങള്‍ വീട്ടു മുറ്റത്തേക്ക് കയറി .ഞങ്ങളുടെ മുന്നില്‍ വന്ന നാദസ്വരക്കാര്‍ അവിടെ നില്‍ക്കുന്നത് കണ്ടപ്പോള്‍ വീട് മാറിയിട്ടില്ല എന്ന് മനസ്സിലായി .പിന്നെന്താണ് ആ നല്ലവനായ ചെറുപ്പക്കാരന് എന്ത് പറ്റി?. ഞങ്ങള്‍ വീടിന്റെ കോലായില്‍ നില്‍ക്കുന്ന വീടുകാരനോട് വീട് അത് തന്നെ അല്ലെ എന്ന് തിരക്കി .അതെ എന്ന് അയാള്‍ പറഞ്ഞു കൊണ്ട് ഞങ്ങളോട് ചോദിച്ചു നിങ്ങള്‍ എന്ത് പണിക്കാര്‍ ആണ് ?. ഞങ്ങള്‍ ഡക്കറേഷന്‍ വര്‍ക്ക് ചെയ്യുന്നവര്‍ ആണ് . അപ്പോള്‍ അയാള്‍ " മക്കളെ നിങ്ങളെ ഏല്‍പ്പിച്ചത് എന്റെ മൂത്ത മകന്‍ ലക്ഷ്മണന്‍(പേര് സാങ്കല്പികം ) ആണ് .അവനു അടുത്തിടെ ഒരു കല്യാണ ആലോചന വരികയും അത് നടത്താന്‍ തീരുമാനിക്കുകയും ചെയിതു .കല്യാണം വളരെ ഭംഗിയായി നടന്നു .പക്ഷെ കല്യാണ ദിവസം രാത്രിയില്‍ വീട്ടില്‍ എല്ലാവരും തിരക്കില്‍ ആയ സമയത്ത് ആരുടേയും ശ്രദ്ധയില്‍ പെടാതെ പെണ്ണ് കാമുകനുമായി മുങ്ങി .എന്റെ മകന്‍ ഗള്‍ഫീന്ന് കൊടുന്ന അഞ്ചെട്ടു പവന്‍ സ്വര്‍ണവും അവളുടെ അച്ഛന്‍ കൊടുത്ത സ്വര്‍ണവും എടുത്തു കൊണ്ടാണ് അവളും കാമുകനും കൂടി നാട് വിട്ടത് .
അതിനു ശേഷം എന്റെ മകന് മാനസികമായി ചില തകരാറുകള്‍ കണ്ടു തുടങ്ങി .ഇടയ്ക്കിടയ്ക്ക് നിങ്ങളെ പോലെയുള്ളവരെ കണ്ടു കല്യാണത്തിനു ക്ഷണിക്കും .ഇപ്പോള്‍ ഇതൊരു പതിവായിരിക്കുകയാണ് .ഇന്ന് നിങ്ങള്‍ മൂന്നാമത്തെ പാര്‍ടിയാണ് .രാവിലെ ബാന്‍ഡ് വാദ്യക്കാര്‍ ആണ് വന്നത് .
ഭൂമി താന്നു പോകുന്നത് പോലെ എനിക്ക് തോന്നി ,വട്ടി പലിശക്കാരന്‍ അണ്ണാച്ചിക്കു എങ്ങിനെ കാശ് കൊടുക്കും .ഇതെല്ലാം ആലാചിച്ചു നില്‍ക്കുന്നിതിനിടയില്‍ ആ വീട്ടുകാരന്‍ ഇന്നാ മക്കളെ ആ ജീപ്പിനു വാടക കൊടുത്തോളൂ എന്ന് പറഞ്ഞു കുറച്ചു കാശ് നീട്ടി .സുലൈമാന്‍ എന്നോട് വാങ്ങിക്കെണ്ടാ എന്ന് ആംഗ്യം കാണിച്ചു .ഞാന്‍ വാങ്ങിയില്ല .ഞങ്ങള്‍ തിരിച്ചു ജീപ്പിലേക്കു കയറി .വല്ലാത്ത ദാഹം ,ആ കടയുടെ അടുത്തു വണ്ടി നിര്‍ത്തി ഓരോ ച്ചായ കുടിക്കാം എന്ന് കരുതി .പാവം ഗള്‍ഫില്‍ നല്ലൊരു ജോലി ഉണ്ടായിരുന്നു എന്ന് ആ ചായക്കടക്കാരന്‍ ഞങ്ങളോട് പറഞ്ഞു . ഈ സ്വഭാവം മൂലം നാട്ടുകാര്‍ അവനിട്ട പേരാണ് "കല്യാണ കുട്ടന്‍ !". ഞങ്ങള്‍ അവിടെയിരുന്നു ആ ചെറുപ്പക്കാരന്റെ അസുഖം വെകത്തില്‍ സുഖം പ്രാപിക്കണമെന്നു പ്രാര്‍ഥിച്ചു കൊണ്ട് തിരിച്ചു പോന്നു .പോരുന്നതിനിടയില്‍ സുലൈമാന്‍ പറയുകയാണ് .ആ വീട്ടുടമസ്ഥനു നഷ്ടപ്പെട്ടതോര്‍ക്കുമ്പോള്‍ നമ്മുടെ നഷ്ടം തുച്ചം .
സുലൈമാന്‍ വിശേഷങ്ങള്‍ തീരുന്നില്ല !!!
ഏതായാലും തമിഴന്റെ നല്ല കാലം
ReplyDelete