Friday, September 12, 2025

മുളകെഴുത്ത്




                     അപ്പോള്‍ ഞാനും ഒരു ബ്ലോഗര്‍ ആവുകയാണ് .പല വലിയ വലിയ ബ്ലോഗര്‍മാരുടെ ഇടയിലേക്ക് ഒരു ചെറിയ കാല്‍വെപ്പ്‌ 

            ബ്ലോഗര്‍മാര്‍ക്കിടയില്‍ ഞാനൊരു കന്യകനാണ് ,ഇതെന്‍റെ കടിഞ്ഞൂല്‍ പോസ്റ്റിംഗ് ആണ് .പോസ്റ്റ് വായിച്ചു കമന്റിട്ടു ,വായിച്ചു കമന്റിടാതെ പോകുന്നവര്‍ക്ക് നിങ്ങളൊരു മാത്ര്‍കാ പുരുഷോത്തമന്‍ ആകണം .

     

           ചിലര്‍  ദേഷ്യം കൊണ്ട് പറയാറുണ്ട്‌, അവനെ പിടിച്ചു മുളകെഴുതണമെന്നു .മുളക് കണ്ണിലോ മൂക്കിലോ ശരീരത്തിന്റെ മര്‍മ സ്ഥലങ്ങളിലോ തട്ടിയാല്‍ ഉള്ള അവസ്ത്ത ഒന്ന് ചിന്തിച്ചു നോക്കിയെ !!!

                 

                  പണ്ടൊക്കെ എന്റെ നാട്ടില്‍ കല്യാണം കഴിഞ്ഞാല്‍ പുതിയാപ്പിളയും കൂട്ടുകാരും കൂടി സല്‍ക്കാരത്തിനു പോകുന്ന പതിവുണ്ട് ,"തേട്ടത്തിനു " പോകുക എന്നാണു ആ പരിപാടിക്ക് പറയാറ് .

ഇപ്പോള്‍ ആ സല്‍ക്കാരം  അടുത്ത ബന്ധുക്കളും അയല്‍വാസികളും മാത്രം പങ്കെടുക്കുന്ന പരിപാടിയായി ചുരുങ്ങി .

പണ്ട് അങ്ങിനെയല്ല,  പുതിയാപ്പിളയും കൂട്ടുകാരും കൂടി അര്‍മാദിക്കുന്ന ഒരു പരിപാടി ആയിരുന്നു അത് .

കല്യാണം കഴിഞ്ഞു മൂന്നോ നാലോ ദിവസം കഴിഞ്ഞാണ് ഈ ''തേട്ടം'' എന്ന   പരിപാടി നടത്തുക . പുതിയാപ്പിളയും കൂട്ടുകാരും കൂടി വൈകുന്നേരത്തോടെ പെണ്ണിന്റെ വീട്ടില്‍ എത്തും. അപ്പോള്‍ നല്ല പലഹാരങ്ങളുമായി ഒരു ചായ , പിന്നീട് ഇഷാ നമസ്കാരത്തിനു ശേഷം ഒരു ഉശിരന്‍ ശാപ്പാട്.

 അത് കഴിഞ്ഞു കുറച്ചു പേര് തിരിച്ചു പോരുകയും കുറച്ചുപേര്‍ അവിടെ തങ്ങി രാവിലെ ചായയും കഴിഞ്ഞേ സല്‍ക്കാരം കഴിയൂ .

 

             ഈ  പരിപാടിയില്‍ പുതിയാപ്പിളയുടെ കൂടെ വന്നവരെ പല ചതികളും ചെയിതു പറ്റിക്കല്‍ ഒരു ഹോബിയാണ് ചിലര്‍ക്ക്.   

കുടിക്കാന്‍ വെള്ളം ചോദിച്ചാല്‍ ഉപ്പു കലക്കി കൊടുക്കുക ,ചായയില്‍ ഉപ്പിട്ട് കൊടുക്കുക .'അട' എന്ന ഒരു പലഹാരം ഉണ്ട് അതില്‍ ചകിരി നിറച്ചു ഉണ്ടാക്കുക ,അങ്ങിനെ പലതരം ചതി പ്രയോഗങ്ങളും നടത്തും .

ഭാഗ്യത്തിന് അക്കാലത്ത് വിം പ്രയോഗം കണ്ടുപിടിച്ചിട്ടില്ല .

പഴം പൊരി കണ്ടു ആര്‍ത്തിയോടെ കടിച്ചാല്‍ ഉള്ളില്‍ പഴം ആയിരിക്കില്ല തുണി കഷ്ണമോ വാഴപ്പിണ്ടിയോ ആയിരിക്കും .

പുതിയാപ്പിളക്ക് ഒരുക്കിയ ഇരിപ്പിടത്തില്‍ പപ്പടം വെച്ച് അതിനു മുകളില്‍ തുണി വിരിക്കും .അങ്ങിനെ പലതരം തമാശകളും ഒപ്പിക്കും .


               ആയിടെയാണ് എന്റെ അയല്‍വാസിയുടെ വിവാഹം നടക്കുന്നത് .
അവന്‍റെ "തേട്ടത്തിനു"  ഞാനും എന്റെ സന്തത സഹചാരിയായ സുലൈമാനും പോയി .
 ഭാരത പുഴ കടന്നു വേണം പെണ്ണിന്റെ വീട്ടില്‍ എത്താന്‍ .
ഞങ്ങള്‍ വൈകുന്നേരത്തോടെ അവിടെ എത്തി .
ചെന്ന ഉടനെയുള്ള ചായ സല്‍ക്കരത്തിനിടയില്‍ സുലൈമാന്‍ എടുത്തു കടിച്ച പഴംപൊരിക്കുള്ളില്‍ തുണിക്കഷ്ണം .
കണ്ടു നിന്നവര്‍ എല്ലാം ചിരിച്ചു , അവന്‍ ചെറുതായൊന്നു ചമ്മി . 
ഞാനിതിനു മുമ്പ് പല ചതിയിലും കുടുങ്ങിയതിനാല്‍ വളരെ കരുതലോടെയാണ് ഓരോ പലഹാരത്തിലും കൈവെക്കുന്നത് .
സുലൈമാന്‍ ചായ കുടിക്കില്ല,  
ഇത് കണ്ടപ്പോള്‍ അവിടെത്തെ കാരണവര്‍ ചോദിച്ചു : "എന്തേ മോനെ ചായ?". ,
 സുലൈമാന്‍ പറഞ്ഞു  ."ഞാന്‍ ചായ കുടിക്കില്ല ,"
കാരണവര്‍ : കാപ്പി ..?
സുലൈമാന്‍ : കാപ്പി കുടിക്കും . 
കാരണവര്‍ അകത്തേക്ക് നോക്കി കൊണ്ട് വിളിച്ചു പറഞ്ഞു ,''ഒരാള്‍ക്ക്‌ കാപ്പി വേണം'' .

അങ്ങിനെ സുലൈമാന് കാപ്പി കൊടുന്നു കുടിച്ചപ്പോള്‍ നല്ല എരിവു !! അതില്‍ കുരുമുളക് പൊടി  കലക്കിയിരുന്നു .
അവന്‍ ഇത് കുടിക്കുന്നതും ,ചമ്മുന്നതും കാണുവാന്‍ വീടിനു  അകത്തു സ്ത്രീകള്‍ മറഞ്ഞു നില്‍പ്പുണ്ടായിരുന്നു . 
അവന്‍റെ മുഖഭാവം കണ്ട ഉടനെ അകത്തു നിന്നും കൂട്ട ചിരി ഉയര്‍ന്നു .
ആ കൂട്ടത്തില്‍ നമ്മുടെ പുതിയാപ്പിളയുടെ പെങ്ങളുടെ മകളും ഉണ്ടായിരുന്നു .
അവളുമായി സുലൈമ്മന്‍ അത്ര   നല്ല രസത്തില്‍ അല്ല,  കോളേജില്‍ വെച്ചുണ്ടായ കമന്റടിക്കെസില്‍(അക്കാലത്ത് സ്ത്രീ പീഡനം കണ്ടുപിടിച്ചിട്ടില്ലായിരുന്നു ) അവള്‍ സുലൈമാനെതിരെ  സാക്ഷി പറഞ്ഞിരുന്നു .
ആ ദേഷ്യം സുലൈമാന്‍റെ ഉള്ളിലുണ്ടായിരുന്നു .അവന്‍ കലി  ഒതുക്കി മെല്ലെ അവിടന്നും എഴുന്നേറ്റു . 

                                    ഞങ്ങള്‍ പുഴ വക്കില്‍ പോയി ഇരുന്നു സംസാരിക്കുന്നിഒതിനിടയില്‍ സുലൈമാന്‍ ഒരു ചിരട്ടയില്‍ കുറച്ചു കാ‍ന്താരി മുളക് പറിച്ചു കൊണ്ട് വന്നു . 
ഞാന്‍ ചോദിച്ചു, ''ഇതെന്തിനാടാ ?ഇതെവിടെന്നാ ?''. അവന്‍ പറഞ്ഞു,  ''ഇത് ആ വീട്ടിനു പിറകില്‍ ഉണ്ടായിരുന്ന മുളക് ചെടിയില്‍ നിന്നും പറിച്ചതാണ്'' .
ഞാന്‍ ചോദിച്ചു, '' നീ എന്ത് ചെയ്യാന്‍ പോകുന്നു''. കാത്തിരുന്നു കാണാം എന്നായിരുന്നു അവന്‍റെ മറുപടി. 
അവന്‍ ഒരു കരിങ്കല്ല് കഷ്ണം എടുത്തു ആ ചിരട്ടയില്‍ വെച്ച് മുളക് നന്നായി ചതച്ചു കുഴമ്പു രൂപത്തില്‍ ആക്കി .

             ഞങ്ങള്‍ ഊണ് കഴിക്കാന്‍ ഇരുന്നു ,
അപ്പോഴും പലവിധ ചതി പ്രയോഗങ്ങളും ഉണ്ടായിരുന്നു .
പോസ്റ്റ്‌ നീളും എന്ന് കരുതി എഴുതുന്നില്ല .
ഊണ് കഴിഞ്ഞു ഞങ്ങള്‍ ആ വീടിന്റെ കോലായില്‍ തന്നെ പായ  വിരിച്ചു കിടന്നു .
കുറച്ചു സമയം  കഴിഞ്ഞപ്പോള്‍ സുലൈമ്മന്‍ എഴുന്നേറ്റു പോയി ,മൂത്രമോഴിക്കാന്‍ ആണെന്ന് കരുതി ഞാനൊന്നും ചോദിക്കാന്‍ പോയില്ല . 

             സുബഹി ബാങ്ക് കൊടുക്കുന്നത് കേട്ടപ്പോള്‍ ഞങ്ങള്‍ എഴുന്നേറ്റു പള്ളിയില്‍ പോയി.
 പള്ളിയില്‍ നിന്നും വന്നപ്പോള്‍ ആ വീട്ടില്‍ ഒരു ചെറിയ മ്ലാനത .
പലരും അവിടെയും ഇവിടെയും നിന്നു അടക്കം പറയുന്നുണ്ട്, ചിലര്‍ പുഴക്കരയിലേക്ക് പോകുന്നുണ്ട്.
 ഞാനൊന്നും മനസ്സിലാവാത്ത പോലെ നില്‍ക്കുമ്പോള്‍ സുലൈമാന്‍ നല്ല സന്തോഷത്തില്‍ പറയുകയാണ്‌, ''സംഗതി ഏറ്റു'' .
 എന്താടാ എന്ന് ചോദിച്ചപ്പോള്‍ അവന്‍ പറയുകയാണ് , ''ഇന്നലെ ഞാന്‍ പറിച്ച കാ‍ന്താരി മുളക് ആ വീട്ടിനു പിറകിലെ ഓല കൊണ്ട്  മറച്ചുണ്ടാക്കിയ മൂത്രപ്പുരയിലെ വെള്ളം സൂക്ഷിക്കുന്ന  വലിയ  മണ്‍ഭരണിയില്‍  കലക്കിയിരുന്നു, (അക്കാലത്ത് മോട്ടോറും പൈപ്പും ആധുനിക ബാത്രൂമും ഒന്നും ഉണ്ടായിരുന്നില്ല ).

നേരം വെളുത്തു വരുന്നതേയുള്ളൂ മൂത്ര പുരയില്‍ പോയ സ്ത്രീകളൊക്കെ പുഴയിലേക്ക് ഓടുകയാണ് കൂട്ടത്തില്‍ പുതിയാപ്പിളയുടെ പെങ്ങളുടെ മകളും ഉണ്ട് .
അതാണ്‌ സുലൈമാനെ ഏറെ  സന്തോഷിപ്പിച്ചത് . എല്ലാവരും പുഴയിലെ കുളിക്കടവിലെ വെള്ളത്തില്‍ പോയി ഇരിക്കുന്നു,
സംഗതി പന്തിയല്ലെന്ന് കണ്ടസുലൈമാന്‍ അവിടെന്നു മുങ്ങി .

              ചായ കുടിക്കുമ്പോള്‍ ആരും ഒന്നും മിണ്ടുന്നില്ല.
 എനിക്ക് തെല്ലൊരു ഭയം ഉണ്ട് , അത് പ്രകടിപ്പിക്കാതെ ഇരുന്നു ചായ കുടിക്കുന്നതിനിടയില്‍ പഴ കാരണവര്‍ പറയുകയാണ്‌, ''ഇനിയെങ്കിലും പെണ്ണുങ്ങള്‍ മനസ്സിലാക്കണം ,അങ്ങോട്ട്‌ ഒന്ന് കൊടുത്താല്‍ ഇങ്ങോട്ട് രണ്ടു കിട്ടും എന്ന്'' .
അത് കേട്ടപ്പോള്‍ ആണ് എനിക്ക് ശ്വാസം നേരെ വീണത്‌ .സംഗതി ഇവിടെ ഒരു സ്പോര്‍ട്സ്മാന്‍ സ്പിരിറ്റില്‍ എടുത്തിരിക്കുന്നു .
സമാധാനം .
   
            ആ സംഭവത്തിനു ശേഷം ചമ്രവട്ടം പാലം വരുന്നത് വരെ സുലൈമാന്‍ പുഴയ്ക്കു അക്കരെ കടന്നിട്ടില്ല .
      



                    

Sunday, June 14, 2020

സൗദിയില്‍ നിന്നും ആദ്യമായി നാട്ടില്‍ പോകുന്ന സുലൈമാന്‍ പര്‍ചൈസിങ്ങിനു ഇറങ്ങിയപ്പോള്‍ കണ്ണില്‍ കണ്ട സാദനങ്ങള്‍ എല്ലാം വാങ്ങി കൂട്ടിയിരുന്നു .അന്ന് ഇന്നത്തെ പോലെയുള്ള പന്ന കഴുവേറികള്‍ ആയിരുന്നില്ല വിമാനക്കംപനികളില്‍ ,പത്തറുപതു കിലോ ഒക്കെ അനായാസം കൊണ്ടുപോകാമായിരുന്നു .
സുലൈമാന്‍ ടീ ബാഗ് വാങ്ങിയപ്പോള്‍ ഞാന്‍ ചോദിച്ചു എന്തിനാടാ ചായപ്പൊടി ഇവിടെന്നു കൊണ്ട് പോകുന്നത് നമ്മുടെ നാട്ടിലില്ലെ ?.അപ്പോള്‍ അവന്‍ പറയുകയാണ്‌ ഇവിടെത്തെ പോലെ ചെറിയ പാക്കറ്റില്‍ ആക്കി നൂലില്‍ കെട്ടിയത് നാട്ടില്‍ കിട്ടില്ലല്ലോ ,വിരുന്നുകാര് വരുകയാണെങ്കില്‍ ഈ ടീ ബാഗിട്ടു ച്ചായ കൊടുക്കല്‍ ഒരു അന്തസ്സല്ലേ !!അക്കാലത്ത് നാട്ടിലൊന്നും ടീ ബാഗ് പ്രചാരത്തിലായിട്ടില്ലായിരുന്നു .
ഞങ്ങള്‍ നാട്ടിലെത്തി രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ സുലൈമാന്‍റെ വീട്ടില്‍ പോയി എന്റെ കൂടെ നാട്ടിലെ സുഹ്ര്‍ത്ത് മണികണ്ഠനും ഉണ്ടായിരുന്നു .ഗള്‍ഫില്‍ പോകാത്ത മണിയുടെ മുന്നില്‍ ഒരാളാകാന്‍ വേണ്ടി സുലൈമാന്‍ ഉമ്മാനോട് വിളിച്ചു പറഞ്ഞു ,ഉമ്മാ ബഷീറിനും മണികണ്ഠനും ഞാന്‍ കൊടുന്ന ചായപ്പൊടി ഇട്ടു ചായ എടുക്കിന്‍ .
സുലൈമാന്റെ ഉമ്മ ഞങ്ങള്‍ക്ക് ചായ കൊടുന്നു തന്നു ,മണിക്ക് സുലൈമാന്‍ ടീബാഗിട്ട ചായ കുടിക്കുന്ന രീതി വിവരിക്കുന്നത് കാണാം എന്ന എന്റെ പ്രതീക്ഷ തെറ്റിച്ചു കൊണ്ടാണ് സുലൈമാന്റെ ഉമ്മ ച്ചായ കൊടുന്നത് .
ഞാന്‍ ചായക്ക്ലാസിലേക്ക് നോക്കി ഇരിക്കുമ്പോള്‍ സുലൈമാന്റെ ഉമ്മ പറയുകയാണ്‌ ,
" മക്കളെ എന്റെ മോന്‍ കൊടുന്ന ചായപ്പൊടി ഒക്കെ നല്ലതാണ് ,പക്ഷെ ഞാനാ പാക്ക് പൊളിച്ചു കുപ്പിയിലാക്കാന്‍ കുറച്ചു ബുദ്ധിമുട്ടി ,ഇതെന്തിനാ മക്കളെ ഇത്ര ചെറിയ പാക്കറ്റില്‍ ചായപ്പൊടി കൊണ്ടുവരുന്നത് .ഈ അറബികള്‍ക്ക് വേറെ പണി ഒന്നും ഇല്ലേ ?"
ടീ ബാഗ് ഉപയോഗിക്കുന്നത് എങ്ങിനെ എന്ന് സുലൈമാന്‍ വീട്ടുകാരോട് പറയാന്‍ മറന്നിരുന്നു .

Thursday, September 19, 2019

ഞാനിതിനു മുമ്പ് ജോലി ചെയിതിരുന്ന കമ്പനിയിലുള്ള കൂട്ടുകാരുമൊത്ത് പലപ്പോഴും യൂ എ ഇ യുടെ പല ഭാഗങ്ങളിലും അവധി ദിവസങ്ങളില്‍ കറങ്ങാന്‍ പോകാറുണ്ടായിരുന്നു .
ഞങ്ങളുടെ കറക്കത്തിനിടയില്‍ പലപ്പോഴും പല സ്ഥലങ്ങളില്‍ വെച്ചും പ്രായമേറെ ആയിട്ടും പ്രവാസലോകത്ത്‌ കഷ്ട്പ്പെട്ടു ജോലി ചെയ്യുന്ന പല മലയാളികളേയും കണ്ടിട്ടുണ്ട് .
ഒരിക്കല്‍ ഒരു തലയൊക്കെ വെളുത്തു നിരച്ച പ്രായമുള്ള മലയാളിയെ കണ്ടപ്പോള്‍ എന്‍റെയൊരു സുഹ്രത്ത് പറഞ്ഞു ,
''ബഷീര്‍ക്കാ , ഈ പ്രായത്തിലും ഇയാള്‍ ഇവിടെ ജോലി ചെയ്യുന്നത് കണ്ടില്ലേ ..? ഇയാള്‍ക്കൊന്നും നിര്‍ത്തിപ്പോകാന്‍ ആയില്ലേ ..?''
ഞാന്‍ പറഞ്ഞു , ''എടാ ...വീട്ടില്‍ കഷ്ടപ്പാടുകള്‍ ഉണ്ടാവും ,ചിലപ്പോള്‍ മക്കളൊന്നും വീട്ടുകാര്യങ്ങള്‍ നോക്കാന്‍ ആയിക്കാനില്ല ,അല്ലെങ്കില്‍ പെണ്‍കുട്ടികള്‍ ആയിരിക്കും ''.
അവനൊന്നും മിണ്ടിയില്ല .
പിന്നീടൊരിക്കല്‍ ഒരു ഹോട്ടലില്‍ തന്നെ കാഷ്യറായി ഇരിക്കുന്നത് ഒരു വൃദ്ധന്‍ ആയിരുന്നു .
അന്നവന്‍ മുമ്പത്തെ സംഭവം ഓര്‍മിച്ചു വെച്ചപോലെ ആ വിഷയം എടുത്തിട്ടു ,
''ഇതും കഷ്ട്ടപ്പാട് കൊണ്ടാണോ ബഷീര്‍ക്ക ?''
ഞാന്‍ പറഞ്ഞു , ''എടാ ..ഈ ദിര്‍ഹംസ് ഇങ്ങനെ വാങ്ങി മേശയിലിടുമ്പോള്‍ ഇവിടെന്നു പോകാന്‍ തോന്നില്ല ''.
ഇതിപ്പോ തോന്നാന്‍ കാരണം ,രോമങ്ങള്‍ കുറെശ്ശെ വെളുത്തു കൊണ്ടിരിക്കുന്നു .
എന്നെ കാണുമ്പോഴും അന്ന് അവന്‍ അടിച്ച ടയലോഗ് പലരും പറയും .
പഴുത്ത ഇല വീഴുന്നത് കണ്ടു പച്ച ഇല ചിരിക്കേണ്ട 😉

Wednesday, August 8, 2018

എന്‍റെ ഫൈസ് ബുക്ക് പോസ്റ്റുകള്‍ 20

സ്കൂള്‍ ,വേനലവധിക്ക് അടച്ചാല്‍ ഞാനും എന്റെ കൂട്ടുകാരായ ഇസ്മൈല്‍ ,ബാലകൃഷ്ണന്‍ ,മണികണ്ടന്‍, സുലൈമാന്‍, എല്ലാവരും കൂടി സുഹ്ര്‍ത്തുക്കളുടെ വീടുകളില്‍ സന്ദര്‍ശനം നടത്തുക പതിവുണ്ടായിരുന്നു .
ഒരു ദിവസം ഞങ്ങളുടെ വീടിന്റെ കുറച്ചു അകലെ ഉള്ള അബ്ദുറഹിമാന്റെ വീട്ടിലേക്ക് പോയി .ഞങ്ങള്‍ അവിടെ ചെന്നപ്പോള്‍ അവിടെ എന്തോ ഫങ്ങ്ഷന്‍ നടക്കുകയായിരുന്നു .നല്ല സമയം എന്ന് മനസ്സില്‍ ചിന്തിച്ചു കൊണ്ട് വീടിനു മുറ്റത്തേക്ക്‌ കയറിയപ്പോള്‍ വീടിനകത്ത് നിന്നും അബ്ദുറഹിമാന്‍ ചിരിച്ചു കൊണ്ട് ഓടി വന്നു .ഞങ്ങള്‍വീടിന്റെ കോലായില്‍ കയറി അവന്റെ ഉപ്പൂപ്പയുടെ അടുത്തായി ഇരുന്നു .നല്ല സ്നേഹമുള്ള അദ്ധെഹത്തിന്റെ കഥകള്‍ കേട്ടിരിക്കാന്‍ നല്ല രസമായിരുന്നു .
ഞങ്ങള്‍ക്കും അവന്റെ ഉപ്പൂപ്പാക്കും അവിടെ തന്നെ ഭക്ഷണം കൊടുന്നു വെച്ച് .നല്ല പത്തിരിയും ബീഫ് കറിയും കോഴി പൊരിച്ചതും .ഞങ്ങള്‍ കഴിച്ചു കൊണ്ടിരിക്കുമ്പോള്‍ തീരുന്നതിനു അനുസരിച്ച് ഉപ്പൂപ്പ കോഴി കഷ്ണം എടുത്തു പ്ലൈറ്റില്‍ ഇട്ടു കൊണ്ടിരുന്നു .ബാലകൃഷ്ണന്‍പൊരിച്ച കോഴി കഴിക്കുന്നില്ല .അവന്റെ പ്ലൈറ്റില്‍ ഇടുന്നതെല്ലാം സുലൈമാന്‍ എടുത്തു തട്ടുന്നു .
ഞങ്ങള്‍ അവിടെന്നു തിരിച്ചു പോരുമ്പോള്‍ ഞാന്‍ ചോദിച്ചു ബാലാ നീ എന്താണ് ഉപ്പൂപ്പ എടുത്തു തന്ന കോഴിക്കഷ്ണം തിന്നാതിരുന്നത് ?
ബാലന്‍ :ഉപ്പൂപ്പ തിന്നുന്ന കൈ കൊണ്ട് തന്നെ വിളമ്പുന്നത് കണ്ടപ്പോള്‍ അറപ്പ് തോന്നി , സുലൈമാനെ ചൂണ്ടികാണിച്ചു കൊണ്ട് "ദേ ഇവന്‍ അതെല്ലാം തട്ടി "
അപ്പോള്‍ സുലൈമാന്‍ :ഉപ്പൂപ്പ വലത്തെ കൈകൊണ്ടാണ് എടുത്തു തന്നത് ,അത് അയാള്‍ ഭക്ഷണം കഴിക്കുന്നതിനു മുമ്പ് കഴുകുന്നതും കണ്ടിരുന്നു ,ഇടത്തേ കൈകൊണ്ടു എന്താ ചെയ്യുക എന്ന് നിങ്ങള്‍ക്കറിയാമല്ലോ ,അതിനു ശേഷം ശരിക്ക് കഴുകിയോ എന്ന് ആര്‍ക്കറിയാം !!!!

Friday, August 3, 2018

എന്‍റെ ഫൈസ് ബുക്ക് പോസ്റ്റുകള്‍ 19


ലിവയിൽ നിന്നും പുറപ്പെട്ടപോഴേ അറിയാമായിരുന്നു നോമ്പ് പിറക്കാൻ അബുധാബിയിൽ എത്തില്ല എന്ന് .
താരിഫ് പെട്രോൾ പമ്പിൽ എത്തിയപ്പോൾ ഒരു ബോട്ടിൽ വെള്ളവും ഒരു ചെറിയ ജ്യൂസും വാങ്ങി വണ്ടിയിൽ വെച്ചു.
മുസഫ്ഫയിൽ എത്തിയപ്പോൾ പഴയ കമ്പനിയിലെ സുഹ്ർത്തുക്കളുടെ കൂടെയാവട്ടെ ഇന്നത്തെ നോമ്പ് തുറ എന്ന് കരുതി വണ്ടി അങ്ങോട്ട്‌ തിരിച്ചു .
എല്ലാവർഷവും പോകാറു ള്ളതാണ് . 
എന്നെ കണ്ടപ്പോൾ നോമ്പ് തുറക്കാനിരിക്കുന്ന അവർക്ക് വളരെ സന്തോഷം .
ഞാൻ അവിടെയിരിക്കുംപോൾ എന്റെ മനസ്സ് ഭൂതകാലത്തിലേക്ക് ഒന്ന് സഞ്ചരിച്ചു പോയി .
പ്രവാസം മതിയാക്കി പോയവരും എന്നെ പോലെ മറ്റു ചില്ലകളിലേക്ക്‌ ചേക്കേറിയവരുമായ കുറെ മുഖങ്ങളുടെ അഭാവം എന്നിലെ സന്തോഷമെല്ലാം കെടുത്തിക്കളഞ്ഞു .
നോമ്പ് തുറക്കലും നമസ്ക്കാരവും എല്ലാം കഴിഞ്ഞു വണ്ടിയിൽ കയറിയപ്പോൾ അവിടുത്തെ മുതിർന്ന കാരണവരായ ഹാജിയാർ ഒരു വലിയ പൊതി പലഹാരം വണ്ടിയിൽ വെച്ചിട്ട് പറഞ്ഞു ''ഇന്നാടാ റൂമിൽ ഉള്ളവര്ക്കൊക്കെ കൊടുക്ക്‌ ''.
നാലുവർഷം ഹാജിയാരുടെ കുക്കിങ്ങിന്റെ രുചി അനുഭവിച്ചതാണ്‌ .
വണ്ടി സ്റ്റാർട്ട് ചെയിതു അവിടെന്നു നീങ്ങുമ്പോൾ മനസ്സിലുള്ളത് എന്തൊക്കെയോ അവിടെ വെച്ചെന്നൊരു തോന്നൽ.
പഴയ കമ്പനിയും സുഹ്ര്ത്തുക്കളെയും വിട്ടു പോന്നു പലതും നേടിയെങ്കിലും വിലപ്പെട്ടെത് എന്തോ അവിടെ നഷ്ട്ടപ്പെട്ടു പൊന്നെന്നു മനസ്സ് മന്ത്രിക്കുന്നു .
ഒന്നുമല്ല!! അവരുടെ നിഷ്കളങ്കമായ സ്നേഹം തന്നെ!!! .
അത് കൊടുത്താൽ ഇരട്ടി ലഭിക്കുന്ന വസ്തു ആണെന്ന യാഥാർത്ഥ്യം ഞാൻ തിരിച്ചറിയുന്നു .

Thursday, July 26, 2018

എന്‍റെ ഫൈസ് ബുക്ക് പോസ്റ്റുകള്‍ 18

വെക്കേഷൻ കഴിഞ്ഞു അച്ചായൻ സിങ്കപ്പൂരിൽ നിന്നും എത്തിയിട്ട് നാലഞ്ച് ദിവസം ആയിക്കാണും, ഫ്ളാറ്റിൻെറ വാതിൽ തുറന്ന് അകത്തോട്ട് കയറിയപ്പോൾ നല്ല ഒരൂ മസാലയൂടെ സ്മെൽ മൂക്കിലേക്ക് തുളച്ചു കയറി.

ഷൂ അഴിച്ചു വെച്ച് അകത്തോട്ട് കയറിയപ്പോൾ, അച്ചായൻ ഇരുന്ന് ചിക്കൻ ഫ്രൈ അടിക്കുന്നു.
''എന്താ അച്ചായ നല്ലമണമൊക്കെയുണ്ടല്ലൊ പെണ്ണും പിള്ളേടെ പുതിയ റസിപി ആണോ?''
എന്ന് ചോദിച്ചപ്പോൾ , 
അതെ, എന്ന് അർഥം വരുന്ന സ്വരത്തിൽ ഒന്ന് മൂളിക്കൊണ്ട് പറഞ്ഞു.
" ബഷീർക്കാ നിങ്ങളെ കുറച്ച് നേരം കാത്തു, വിശപ്പ് സഹിക്കാൻ വയ്യാതെയായപ്പോൾ ഞാനിങ്ങിരുന്നതേയുള്ളു".
പുതിയ എന്തെങ്കിലും ഐറ്റംസ് ഉണ്ടാക്കിയാൽ പുള്ളി ആദ്യം ടേസ്റ്റ് ചെയ്തു നോക്കുമെന്ന് അറിയാവുന്നത് കൊണ്ട് ഞാൻ പറഞ്ഞു, 
"സാരമില്ലച്ചായാ.....എനിക്കൊന്ന് കുളിക്കുകയും നിസ്കരിക്കുകയും ഒക്കെ ചെയ്യാനുണ്ട് നിങ്ങൾ കഴിക്ക്".
ഞാൻ കുളിയൊക്കെ കഴിഞ്ഞു കഴിക്കാൻ ഇരുന്നു .
അച്ചായൻ ബാത്റൂമിൽ നിന്ന് ഇറങ്ങി എൻെറ മുന്നിലൂടെ നടന്നു പോകുമ്പോൾ പറഞ്ഞു, "ആ, രണ്ട് പയ്യൻ മാർ കൂടി കഴിക്കാൻ ഉണ്ട് കേട്ടോ".
എൻെറ പ്ളൈറ്റിലെ ക്വോൺടിറ്റി കണ്ടിട്ടാണോ പുള്ളി അങ്ങനെ പറഞ്ഞത് എന്നൊരു സംശയം ഉണ്ടായത് കൊണ്ട് ഞാൻ ഒന്ന് കിച്ചണിൽ പോയി നോക്കി.
വറുത്തു വെച്ചിരിക്കുന്ന ചിക്കൻ കഷ്ണങ്ങൾ എണ്ണിനോക്കീ.
മുമ്മൂന്ന് പീസ് രണ്ട് പേരും എടുത്താലും ഒരു പീസ് ബാക്കി കാണും.
ഇനി ആ ഒരു പീസിന് വേണ്ടി അവർക്കിടയിൽ ഒരു ആശയകുഴപ്പം ഉണ്ടാവേണ്ടാ എന്ന് കരുതി ബാലൻസ് വന്ന ആ ഒരു പീസുകൂടി എടുത്ത് എൻെറ പ്ളൈറ്റിലേക്ക് ഇട്ടു.
മക്കളെ ഇതാണ് മാത്തമറ്റിക്സ് ക്ലാസിൽ നല്ലവണ്ണം ശ്രദ്ധിധിച്ചാൽ ഇങ്ങനെ യുള്ള പ്രതിസന്ധി ഘട്ടത്തിൽ പെട്ടെന്ന് ഒരു പരിഹാരം കാണാൻ കഴിയും.

Monday, July 16, 2018

എന്‍റെ ഫൈസ് ബുക്ക് പോസ്റ്റുകള്‍ 17

ഇന്നലേ വൈകീട്ട് നമസ്കാരം കഴിഞ്ഞു ഇറങ്ങുമ്പോള്‍ താമസിക്കുന്ന ബില്ടിങ്ങിനു അടുത്തുള്ള പള്ളിയിലെ മുത്തവ (മുസ്ലിയാര്‍) ഒരു ചിരിയും കുശലന്ന്വേഷണവും ഒക്കെ .
തെറ്റിദ്ധരിക്കേണ്ട ,റമളാന്‍ മാസത്തില്‍ മാത്രം പള്ളിയില്‍ പോകുന്നവര്‍ റമളാന് ശേഷം പള്ളിയില്‍ പോയാല്‍ ഉണ്ടാവുന്ന സിറ്റ്വേഷന്‍ ഒന്നും അല്ല .
കഴിഞ്ഞ ഒരുമാസം എന്നെ കാണാതെ, ഇന്നെലെ കണ്ടപ്പോഴുള്ള കുശലന്ന്വേഷണം ആയിരുന്നു .
നോമ്പിന് ഒരു മാസം ഞാന്‍ ഖാലിദിയ പാര്‍ക്കിനു അടുത്തുള്ള അറബികള്‍ താമസിക്കുന്ന ഏരിയയില്‍ ഉള്ള ഒരു പള്ളിയിലായിരുന്നു പോയിരുന്നത് .
അവിടെ നോമ്പ് തുറക്ക് അറബികള്‍ നല്ല സൗകര്യങ്ങള്‍ എല്ലാം ഏര്‍പ്പെടുത്തിയിരുന്നു
നോമ്പ് തുറക്കുകയും ചെയ്യാം ,രാത്രി കഴിക്കാനുള്ള ഭക്ഷണം അവിടെന്നു തരികയും ചെയ്യും ,സംഗതി വളരെ മഹനീയമായ കാര്യം തന്നെയായിരുന്നു .
ചുരുക്കി പറയുകയാണേല്‍ കഴിഞ്ഞ മാസം ആകെ ചിലവായത് 29ദിര്‍ഹം!!!!
നോമ്പ് തുറന്നു വരുന്ന വഴിയില്‍ ഉള്ള ഒരു കഫ്ട്ടീരിയയില്‍ നിന്നും ദിവസം ഒരു ചായ കുടിക്കും .
ദിവസം ഒരു ദിര്‍ഹം ചെലവ് .29 നോമ്പിന് 29ദിര്‍ഹം .
നോമ്പിന് പള്ളിയില്‍ നിന്ന് കിട്ടിയ ഫ്രൂട്സ് ഇനിയും ബാക്കിയുണ്ട് .
ഇനി കാര്യത്തിലേക്ക് കടക്കാം ,
ഇങ്ങനെയൊക്കെ മിച്ചം പിടിച്ചുണ്ടാക്കുന്ന കാശ് വീട്ടു ചിലവു കഴിഞ്ഞു ബാക്കി , ഇന്ത്യയിലെ ബാങ്കില്‍ ഡെപ്പോസിറ്റ് ചെയ്യാറാണ് പതിവ് .
ഇപ്പോള്‍ കേള്‍ക്കുന്നു ബാങ്കില്‍ നിന്ന് കാശ് പിന്‍വലിക്കുന്നതിന് സര്‍വ്വീസ് ചാര്‍ജ്ജ് കൊടുക്കണം എന്ന് .
എനിക്ക് ഒരു ഐഡിയ തോന്നുന്നു ,
നിങ്ങള്‍ അഭിപ്രായം പറയണം .
ഇവിടെന്നു കിട്ടുന്ന കാശ് അത്യാവശ്യം വീട്ടു ചിലവിനുള്ളത് ഹുണ്ടി ആയി അയക്കുക ,
മിച്ചം വരുന്നത് ഇവിടെ ഡെപ്പോസിറ്റ് ചെയ്യുക .
ഹുണ്ടി അയക്കുമ്പോള്‍ പെട്ടെന്ന് വീട്ടില്‍ പണം കിട്ടും .
അതായത് വീട്ടില്‍ കാശ് കിട്ടിയതിനു ശേഷം ഇവിടെ കാശ് കൊടുത്താല്‍ മതി.
 അതും അവരിവിടെ വന്നു കളക്റ്റ് ചെയ്യുകയും ചെയ്യും നല്ല റേറ്റും . ബെസ്റ്റ് സര്‍വ്വീസ് ആണ് .
നോട്ടു നിരോധനം ഏര്‍പ്പെടുത്തിയ കാലത്ത് നാട്ടില്‍ ബാങ്കിലിട്ട കാശെടുക്കാന്‍ ജനങ്ങള്‍ ബാങ്കിലും എ ടി എമ്മിലും ക്യൂ നില്‍ക്കുമ്പോള്‍ ഹുണ്ടിക്കാര്‍ വളരെ കൃത്യമായി കാശ് വീടുകളില്‍ എത്തിച്ചിരുന്നു .
അതും തൊട്ടു തലേ ദിവസം ഇറങ്ങിയ പുതിയ രണ്ടായിരത്തിന്റെ നോട്ട് .
ഇവിടെ ബാങ്കില്‍ ഡെപ്പോസിറ്റ് ചെയ്യുന്ന കാശിനു പിന്നീട് പിന്‍വലിക്കുമ്പോള്‍ രൂപയുടെ മൂല്ല്യം കുറയുന്നതിനു അനുസരിച്ച് കൂടുതല്‍ കാശു കിട്ടുകയും ചെയ്യും .
ഇനി ഒരു നട്ടപ്പാതിരക്കു മറ്റാള്‍ ഊര് തെണ്ടലൊക്കെ കഴിഞ്ഞു വന്നു, ''മേരെ ദേഷ് വാസിയോം.... ഞാന്‍ നിങ്ങളെ എന്‍ ആര്‍ ഇ അക്കൌണ്ട് എല്ലാം മരവിപ്പിച്ചിരിക്കുന്നു'' എന്ന് പറഞ്ഞാല്‍ ,
ഒന്ന് പോടാ പുല്ലേ... എന്‍റെ കാശ് അബുധാബിയില്‍ സുരക്ഷിതമാണ് എന്ന് അന്‍പത്താറു ഇഞ്ചു നെഞ്ചും വിരിച്ചു നമുക്കും പറയാമല്ലോ !! 
നിങ്ങളുടെ ഒക്കെ അഭിപ്രായം എന്താ ?