Friday, September 12, 2025

മുളകെഴുത്ത്




                     അപ്പോള്‍ ഞാനും ഒരു ബ്ലോഗര്‍ ആവുകയാണ് .പല വലിയ വലിയ ബ്ലോഗര്‍മാരുടെ ഇടയിലേക്ക് ഒരു ചെറിയ കാല്‍വെപ്പ്‌ 

            ബ്ലോഗര്‍മാര്‍ക്കിടയില്‍ ഞാനൊരു കന്യകനാണ് ,ഇതെന്‍റെ കടിഞ്ഞൂല്‍ പോസ്റ്റിംഗ് ആണ് .പോസ്റ്റ് വായിച്ചു കമന്റിട്ടു ,വായിച്ചു കമന്റിടാതെ പോകുന്നവര്‍ക്ക് നിങ്ങളൊരു മാത്ര്‍കാ പുരുഷോത്തമന്‍ ആകണം .

     

           ചിലര്‍  ദേഷ്യം കൊണ്ട് പറയാറുണ്ട്‌, അവനെ പിടിച്ചു മുളകെഴുതണമെന്നു .മുളക് കണ്ണിലോ മൂക്കിലോ ശരീരത്തിന്റെ മര്‍മ സ്ഥലങ്ങളിലോ തട്ടിയാല്‍ ഉള്ള അവസ്ത്ത ഒന്ന് ചിന്തിച്ചു നോക്കിയെ !!!

                 

                  പണ്ടൊക്കെ എന്റെ നാട്ടില്‍ കല്യാണം കഴിഞ്ഞാല്‍ പുതിയാപ്പിളയും കൂട്ടുകാരും കൂടി സല്‍ക്കാരത്തിനു പോകുന്ന പതിവുണ്ട് ,"തേട്ടത്തിനു " പോകുക എന്നാണു ആ പരിപാടിക്ക് പറയാറ് .

ഇപ്പോള്‍ ആ സല്‍ക്കാരം  അടുത്ത ബന്ധുക്കളും അയല്‍വാസികളും മാത്രം പങ്കെടുക്കുന്ന പരിപാടിയായി ചുരുങ്ങി .

പണ്ട് അങ്ങിനെയല്ല,  പുതിയാപ്പിളയും കൂട്ടുകാരും കൂടി അര്‍മാദിക്കുന്ന ഒരു പരിപാടി ആയിരുന്നു അത് .

കല്യാണം കഴിഞ്ഞു മൂന്നോ നാലോ ദിവസം കഴിഞ്ഞാണ് ഈ ''തേട്ടം'' എന്ന   പരിപാടി നടത്തുക . പുതിയാപ്പിളയും കൂട്ടുകാരും കൂടി വൈകുന്നേരത്തോടെ പെണ്ണിന്റെ വീട്ടില്‍ എത്തും. അപ്പോള്‍ നല്ല പലഹാരങ്ങളുമായി ഒരു ചായ , പിന്നീട് ഇഷാ നമസ്കാരത്തിനു ശേഷം ഒരു ഉശിരന്‍ ശാപ്പാട്.

 അത് കഴിഞ്ഞു കുറച്ചു പേര് തിരിച്ചു പോരുകയും കുറച്ചുപേര്‍ അവിടെ തങ്ങി രാവിലെ ചായയും കഴിഞ്ഞേ സല്‍ക്കാരം കഴിയൂ .

 

             ഈ  പരിപാടിയില്‍ പുതിയാപ്പിളയുടെ കൂടെ വന്നവരെ പല ചതികളും ചെയിതു പറ്റിക്കല്‍ ഒരു ഹോബിയാണ് ചിലര്‍ക്ക്.   

കുടിക്കാന്‍ വെള്ളം ചോദിച്ചാല്‍ ഉപ്പു കലക്കി കൊടുക്കുക ,ചായയില്‍ ഉപ്പിട്ട് കൊടുക്കുക .'അട' എന്ന ഒരു പലഹാരം ഉണ്ട് അതില്‍ ചകിരി നിറച്ചു ഉണ്ടാക്കുക ,അങ്ങിനെ പലതരം ചതി പ്രയോഗങ്ങളും നടത്തും .

ഭാഗ്യത്തിന് അക്കാലത്ത് വിം പ്രയോഗം കണ്ടുപിടിച്ചിട്ടില്ല .

പഴം പൊരി കണ്ടു ആര്‍ത്തിയോടെ കടിച്ചാല്‍ ഉള്ളില്‍ പഴം ആയിരിക്കില്ല തുണി കഷ്ണമോ വാഴപ്പിണ്ടിയോ ആയിരിക്കും .

പുതിയാപ്പിളക്ക് ഒരുക്കിയ ഇരിപ്പിടത്തില്‍ പപ്പടം വെച്ച് അതിനു മുകളില്‍ തുണി വിരിക്കും .അങ്ങിനെ പലതരം തമാശകളും ഒപ്പിക്കും .


               ആയിടെയാണ് എന്റെ അയല്‍വാസിയുടെ വിവാഹം നടക്കുന്നത് .
അവന്‍റെ "തേട്ടത്തിനു"  ഞാനും എന്റെ സന്തത സഹചാരിയായ സുലൈമാനും പോയി .
 ഭാരത പുഴ കടന്നു വേണം പെണ്ണിന്റെ വീട്ടില്‍ എത്താന്‍ .
ഞങ്ങള്‍ വൈകുന്നേരത്തോടെ അവിടെ എത്തി .
ചെന്ന ഉടനെയുള്ള ചായ സല്‍ക്കരത്തിനിടയില്‍ സുലൈമാന്‍ എടുത്തു കടിച്ച പഴംപൊരിക്കുള്ളില്‍ തുണിക്കഷ്ണം .
കണ്ടു നിന്നവര്‍ എല്ലാം ചിരിച്ചു , അവന്‍ ചെറുതായൊന്നു ചമ്മി . 
ഞാനിതിനു മുമ്പ് പല ചതിയിലും കുടുങ്ങിയതിനാല്‍ വളരെ കരുതലോടെയാണ് ഓരോ പലഹാരത്തിലും കൈവെക്കുന്നത് .
സുലൈമാന്‍ ചായ കുടിക്കില്ല,  
ഇത് കണ്ടപ്പോള്‍ അവിടെത്തെ കാരണവര്‍ ചോദിച്ചു : "എന്തേ മോനെ ചായ?". ,
 സുലൈമാന്‍ പറഞ്ഞു  ."ഞാന്‍ ചായ കുടിക്കില്ല ,"
കാരണവര്‍ : കാപ്പി ..?
സുലൈമാന്‍ : കാപ്പി കുടിക്കും . 
കാരണവര്‍ അകത്തേക്ക് നോക്കി കൊണ്ട് വിളിച്ചു പറഞ്ഞു ,''ഒരാള്‍ക്ക്‌ കാപ്പി വേണം'' .

അങ്ങിനെ സുലൈമാന് കാപ്പി കൊടുന്നു കുടിച്ചപ്പോള്‍ നല്ല എരിവു !! അതില്‍ കുരുമുളക് പൊടി  കലക്കിയിരുന്നു .
അവന്‍ ഇത് കുടിക്കുന്നതും ,ചമ്മുന്നതും കാണുവാന്‍ വീടിനു  അകത്തു സ്ത്രീകള്‍ മറഞ്ഞു നില്‍പ്പുണ്ടായിരുന്നു . 
അവന്‍റെ മുഖഭാവം കണ്ട ഉടനെ അകത്തു നിന്നും കൂട്ട ചിരി ഉയര്‍ന്നു .
ആ കൂട്ടത്തില്‍ നമ്മുടെ പുതിയാപ്പിളയുടെ പെങ്ങളുടെ മകളും ഉണ്ടായിരുന്നു .
അവളുമായി സുലൈമ്മന്‍ അത്ര   നല്ല രസത്തില്‍ അല്ല,  കോളേജില്‍ വെച്ചുണ്ടായ കമന്റടിക്കെസില്‍(അക്കാലത്ത് സ്ത്രീ പീഡനം കണ്ടുപിടിച്ചിട്ടില്ലായിരുന്നു ) അവള്‍ സുലൈമാനെതിരെ  സാക്ഷി പറഞ്ഞിരുന്നു .
ആ ദേഷ്യം സുലൈമാന്‍റെ ഉള്ളിലുണ്ടായിരുന്നു .അവന്‍ കലി  ഒതുക്കി മെല്ലെ അവിടന്നും എഴുന്നേറ്റു . 

                                    ഞങ്ങള്‍ പുഴ വക്കില്‍ പോയി ഇരുന്നു സംസാരിക്കുന്നിഒതിനിടയില്‍ സുലൈമാന്‍ ഒരു ചിരട്ടയില്‍ കുറച്ചു കാ‍ന്താരി മുളക് പറിച്ചു കൊണ്ട് വന്നു . 
ഞാന്‍ ചോദിച്ചു, ''ഇതെന്തിനാടാ ?ഇതെവിടെന്നാ ?''. അവന്‍ പറഞ്ഞു,  ''ഇത് ആ വീട്ടിനു പിറകില്‍ ഉണ്ടായിരുന്ന മുളക് ചെടിയില്‍ നിന്നും പറിച്ചതാണ്'' .
ഞാന്‍ ചോദിച്ചു, '' നീ എന്ത് ചെയ്യാന്‍ പോകുന്നു''. കാത്തിരുന്നു കാണാം എന്നായിരുന്നു അവന്‍റെ മറുപടി. 
അവന്‍ ഒരു കരിങ്കല്ല് കഷ്ണം എടുത്തു ആ ചിരട്ടയില്‍ വെച്ച് മുളക് നന്നായി ചതച്ചു കുഴമ്പു രൂപത്തില്‍ ആക്കി .

             ഞങ്ങള്‍ ഊണ് കഴിക്കാന്‍ ഇരുന്നു ,
അപ്പോഴും പലവിധ ചതി പ്രയോഗങ്ങളും ഉണ്ടായിരുന്നു .
പോസ്റ്റ്‌ നീളും എന്ന് കരുതി എഴുതുന്നില്ല .
ഊണ് കഴിഞ്ഞു ഞങ്ങള്‍ ആ വീടിന്റെ കോലായില്‍ തന്നെ പായ  വിരിച്ചു കിടന്നു .
കുറച്ചു സമയം  കഴിഞ്ഞപ്പോള്‍ സുലൈമ്മന്‍ എഴുന്നേറ്റു പോയി ,മൂത്രമോഴിക്കാന്‍ ആണെന്ന് കരുതി ഞാനൊന്നും ചോദിക്കാന്‍ പോയില്ല . 

             സുബഹി ബാങ്ക് കൊടുക്കുന്നത് കേട്ടപ്പോള്‍ ഞങ്ങള്‍ എഴുന്നേറ്റു പള്ളിയില്‍ പോയി.
 പള്ളിയില്‍ നിന്നും വന്നപ്പോള്‍ ആ വീട്ടില്‍ ഒരു ചെറിയ മ്ലാനത .
പലരും അവിടെയും ഇവിടെയും നിന്നു അടക്കം പറയുന്നുണ്ട്, ചിലര്‍ പുഴക്കരയിലേക്ക് പോകുന്നുണ്ട്.
 ഞാനൊന്നും മനസ്സിലാവാത്ത പോലെ നില്‍ക്കുമ്പോള്‍ സുലൈമാന്‍ നല്ല സന്തോഷത്തില്‍ പറയുകയാണ്‌, ''സംഗതി ഏറ്റു'' .
 എന്താടാ എന്ന് ചോദിച്ചപ്പോള്‍ അവന്‍ പറയുകയാണ് , ''ഇന്നലെ ഞാന്‍ പറിച്ച കാ‍ന്താരി മുളക് ആ വീട്ടിനു പിറകിലെ ഓല കൊണ്ട്  മറച്ചുണ്ടാക്കിയ മൂത്രപ്പുരയിലെ വെള്ളം സൂക്ഷിക്കുന്ന  വലിയ  മണ്‍ഭരണിയില്‍  കലക്കിയിരുന്നു, (അക്കാലത്ത് മോട്ടോറും പൈപ്പും ആധുനിക ബാത്രൂമും ഒന്നും ഉണ്ടായിരുന്നില്ല ).

നേരം വെളുത്തു വരുന്നതേയുള്ളൂ മൂത്ര പുരയില്‍ പോയ സ്ത്രീകളൊക്കെ പുഴയിലേക്ക് ഓടുകയാണ് കൂട്ടത്തില്‍ പുതിയാപ്പിളയുടെ പെങ്ങളുടെ മകളും ഉണ്ട് .
അതാണ്‌ സുലൈമാനെ ഏറെ  സന്തോഷിപ്പിച്ചത് . എല്ലാവരും പുഴയിലെ കുളിക്കടവിലെ വെള്ളത്തില്‍ പോയി ഇരിക്കുന്നു,
സംഗതി പന്തിയല്ലെന്ന് കണ്ടസുലൈമാന്‍ അവിടെന്നു മുങ്ങി .

              ചായ കുടിക്കുമ്പോള്‍ ആരും ഒന്നും മിണ്ടുന്നില്ല.
 എനിക്ക് തെല്ലൊരു ഭയം ഉണ്ട് , അത് പ്രകടിപ്പിക്കാതെ ഇരുന്നു ചായ കുടിക്കുന്നതിനിടയില്‍ പഴ കാരണവര്‍ പറയുകയാണ്‌, ''ഇനിയെങ്കിലും പെണ്ണുങ്ങള്‍ മനസ്സിലാക്കണം ,അങ്ങോട്ട്‌ ഒന്ന് കൊടുത്താല്‍ ഇങ്ങോട്ട് രണ്ടു കിട്ടും എന്ന്'' .
അത് കേട്ടപ്പോള്‍ ആണ് എനിക്ക് ശ്വാസം നേരെ വീണത്‌ .സംഗതി ഇവിടെ ഒരു സ്പോര്‍ട്സ്മാന്‍ സ്പിരിറ്റില്‍ എടുത്തിരിക്കുന്നു .
സമാധാനം .
   
            ആ സംഭവത്തിനു ശേഷം ചമ്രവട്ടം പാലം വരുന്നത് വരെ സുലൈമാന്‍ പുഴയ്ക്കു അക്കരെ കടന്നിട്ടില്ല .