Tuesday, June 12, 2018

എന്‍റെ ഫൈസ് ബുക്ക് പോസ്റ്റുകള്‍ 11


June 1, 2017 · 
ദുബായ് സോനാപൂര്‍(മുഹൈസിന ) ഏരിയയിലെ ലേബര്‍ ക്യാമ്പുകളില്‍ ആണ് കൂടുതല്‍ ആന്ധ്രക്കാര്‍ ഉള്ളത് എന്നാണു എന്‍റെ ഒരു കണക്കില്‍ മനസ്സിലായിട്ടുള്ളത് .
എന്‍റെ നാട്ടുകാരായ രണ്ടു മൂന്നുപേര്‍ ആന്ധ്രക്കാര്‍ ഉള്ള നിര്‍മ്മാണ കമ്പനിയില്‍ ജോലി ചെയിതിരുന്നു .
ഗള്‍ഫിലെത്തി കുറച്ചു കാലം കഴിഞ്ഞാല്‍ ആശിച്ച പുരോഗതിയൊന്നും ഉണ്ടാവാതെ ഇരിക്കുമ്പോഴാണ് ,മതി നിര്‍ത്തി നാട്ടിലെന്തെങ്കിലും ബിസിനെസ് ചെയിതു കുടുംപത്തോടൊപ്പം ജീവിക്കാം എന്ന തോന്നല്‍ നമുക്ക് ഉണ്ടാകുക .
മേല്‍പറഞ്ഞ എന്‍റെ നാട്ടുകാരിലോരാള്‍ക്ക് അങ്ങിനെയൊരു ബിസിനെസ് മോഹം ഉദിക്കുന്നത് ഒരിക്കല്‍ നാട്ടില്‍ പോയി വന്ന സമയത്താണ് .
നാട്ടില്‍ നിന്നും അവനൊരു ബിസിനെസ് ഐടിയയും കിട്ടിയിരുന്നു .
അവന്‍റെ വീടിന്‍റെ തൊട്ടടുത്തുള്ള ഒരാള്‍ ചെറിയ പോത്ത് കുട്ടികളെ ചന്തയില്‍ നിന്ന് കൊടുന്നു, നല്ല തീറ്റയൊക്കെ കൊടുത്ത് കുട്ടപ്പനാക്കി .
ഭീമമായ ലാഭാത്തിനാണ് കൊടുക്കുന്നത് എന്ന ബിസിനെസ് രഹസ്യം മനസ്സിലാക്കിയത് മുതല്‍ അവനു ഉറക്കമില്ലായിരുന്നു .
നല്ല തടിച്ചു കൊഴുത്ത ലക്ഷണമൊത്ത പോത്തുകളെയാണ് , കുഞ്ഞുങ്ങള്‍ ജനിച്ചു പതിനഞ്ചാം ദിവസം കുട്ടിയുടെ മുടി കളയുമ്പോള്‍ ഞങ്ങളുടെ നാട്ടില്‍ അറുത്തു വിതരണം ചെയ്യാറ് .
ഈ ആവശ്യത്തിനുള്ള കന്നുകാലികളെ വാങ്ങിക്കുമ്പോള്‍ വിലയുടെ കാര്യത്തില്‍ വലിയ വിലപേശല്‍ ഒന്നും നടക്കാറില്ല .
പറഞ്ഞ കാശ് കൊടുത്ത് വാങ്ങിക്കും .
സാദനം ക്ലീന്‍ ആവണം എന്നൊരു ഡിമാന്റ് മാത്രമേ വാങ്ങിക്കുന്നവര്‍ക്കുള്ളൂ .
ഇങ്ങനെയുള്ള ആവശ്യങ്ങള്‍ക്ക് പോത്തുകളെയും കാളകളെയും വളര്‍ത്തിഎടുക്കുക എന്നതായിരുന്നു നമ്മുടെ സുഹ്രത്തിന്റെ ലക്‌ഷ്യം .
ഇവന്‍ ലേബര്‍ ക്യാമ്പില്‍ ഉള്ള ആന്ധ്രക്കാരോട് അവരുടെ നാട്ടിലെ കന്നുകാലികളുടെ വിലനിലവാരത്തെക്കുറിച്ച് ചോദിച്ചറിഞ്ഞപ്പോള്‍ മനസ്സില്‍ ഒരായിരം ലടു പൊട്ടിയിരുന്നു .
കുറച്ചു നാളുകള്‍ക്കു ശേഷം ആ കമ്പനിയില്‍ നിന്നും അവര്‍ ക്യാന്‍സല്‍ ആയി നാട്ടിലെത്തി .
അവര്‍ ബിസിനെസ് തുടങ്ങുവാന്‍ ഉള്ള ഒരുക്കത്തിലായി .
അവരുടെ കൂടെ ക്യാന്‍സലായി വന്ന ആന്ധ്രക്കാരുടെ അഡ്രെസ്സ് തപ്പിപ്പിടിച്ചു അവര്‍ ആന്ധ്രയില്‍ എത്തി .
നാട്ടിന്‍ പുറങ്ങളില്‍ കറങ്ങി പോത്ത് കുട്ടികളെ അന്ന്വേഷിച്ചപ്പോള്‍ തന്നെ അവരുടെ മനസ്സില്‍ ആഹ്ലാദം അലതല്ലി .
കാരണം എന്തെന്നല്ലേ ?
അവിടെന്നു കിട്ടുന്ന പോത്ത് കുട്ടികളെയൊക്കെ പത്തിരട്ടി വിലക്കാണ് നാട്ടില്‍ വില്‍ക്കുന്നത് .
അപ്പോള്‍ അതിനെ വലുതാക്കി വിറ്റാല്‍ കിട്ടുന്ന ലാഭം ഓര്‍ത്ത്‌ അവന്മാര്‍ ബോധം കെട്ടു വീണില്ലന്നെയുള്ളൂ !!.
പിന്നീട് അവറ്റകളെ കൊണ്ട് വരാനുള്ള മാര്‍ഗ്ഗങ്ങള്‍ ആരാഞ്ഞു .
കേരളത്തിലേക്ക് കൊണ്ട് വരണമെങ്കില്‍ കുത്തിവെപ്പ് എടുക്കണം ,
ഇതറിഞ്ഞപ്പോള്‍ അവിടുത്തെ മ്ര്‍ഗാശുപത്രിയുമായി ബന്ധപ്പെട്ടപ്പോള്‍ അത് വലിയ ചിലവൊന്നും ഇല്ലാതെ ശരിയാക്കാം എന്ന് മനസ്സിലായി .
പിന്നീട് ചെക്ക് പോസ്റ്റ്‌ കടക്കുന്നതിനെ കുറിച്ച് അന്ന്വേഷിച്ചപ്പോഴാണ് കണ്ട സ്വപ്നങ്ങളുടെ കോട്ടയെല്ലാം തകര്‍ന്നടിഞ്ഞത് .
അവസാനം അവര്‍ പദ്ധതി ഉപേക്ഷിച്ചു തിരിച്ചു ഗള്‍ഫിലെ പല സ്ഥലങ്ങളിലേക്കായി വീണ്ടും വിസയെടുത്ത് ജോലിക്ക് പോയി .
ഈ വിവരങ്ങള്‍ അറിഞ്ഞപ്പോള്‍ എനിക്കൊരാശ എന്ത് കൊണ്ട് ചെക്ക് പോസ്റ്റ്‌ കടമ്പ വളഞ്ഞ വഴിയിലൂടെ കയറിക്കൂടാ ?.
ഞാന്‍ ആ വഴിക്കുള്ള ആന്ന്വേഷണം തുടങ്ങി .
പലപ്പോഴും ചെക്ക് പോസ്റ്റ്‌ വഴി ചില്ലറ ഇടപാടുകള്‍ നടത്തിയ എക്സ്പീരിയന്‍സ് വെച്ച് അന്ന്വേഷിച്ചപ്പോഴാണ് സംഗതിയുടെ കിടപ്പ് അത്ര പന്തിയല്ലെന്ന് മനസ്സിലായത്‌ .
ആന്ധ്ര ,കര്‍ണാടക ,തമിഴ്നാട് എന്നിവിടങ്ങളില്‍ നിന്നൊക്കെ കന്നുകാലികളെ കടത്തുന്ന വമ്പന്‍ റാക്കറ്റ്കളെപറ്റി അറിയുന്നത് അപ്പോഴാണ്‌ .
നമുക്കും കന്നുകാലികളെ കൊണ്ടുവരാം പക്ഷെ പ്രോഫിറ്റില്‍ ഒരു പങ്ക് ഈ റാക്കറ്റിനു പോകും .
പിന്നീട് വലിയ മെച്ചമൊന്നും ഉണ്ടാകില്ല .
ഗ്രാമീണരുടെ കൈകളില്‍ നിന്നും തുച്ചം വിലക്ക് ഇവര്‍ കന്നുകുട്ടികളെ കൈക്കലാക്കും ,
പല സ്ഥലങ്ങളിലും ഗ്രാമീണരുടെ നാല്‍ക്കാലികളെ അവര്‍ക്ക് ചന്തയില്‍ കൊണ്ടുപോയി വില്‍ക്കാനുള്ള സ്വാതന്ത്ര്യം പോലും അവര്‍ക്ക് നിഷേധിച്ചിരിക്കുന്നു .
ചുരുക്കി പറഞ്ഞാല്‍ ആ പാവങ്ങള്‍ക്ക് അര്‍ഹിക്കുന്ന വില കിട്ടുന്നില്ല എന്നര്‍ത്ഥം .
അപ്പോള്‍, പറഞ്ഞു വരുന്നത് ,
നാല്‍ക്കാലികളെ കൈമാറ്റം നടത്തുന്ന ഒരു മാഫിയ ഇന്ത്യയില്‍ ഉണ്ട് ,കോടതിയേയും ഗവര്‍മെന്റിനെയും പര്‍ച്ചേസ് ചെയ്യാന്‍ ശക്തിയുള്ള മാഫിയ .
അല്ലാതെ ഇത് ഭക്ഷണ സ്വാതന്ത്ര്യത്തിന്‍റെ മേലെ ഉള്ള കടന്നു കയറ്റമൊന്നും അല്ല .
ഗോ സംരക്ഷണം ,ഹിന്ദു രാഷ്ട്രം എന്നൊക്കെ പറഞ്ഞു ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു മാഫിയകള്‍ തകര്‍ത്തു വാഴുന്നു .
പാവം കര്‍ഷകര്‍ക്ക് കണ്ണീരു തന്നെ ബാക്കി
പാവപ്പെട്ട ഗ്രാമീണരുടെ രക്തം ഊറ്റി കുടിക്കുന്ന വന്‍ മാഫിയകളെ സഹായിക്കാനുള്ള നിയമം ആണ് ഇപ്പോള്‍ കൊണ്ടുവന്നിരിക്കുന്നത് .
കര്‍ഷകര്‍ക്ക് അവരുടെ ഉരുക്കളെ സ്വതന്ത്രമായി വില്പന നടത്താനുള്ള ചന്ത ഉണ്ടാക്കി കൊടുക്കുകയാണ് ജനങ്ങളോട് അല്പമെങ്കിലും ഉത്തരവാദിത്വം ഉള്ള ഗവര്‍മെന്റ് ചെയ്യേണ്ടത് .

No comments:

Post a Comment