ഗോപാലേട്ടനെ ഞാൻ ആദ്യമായി കാണുന്നത് ബോംബെ ബസ് യാത്രക്കിടെ കോട്ടക്കൽ വെച്ചാണ് . രണ്ടു പെണ്‍കുട്ടികളും ഭാര്യയും കൂടെ ഒരു യുവാവും(ബന്ധുവായിരിക്കും ).
ചെറുതായി മഴ ചാറിക്കൊണ്ടിരുന്ന ആ പ്രഭാതം ഇന്നും ഓർമയിൽ ഉണ്ട് .ഗോപാലേട്ടൻ ബസ്സിൽ കയറുമ്പോൾ എന്റെ കണ്ണുകൾ ഞാനറിയാതെ ആ ചേച്ചിയുടെ മുഖത്തേക്ക് ഒന്ന് നോക്കിപ്പോയി ,നിറഞ്ഞു കവിയാറായ ഒരു പളുങ്ക് പാത്രം പോലെ കണ്ണ് നീർ നിറഞ്ഞു പുറത്തേക്ക് ഒഴുകാനായി കണ്‍ തടത്തിന്റെ വക്കോളം എത്തി നില്ക്കുന്ന കാഴ്ച പിന്നീട് പലപ്പോഴും ഗോപാലേട്ടനെ കാണുമ്പോൾ മനസ്സിൽ തെളിഞ്ഞു വരുമായിരുന്നു .മറ്റുള്ളവരുടെ വേദന ആസ്വദിക്കുന്ന സാടിസ്ടുകളുടെ സ്വഭാവം എന്നിലെത്തിയ ആ ചുരുങ്ങിയ നിമിഷത്തെ ഞാൻ മനസ്സിൽ ശപിച്ചു പോയി .
പണ്ടൊരു നാൾ ഞാൻ വീട്ടിൽ നിന്നും യാത്ര തുടങ്ങുമ്പോൾ എന്റെ പ്രിയതമയുടെ കണ്ണുകളിലും ഈ കാഴ്ച കണ്ടിട്ടുണ്ട് .പിന്നീടൊരിക്കലും ഞാൻ വീട്ടിൽ നിന്നും യാത്ര പുറപ്പെടുമ്പോൾ പ്രിയപ്പെട്ടവരുടെ കണ്ണുകളിലേക്കു നോക്കാറില്ല ..ഒരു പക്ഷെ നോക്കിപ്പോയാൽ സൌദിയിൽ ഉണ്ടെന്നു പറയപ്പെടുന്ന സ്വർണ മല അല്ലെങ്കിൽ അബ് ശാനിലെ എണ്ണപ്പാടം മുഴുവൻ എന്റെ പേരിൽ എഴുതി തരാം എന്ന് പറഞ്ഞാലും ഞാൻ നാട്ടിൽ നിന്നും ഇങ്ങോട്ട് വരുമായിരുന്നില്ല ..
ഗോപാലേട്ടൻ എന്റെ സീറ്റിൽ തന്നെയാണ് വന്നിരുന്നത് ,പരിചയപ്പെടൽ തുടങ്ങുപോഴും അദ്ധഹെത്തിന്റെ ഭാര്യയുടെ കണ്ണുകളിലേക്കു നോക്കിയ കുറ്റബോധം മനസ്സിനെ വെട്ടയാടുന്നുണ്ടായിരുന്നു .പിന്നീട് കൂടുതൽ അടുത്തപ്പോൾ ഗോപാലേട്ടനും കുടുമ്പവും എന്റെ ആരൊക്കെയോ ആയപോലെ ,ഗോപാലേട്ടന് എഴുതുന്ന കത്തുകളിൽ എന്നെക്കുറിച്ചുള്ള അന്വേഷണങ്ങൾ ചേച്ചി നടത്തുന്നുണ്ട് എന്നറിഞ്ഞപ്പോൾ എന്റെ മനസ്സ് ചേച്ചിയ ഒരു കൂടപ്പിറപ്പിനോളം അടുപ്പിച്ചിരുന്നു ,ഇനിയാ കണ്ണ് നിറയുന്നത് കാണരുതെന്ന് പിന്നീട് പലപ്പോഴും പ്രാർഥനയിൽ ഞാൻ ഓർക്കാറുണ്ടായിരുന്നു.
ഷാര്ജയിലെ ഒരു റോഡു നിർമാണ കമ്പനിയിൽ ജോലി നോക്കിയിരുന്ന ഗോപാലേട്ടനെ അവധി ദിവസങ്ങളിൽ സന്ദർശിക്കുന്നത് ഒരു പതിവായപ്പോൾ ഗോപാലേട്ടനും എന്റെ ആരൊക്കെയോ ആണെന്ന തോന്നൽ മനസ്സിന് എന്തെന്നില്ലാത്ത ഒരു സന്തോഷം നല്കുന്നുണ്ടായിരുന്നു .
റാസൽഖൈമയിൽ ബിൽഡിംഗ് മെയിന്റനൻസ് കമ്പനി നടത്തുന്ന കാലം ,ഒരു ദിവസം ളുഹർ നമസ്കാരം കഴിഞ്ഞു ഓഫീസിൽ എത്തിയപ്പോൾ പെജറിൽ അറബാബിന്റെ വീട്ടിലെ കിച്ചണിലെ നമ്പർ രണ്ടു മൂന്നു തവണ വന്നു കിടക്കുന്നു .ഓ ,,,സന്തോഷമായി വ്യാഴാഴ്ച ദിവസം !!അറബാബിന്റെ പിള്ളാർ എല്ലാം വീട്ടിൽ ഉള്ള ദിവസം, ഉച്ചക്ക് കിടിലൻ ശാപാട് ആയിരിക്കും ,മട്ടൻ ബിരിയാണി ഉണ്ടാക്കുകയാണെങ്കിൽ പേജർ ചെയ്യണമെന്നു ഹൈദരാബാദി കുക്കിനോട് മുമ്പ് പറഞ്ഞത് ഓർത്ത് ആക്രാന്തത്തോടെ ഫോണെടുത്തു വിളിച്ചു .,അങ്ങേതലക്കൽ കുക്ക് മൊഇനുദ്ധീന്റെ ശബ്ദത്തിന് പകരം അവിടെത്തെ തള്ളയുടെ ശബ്ദം .ബഷീർ പണിയൊന്നും ഇല്ലേൽ ഇവടേം വരെ ഒന്ന് വാ ,ഇന്നിവിടെ അടുത്തൊരു കല്യാണം ഉണ്ട് കുട്ടികളെ ഒന്ന് ഷാർജയിൽ കൊണ്ട് പോകണം അവിടെ ഏതോ ഒരു മൈലാഞ്ചി ഇടുന്ന സ്ഥലം നിനക്ക് പരിചയം ഉണ്ടെന്നു പറയുന്നത് കേട്ടു .കുട്ടികൾ വാശി പിടിക്കുന്നു .വേഗം വാ .ഒരു മലയാളി അടക്കം മൂന്നു ഡ്രൈവർമാർ ഉള്ള അവിടെ കുട്ടികള്ക്ക് ഷാർജയിലെക്കൊ ദുബായിലെക്കോ പോകണമെങ്കിൽ ഞാൻ വേണം . രണ്ടുമൂന്നു പെണ്മക്കൾ ഉള്ള എനിക്ക് അവരോടൊപ്പം ഉള്ള സമയം വളരെ സന്തോഷം തരുന്നതാണ് . അത് കൊണ്ട് അവർ എന്ത് പറഞ്ഞാലും ഞാൻ ചെയിതു കൊടുക്കുകയും ചെയ്യും .ഒരു ദിനം ജബൽ ഹഫീള് മല കാണാൻ കുട്ടികളുമായി പോയതിനു അറബാബിന്റെ വഴക്കും കേട്ടിട്ടുണ്ട് ,അപ്പോൾ പിള്ളാര് പറയും ഉപ്പാക് ബ്രാന്താനെന്നു .അറബി പിള്ളാരുടെ ഒരു കാര്യം !!
കുട്ടികളേം കൂട്ടി ഷാർജയിലേക്ക് പോകുമ്പോൾ അജ്മാനിൽ റോഡു പണി നടക്കുന്ന ഒരു വഴിയിലൂടെയാണ് പോകുന്നത് .
ഒരു തിരിവിനടുത്തു എത്തിയപ്പോൾ അവിടെ ചുവന്ന കൊടിയും പിടിച്ചു നില്ക്കുന്നു ഗോപാലേട്ടൻ ,പാവം നല്ല ചൂടത്തു റോഡു പണി നടക്കുന്നിടത്ത് കൂടി പോകുന്ന വാഹനങ്ങളെ നിയന്ത്രിക്കുകയാണ് ,കറുത്ത കൂളിംഗ് ഫിലിം ഒട്ടിച്ച വണ്ടി ആയതു കൊണ്ട് ഗോപാലേട്ടൻ എന്നെ കണ്ടില്ല . പിന്നീടുള്ള ചിന്ത ഗോപാലേട്ടന്റെ ജോലിയെ കുറിച്ചായിരുന്നു ,ആ പെണ്മക്കളുടെ കാര്യം ഓർത്ത് തന്നയാണ് ഗോപാലേട്ടൻ ഈ ചൂടെല്ലാം സഹിക്കുന്നതു .
പിറ്റെ ദിവസം വൈകീട്ട് ഞാൻ ഗോപാലേട്ടൻ താമസിക്കുന്ന അജ്മാൻ - ഷാർജ ബോടറിലെ പഴയ വില്ലയിൽ പോയി ,പതിവ് പോലെ ഗോപാലേട്ടന്റെ റൂമിലെ ചീട്ടുകളി ആരംഭിച്ചിരുന്നു .രണ്ട കയ്യി കളിക്കാമെന്ന് പറഞ്ഞു ഞാനും ഇരുന്നു കളിക്കാൻ , ഒന്ന് രണ്ടു പേർ കുടിച്ചു പൂസായി കട്ടിലിൽ കിടക്കുന്നുണ്ട് .
അജ്മാനിൽ പച്ച വെള്ളത്തേക്കാൾ വില കുറഞ്ഞ സാധനം മദ്യം ആണ് . പിന്നെ മലയാളികളുടെ സ്വഭാവം !!! അത് , കുടി തുടങ്ങിയാൽ ചുണ്ട് പിളര്ക്കാൻ കഴിയാതാവുന്നത് വരെ കുടിക്കുക എന്നതാണല്ലോ !!!.കളിക്കിടയിൽ ഞാൻ ഇന്നലെ ഗോപാലേട്ടനെ കണ്ടു എന്ന് പറഞ്ഞപ്പോൾ ഗോപാലേട്ടൻ കയ്യിൽ പിടിച്ചിരിക്കുന്ന ചീട്ടുകളിൽ നിന്നും കണ്ണെടുക്കാതെ തന്നെ പറയുകയാണ് .അതേതായാലും നന്നായി ,ഇനി ഞാൻ ഇവിടെ ജോലി ചെയ്യുന്നത് നിനക്ക് കാണാൻ കഴിയില്ല .ഇന്നലെ എന്റെ ഈ കമ്പനിയിലെ അവസാന ജോലി ദിനം ആയിരുന്നു ,എനിക്ക് ടെർമിനേഷൻ പേപ്പർ കിട്ടിയിരിക്കുന്നു ,ഞാൻ ചെയ്യുന്ന ആ ജോലി ഇനി ഡമ്മികൾ ചെയ്യും ,സാദാരണ കൂടുതൽ അദ്ധ്വാനിക്കാൻ കഴിയാത്തവരെ ആണ് റോഡ്ൽ കൊടി പിടിച്ചു നില്ക്കുന്ന പണിക്കു ഇടാറു,ഇനി അത്തരം ജോലിക്ക് ഡമ്മി ഉണ്ടാക്കി വെക്കുകയാണ് ചെയ്യുന്നത് കമ്പനിയുടെ പല പ്രോജെക്ട്ടുകളിലും അത് നടപ്പാക്കി തുടങ്ങി ..
എന്ത് കൊണ്ടോ എനിക്ക് പിന്നീട് അവിടെ നില്‍ക്കാന്‍ കഴിഞ്ഞില്ല അവിടെ നിന്നും ദുബായിലേക്ക് പോകുന്ന പട്ടാണിയുടെ കൂടെ ഹോർലെന്സിൽ താമസിക്കുന്ന എന്റെ സുഹ്രത്ത് സുലൈമാന്റെ അടുത്തെത്തി .ഗോപാലേട്ടന്റെ ജോലി നഷ്ട്ടപ്പെട്ട കാര്യം പറഞ്ഞു ,ഞാനും ഗോപാലേട്ടനും ഒന്ന് രണ്ടു തവണ സുലൈമാന്റെ റൂമിൽ പോയിട്ടുണ്ട് ,അത് കൊണ്ട് സുലൈമാന് ഗോപാലേട്ടനെ നന്നായി അറിയാം .
ഞാൻ രാസൽഖൈമയിൽ എത്തി രണ്ടു ദിവസം കഴിഞ്ഞപ്പോൾ ഗോപാലേട്ടൻ വിളിച്ചു കൊണ്ട് പറഞ്ഞു എവിടെ എങ്കിലും ജോലി ശേരിയാവുകയാനെങ്കിൽ നോ ഒബ്ജക്ഷൻ ലെറ്റർ തരാം എന്ന് കമ്പനി പറഞ്ഞിട്ടുണ്ട് .
അന്ന് വൈകീട്ട് സുലൈമാൻ വിളിച്ചപ്പോൾ ഗോപാലേട്ടൻ പറഞ്ഞ കാര്യം പറഞ്ഞു .അപ്പോൾ സുലൈമാൻ പറയുകയാണ് ,.ജോലി ഒക്കെ കിട്ടും പക്ഷെ നോ ഒബ്ജക്ഷൻ പേപ്പർ ഉണ്ടെങ്കിലും വിസ മാറാൻ വലിയ ചിലവാണ് .അത്തരം ചെലവ് സഹിച്ചു ഏതെങ്കിലും കമ്പനി ഒരാളെ എടുക്കണം എങ്കിൽ അയാള് എന്തെങ്കിലും പ്രവർത്തിയിൽ വൈദഗ്ദ്യം ഉള്ളയാലാണെന്ന് കമ്പനിക്കു ബോധ്യപ്പെടണം ,ഇവിടെ ഗോപാലേട്ടനെ സമ്പന്ധിച്ചിടത്തോളം അറിയാവുന്ന പണി തെങ്ങ് കയറ്റമാണ് ,അതിവിടെ ഇല്ലതാനും .,സുലൈമാന് എന്തെങ്കിലും സഹായം ചെയ്യാൻ കഴിയും എന്നാ എന്റെ പ്രതീക്ഷയും പോയി .പിന്നീടവാൻ പറയുകയാണ് വല്ല സർക്കാർ അർദ്ധസർക്കാർ സ്ഥാപനങ്ങളിലും ജോലി കിട്ടുകയാണെങ്കിൽ പ്രശ്നമില്ലായിരുന്നു .
അപ്പോൾ എനിക്ക് ചെറിയ പ്രതീക്ഷയായി , .ഞാൻ പറഞ്ഞു ,അങ്ങിനെയെങ്കിൽ നിന്റെ കമ്പനിയിൽ ഒന്ന് ശ്രമിക്കുമോ ? .
നോക്കട്ടെ എന്ന് പറഞ്ഞവൻ ഫോണ്‍ വെച്ചു. അവന്റെ കമ്പനി ഒരു അര്ദ്ധ സർക്കാർ സ്ഥാപനം ആണ് , ,എന്നാലും ഞാൻ ഗോപാലെട്ടനോട് വിവരം പറഞ്ഞില്ല ,വെറുതെ ഒരു ആശ കൊടുക്കേണ്ട എന്ന് കരുതി .ഇനി അതൊന്നും നടന്നില്ലേൽ പിന്നീടതൊരു നിരാശ ആയി മാറും .
അടുത്ത ആഴ്ച ഞാൻ ചില്ലറ എലെക്ട്രിക്കൽ സാദനങ്ങൾ എടുക്കാനായി ഷാർജയിൽ എത്തിയപ്പോൾ ഗോപാലേട്ടനെ കണ്ടു .
കാര്യങ്ങൾ തിരക്കിയപ്പോൾ പേപ്പേഴ്സ് എല്ലാം ഒപ്പിട്ടു വാങ്ങിയിരിക്കുന്നു അടുത്തു തന്നെ കയറി പോകേണ്ടി വരും എന്ന് പറഞ്ഞു .
പുള്ളിയാണെങ്കിൽ ലീവ് കഴിഞ്ഞു വന്നിട്ട് മൂന്നു മാസമേ ആയുള്ളൂ .
ഞാൻ മെല്ലെ ഗോപാലേട്ടന്റെ റൂമിൽ നിന്നും പുറത്തിറങ്ങി അടുത്ത ടെലിഫോണ്‍ ബൂത്തിൽ നിന്നും സുലൈമാനെ വിളിച്ചു
എടാ എന്തായടാ കാര്യങ്ങൾ ,ഗോപാലേട്ടൻ ഒരാഴ്ചക്കുള്ളിൽ കയറി പോകേണ്ടി വരും .
സുലൈമാൻ പറഞ്ഞു ,നിനക്ക് അയാളുമായി ഒന്നിവിടം വരെ വരാനൊക്കുമോ ? .
അതിനെന്താ സമയം കുറവാണ് എങ്കിലും ഞാൻ വരാം .,ഞാൻ ഗോപാലെട്ടനെയും കൂട്ടി സുലൈമാന്റെ കമ്പനി ഓഫീസിൽ എത്തി .സുലൈമാൻ പറഞ്ഞു കുറച്ചു വെയിറ്റു ചെയ്യ് ,മുദീർ(മാനേജർ ) ഒരു മീറ്റിങ്ങിൽ ആണ് .അത് കഴിഞ്ഞു ഞാനൊന്ന് സംസാരിക്കട്ടെ എന്നിട്ട് നമുക്ക് ആളെ കാണിച്ചു കൊടുക്കാം .ഞങ്ങൾ അവിടെ ചായയും കാപ്പിയും ഉണ്ടാക്കുന്ന ചെറിയ കിച്ചണിൽ അവിടെയുള്ള ഒരു മലയാളി ജൊലിക്കാരനുമായി സംസാരിച്ചു കൊണ്ട് ഇരിക്കുമ്പോൾ സുലൈമാൻ തിരക്കിട്ട് അങ്ങോട്ട് കയറി വന്നു .വേഗം വാ മുദീർ ആളെ കാണണം എന്ന് പറയുന്നു .അങ്ങിനെ സുലൈമാൻ ഗോപാലെട്ടനെയും കൂട്ടി ഓഫീസിന്റെ ഒന്നാം നിലയിലെ മുദീറിന്റെ കാബിനിലിലേക്ക് കയറി .
ഞാൻ ആ കിച്ചണിൽ തന്നെ അവരെയും കാത്തിരുന്നു ..കുറെ സമയം കഴിഞ്ഞിട്ടും അവരെ കാണാതെ ആയപ്പോൾ എനിക്ക് അവിടെ ഇരിക്കാൻ കഴിഞ്ഞില്ല ഞാൻ അവർ പോയ വഴിയിലൂടെ മുകളിലേക്ക് കയറി നോക്കാം എന്ന് കരുതി ലിഫ്ട്ടിനരികിൽ എത്തിയപ്പോൾ അവരതാ ലിഫ്റ്റിനുള്ളിൽ. ഗോപാലേട്ടന്റെ കയ്യിൽ ഒരു പേപ്പറും ,പേപ്പർ പിടിച്ച ഗോപാലേട്ടന്റെ കൈ ചെറുതായി വിറക്കുന്നുണ്ടായിരുന്നു ,ഒരു യുദ്ധം ജയിച്ചു വന്ന യോദ്ധാവ് കണക്കെ സുലൈമാൻ നെഞ്ചും വിരിച്ചു നില്ക്കുന്നു .
എന്നോട് സുലൈമാൻ ,ഡാ നോക്ക് ഒഫെർ ലെറ്റർ ആണ് കയ്യിൽ ,നാളെ വീണ്ടും വരണം പി ആർ ഓ കുറച്ചു കൂടി പേപ്പർ തയ്യാറാക്കുന്നുണ്ട് അത് കൂടി കഴിഞ്ഞാൽ അവിടെത്തെ കമ്പനിയിൽ നിന്നും പാസ്പോര്ട്ട് വാങ്ങി വരണം ഇപ്പോൾ പോയിക്കോളൂ എന്ന് പറഞ്ഞു .. ഞങ്ങൾ അവിടെ നിന്നും പോന്നു
ഞാൻ ഗോപാലേട്ടനെ അദ്ധെഹത്തിന്ടെ റൂമിൽ ഇറക്കി പോരുമ്പോൾ ഒരു നൂറു ദിര്ഹം കയ്യിൽ വച്ച് കൊടുത്തു വലിയ അഭിമാനിയായ ഗോപാലെട്ടാൻ അത് വാങ്ങിക്കാൻ തയ്യാറായില്ല ,ഞാൻ പറഞ്ഞു ,നാളെ പോകാൻ ടാക്സിക്കു കാശ് വേണ്ടേ ? .അത് ഞാൻ ആരുടെയെങ്കിലും അടുത്തു നിന്ന് വാങ്ങിക്കോളാം ,അത് കേട്ടപ്പോൾ എനിക്ക് ഉറപ്പായി കയ്യിൽ ഒന്നും ഇല്ല എന്ന് .പിന്നീട് കുറച്ചു കടുത്ത സ്വരത്തിൽ പറയേണ്ടി വന്നു അയാള് കാശ് വാങ്ങിക്കാൻ ..അങ്ങിനെയുള്ള ആരെങ്കിലും ആണെന്ന് കരുതി മര്യാദക്കു ഈ കാശ് വാങ്ങിക്കോ എന്ന് പറഞ്ഞപ്പോൾ ഗോപാലേട്ടൻ കാശ് വാങ്ങി പോക്കറ്റിൽ ഇട്ടു .ഒരാഴ്ചക്കകം സുലൈമാന്റെ കമ്പനിയുടെ ഗാരേജിൽ ഗൈറ്റ് കീപ്പർ ആയി ഗോപാലേട്ടൻ ജോലിയിൽ പ്രവേശിച്ചു .ആ റോഡു കമ്പനിയിൽ നിന്നും കിട്ടിയതിനേക്കാൾ മൂന്നിരട്ടി ശമ്പളം .പാവം.എണ്ണൂർ ദിര്ഹത്തിനു (ബേസിക് സാലറി )എത്രകാലം വെയില് കൊണ്ടു, ഇപ്പോൾ എ സി ക്യാബിനിൽ ഇരുന്നു ഗൈറ്റ് പോക്കുകക്യും താഴ്ത്തുകയും ചെയിതാൽ മതി .
പിന്നീട് ഞങ്ങൾ തമ്മില് കാണാറില്ലായിരുന്നു എങ്കിലും ഞങ്ങളുടെ കയ്യിൽ മൊബൈൽ ആയപ്പോൾ ഇടക്കൊക്കെ വിളിക്കാറുണ്ടായിരുന്നു .പിന്നീട് എന്റെ കമ്പനി പൂട്ടുകയും വിസ മാറുകയും അബുധാബിയിൽ എത്തുകയും സുലൈമാൻ കൂടുതൽ ശമ്പളവും സൌകര്യവും ഉള്ള കമ്പനിയിലേക്ക് ജോലി മാറുകയും ചെയിതപ്പോൾ ഞങ്ങൾ പരസ്പരം അകലുക തന്നെയായിരുന്നു .ഇടക്കൊക്കെ ഗോപാലേട്ടൻ വിളിക്കുകയും ഒരു ദുബായ് ഷോപ്പിംഗ് ഫെസ്റ്റിൽ ഞങ്ങൾ ഒരുമിച്ചു കൂടുകയും ഉണ്ടായി .
വർഷങ്ങൾക്കു ശേഷമാണ് ഞങ്ങൾ ഒരുമിച്ചു നാട്ടിൽ വെക്കേഷന് പോകുന്നത് .ഒരു ദിവസം വീട്ടിനു മുന്നില് ഒരു ഓടോ വന്നു നില്ക്കുന്നു നോക്കുമ്പോൾ ഓട്ടോയിൽ നിന്നും ഗോപാലേട്ടൻ ഇറങ്ങുന്നു ..നിങ്ങൾ വീടും അഡ്രസ്സും ഒന്നും തന്നിട്ടില്ലെങ്കിലും നിന്റെയും സുലൈമാന്ടെയും സംസാരത്തിൽ നിന്നും ഈ സ്ഥലത്തെ പറ്റി ചെറിയ ഒരു ഐടിയ ഉണ്ടായിരുന്നു അങ്ങിനെ ചോദിച്ചും പറഞ്ഞും അവസാനം ഇവിടെ എത്തി .ഈ ഓട്ടോക്കാരൻ കുറെ സഹായിച്ചു എന്നും പറഞ്ഞു ഓട്ടോക്കാരന് പൈസ കൊടുത്തു ഗോപാലേട്ടൻ കോലായിലേക്ക് കയറി .
ഇരിക്കാൻ സമയം ഇല്ല ,രണ്ടാമത്തെ മകളുടെ കല്യ്യാണം ഉണ്ട് ,അതിന്റെ തിരക്കിലാണ് ,നീയും സുലൈമാനും നിങ്ങളുടെ കുടുമ്പവും വന്നു അത് നടത്തി തരണം എന്നാ ഒരൊറ്റ ആഗ്രഹത്തിന്റെ പുറത്താണ് എന്റെ ഈ വരവ് .മൂത്ത മകളുടെ കല്യാണത്തിനു നിങ്ങൾ രണ്ടു പേരും ഇവിടെ ഇല്ലായിരുന്നു .മാത്രമല്ല എന്റെ മക്കളൊന്നും നിന്നെ കണ്ടിട്ടില്ല ,സുലൈമാൻ ഒരിക്കൽ എന്റെ വീട്ടിൽ വന്നിട്ടുണ്ട് .അവനും കുടുമ്പവും പാലക്കാട് പോകുന്ന വഴിയെ എന്റെ വീട്ടിൽ കയറി ഉച്ചയൂണും കഴിഞ്ഞാണ് പോയത് .ഞാനാണെങ്കിൽ ഒരു മാസത്ത ലീവിനാണ് വരാറ് പാതി ദിവസവും ആശുപത്രിയും മറ്റുമായി പോകും .എന്തായാലും ഇനി ഇങ്ങനെ ഒരവസരം നമുക്ക് കിട്ടിയെന്നു വരില്ല .ഗോപാലേട്ടന്റെ സംസാരത്തിനു വിരാമം ഇട്ടുകൊണ്ട് ഞാൻ പറഞ്ഞു നിങ്ങള് വാ നമുക്ക് ചായ കുടിച്ചിട്ട് സംസാരിക്കാം എന്ന് പറഞ്ഞു വീടിനു അകത്തേക്ക് കൈ പിടിച്ചു കൊണ്ടു പോയി ,നടക്കുന്നതിനിടയിലും ഗോപാലേട്ടൻ ഓരോന്ന് സംസാരിച്ചു കൊണ്ടിരുന്നു .ചായ കുടി കഴിഞ്ഞു ഞങ്ങൾ സുലൈമാന്റെ വീട്ടിലും പോയി ഞാൻ തന്നെ ബൈക്കിൽ വെച്ചു ഗോപാലേട്ടനെ ബസ് സ്റ്റോപ്പിൽ കൊണ്ടു പോയി ബസ് കയറ്റി വിട്ടു .
അങ്ങിനെ ഗോപാലേട്ടന്റെ മകൾ ലക്ഷ്മി കുട്ടിയുടെ കല്യാണ ദിവസം വന്നത്തി ,ഞാനും സുലൈമാനും കല്യാണത്തിന്റെ തലേ ദിവസം തന്നെ ഗോപാലേട്ടന്റെ വീട്ടിൽ എത്തി .ക്ഷേത്രത്തിൽ വെച്ചാണ് താലി കേട്ട് അതിരാവിലെ വീട്ടിൽ നിന്നും ഇറങ്ങും ,ഞങ്ങൾ കല്യാണ ദിവസം വരികയാണെങ്കിൽ പെണ്നിറങ്ങും പോഴേക്കും എത്താൻ കഴിയില്ല എന്ന് കരുതിയത് കൊണ്ടാണ് തലേ ദിവസം തന്നെ പുറപ്പെട്ടത് .മലപ്പുറം പാലകാട് ജില്ലയുടെ ഈ അതിർത്തി ഗ്രാമത്തിൽ എത്തിപ്പെടാൻ കുറച്ചു ബുദ്ധിമുട്ട് തന്നെയാണ് .
ഞങ്ങൾ കുടുമ്പങ്ങൾ ഇല്ലാതെ തനിച്ചു ചെന്നതിനു ഗോപാലേട്ടൻ പരിഭവം പറഞ്ഞെങ്കിലും കാരണം വ്യക്തമാക്കിയപ്പോൾ ഇനി ഞാനും കുടുമ്പവും കൂടി ഒരു ദിവസം അങ്ങോട്ട് വരുന്നുണ്ട് എന്ന് പറഞ്ഞു ആ വിടവുള്ള പല്ലുകൾ കാട്ടി കുലുങ്ങി കുലുങ്ങി ചിരിച്ചു .സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ ചേച്ചി ചായയും കൊണ്ടു വന്നു .അന്ന് ഗോപാലേട്ടനെ ബസ് കയറ്റാൻ വന്ന ചേച്ചി അല്ല ഇതെന്ന് തോന്നും ,നല്ല വണ്ണം തടിച്ചിരിക്കുന്നു . ചേച്ചിയോട് അന്ന് ആ കണ്ണിലേക്കു നോക്കിയതും ഞാൻ ചിന്തിച്ചര്തും പ്രാർതിചതുമായ എല്ലാ കാര്യങ്ങളും പറഞ്ഞപ്പോൾ ചേച്ചിയുടെ കണ്ണ് നിറഞ്ഞു .ഒരു കൈ കൊണ്ടു കണ്ണ് തുടച്ചു കൊണ്ടു ചേച്ചി മറ്റേ കൈ എന്റെ കയ്യിൽ മുറുകെ പിടിച്ചു .വികാര നിര്ബരമായ ആ നിമിഷം പിന്നീട് ഓർക്കുംപോഴെല്ലാം എന്റെ കണ്ണും നിറയാരുണ്ടായിരുന്നു.
കല്യാണ പെണ്ണ് എവിടെ എന്ന സുലൈമാന്റെ ചോദ്യത്തിന് ഇതാ ഇവിടെ ഉണ്ട് എന്ന് ഉത്തരം പറഞ്ഞത് ഗോപാലേട്ടന്റെ മൂത്ത മകൾ അശ്വതി ആയിരുന്നു .സ്കൂൾ ടീച്ചറായ അവൾ അനിയത്തിയുടെ കൈ പിടിച്ചു ഞങ്ങളുടെ അടുത്തു എത്തി ,കൂടെ അവളുടെ ഭര്ത്താവും ഉണ്ടായിരുന്നു .പഞ്ചായത്താഫീസിൽ ജോലിക്കാരനായ ഗോപാലേട്ടന്റെ മൂത്ത മരുമകൻ . രാത്രി സംസാരിച്ചു സംസാരിച്ചു എന്നെ ഒരു സഖാവ് ആക്കുമോ എന്ന് പേടിച്ചു പോയി .ചില്ലറ രാഷ്ട്രീയ പ്രവര്ത്തനം ഉള്ള പുള്ളി അച്ഛനെ പേടിച്ചു ആണ് ജോലിക്ക് പോകുന്നതെത്രേ ,അച്ചനില്ലേൽ ഫുൾ ടൈം രാഷ്ട്രീയമായിരിക്കും എന്ന് ഗോപാലേട്ടൻ തമാശയായി പറഞ്ഞപ്പോൾ ഞങ്ങളുടെ കൂടെ അവനും ചിരിച്ചു .
കല്യാണ ദിവസം ,ക്ഷേത്രത്തിലേക്ക് പുറപ്പെടാൻ എല്ലാവരും റെഡി ആയി നില്ക്കുന്നു ,ഞങ്ങളെ കൊണ്ടു പോകാനുള്ള വലിയ ഒരു ബസ് അവിടെ നില്പ്പുണ്ട് .അപ്പോഴവിടെ ഒരു ചടങ്ങ് ഉണ്ട് ! .പെണ്ണ് ഇറങ്ങുന്നതിനു മുമ്പ് കാരനവന്മാര്ക്ക് ദക്ഷിണ കൊടുക്കുന്ന ചടങ്ങ് . അങ്ങിനെ കല്യാണ പെണ്ണ് ഉടുത്തൊരുങ്ങി വന്നു അടുത്ത ബന്ധുക്കളായ കാരണവന്മാർക്ക് ദക്ഷിണ കൊടുത്തു അനുഗ്രഹം വാങ്ങുകയാണ് ,പടച്ചോനെ ഈ കുട്ടിയെ ബുദ്ധി മുട്ടിക്കാൻ കുറെ കാരണവന്മാർ ഉണ്ടെല്ലോ എന്ന് സുലൈമാൻ എന്റെ ചെവിയിൽ പറഞ്ഞപ്പോൾ എനിക്ക് ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല .ഗോപാലേട്ടന്റെ ഊഴം കഴിഞ്ഞപ്പോൾ ഗോപാലേട്ടൻ എന്റെ അടുത്തു വന്നു എന്റെ ചുമലിൽ കൈ വെച്ചു ഒരു കാഴ്ചക്കാരനെ പോലെ നിന്നു. പെട്ടെന്നാണ് ആ പെണ്‍കുട്ടി ദക്ഷിനയെടുത്തു സുലൈമാന്റെ കയ്യിൽ കൊടുത്തു കുനിയാനായി ഒരുങ്ങുന്നത് ,അപ്പോഴേക്കും സുലൈമാൻ അവളുടെ കൈ പിടിച്ചു ഉയർത്തിയിരുന്നു, ഇത് കണ്ടു നിന്നിരുന്ന ഗോപാലേട്ടന്റെ കൈ എന്റെ ചുമലിനെ ഞെരുക്കുന്നുണ്ടായിരുന്നു ,വികാരതീതനായ ഗോപാലേട്ടന്റെ കണ്ണുകൾ, അദ്ധേഹം മുഖം എന്റെ മാരത്തടക്കി തേങ്ങി ,ബഷീർ ഞാനല്ലേടാ അവളെ വളര്ത്തിയത് ,സുലൈമാനാടാ അവളെ വളര്ത്തിയത് ,അന്ന് എനിക്ക് ആ ജോലി സുലൗമാൻ വാങ്ങി തന്നില്ലേൽ കടം കയറിയ ഞാനും കുടുമ്പവും ഇന്നുണ്ടാകുമായിരുന്നില്ല എന്ന് തേങ്ങലിനിടയിൽ ഗോപാലേട്ടൻ പിറുപിരുക്കുന്നുണ്ടായിരുന്നു . അപ്പോൾ സന്തോഷം കൊണ്ടു നിറഞ്ഞ ചേച്ചിയുടെ കണ്ണുകൾ എന്റെ നേരെ നോക്കുന്നുണ്ടായിരുന്നു . കഴിഞ്ഞില്ലെ ഇനി പോകാം എന്ന് ഗോപാലേട്ടന്റെ ബന്ധുക്കളിൽ പെട്ട ഒരു കാരണവർ പറഞ്ഞപ്പോൾ പുതു പെണ്ണിന്റെ കൈ പിടിച്ചു അശ്വതി കല്യാണ പന്തലിനു പുറത്തേക്ക് ഇറങ്ങുമ്പോൾ എന്റെ ഒരു കൈ ലക്ഷ്മി കുട്ടി മുറുകെ പിടിച്ചിരുന്നു ,എന്റെ ചുമലിൽ മുഖം താഴ്ത്തിവെച്ച ഗോപാലെട്ടനെയും കൊണ്ടു ഞാനും പുറത്തേക്ക് ഇറങ്ങി .ബസ്സിന്റെ അടുത്തുവരെ ഗോപാലേട്ടൻ അങ്ങിനെ തന്നെ വന്നു .ബസ്സിനടുത്തു എത്തിയപ്പോൾ ചുമലിലെ മുണ്ട് എടുത്തു മുഖം തുടച്ചു കൊണ്ടു ഗോപാലേട്ടൻ ബസ്സിൽ കയറി . ബസ്സിലേക്ക് കയറുമ്പോഴാണ് ലക്ഷ്മി കുട്ടിയുടെ കരങ്ങളിൽ നിന്നും എന്റെ കൈ മൊചിതമായതു .ഒരു പക്ഷെ എന്റെ മക്കളിൽ നിന്നു പോലും എനിക്ക് ലഭിക്കാത്ത അനുഭവം ,വികാര നിര്ബരമായ ആ ഓരോ നിമിഷവും ഒര്ത്തെടുക്കുകയാണ് ഇപ്പോൾ ..സ്നേഹത്തിന്റെയും കടപ്പാടിന്റെയും ആഴം അപോഴാണ് അനുഭവിച്ചറിഞ്ഞത് .
റോഡു നിര്‍മാണം നടക്കുന്ന സ്ഥലങ്ങളില്‍ വെച്ചിരിക്കുന്ന ഡമ്മികൾ കാണുമ്പോൾ ഇപ്പോൾ നാട്ടിൽ വിശ്രമ ജീവിതം നയിക്കുന്ന ഗോപാലേട്ടനെ ഓര്മ വരും .