ഒരു വടി ഇതാ .....ഇത് വാങ്ങി എന്നെ അടിച്ചോളൂ .....
പ്രവാസ ജീവിതത്തില്‍, വാസ്കൊട ഗാമ യുടെ കാല് കുത്തിയ പോലെ എന്റെയും കാലു ഞാന്‍ ആദ്യം കുത്തിയത് റാസല്‍ഖൈമ യില്‍ ആണ് . നഷ്ടം അല്ലാതെ കാര്യപ്പെട്ട ഒരു നേട്ടങ്ങളും ജീവിതത്തില്‍ അവിടെന്നു ഉണ്ടാക്കാന്‍ പറ്റിയിട്ടില്ല .എന്നിരുന്നാലും എനിക്കാ സ്ഥലത്തിനോടു എന്തെന്നില്ലാത്ത അടുപ്പം ആണ് .
യൂ എ ഇ ടെ ഏതു കോണില്‍ ആണ് ജോലി എങ്കിലും പെരുന്നാള്‍ ദിനം ചിലവഴിക്കാന്‍ അവിടെ എത്തും .കഴിഞ്ഞ ഒരു മൂന്നു വര്‍ഷമായി അതിനു കഴിയാറില്ല .ജോലിയുടെ സ്വഭാവം അങ്ങിനെ ആയിപ്പോയി .എന്തായാലും ഈ പെരുന്നാള്‍ റാസല്‍ഖൈമയില്‍ എത്താനുള്ള ഭാഗ്യം ഉണ്ടായി .
പെരുന്നാളിന് തലേ ദിവസം തന്നെ റാസല്‍ഖൈമയില്‍ എത്തി . പഴയ കാല സുഹ്ര്‍ത്തുക്കള്‍ കുറെ നാട് പിടിച്ചിരിക്കുന്നു .ചിലര്‍ എല്ലാം അവിടെയുണ്ട് കൂടുതല്‍ അടുപ്പം ഉള്ളവരെ രാത്രി തന്നെ സന്നര്‍ശിച്ചു .പഴയ താമസ സ്ഥലത്ത് എത്തി .
പെരുന്നാള്‍ ദിനം രാവിലെ എഴുന്നേറ്റപ്പോള്‍ ഡൈനിംഗ് ഹാളിലെ ടേബിളില്‍ കുറെ പാത്രങ്ങളില്‍ അലൂമിനിയം ഫോയില്‍ പൊതിഞ്ഞു എന്തോ നിരത്തി വെച്ചിരിക്കുന്നു .റൂമിലെ കാരണവര്‍ ഹംസക്കയോട് ചോദിച്ചപ്പോള്‍ പെരുന്നാള്‍ നിസ്ക്കാരത്തിനു ശേഷം കഴിക്കാനുള്ള പ്രാതല്‍ ആണെന്ന് പറഞ്ഞു .
നമസ്കാരം കഴിഞ്ഞു വന്നു പ്രാതല്‍ കഴിക്കാന്‍ ഇരിക്കുമ്പോള്‍ പലഹാരങ്ങള്‍ തയ്യാറാക്കിയ ഫൈസല്‍ എന്ന പയ്യനും കൂടി ഉണ്ടായിരുന്നു .വളരെ സരസനായ ഫൈസലിന്റെ സംസാരം എല്ലാവര്ക്കും ഇഷ്ടമാണ് .ചിലപ്പോള്‍ തോന്നും വലിയ ബുദ്ധിമാനും താത്വികനും ആണെന്ന്. ചില കാര്യങ്ങള്‍ പറയുമ്പോള്‍ എവിടെയോ സ്പെല്ലിംഗ് മിസ്ടെക്കുണ്ടോ എന്നൊരു സംശയം .കേള്‍വിക്കാരെ സന്തോഷിപ്പിക്കാന്‍ ഉള്ള പൊടിക്കൈകള്‍ ധാരാളം ഉണ്ട് ഇഷ്ടന്റെ കയ്യില്‍ .കോഴിക്കോടന്‍ പലഹാരങ്ങളുടെ ഒരു കലവറ തന്നെ ഫൈസല്‍ അവിടെ ഒരുക്കിയിരുന്നു .ഓരോന്നിന്റെ പേരും പ്രത്യേകതകളും നിര്‍മാണത്തില്‍ പുലര്‍ത്തേണ്ട സൂക്ഷ്മതയും എല്ലാം ആയി ബ്രഹത്തായ വിവരണം കൊണ്ട് ഫൈസല്‍ വാചാലനാവുകയാണ് .ഇഷ്ട്ടപ്പെട്ട വിഭവങ്ങള്‍ തട്ടി വിടുന്നതിനിടയില്‍ അവനെ അഭിനന്ദിക്കുകയും ചെയിതു .
പ്രാതല്‍ കഴിഞ്ഞു ചെറുപ്പക്കാര്‍ ഒരു ഭാഗത്തും മുതിര്‍ന്നവര്‍ മറ്റൊരു ഭാഗത്തും ആയി പല ചര്‍ച്ചകളിലും ഏര്‍പ്പെട്ടു കൊണ്ടിരിക്കുകയാണ് .റൂമിലെ സീനിയേര്‍സിന്റെ കൂടെ ഇരിക്കുകയാണ് ഞാന്‍ , അവിടെ ഉണ്ടായ ചര്‍ച്ചകളിലേക്ക് ;
റൂമിലെ കാരണവര്‍ ഹംസക്ക : എങ്ങിനെ ഉണ്ടായിരുന്നു പ്രാതല്‍ ?
ഞാന്‍ :അടി പൊളി ആയിരുന്നില്ലെ !!!സംഗതി ഉഷാറായി .
ഇസ്മയില്‍ :ഇത് പോലത്തെ പല ഐറ്റംസും അവന്‍ ഉണ്ടാക്കും .
ഞാന്‍ : കിച്ചണില്‍ കയറാന്‍ മടിയുള്ള നിങ്ങളുടെ ഭാഗ്യം .
ഹംസക്ക :ഞങ്ങള് പഴയ പോലെ അല്ല ഇപ്പോള്‍ കിച്ചണില്‍ ഒക്കെ കയറാറുണ്ട് .
ഇസ്മയില്‍ :അതെ അതെ .
ഞാന്‍ :എനിക്കറിയാം . പിള്ളാര്‍ ഉണ്ടായത് ഭാഗ്യം !!.
ഹംസക്ക :ഫൈസലും മറ്റു പയ്യന്മാരും എല്ലാം നല്ല ഭക്ഷണം ഉണ്ടാക്കും .
ഞാന്‍ :അങ്ങിനെ ഒരു "അന്തംകമ്മി" ഉണ്ടായത് നിങ്ങളെ ഭാഗ്യം .അല്ലേല്‍ ഹോട്ടല്‍ ശരണം !!
ഹംസക്ക : അങ്ങിനെത്തെ "അന്തംകമമികള്‍" എപ്പോഴും ഉണ്ടാകും .ഒരു കാലത്ത് നീ ആയിരുന്നു .
ഞാന്‍ ഇടം കണ്ണിട്ടു ഹംസക്കയെ നോക്കി ,ഒരു ആക്കിയ ചിരി .എല്ലാവരും എന്റെ മുഖത്തേക്ക് നോക്കുകയാണ് .ചമ്മിയ എന്റെ മുഖം കണ്ട എല്ലാവരും കൂട്ടച്ചിരി .ഞാനും ചിരിച്ചു മനസ്സ് തുറന്ന ചിരി !!!!
പഴയ ആ സൌഹ്ര്തങ്ങളെ പിരിഞ്ഞു വാഹനത്തില്‍ കയറുമ്പോള്‍ നാട്ടില്‍ ലീവിന് പോയി തിരിച്ചു വരുന്ന സമയം വണ്ടിയില്‍ കയറുംപോള്‍ ഉണ്ടാവുന്ന വിഷമം .
No comments:
Post a Comment