ലീവിന് നാട്ടിലെത്തിയാൽ പഴയ ചെങ്ങാതിമാരെ എല്ലാം കാണണമെങ്കിൽ രാവിലെ
ചായക്കടയിൽ പോകണം ,കാലത്തെഴുന്നേറ്റു ദൂര ദിക്കുകളിൽ കൂലി പണിക്കു
പോകുന്നവരായ പഴയ കളിക്കൂട്ടുകാരെയൊക്കെ വെള്ളിയാഴ്ച ദിവസം രാവിലെ
ചായക്കടയിൽ കാണും .എങ്കിൽ പിന്നെ പഴയ സൌഹ്ര്തങ്ങൾ പുതുക്കുവാനും വിശേഷങ്ങൾ
പങ്കു വെക്കുവാനും അവിടെത്തെ പോലെ മറ്റൊരിടം ഇല്ലാത്തത് കൊണ്ട് ഞാനും അവിടെ
എത്തും . .ഒരു വേള ഞങ്ങളെല്ലാം പഴയ നിക്കർ കാലത്തേക്ക് ഇറങ്ങി ചെല്ലും
.മൊഇദീൻ, ബാലാൻ, മണി, കോയ, മാധവൻ, ചാത്തപ്പൻ, ഹബീബ് ,ദാസൻ ,അബൂബക്കർ,
ചന്ദ്രൻ ,യാഹൂ ,അങ്ങിനെ പഴയ കൂട്ടുകാരെ
കിട്ടുമ്പോഴെല്ലാം പ്രവാസത്തില്മ് സംഭവിച്ച വലിയൊരു നഷ്ട്ടത്തിന്റെ ആഴം
മനസ്സിനെ വല്ലാതെ നൊവിക്കുമെങ്കിലും അവരുടെ തമാശകളിൽ കഥയറിയാതെ ആട്ടം
കാണുന്നവനായി വെറുതെ പല്ലിളിക്കാനെ കഴിയൂ ,മനസ്സിലൊരു കനൽ
നീറിപ്പുകയുന്നുണ്ടാവും ,നഷ്ടപ്പെട്ട കുടുമ്പ ജീവിതം,ബാല്യം യുവത്വം
ആരോഗ്യം !!!!, .
ഒരു ദിവസം
രാവിലെ പള്ളിയിൽ നിന്നും ഇറങ്ങി നേരെ ചായക്കടയിലേക്ക് ആണ് പോയത് ,നേരം
വെളുത്തു വരുന്നതേയുള്ളൂ എങ്കിലും ചായക്കട സജീവമാണ് .രാത്രിയിൽ ഉണ്ടായ
മഴയാണ് ടോപ്പിക് .ചർച്ചയിൽ സജീവമായി ഞാനും കൂടി ,മഴക്കാലവും മീൻ പിടിത്തവും
നീന്തലും എല്ലാം എല്ലാവരുടെയും സംഭാഷണത്തിനിടയിൽ കയറിവന്നു .ഇനി ആ
വിഷയത്തിന് വേറെ ഒരു ലിങ്കും ബാക്കി ഇല്ലാതെ ഇരിക്കുമ്പോഴാണ് ,ഞാൻ രാവിലെ
പള്ളിയിലേക്ക് നടക്കുമ്പോൾ റോഡിലൂടെ നടക്കുന്ന കുറെ സ്ത്രീകളെ കണ്ട വിഷയം
അവിടെ അവതരിപ്പിച്ചത് , പണ്ട് കാലങ്ങളിൽ കാണാതിരുന്ന ഒരു കാഴ്ച എന്റെ
പട്ടിക്കാട്ടിൽ കാണുമ്പോൾ ഉണ്ടായ ഒരാശ്ചാര്യം കൊണ്ട് പറഞ്ഞതാണ്
..കൂട്ടത്തിൽ എല്ലാവരും മൗനത്തിൽ ആയപ്പോൾ ഞാൻ വിചാരിച്ചു അത്
പറയേണ്ടിയിരുന്നില്ല എന്ന് .ചിലപ്പോൾ ആ ഇരിക്കുന്നവരുടെ കൂട്ടത്തിൽ ഉള്ള
വല്ലവരുടെയും ബന്ധുക്കൾ ആയിരിക്കുമോ ആ നടന്നു പോയ സ്ത്രീകൾ എന്ന സംശയം
മനസ്സിലേക്ക് കയറി വന്നു .
അത് വരെ കുറച്ചകലെ ഒരു ബഞ്ചിൽ മുളം
തൂണിൽ ചാരി ഇരിക്കുകയായിരുന്ന കോയ തന്റെ തലയിൽ വട്ടത്തിൽ
കെട്ടിയിരിക്കുന്ന തോർത്തു മുണ്ടിനിടയിൽ നിന്നും ഒരു ബാപ്പു ബീടിയെടുത്തു
,പോക്കറ്റിൽ നിന്നും തീപ്പെട്ടിയെടുത്തു കത്തിച്ചു കൊണ്ട് ഞാനിരിക്കുന്ന
ബെഞ്ചിനടുത്തായി വന്നിരുന്നുകൊണ്ട് പറയുകയാണ് ,.
"അതെ..... നിങ്ങൾ
കുറച്ചു ഗൾഫുകാരുണ്ട് അവരിവിടെത്തെ പെണ്ണുങ്ങളുടെ ആരോഗ്യം നശിപ്പിച്ചു .
ഉരി അരിയും അരമുറി തേങ്ങയും ഉള്ളത് എടുത്തു മിക്സിയിലിടും എന്നിട്ട്
കൊളസ്ട്രോള് കൂടിയിരിക്കുന്നു ഡോക്ടര് രാവിലെ ഇറങ്ങി നടക്കാൻ
പറഞ്ഞിരിക്കുന്നു എന്ന് പറഞ്ഞുള്ള നടപ്പാണ് നീ ആ കണ്ടത് .ആ അരിയും തേങ്ങയും
അമ്മിയിലിട്ടു അരച്ചാൽ പോകാനുള്ള നെയ്യെ (കൊളസ്ട്രോൾ ആണ് അവൻ
ഉദ്ദേശിച്ചത് ) അവരുടെ ശരീരത്തില്‍ ഉള്ളൂ ,വീട്ടിലുള്ളവർക്കാനെങ്കിൽ
രുചിയുള്ള ഭക്ഷണവും നാട്ടിനാണെങ്കിൽ ഊർജ സംരക്ഷണവും ".
വളരെ ഉയർന്ന
തലത്തിൽ ചിന്തിക്കുന്ന കോയ യുടെ വാക്കുകൾ കേട്ട് മൌനമായി ഇരിക്കാനേ എനിക്ക്
കഴിഞ്ഞതോള്ളൂ .സാധാരണ എന്റെ ഗൾഫു പുളുവടി കേട്ട് കോരിത്തരിച്ചു
ഇരിക്കുന്ന അവർ അന്ന് എന്നെ മലർത്തി അടിച്ചു കളഞ്ഞു . ഞാൻ ഇന്നത്തേക്ക് ഇത്
മതി എന്ന് മനസ്സില് കരുതി മെല്ലെ അവിടെന്നു വലിഞ്ഞു .ഡൽഹിയിൽ പുലിയുടെ
വായിൽ തല വെച്ച് കൊടുത്ത പയ്യന്റെ അവസ്ഥയായിപ്പോയി.